മലയാളം

വിശ്വാസവും അനുസരണവും

ജൂൺ 25, 2026
ആണ്ടുവട്ടക്കാലം പന്ത്രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

യേശു പഠിപ്പിക്കുന്നു, രചന: യാരോസ്ലാവ്

വീഡിയോ

“എന്നോട് ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരുമല്ല സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ മാത്രമാണ്. അന്നാളിൽ പലരും എന്നോടു പറയും: ‘കർത്താവേ, കർത്താവേ, ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ പിശാചുക്കളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ മഹത്തായ പ്രവൃത്തികൾ ചെയ്തില്ലേ?’ അപ്പോൾ ഞാൻ അവരോടു ഗൗരവപൂർവം പ്രഖ്യാപിക്കും: ‘ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല. ദുഷ്‌പ്രവൃത്തികൾ ചെയ്യുന്നവരേ, എന്നിൽനിന്ന് അകന്നുപോകുവിൻ.’” മത്തായി 7:21–23

യേശുവിന്റെ വാക്കുകൾ നമ്മെ ഞെട്ടിക്കുന്നു. കാരണം, അവിടുത്തെ നാമത്തിൽ പ്രവചിക്കുന്നതും പിശാചുക്കളെ പുറത്താക്കുന്നതും മഹത്തായ പ്രവൃത്തികൾ ചെയ്യുന്നതും സ്വർഗരാജ്യപ്രവേശനം ഉറപ്പാക്കുന്നു എന്ന ധാരണയെ അവ വെല്ലുവിളിക്കുന്നു. എന്നാൽ അനുസരണവും സ്നേഹവുമില്ലാത്ത മഹത്തായ പ്രവൃത്തികൾ മാത്രം മതിയാകുന്നില്ല. പിതാവിന്റെ ഇഷ്ടം ചെയ്യാൻ ആവശ്യമായ ആന്തരിക മാനസാന്തരത്തിൽ ആശ്രയിക്കുന്നതിനുപകരം സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം നൽകുന്ന വികലമായ ശിഷ്യത്വത്തിനെതിരെ ഈ വചനഭാഗം മുന്നറിയിപ്പു നൽകുന്നു.

വിശുദ്ധ പൗലോസും ഇതേ സത്യം ആവർത്തിക്കുന്നു: “എനിക്കു പ്രവചനവരം ഉണ്ടായിരിക്കുകയും എല്ലാ രഹസ്യങ്ങളും സകല വിജ്ഞാനവും ഗ്രഹിക്കുകയും ചെയ്താലും; മലകളെ മാറ്റാൻ തക്ക പൂർണ്ണവിശ്വാസം ഉണ്ടായാലും, സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല” (1 കൊറിന്തോസ് 13:2). ഏറ്റവും അസാധാരണമായ ആത്മീയവരങ്ങൾപോലും—പ്രവചനം, വിജ്ഞാനം, മലകളെ മാറ്റാനുള്ള വിശ്വാസം—ദൈവം ആത്മാവിൽ പകരുന്ന ഉപവിസ്നേഹമെന്ന പുണ്യത്താൽ ചൈതന്യവത്താകുന്നില്ലെങ്കിൽ വിലയില്ലാത്തവയാണ്. ദൈവത്തിൽനിന്നു വരുന്നതും അവിടുത്തെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതുമായ സ്നേഹമാണത്.

വിശ്വാസം പ്രസംഗിക്കാനും പഠിപ്പിക്കാനും അതിൽ മറ്റുള്ളവരെ നയിക്കാനും ഉത്തരവാദിത്വമുള്ളവർക്ക് യേശുവിന്റെ മുന്നറിയിപ്പ് വിശേഷാൽ പ്രസക്തമാണ്. ദൈവനാമത്തിൽ പ്രവർത്തിക്കുന്നവർ ചിലപ്പോൾ അവിടുത്തെ ഇഷ്ടത്തിനുപകരം സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിച്ചേക്കാം. ചില അവസരങ്ങളിൽ ഭക്തരായ ക്രൈസ്തവർപോലും സ്വന്തം വിലയിരുത്തലുകളെയോ ആഗ്രഹങ്ങളെയോ അവിടുത്തെ ദൈവിക മാർഗനിർദേശമായി തെറ്റിദ്ധരിച്ച്, ദൈവത്തിന്റെ നിർമലവും പൂർണ്ണവുമായ ഇഷ്ടത്തിന്റെ യഥാർഥ ഉപകരണങ്ങളാകുന്നതിൽ പരാജയപ്പെടുന്നു.

ക്രിസ്തുവിനെ അനുഗമിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓരോരുത്തരും യേശുവിന്റെ വാക്കുകളെക്കുറിച്ച് പതിവായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കേവലം സൈദ്ധാന്തികമായ ഒരു മുന്നറിയിപ്പായിട്ടല്ല അവിടുന്ന് ഈ പാഠം പഠിപ്പിച്ചത്; തന്റെ അനുയായികളിൽ പലർക്കും ഇത് ആവശ്യമായി വരുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. അവിടുത്തെ വിവരണത്തിനു യോജിക്കുന്നവർ ആരെന്ന് കണ്ടെത്താമെന്ന ധാരണയോടെ സഭയ്ക്കുള്ളിലെ മറ്റുള്ളവരെ വിധിക്കാൻ നമ്മെ പ്രേരിപ്പിക്കാനല്ല ഈ വചനഭാഗം. മറിച്ച്, നമ്മിൽ ഓരോരുത്തരെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ള ഒരു പ്രബോധനമാണിത്. നാം യഥാർഥത്തിൽ പിതാവിന്റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുന്നുണ്ടോ, അതോ പേരിനു മാത്രം വിശ്വാസം ഏറ്റുപറയുകയാണോ എന്നു ചോദിച്ചുകൊണ്ട് നമ്മുടെ സ്വന്തം ഹൃദയങ്ങളെ പരിശോധിക്കാനാണ് യേശു ഈ വാക്കുകൾ പ്രസംഗിക്കുന്നത്.

ആത്മപരിശോധനയ്ക്ക് ആധാരമായി “കർത്താവേ, കർത്താവേ” എന്ന വാക്കുകളെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ ആ വാക്കുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ—പ്രാർഥിക്കുകയും ദൈവത്തെ നിങ്ങളുടെ ജീവിതത്തിന്റെ കർത്താവായി വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ—അതൊരു നല്ല തുടക്കമാണ്; എന്നാൽ അതൊരു തുടക്കം മാത്രമാണ്. ദൈവത്തോടുള്ള വ്യക്തിപരമായ പ്രാർഥനയുടെയും അവിടുത്തെ ശ്രദ്ധിക്കുന്നതിന്റെയും ആ തലത്തിൽ എത്താൻപോലും പലരും പാടുപെടുന്നു.

നിങ്ങൾ പ്രാർഥിക്കുന്നുണ്ടെന്നു കരുതുക; എങ്ങനെയാണ് നിങ്ങൾ പ്രാർഥിക്കുന്നത്? ദൈവത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്ന അനേകം കാര്യങ്ങൾ അവിടുത്തെ മുമ്പിൽ നിരത്തിവെച്ച് അവിടുന്ന് അതിൽ മതിപ്പുളവാക്കണമെന്നു പ്രതീക്ഷിക്കുകയാണോ? നിങ്ങൾ ദൈവനാമത്തിൽ പ്രവചിക്കുന്നുണ്ടോ, അതായത് അവിടുത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുന്നുണ്ടോ? നിങ്ങൾ ദൈവനാമത്തിൽ പിശാചുക്കളെ പുറത്താക്കുന്നുണ്ടോ, അതായത് സാത്താനോടും എല്ലാ തിന്മകളോടും പോരാടുന്നുണ്ടോ? നിങ്ങൾ ദൈവനാമത്തിൽ മഹത്തായ പ്രവൃത്തികൾ ചെയ്യുന്നുണ്ടോ, അതായത് ക്രൈസ്തവ ശിഷ്യത്വത്തെ പ്രതിഫലിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടോ?

അങ്ങനെയെങ്കിൽ അതു നല്ലതാണ്—എന്നാൽ ഇന്നത്തെ സുവിശേഷമനുസരിച്ച് അതു മാത്രം മതിയാകുന്നില്ല. നമ്മുടെ കർത്താവിന്റെ വാക്കുകളനുസരിച്ച്, ഈ ചോദ്യങ്ങൾക്ക് “അതെ” എന്ന് ഉത്തരം നൽകുന്ന ചിലർ തങ്ങളുടെ വിധിയുടെ സമയത്ത് ഇങ്ങനെ കേൾക്കും: “ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല. ദുഷ്‌പ്രവൃത്തികൾ ചെയ്യുന്നവരേ, എന്നിൽനിന്ന് അകന്നുപോകുവിൻ.”

അവിടുത്തെ സ്വരം മാത്രം വ്യക്തമായി ശ്രവിക്കുകയും തുടർന്ന് അവിടുത്തെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യാനുള്ള യേശുവിന്റെ വെല്ലുവിളിനിറഞ്ഞ ആഹ്വാനത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യാൻ, നമ്മുടെ സ്വന്തം പദ്ധതികളും ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്നതിനെക്കുറിച്ചുള്ള മുൻവിധികളും നാം മാറ്റിവയ്ക്കണം. ക്രിസ്തുവിനെ സേവിക്കുക എന്നത്, അവിടുന്ന് നമ്മോടു നന്ദിയുള്ളവനായിരിക്കേണ്ടവിധം അവിടുത്തേക്ക് ഉപകാരങ്ങൾ ചെയ്തുകൊടുക്കലല്ല. അത് അചഞ്ചലമായ അനുസരണത്തിന്റെ കാര്യമാണ്; അതിലൂടെ നാം ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്യുന്നു—അതിൽ കുറഞ്ഞതൊന്നുമില്ല, കൂടുതലൊന്നുമില്ല, മറ്റൊന്നുമില്ല. യേശുവിന്റെ വെല്ലുവിളി ശ്രദ്ധിക്കുകയും നിങ്ങൾ അവിടുത്തെ എങ്ങനെ സേവിക്കുന്നുവെന്ന് വീണ്ടും പരിശോധിക്കുകയും ചെയ്യുക. ആദ്യം ശ്രവിക്കുക; പിന്നെ കേട്ടതനുസരിച്ചു പ്രവർത്തിക്കുക. അങ്ങനെ ചെയ്യുന്നത്, ഉപവിസ്നേഹമെന്ന ദൈവികദാനത്തിലേക്കു നയിക്കുന്ന വിശ്വാസത്തിന്റെ ഉറച്ച പാറയാകുന്ന അടിത്തറയിൽ നിങ്ങളുടെ ജീവിതം പണിതുയർത്തപ്പെടുന്നുവെന്ന് ഉറപ്പാക്കും.

നിഷ്ഠ ആവശ്യപ്പെടുന്നവനും നീതിമാനുമായ എന്റെ കർത്താവേ, അങ്ങയുടെ വഴികൾ ഞാൻ അറിയേണ്ടതിന് എന്റെ മനസ്സിനെ അങ്ങയുടെ വചനത്താൽ നിറയ്ക്കണമേ. അങ്ങയുടെ സ്വരം ഞാൻ ശ്രവിക്കുമ്പോൾ, ഒരിക്കലും എന്റെ സ്വന്തം ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം മാത്രം തേടിക്കൊണ്ട് അങ്ങ് അരുളിച്ചെയ്യുന്നതെല്ലാം അനുഷ്ഠിക്കാനുള്ള ധൈര്യം എനിക്കു നൽകണമേ. അങ്ങയുടെ മഹത്ത്വത്തിനായി അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗിക്കുകയും അങ്ങയുടെ വചനത്തോട് എന്നെ അനുസരണയുള്ളവനാക്കുകയും ചെയ്യണമേ; അങ്ങനെ എന്റെ ജീവിതം വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഉറച്ച അടിത്തറയിൽ പണിതുയർത്തപ്പെടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.