ജൂലൈ 27, 2026
സാധാരണകാലത്തിലെ പതിനേഴാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
കടുകുമണിയുടെ ഉപമ, രചന: ലോറൻസ് OP, CC BY-NC-ND 2.0.
യേശു ജനക്കൂട്ടത്തോട് ഒരു ഉപമ പറഞ്ഞു. “സ്വർഗരാജ്യം ഒരുവൻ എടുത്ത് വയലിൽ വിതച്ച കടുകുമണിക്കു സദൃശമാണ്. അത് എല്ലാ വിത്തുകളിലും ഏറ്റവും ചെറുതാണ്. എന്നാൽ, പൂർണവളർച്ചയെത്തുമ്പോൾ അത് ചെടികളിൽ ഏറ്റവും വലുതാകുന്നു. അത് ഒരു വലിയ കുറ്റിച്ചെടിയായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ വസിക്കുകയും ചെയ്യുന്നു.” മത്തായി 13:31–32
ഹ്രസ്വമെങ്കിലും അർഥസമ്പുഷ്ടമായ രണ്ടു ഉപമകളാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്—കടുകുമണിയുടെയും പുളിമാവിന്റെയും ഉപമകൾ. അവ ഓരോന്നും സ്വർഗരാജ്യത്തിന്റെ രഹസ്യത്തിലെ വ്യത്യസ്ത തലങ്ങൾ വെളിപ്പെടുത്തുന്നു. ലോകത്തിലും മനുഷ്യാത്മാവിലും നിശ്ശബ്ദമായെങ്കിലും തടുക്കാനാവാത്തവിധം വികസിക്കുന്ന ദൈവരാജ്യത്തിന്റെ എളിയ തുടക്കങ്ങളിലേക്കും മറഞ്ഞിരിക്കുന്ന ശക്തിയിലേക്കും ഇവ രണ്ടും ചേർന്ന് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
ഓരോ ഉപമയ്ക്കും അർഥത്തിന്റെ പല തലങ്ങളുണ്ട്. സഭാപിതാക്കന്മാർ ഈ തലങ്ങൾ ആഴത്തിൽ അന്വേഷിച്ചിട്ടുണ്ട്. കടുകുമണിയുടെ ഉപമയിൽ, വിത്തിനെ പലപ്പോഴും ക്രിസ്തുതന്നെയായി വ്യാഖ്യാനിക്കാറുണ്ട്. “എല്ലാ വിത്തുകളിലും ഏറ്റവും ചെറുതായ” കടുകുമണി, ലൗകികദൃഷ്ടിയിൽ ക്രിസ്തുവിന്റെ ഭൗമികജീവിതം എത്രമാത്രം മറഞ്ഞിരുന്നതും നിസ്സാരമെന്നു തോന്നിയിരുന്നതുമാണെന്ന് വ്യക്തമാക്കുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് അവിടുന്ന് ലോകത്തിലേക്കു വന്നത്: ബേത്ലഹേമിലെ ഒരു ഗുഹയിൽ ജനിച്ചു, ഈജിപ്തിലേക്കു പലായനം ചെയ്ത് പ്രവാസിയായി കഴിഞ്ഞു, നസറത്തിലെ എളിയ ഗ്രാമത്തിൽ വളർന്നു. അവിടുത്തെ ദൈവത്വം—സകലവും ആരിലൂടെ സൃഷ്ടിക്കപ്പെട്ടുവോ ആ നിത്യവചനം—അവിടുത്തെ മനുഷ്യത്വത്തിന്റെ എളിമയ്ക്കു പിന്നിൽ മറഞ്ഞിരുന്നു.
അവിടുന്ന് കുരിശിൽ തൂങ്ങിക്കിടന്നപ്പോഴും അവിടുത്തെ ദൈവികമഹിമ ലോകത്തിന്റെ കണ്ണുകളിൽനിന്ന് മറഞ്ഞിരുന്നു. എങ്കിലും, സ്വയം ശൂന്യവത്കരിക്കുന്ന സ്നേഹത്തിന്റെ ഈ വിത്തിൽനിന്ന്—ദാരിദ്ര്യത്തിലേക്കും മരണത്തിലേക്കുമുള്ള ഈ സമ്പൂർണ ഇറങ്ങിച്ചെല്ലലിൽനിന്ന്—പാപത്തിന്റെയും മരണത്തിന്റെയും ബന്ധനങ്ങൾ തകർത്തുകൊണ്ട് ഉത്ഥാനത്തിന്റെ വിജയം പൊട്ടിമുളച്ചു. തന്റെ ഉത്ഥാനമഹിമയിൽ ക്രിസ്തു “ചെടികളിൽ ഏറ്റവും വലുതായി” മാറിയിരിക്കുന്നു. ഉപമ പറയുന്നതുപോലെ, “ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ വസിക്കുന്നു.” ഈ ദൃശ്യം പലപ്പോഴും ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ പ്രതീകമായി മനസ്സിലാക്കപ്പെടുന്നു. ഭൂമിയിലെ ജനതകൾ അതിൽ അഭയവും പോഷണവും നിത്യപ്രത്യാശയും കണ്ടെത്തുന്നു.
ഓരോ ആത്മാവിലും നട്ടുവളർത്തപ്പെടുന്ന ക്രിസ്തുവിനെയും കടുകുമണി പ്രതിനിധീകരിക്കുന്നു. വിശ്വാസത്തിലൂടെയും പ്രാർഥനയിലൂടെയും കൂദാശകളിലൂടെയും നമ്മുടെ ഹൃദയങ്ങളുടെ ഫലഭൂയിഷ്ഠമായ മണ്ണിൽ അവിടുന്ന് വിതയ്ക്കപ്പെടുമ്പോൾ, അവിടുന്ന് വേരൂന്നി വളരുകയും നമ്മുടെ ജീവിതങ്ങളെ ഉള്ളിൽനിന്ന് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. നമ്മിലുള്ള അവിടുത്തെ സാന്നിധ്യം തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാത്തത്ര സൂക്ഷ്മമായിരിക്കാമെങ്കിലും, എല്ലാ അളവുകൾക്കും അതീതമായി വളരാനുള്ള ശക്തി അതിനുണ്ട്. അങ്ങനെ അത് നമ്മുടെ ജീവിതങ്ങളിൽ മാത്രമല്ല, നാം കണ്ടുമുട്ടുന്ന എല്ലാവരുടെയും ജീവിതങ്ങളിൽ ഫലം പുറപ്പെടുവിക്കുന്നു. ഒടുവിൽ, ദൈവരാജ്യം പൂർണമായി വെളിപ്പെടുന്ന പുതിയ ആകാശങ്ങളിലും പുതിയ ഭൂമിയിലുമാണ് ഈ വളർച്ച അതിന്റെ പരിപൂർണതയിലെത്തുന്നത്.
രണ്ടാമത്തെ ഉപമയായ പുളിമാവിന്റെ ഉപമ, സമാനമായ ഒരു സത്യം മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുന്നു. നിശ്ശബ്ദമായും ഫലപ്രദമായും പ്രവർത്തിക്കുന്ന ക്രിസ്തുവായോ അവിടുത്തെ കൃപയായോ പുളിമാവ് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നു. മൂന്നിടങ്ങഴി മാവിൽ കലർത്തിയ പുളിമാവ് ക്രമേണ മാവ് മുഴുവനെയും രൂപാന്തരപ്പെടുത്തുന്നു. ആത്മാവിനുള്ളിൽ മറഞ്ഞു നടക്കുന്ന കൃപയുടെ പ്രവർത്തനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ ക്രിസ്തു നമ്മുടെ ഇടയിൽ മാത്രമല്ല, നമ്മുടെ ഉള്ളിലുമുണ്ട്; നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉള്ളിൽനിന്ന് വിശുദ്ധീകരിച്ചുകൊണ്ട്.
“പ്രവാചകനിൽ” നിന്നുള്ള, സങ്കീർത്തനം 78:2-ൽനിന്നെടുത്ത മനോഹരമായ ഒരു ഉദ്ധരണിയോടെയാണ് ഇന്നത്തെ സുവിശേഷം സമാപിക്കുന്നത്: “ഞാൻ ഉപമകളിലൂടെ സംസാരിക്കാൻ വായ് തുറക്കും; ലോകസ്ഥാപനംമുതൽ മറഞ്ഞുകിടന്നവ ഞാൻ പ്രഖ്യാപിക്കും” (മത്തായി 13:35). പുറമേ നോക്കുമ്പോൾ ഉപമകൾ ലളിതമായി തോന്നുന്നു. എന്നാൽ ഉദാസീനതയോടെയോ അഹങ്കാരത്തോടെയോ അവയെ സമീപിക്കുന്നവരിൽനിന്ന് അവ ദൈവികസത്യങ്ങളെ മറച്ചുവയ്ക്കുന്നു. വിശ്വാസത്തോടെ അവ സ്വീകരിക്കുകയും പ്രാർഥനാപൂർവം ധ്യാനിക്കുകയും ചെയ്യുന്നവർക്ക് പരിശുദ്ധാത്മാവ് അവയുടെ ആന്തരികാർഥം വെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭംമുതൽ മറഞ്ഞിരുന്നത് ഇപ്പോൾ വെളിപ്പെടുത്തപ്പെടുന്നു—ഈ ലോകത്തിലെ ജ്ഞാനികൾക്കും പണ്ഡിതർക്കുമല്ല, ഹൃദയത്തിൽ എളിമയുള്ളവർക്കാണ്. ഇങ്ങനെ, ഉപമകൾ ദൈവികജ്ഞാനത്തിന്റെ ഒരു പാഠശാലയായി വർത്തിക്കുന്നു; പുറമേ കാണുന്നതിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ദൈവത്തിന്റെ നിത്യപദ്ധതിയുടെ ആഴങ്ങളിലേക്കു കടന്നുചെല്ലാൻ ആത്മാവിനെ ക്ഷണിച്ചുകൊണ്ട്.
നിങ്ങളുടെ ജീവിതത്തിൽ ക്രിസ്തു മറഞ്ഞിരുന്ന് പ്രവർത്തിക്കുന്ന വഴികളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ഉള്ളിൽ നിശ്ശബ്ദമായി വളരുന്ന അവിടുത്തെ സാന്നിധ്യം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? പ്രാർഥനയിലൂടെയും കൂദാശകളിലൂടെയും അവിടുത്തെ സാന്നിധ്യത്തിന്റെ വിത്തിനെ നിങ്ങൾ പരിപോഷിപ്പിക്കുന്നുണ്ടോ? ചെറിയ തുടക്കങ്ങളിൽപ്പോലും ദൈവം തന്റെ രാജ്യം പടുത്തുയർത്തുകയാണെന്ന് വിശ്വസിക്കുക—നിങ്ങളിൽ, നിങ്ങളിലൂടെ, തന്റെ കൂടുതൽ മഹത്ത്വത്തിനായി.
അത്യന്തം മഹിമയുള്ള രാജാവേ, അങ്ങയുടെ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ചൊരിയപ്പെട്ട കൃപയാൽ ഞങ്ങളുടെ ജീവിതങ്ങളിൽ അങ്ങയുടെ രാജ്യം പിറവിയെടുക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. കർത്താവേ, എന്റെ അടുക്കൽ വന്ന് എന്റെ ആത്മാവിന്റെ ആഴങ്ങളിൽ കൃപയുടെ വിത്ത് നടണമേ. അത് വേരൂന്നി വളർന്ന്, അങ്ങയുടെ പരിപൂർണമായ തിരുഹിതത്തിന് അനുസൃതമായി എന്നെ രൂപാന്തരപ്പെടുത്തട്ടെ. അങ്ങയുടെ നിത്യരാജ്യത്തിന്റെ പൂർണത മഹിമയിൽ ഞങ്ങൾ ദർശിക്കുന്ന നാൾവരെ, എന്നിലൂടെ ഭൂമിയിൽ അങ്ങയുടെ രാജ്യം വ്യാപിപ്പിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ




