2026 മാർച്ച് 11
തപസ്സുകാലം മൂന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
വീഡിയോ
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, എല്ലാം സംഭവിച്ചുതീരുന്നതുവരെ, നിയമത്തിലെ ഏറ്റവും ചെറിയ അക്ഷരമോ അക്ഷരത്തിന്റെ ഏറ്റവും ചെറിയ ഭാഗമോ പോലും നീങ്ങിപ്പോകുകയില്ല.” മത്തായി 5:17–18
ദൈവം തന്റെ ദൈവികപദ്ധതി പടിപടിയായി വെളിപ്പെടുത്തിയ രക്ഷയുടെ സുദീർഘചരിത്രം ആദത്തിലും ഹവ്വായിലും ആരംഭിച്ചു; നോഹയിലൂടെയും അബ്രാഹത്തിലൂടെയും തുടർന്നു; മോശയിലൂടെ കൂടുതൽ ആഴപ്പെട്ടു; പ്രവാചകന്മാരിലൂടെ ഹൃദയങ്ങളിൽ വേരുറച്ചു; യേശുവിൽ പൂർത്തിയായി. ഈ ചരിത്രം വിശദമായി പരിശോധിക്കാൻ ഏറെ സമയം വേണ്ടിവരുമെങ്കിലും, ലളിതമായ ഒരു സത്യം വ്യക്തമായി തെളിഞ്ഞുനിൽക്കുന്നു: ആദത്തിന്റെയും ഹവ്വായുടെയും വീഴ്ചയ്ക്കുശേഷം, ദൈവം തന്റെ ദൈവികനിയമത്തിന്റെ പൂർണത സ്വന്തം ജനത്തിന് പടിപടിയായി വെളിപ്പെടുത്തി. അതുപോലെതന്നെ, നമ്മുടെ ആത്മീയയാത്രയിൽ നാം ക്രമേണ മാനസാന്തരപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, അവിടുന്ന് നമ്മിൽ ഓരോരുത്തരെയും തന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ആരംഭത്തിൽ, സ്വാഭാവിക നിയമം എന്നു നാം വിളിക്കുന്ന നിയമം ദൈവം സ്ഥാപിച്ചു. ആദവും ഹവ്വായും ധാർമികസത്യങ്ങൾ സ്വാഭാവികമായി മനസ്സിലാക്കിയിരുന്നു. എന്നാൽ, അവരുടെ പാപത്തിനുശേഷം ആ നിയമം അവ്യക്തമായിത്തീർന്നു; ഇന്നും അത് അങ്ങനെതന്നെ തുടരുന്നു. പിന്നീട് ദൈവം നോഹയുമായി ഒരു ഉടമ്പടി ചെയ്തു; ഇനിയൊരിക്കലും ജലത്താൽ ഭൂമിയെ നശിപ്പിക്കുകയില്ലെന്ന് വാഗ്ദാനം നൽകി. അബ്രാഹത്തിന്റെ സന്തതികളിലൂടെ എല്ലാ ജനതകളെയും അനുഗ്രഹിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തതോടെ, അബ്രാഹവുമായുള്ള ഉടമ്പടി കൂടുതൽ ആഴപ്പെട്ടു. തുടർന്ന് മോശ വന്നു; മോശയോടൊപ്പം, ജീവിതത്തിനുള്ള വ്യക്തമായ ധാർമികനിയമാവലിയായ പത്തു കല്പനകളും ലഭിച്ചു. ആരാധനയിൽ ജനത്തെ നയിക്കാൻ ആചാരാനുഷ്ഠാനനിയമങ്ങൾ നൽകപ്പെട്ടു; ദൈവത്തിന്റെ വേറിട്ട ജനമായി ഇസ്രായേൽക്കാരെ രൂപപ്പെടുത്താൻ സാമൂഹികനിയമങ്ങളും സഹായിച്ചു.
ഇസ്രായേൽ സ്ഥാപിതമായശേഷം, കൂടുതൽ ആഴമേറിയ ആന്തരിക ഹൃദയപരിവർത്തനത്തിലേക്ക് ജനത്തെ ക്ഷണിക്കാൻ ദൈവം പ്രവാചകന്മാരെ അയച്ചു. അനുതപിക്കാനും ദൈവത്തിലേക്ക് മടങ്ങിവരാനും ഉടമ്പടിയെ അതിന്റെ സമ്പൂർണതയിൽ നിറവേറ്റാനിരിക്കുന്ന മിശിഹായ്ക്കായി ഒരുങ്ങാനും പ്രവാചകന്മാർ ജനത്തെ ആഹ്വാനം ചെയ്തു.
യേശു വന്നപ്പോൾ, അവിടുത്തെ പ്രബോധനം നിയമത്തെ കൂടുതൽ പൂർണമായി മനസ്സിലാക്കാൻ വെളിച്ചം നൽകി. അവിടുന്നിൽ നിയമത്തിലെ എല്ലാ വാഗ്ദാനങ്ങളും കല്പനകളും സാക്ഷാത്കരിക്കപ്പെട്ടു. തന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവയിലൂടെ യേശു കൃപയുടെ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുകയും വീണ്ടെടുപ്പിന്റെ പൂർണത കൈവരുത്തുകയും ചെയ്തു.
രക്ഷാചരിത്രത്തെക്കുറിച്ചുള്ള ഈ സംക്ഷിപ്താവലോകനം ചരിത്രപരമായ കാഴ്ചപ്പാടിൽ പ്രാധാന്യമുള്ളതാണെന്നു മാത്രമല്ല, നമ്മിൽ ഓരോരുത്തരോടും ദൈവം വ്യക്തിപരമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും നൽകുന്നു. നമ്മുടെ മാനസാന്തരത്തിന്റെ തുടക്കത്തിൽ, നാം ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ ദൈവം നമ്മെ കണ്ടുമുട്ടുന്നു: തന്റെ മക്കളാകാൻ അവിടുന്ന് നമ്മെ വിളിക്കുന്നു; ഗുരുതരമായ പാപം ഒഴിവാക്കിക്കൊണ്ട് അവിടുത്തെ കല്പനകൾ അനുസരിക്കാൻ നാം ആകർഷിക്കപ്പെടുന്നു. നാം മുന്നേറുമ്പോൾ, കൂദാശകൾ ഉൾപ്പെടെയുള്ള നമ്മുടെ വിശ്വാസാനുഷ്ഠാനങ്ങൾ പുതിയ ആഴം കൈവരിക്കുന്നു. ബാഹ്യമായ ആചരണങ്ങളിൽ മാത്രം ഒതുങ്ങാതെ ഹൃദയത്തിൽനിന്ന് ജീവിക്കാനുള്ള വിളി ക്രമേണ നാം ഉള്ളിൽ സ്വീകരിക്കുന്നു. നമ്മോട് ഉറ്റതും വ്യക്തിപരവുമായ ബന്ധം പുലർത്തുന്ന ദൈവമായി നാം അവിടുത്തെ കാണാൻ തുടങ്ങുന്നു; പാപത്തോടുള്ള ചെറിയ ആസക്തികളെപ്പോലും അതിജീവിക്കാൻ നാം പരിശ്രമിക്കുന്നു. ആത്യന്തികമായി, സുവിശേഷത്തിലേക്ക് പൂർണമായി തിരിയാനും ക്രിസ്തുവുമായുള്ള കൂടുതൽ ആഴമായ ബന്ധത്തിലേക്ക് നമ്മെ നയിക്കാൻ അതിനെ അനുവദിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
ഈ പടിപടിയായ വളർച്ച തിരിച്ചറിയുന്നത് നമ്മുടെ ആത്മീയയാത്രകൾക്ക് അനിവാര്യമാണ്. ഈ വഴി കാണാൻ നമുക്കു കഴിയാതെപോയാൽ, നാം ആത്മസംതൃപ്തിയിൽ ഒതുങ്ങിപ്പോയേക്കാം. നിങ്ങളുടെ മാനസാന്തരത്തിന്റെ തുടക്കത്തിൽ ദൈവം വെളിപ്പെടുത്തിയതെല്ലാം സത്യമായിത്തന്നെ നിലനിൽക്കുന്നു; എന്നാൽ തുടക്കം പൂർത്തീകരണമല്ല. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, സ്വയം ചോദിക്കുക: ദൈവം എന്നെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചതും എന്റെ വിശ്വാസത്തെ ആഴപ്പെടുത്തിയതും അവിടുത്തോടുള്ള കൂടുതൽ ഗാഢമായ ഐക്യത്തിലേക്ക് എന്നെ വിളിച്ചതും എനിക്ക് കാണാൻ കഴിയുന്നുണ്ടോ?
ഒറ്റയടിക്ക് പൂർണത കൈവരിക്കുന്നത് നമുക്ക് താങ്ങാനാവാത്തതാകുമെന്ന് അറിഞ്ഞുകൊണ്ട് ദൈവം നമ്മെ സൗമ്യമായി നയിക്കുന്നു. എങ്കിലും, നാം അനുദിനം വളരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. തുടർച്ചയായ മാനസാന്തരത്തിനും കൂടുതൽ ആഴമേറിയ പരിവർത്തനത്തിനും ആത്മീയശുദ്ധീകരണത്തിനുമുള്ള അവസരമാണ് ഓരോ ദിവസവും. മഹാന്മാരായ വിശുദ്ധർ ഈ യാത്രയെക്കുറിച്ച് എഴുതിയിട്ടുണ്ട്; അങ്ങനെ അവർ വിശുദ്ധിയിലേക്കുള്ള വഴി നമുക്കു കാണിച്ചുതരുന്നു.
പൂർണരാകാനുള്ള വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അത് അസാധ്യമെന്നു തോന്നുന്നെങ്കിൽ, ഓരോ ചുവടുവീതം മുന്നോട്ടുവയ്ക്കാൻ തീരുമാനിക്കുക. പൂർണതയിലേക്കുള്ള വഴി ദീർഘവും ഏറെ പരിശ്രമം ആവശ്യപ്പെടുന്നതും ദുഷ്കരവുമാണ്—എന്നാൽ അത് സ്വാതന്ത്ര്യം നൽകുന്നതും നമ്മെ രൂപാന്തരപ്പെടുത്തുന്നതും ഒടുവിൽ മഹിമയിലേക്കു നയിക്കുന്നതുമാണ്. ഒറ്റരാത്രികൊണ്ട് നിങ്ങൾ ഒരു വിശുദ്ധനായി മാറുകയില്ലെങ്കിലും, വിശുദ്ധിയിലേക്കുള്ള അടുത്ത ചുവട് ഇന്ന് നിങ്ങൾക്ക് വയ്ക്കാൻ കഴിയും. ഈ യാത്രയ്ക്ക് “അതെ” എന്നു പറയുക; ദൈവം നിങ്ങളെ നയിക്കുമെന്ന് വിശ്വസിക്കുക.
വെളിപാട് നൽകുന്ന എന്റെ കർത്താവേ, അങ്ങ് അല്പാല്പമായി രക്ഷയിലേക്കുള്ള വഴി ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. ആദത്തിന്റെയും ഹവ്വായുടെയും കാലം മുതൽ അങ്ങ് മനുഷ്യനായി വന്നതുവരെ, അങ്ങയോടുള്ള പൂർണമായ കൂട്ടായ്മയിലേക്ക് അങ്ങ് ഞങ്ങളെ തിരികെ നയിച്ചു. എന്റെ ജീവിതത്തിലും വിശുദ്ധിയിലേക്കുള്ള വഴി എനിക്കു വെളിപ്പെടുത്തുകയും അത് പിന്തുടരാനുള്ള ധൈര്യം നൽകുകയും ചെയ്യണമേ. ഓരോ ചുവടുവീതം വച്ച് വിശുദ്ധിയിലേക്കു വളരാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പത്തൊൻപതാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






