മലയാളം

യഥാർഥ മഹത്വം

2026 ഓഗസ്റ്റ് 22

പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിപദവിയുടെ അനുസ്മരണം

ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ ഇരുപതാം വാരത്തിലെ ശനിയാഴ്ചയിലെ വായനകൾ

ഓഗസ്റ്റ് സ്റ്റാലിൻസും അൽഫോൻസ് യാൻസെൻസും രചിച്ച ഗിരിപ്രഭാഷണം,

വീഡിയോ

യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞു: “നിയമജ്ഞരും ഫരിസേയരും മോശയുടെ പീഠത്തിൽ ഇരിക്കുന്നു. അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുകയും അനുസരിക്കുകയും ചെയ്യുവിൻ; എന്നാൽ അവരുടെ മാതൃക പിന്തുടരരുത്. കാരണം, അവർ പ്രസംഗിക്കുന്നു, പക്ഷേ പ്രവർത്തിക്കുന്നില്ല…” മത്തായി 23:1–3

ദൈവത്തിന്റെ ദൃഷ്ടിയിൽ യഥാർഥത്തിൽ വലിയവരായിരിക്കുക എന്നതിന്റെ അർഥമെന്താണ്? അംഗീകാരത്തിനും വിജയത്തിനും ബഹുമതിക്കും വിലകൽപ്പിക്കുന്ന ഒരു ലോകത്തിൽ, യേശു തികച്ചും വ്യത്യസ്തമായ ഒരു ദർശനം നൽകുന്നു—താഴ്മയുള്ളവരെ ഉയർത്തുകയും അഹങ്കാരികളെ താഴ്ത്തുകയും ചെയ്യുന്ന ഒരു ദർശനം.

യേശുവിന്റെ ഭൗമികജീവിതത്തിലെ അവസാന ആഴ്ചയിൽ, അവിടുന്ന് ദേവാലയത്തിലെ പെസഹാ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴാണ് ഇന്നത്തെ സുവിശേഷത്തിലെ സംഭവം നടക്കുന്നത്. ആ ആഴ്ചയിലുടനീളം, ദൈവജനത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട മതനേതാക്കളിൽനിന്നുതന്നെ അവിടുന്ന് നിരന്തരമായ എതിർപ്പും അസൂയയും നേരിട്ടു. ഈ നേതാക്കൾ തങ്ങളുടെ വിശുദ്ധ കടമകളിൽ ഗുരുതരമായി വീഴ്ചവരുത്തിയെങ്കിലും, യേശു അവരെ ശാസിക്കുന്നത് നീരസംകൊണ്ടല്ല, ദൈവിക സ്നേഹത്തോടും അവരുടെ മാനസാന്തരത്തിനായുള്ള ആഗ്രഹത്തോടും കൂടിയാണ്. ശ്രദ്ധേയമായ കാര്യം, അവിടുന്ന് അവരോടു നേരിട്ടു സംസാരിക്കുന്നില്ല; പകരം, ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അവരെക്കുറിച്ചു സംസാരിച്ചുകൊണ്ട്, പരസ്യമായ തിരുത്തലിലൂടെ അവരെ താഴ്ത്തുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, തന്റെ വാക്കുകൾ കേവലം ചരിത്രപരമായ ഒരു വിമർശനമല്ലെന്ന് യേശു വ്യക്തമാക്കുന്നു. അവ എല്ലാ തലമുറകൾക്കുമുള്ള നിലനിൽക്കുന്ന പ്രബോധനമാണ്; സഭയ്ക്കും വിശുദ്ധിക്കായി പരിശ്രമിക്കുന്ന ഓരോ ആത്മാവിനും അവ കാലാതീതമായ മാർഗദർശനം നൽകുന്നു.

നിയമജ്ഞർക്കും ഫരിസേയർക്കും നിയമാനുസൃതമായ അധികാരമുണ്ടായിരുന്നു. “മോശയുടെ പീഠത്തിൽ ഇരിക്കുന്ന” അവർ നിയമത്തിന്റെ ഔദ്യോഗിക വ്യാഖ്യാതാക്കളായിരുന്നു. യേശു ആ അധികാരസ്ഥാനത്തെ കുറ്റംവിധിക്കുന്നില്ല; അതിലിരുന്നവരുടെ ദുഷിപ്പിനെ മാത്രമാണ് കുറ്റംവിധിക്കുന്നത്. നേതാക്കളുടെ ജീവിതത്തിൽ കുറവുകളുണ്ടെങ്കിലും, ദൈവനിയമത്തോടു യോജിക്കുന്ന പ്രബോധനങ്ങൾ അനുസരിക്കാൻ വിശ്വാസികളോടു നിർദേശിക്കുന്നു. ഇന്ന് “പത്രോസിന്റെ പീഠത്തിന്” ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന സഭയുടെ കൂദാശകളുടെയും പ്രബോധനങ്ങളുടെയും ഫലദായകത ശുശ്രൂഷകന്റെ വ്യക്തിപരമായ വിശുദ്ധിയെയല്ല, ആ സ്ഥാനത്തിന്റെ ദൈവിക അധികാരത്തെയാണ് ആശ്രയിക്കുന്നതെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു.

യേശു കുറ്റംവിധിക്കുന്നത് നിയമജ്ഞരുടെയും ഫരിസേയരുടെയും കാപട്യത്തെയാണ്. സഹായമൊന്നും നൽകാതെ അവർ ഭാരമേറിയ ചുമടുകൾ മറ്റുള്ളവരുടെമേൽ കെട്ടിവയ്ക്കുന്നു. അവരുടെ മതാനുഷ്ഠാനങ്ങൾ ബാഹ്യമാണ്; സ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളിൽനിന്ന് ഒഴുകിവരുന്നവയല്ല. അവർ സ്ഥാനപ്പേരുകളും പദവികളും തേടുന്നു—വിനയമില്ലാത്ത ബഹുമതി—അങ്ങനെ, തങ്ങൾ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന നിയമത്തെത്തന്നെ വികലമാക്കുന്നു.

ഉപരിപ്ലവമായ ഈ മതാത്മകതയ്ക്കു വിപരീതമായി യേശു യഥാർഥ വിശുദ്ധിയെ അവതരിപ്പിക്കുന്നു. ബാഹ്യപ്രകടനത്തിനു പകരം ആന്തരിക മാനസാന്തരത്തിനാണ് അവിടുന്ന് ആഹ്വാനം ചെയ്യുന്നത്. ഈ സന്ദേശത്തിൽ പ്രവാചകന്മാരുടെ വാക്കുകൾ പ്രതിധ്വനിക്കുന്നു; സഭയുടെ ജീവിതത്തിലുടനീളം, പ്രത്യേകിച്ച് വിശുദ്ധരുടെ ഉജ്ജ്വലമായ സാക്ഷ്യത്തിൽ, അത് മുഴങ്ങിക്കേൾക്കുന്നു. പ്രകടനമോ പ്രതിഷ്ഠയോ അല്ല, വിനയവും ആത്മാർഥതയുമാണ് യഥാർഥ ശിഷ്യത്വത്തിന്റെ വഴിയെ അടയാളപ്പെടുത്തുന്നതെന്ന് വീണ്ടും വീണ്ടും നാം ഓർമിപ്പിക്കപ്പെടുന്നു.

അവിടുത്തെ ശാസനകൾ കഠിനമാണെങ്കിലും, യേശുവിന്റെ സന്ദേശത്തിന്റെ കാതൽ സ്നേഹമാണ്. സേവനത്തിലും സ്വയം മറക്കുന്നതിലും വിനയത്തിലും വേരൂന്നിയ, കൂടുതൽ ഉന്നതമായ ഒരു മഹത്ത്വം കണ്ടെത്താൻ അവിടുന്ന് നമ്മിൽ ഓരോരുത്തരെയും വിളിക്കുന്നു. “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” (മത്തായി 23:11–12). ഈ വാക്കുകളിൽ യേശു ദൈവരാജ്യത്തിന്റെ വിരോധാഭാസം വെളിപ്പെടുത്തുന്നു: വിനയത്തിൽ താഴുന്നതാണ് മഹത്ത്വത്തിൽ ഉയരുന്നത്.

നാം മോശയുടെയോ പത്രോസിന്റെയോ പീഠത്തിൽ ഇരിക്കുന്നില്ലെങ്കിലും, നിയമജ്ഞരുടെയും ഫരിസേയരുടെയും പാപങ്ങൾ പലപ്പോഴും നമ്മുടെതന്നെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു. അവരുടെ കാപട്യം പുറമേ പ്രകടമായിരുന്നു—ഭക്തിപ്രകടനങ്ങൾ, സ്ഥാനപ്പേരുകളോടുള്ള പ്രിയം, അനുകമ്പയില്ലാതെ മറ്റുള്ളവരെ ഭാരപ്പെടുത്തൽ. അവരുടെ അധികാരമോ പദവിയോ ഇല്ലാതെയും, “ആഗ്രഹത്തിലെ കാപട്യം” എന്നു വിളിക്കാവുന്ന ഒന്ന് നാം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടാകാം. നാം അംഗീകാരത്തിനായി കൊതിക്കുന്നു, സ്വാധീനത്തിനായി ദാഹിക്കുന്നു, അല്ലെങ്കിൽ വിശുദ്ധിയെക്കാളേറെ മറ്റുള്ളവരുടെ പ്രശംസ നിശ്ശബ്ദമായി തേടുന്നു. മറഞ്ഞിരിക്കുന്ന ഈ ആഗ്രഹങ്ങൾ ഒരിക്കലും പ്രവൃത്തിയിൽ വരുത്തിയില്ലെങ്കിലും, യേശു കുറ്റംവിധിക്കുന്ന അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ആന്തരിക മനോഭാവത്തെ അവ വെളിപ്പെടുത്തുന്നു.

വിനയമുള്ളതും സേവനോന്മുഖവുമാകുന്നതിനുപകരം സ്വാർഥമോ സ്വയം ഉയർത്തുന്നതോ ആയ എന്തെങ്കിലും ആഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. യഥാർഥ ഉപവി എപ്പോഴും ആദ്യം അപരന്റെ നന്മ തേടുന്നു. വിരോധാഭാസമെന്നു തോന്നാമെങ്കിലും, സ്വയം മറക്കുന്ന ഈ സ്നേഹംതന്നെയാണ് നമ്മുടെ ഉയർച്ചയ്ക്കും കാരണമാകുന്നത്—നമ്മുടെ പരിശ്രമംകൊണ്ടല്ല, ദൈവകൃപയാൽ. നിങ്ങളെത്തന്നെ താഴ്ത്തുക; ദൈവം നിങ്ങളെ ഉയർത്തും. നിങ്ങളെത്തന്നെ ഉയർത്തിയാൽ, ആ സ്വയം ഉയർത്തൽ മാത്രമായിരിക്കും നിങ്ങൾക്കുള്ള പ്രതിഫലം.

പരിപൂർണ വിനയത്തിന്റെ നാഥാ, ദൈവപുത്രനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായിരുന്നിട്ടും അങ്ങ് ഒരിക്കലും അങ്ങയെത്തന്നെ ഉയർത്തിയില്ല. അങ്ങയ്ക്കും മറ്റുള്ളവർക്കുമായി ത്യാഗപൂർവം ജീവിച്ചുകൊണ്ട്, അങ്ങയുടെ കുരിശിൽ ഉയർത്തപ്പെടാൻ എന്നെത്തന്നെ വിട്ടുകൊടുക്കുവാനും, അങ്ങയുടെ വിനയം അനുകരിച്ച് അതിൽ പങ്കുചേരുവാനും എന്നെ പഠിപ്പിക്കണമേ. വിനയവും നിസ്വാർഥതയും ത്യാഗവും നിറഞ്ഞ ആ സ്നേഹത്തിൽ, ഒരുനാൾ ഞാനും അങ്ങയുടെ മഹത്ത്വത്തിൽ പങ്കുചേരുമാറാകട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(പ്രത്യേകിച്ച് വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി ചൊല്ലുന്ന പ്രാർഥന)
ഓഗസ്റ്റ് 18-26

ഇന്നത്തെ വിശുദ്ധൻ – പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞീപദവി—അനുസ്മരണം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.