മലയാളം

വന്ധ്യതയിൽനിന്ന് സ്തുതിയിലേക്ക്

ജൂൺ 24, 2026

വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനമഹോത്സവം

ഇന്നത്തെ വായനകൾ

അവന്റെ പേര് യോഹന്നാൻ, രചന: Lawrence OP, CC BY-NC-ND 2.0.

വീഡിയോ

എട്ടാം ദിവസം ശിശുവിനെ പരിച്ഛേദനം ചെയ്യാൻ അവർ വന്നപ്പോൾ, പിതാവിന്റെ പേരനുസരിച്ച് അവനെ സഖറിയാ എന്നു വിളിക്കാൻ അവർ ഒരുങ്ങി. എന്നാൽ അവന്റെ അമ്മ മറുപടി പറഞ്ഞു: “അല്ല. അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം.” അവർ അവളോടു പറഞ്ഞു: “നിന്റെ ബന്ധുക്കളിൽ ആർക്കും ഈ പേരില്ലല്ലോ.” അതിനാൽ, അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് അവർ അവന്റെ പിതാവിനോട് ആംഗ്യം കാണിച്ചു ചോദിച്ചു. അദ്ദേഹം ഒരു എഴുത്തുപലക ആവശ്യപ്പെട്ട്, “യോഹന്നാൻ എന്നാണ് അവന്റെ പേര്” എന്ന് എഴുതി. എല്ലാവരും വിസ്മയിച്ചു. ലൂക്കാ 1:59–63

സഭ ആരാധനക്രമത്തിലെ തിരുനാളായി ആഘോഷിക്കുന്ന മൂന്നു ജന്മദിനങ്ങളിൽ ഒന്നാണ് വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനമഹോത്സവം. ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജന്മദിനങ്ങളാണ് മറ്റു രണ്ടെണ്ണം. കർത്താവിനു വഴിയൊരുക്കിയ മുന്നോടിയായി രക്ഷാചരിത്രത്തിൽ വിശുദ്ധ യോഹന്നാൻ വഹിച്ച അതുല്യമായ പങ്കാണ് ഈ അസാധാരണമായ ബഹുമതി വെളിപ്പെടുത്തുന്നത്. യോഹന്നാന്റെ ജനനവുമായി ബന്ധപ്പെട്ട ഗഹനമായ മൂന്നു രഹസ്യങ്ങൾ നമ്മുടെ വിചിന്തനത്തിനായി മുന്നിലുണ്ട്.

ഒന്നാമതായി, വർഷങ്ങളോളം വന്ധ്യയായിരുന്ന എലിസബത്ത്, സ്വാഭാവികമായി പ്രസവിക്കാവുന്ന പ്രായവും കടന്ന് വാർധക്യത്തിൽ ഗർഭം ധരിച്ചത് ദൈവിക ഇടപെടലിന്റെ ബോധപൂർവമായ ഒരു അടയാളവും ദൈവത്തിന്റെ ശക്തിയുടെയും കരുണയുടെയും സാക്ഷ്യവുമായിരുന്നു. സാറാ വാർധക്യത്തിൽ ഇസഹാക്കിനെ ഗർഭം ധരിച്ചപ്പോഴും സമാനമായ ഒരു അത്ഭുതം സംഭവിച്ചുവെന്ന് ഓർക്കുക. ആത്മീയമായി, പാപത്തിന്റെ വന്ധ്യതയിൽ അകപ്പെട്ട ഇസ്രായേലിനെയും മനുഷ്യകുലത്തെ മുഴുവനെയും എലിസബത്ത് പ്രതിനിധാനം ചെയ്യുന്നു. അവളുടെ വന്ധ്യമായ ഉദരത്തിൽനിന്ന് ജീവൻ ഉളവാക്കിക്കൊണ്ട്, മനുഷ്യപ്രയത്നങ്ങൾ പരാജയപ്പെടുന്നിടത്ത് പുതുജീവൻ ഉളവാക്കാനുള്ള തന്റെ കഴിവ് ദൈവം വെളിപ്പെടുത്തുന്നു.

രണ്ടാമതായി, യോഹന്നാന് പേര് നൽകപ്പെട്ട വിധം, അവന്റെ ജീവിതത്തെയും ദൗത്യത്തെയും നയിക്കുന്ന ദൈവിക മുൻകൈ വെളിപ്പെടുത്തുന്നു. ബൈബിൾ പാരമ്പര്യത്തിൽ പേരുകൾ അർഥസമ്പന്നമാണ്; പലപ്പോഴും അവ ഒരു വ്യക്തിയുടെ വ്യക്തിത്വവും ജീവിതനിയോഗവും വെളിപ്പെടുത്തുന്നു. “കർത്താവ് കൃപാലുവാണ്” എന്നർഥമുള്ള “യോഹന്നാൻ” എന്ന പേര് അവന്റെ മാതാപിതാക്കൾ തിരഞ്ഞെടുത്തതല്ല; അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പുതന്നെ പ്രധാനദൂതനായ ഗബ്രിയേൽ അറിയിച്ചതാണ് (കാണുക: ലൂക്കാ 1:13). ദൈവം നൽകിയ പേരുതന്നെ വേണമെന്ന് എലിസബത്തും സഖറിയായും നിർബന്ധിക്കുമ്പോൾ, മാനുഷിക ആചാരത്തെക്കാൾ ദൈവിക വെളിപാടിനോടുള്ള തങ്ങളുടെ അനുസരണമാണ് അവർ പ്രകടമാക്കുന്നത്. “നിന്റെ ബന്ധുക്കളിൽ ആർക്കും ഈ പേരില്ലല്ലോ” എന്ന ബന്ധുക്കളുടെ ആശയക്കുഴപ്പം, ഈ ജനനം എങ്ങനെ മാനുഷിക പ്രതീക്ഷകളിൽനിന്ന് വ്യത്യസ്തമാകുന്നുവെന്ന് എടുത്തുകാട്ടുന്നു. പിതാവിന്റെ പേരോ പൈതൃകമോ തുടർന്നുകൊണ്ടുപോകാനല്ല യോഹന്നാൻ നിയോഗിക്കപ്പെട്ടത്; മിശിഹായ്ക്കു വഴിയൊരുക്കുക എന്ന ദൗത്യത്തിനായി അവൻ പൂർണമായും വേർതിരിക്കപ്പെട്ടിരിക്കുന്നു. ഓരോ ക്രൈസ്തവനുമുള്ള ഒരു പാഠം ഇതിൽ നാം കാണുന്നു: നമ്മുടെ യഥാർഥ വ്യക്തിത്വവും ദൗത്യവും വേരൂന്നിയിരിക്കുന്നത് ഭൗമിക വംശപരമ്പരയിലോ മാനുഷിക പാരമ്പര്യത്തിലോ അല്ല; മറിച്ച്, തികച്ചും സ്വതന്ത്രവും കൃപാപൂർണവുമായ ദൈവത്തിന്റെ വിളിയിലൂടെ അവ നമുക്കു നൽകപ്പെടുന്നു.

അവസാനമായി, ദൈവം ഏർപ്പെടുത്തിയ മാസങ്ങൾ നീണ്ട മൗനത്തിനുശേഷം സഖറിയായ്ക്ക് സംസാരശേഷി തിരിച്ചുകിട്ടിയത്, സംശയത്തിന്മേൽ വിശ്വാസം നേടുന്ന വിജയത്തിന്റെ ശക്തമായ അടയാളമാണ്. ദൂതന്റെ അറിയിപ്പ് ആദ്യം വിശ്വസിക്കാതിരുന്നതിനാലാണ് സഖറിയാ ഊമനായിത്തീർന്നത് (കാണുക: ലൂക്കാ 1:20). എലിസബത്തിന്റെ ഗർഭകാലത്ത് അദ്ദേഹം മൗനത്തിൽ ജീവിച്ചു—ധ്യാനവും പശ്ചാത്താപവും കൂടുതൽ ആഴമുള്ള ആശ്രയബോധവും നിറഞ്ഞ മൗനമായിരുന്നിരിക്കണം അത്. “അവന്റെ പേര് യോഹന്നാൻ” എന്ന് എഴുതിക്കൊണ്ട് ദൈവത്തിന്റെ കൽപ്പന സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ നാവ് സ്വതന്ത്രമായത്. സംസാരശേഷി വീണ്ടെടുത്ത ഉടൻ അദ്ദേഹം ആദ്യം ചെയ്തത് ദൈവത്തെ വാഴ്ത്തുകയായിരുന്നു; അദ്ദേഹത്തിന്റെ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്തിരുന്നുവെന്ന് അത് വെളിപ്പെടുത്തി. സഖറിയായുടെ നാവിന്റെ ബന്ധനമഴിഞ്ഞത്, ഇസ്രായേലിനെ മാനസാന്തരത്തിലേക്കു വിളിച്ചുകൊണ്ട് മരുഭൂമിയിൽ വിളിച്ചുപറയാനിരുന്ന അദ്ദേഹത്തിന്റെ മകൻ യോഹന്നാന്റെ പ്രവാചകസ്വരത്തെ മുൻകൂട്ടി സൂചിപ്പിക്കുന്നു. ദൈവഹിതത്തിനു മുന്നിൽ എളിമയും അനുസരണവുമുള്ളതായിത്തീർന്ന ഹൃദയങ്ങളിൽനിന്നാണ് യഥാർഥ ദൈവസ്തുതി ഒഴുകുന്നതെന്നും ആത്മീയമായി ഇത് നമ്മെ ഓർമിപ്പിക്കുന്നു.

വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനമഹോത്സവം ആഘോഷിക്കുമ്പോൾ, രക്ഷാചരിത്രത്തിൽ യോഹന്നാനുണ്ടായിരുന്ന അതുല്യമായ പങ്കിനെക്കുറിച്ചു മാത്രമല്ല, നമ്മുടെ സ്വന്തം ജീവിതത്തിൽ ദൈവം എങ്ങനെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചും ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ വിശ്വാസജീവിതത്തിൽ ഫലശൂന്യതയുടെയോ വരൾച്ചയുടെയോ നിമിഷങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ, യോഹന്നാന്റെ അത്ഭുതകരമായ ജനനത്തിൽനിന്ന് പ്രത്യാശ ഉൾക്കൊള്ളുക: ജീവനറ്റതെന്നു തോന്നുന്നതിൽനിന്നുപോലും പുതുജീവൻ ഉളവാക്കാൻ ദൈവത്തിനു കഴിയും. യോഹന്നാന്റെ പേര് ദൈവത്തിന്റെ കൃപാലുത്വം വെളിപ്പെടുത്തിയതുപോലെ, നിങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കുന്ന അവിടുത്തെ കരുണയിൽ ആശ്രയിക്കാൻ നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു. സഖറിയാ തന്റെ നിശ്ശബ്ദമായ സഹനത്തിലൂടെ അനുസരണവും കൂടുതൽ ആഴമുള്ള വിശ്വാസവും അഭ്യസിച്ചതുപോലെ, നിങ്ങൾ സഹിക്കുന്ന, മറ്റാരും അറിയാത്ത ഏതു പരീക്ഷണത്തെയും സ്വീകരിക്കാൻ നിങ്ങൾക്കു കഴിയണമേ എന്നു പ്രാർഥിക്കുക. നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കാനും നവമായ ആനന്ദത്തോടെ ദൈവത്തിന്റെ നന്മ പ്രഘോഷിക്കാൻ നിങ്ങളെ ഒരുക്കാനും ആ പരീക്ഷണങ്ങളെ അനുവദിക്കുക.

ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും നാഥാ, ഞങ്ങളുടെ രക്ഷയ്ക്കായുള്ള അങ്ങയുടെ പദ്ധതി പരിപൂർണവും ഞങ്ങളുടെ ഗ്രഹണശക്തിക്ക് ഏറെ അതീതവുമാണ്. അങ്ങയുടെ സഭ വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും മഹത്ത്വം പുതുതായി തിരിച്ചറിയാൻ എനിക്കു കൃപ നൽകണമേ. അങ്ങയുടെ വരവിനായി വഴിയൊരുക്കിയതുപോലെ, അങ്ങയെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെയും അദ്ദേഹം ഒരുക്കട്ടെ. അങ്ങനെ, അദ്ദേഹത്തിന്റെ പിതാവായ സഖറിയായെപ്പോലെ, ബന്ധനമഴിഞ്ഞ നാവോടെ അങ്ങയുടെ സ്തുതികൾ ആലപിക്കാൻ എനിക്കു കഴിയുമാറാകട്ടെ. വിശുദ്ധ സ്നാപക യോഹന്നാനേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ വായനയ്ക്ക് – വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയുടെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.