ചൊവ്വാഴ്ച, ഡിസംബർ 13, 2016
ആഗമനകാലം മൂന്നാം വാരത്തിലെ ചൊവ്വാഴ്ചത്തെ വായനകൾ
സിറാക്കൂസിലെ വിശുദ്ധ ലൂസി, കന്യകയും രക്തസാക്ഷിയും – അനുസ്മരണം
യേശു അവരോടു പറഞ്ഞു: “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു. യോഹന്നാൻ നീതിയുടെ വഴിയിലൂടെ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യകളും വിശ്വസിച്ചു.” മത്തായി 21:31c-32a
ജനപ്രമാണികളോടും പ്രധാനപുരോഹിതന്മാരോടും യേശു പറഞ്ഞ ഈ വാക്കുകൾ വിശ്വസിക്കാൻ പ്രയാസമായിരുന്നിരിക്കണം. ഈ മതനേതാക്കൾക്കുമുമ്പേ ചുങ്കക്കാരും വേശ്യകളും യഥാർഥത്തിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുകയായിരുന്നോ? വേശ്യകളുടെയും ചുങ്കക്കാരുടെയും വിശുദ്ധി ഈ മതനേതാക്കളുടേതിനെക്കാൾ ഉയർന്നതാണെന്നാണോ യേശു ശരിക്കും പറഞ്ഞത്? തീർച്ചയായും അതുതന്നെയാണ് അവിടുന്ന് പറഞ്ഞത്!
ഈ മതനേതാക്കളുടെ അഹങ്കാരമാണ് യേശുവിന്റെ ഈ വാക്കുകൾ സത്യമായി സ്വീകരിക്കാൻ അവർക്ക് പ്രത്യേകിച്ചും തടസ്സമായത്. അവർ തങ്ങളെക്കുറിച്ച് വളരെ ഉയർന്ന അഭിപ്രായം പുലർത്തിയിരുന്നു; മറ്റുള്ളവരും തങ്ങളെ അതുപോലെ ആദരിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. തങ്ങൾ നീതിമാന്മാരാണെന്ന് അവർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അത് തീർത്തും വിരൂപമായ ഒരു കാഴ്ചയായിരുന്നു.
എന്നാൽ വേശ്യകളെയും ചുങ്കക്കാരെയും ദൈവരാജ്യത്തിലേക്ക് ഉയർത്തിക്കൊണ്ട് യേശു ഇതിനെയെല്ലാം ഭേദിക്കുന്നു. മതനേതാക്കൾക്ക് ഇത് എത്ര വലിയൊരു “മുഖത്തടിയായിരുന്നു”! എന്നാൽ അവരുടെതന്നെ ആത്മാക്കളുടെ നന്മയ്ക്കായി അവർക്ക് ആവശ്യമായിരുന്ന ഒരു അടിയായിരുന്നു അത്.
ഇതിൽനിന്ന് നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല ചിന്ത, ആരിലാണ് നാം നമ്മെത്തന്നെ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുന്നത് എന്നു വിചിന്തനം ചെയ്യുക എന്നതാണ്. അക്കാലത്തെ അഹങ്കാരികളായ മതനേതാക്കളിലാണോ നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത്? അതോ ചുങ്കക്കാരിലും വേശ്യകളിലുമാണോ കൂടുതൽ കാണുന്നത്? ഈ രണ്ടു കൂട്ടരിൽ ഏതെങ്കിലുമൊന്നിൽ നമ്മെത്തന്നെ കാണുന്നുവെന്ന് സമ്മതിക്കാൻ ഒരുപക്ഷേ പ്രയാസമായിരിക്കാം. ഏതെങ്കിലും തരത്തിലുള്ള ബലഹീനതയോ വ്യക്തിപരമായ വീഴ്ചകളോ സമ്മതിക്കാതെ, നമ്മെത്തന്നെ നല്ലവരും നീതിമാന്മാരുമായി കാണാനായിരിക്കാം നമ്മുടെ പ്രവണത. എന്നാൽ യേശു നമുക്കു നൽകുന്ന കൂട്ടങ്ങളിൽ അങ്ങനെയൊരു കൂട്ടമില്ല.
ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടത്തിലാണ് നാമെല്ലാവരും നമ്മെത്തന്നെ കാണേണ്ടത് എന്നതാണ് സത്യം. എന്തുകൊണ്ട്? കാരണം നാമെല്ലാവരും പാപികളാണ്. അവർ ചെയ്ത അതേ പാപം ചെയ്തവരായിരിക്കണമെന്നില്ല നാം. എങ്കിലും നാം പാപം ചെയ്തിട്ടുണ്ട്; അത് സമ്മതിക്കുകയും വേണം. വാസ്തവത്തിൽ, നമ്മുടെ ബലഹീനതയും പാപവും സമ്മതിക്കാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, ജനപ്രമാണികളിൽനിന്നും പ്രധാനപുരോഹിതന്മാരിൽനിന്നും നമുക്ക് ഒരു വ്യത്യാസവുമില്ല. നാമും നമ്മുടെ അഹങ്കാരത്തിലും നാം നീതിമാന്മാരാണെന്ന സ്വയംബോധ്യത്തിലും കുടുങ്ങിക്കിടക്കുകയാണ്.
ആരിലാണ് നിങ്ങൾ നിങ്ങളെത്തന്നെ ഏറ്റവും കൂടുതൽ തിരിച്ചറിയുന്നതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. വേശ്യകളെയും ചുങ്കക്കാരെയും പോലെ ഒരു പാപിയായി നിങ്ങളെത്തന്നെ കാണാൻ പ്രയാസമാണെങ്കിൽ, ഒരുപക്ഷേ ആ മതനേതാക്കൾക്കുണ്ടായിരുന്ന അഹങ്കാരമെന്ന പാപം നിങ്ങളിലുമുണ്ടാകാം. എളിമയ്ക്കായി പ്രാർഥിക്കാൻ ശ്രമിക്കുക. ദൈവം നിങ്ങളെ കാണുന്നതുപോലെ നിങ്ങളെത്തന്നെ കാണാൻ കഴിയണമെന്നു പ്രാർഥിക്കുക. ഈ സത്യത്തിന്റെ വെളിച്ചത്തിൽ മാത്രമേ നിങ്ങൾ സ്വാതന്ത്ര്യം കണ്ടെത്തുകയുള്ളൂ.
കർത്താവേ, എന്റെ ഹൃദയം എളിമകൊണ്ട് നിറയ്ക്കണമേ. ആ എളിമയിൽ, ഞാൻ ആയിരിക്കുന്നതുപോലെ എന്നെത്തന്നെ കാണാൻ എന്നെ സഹായിക്കണമേ. എന്റെ പാപം കാണാനും, അതോടൊപ്പം അങ്ങേക്കായുള്ള എന്റെ ആഗ്രഹം തിരിച്ചറിയാനും എന്നെ സഹായിക്കണമേ. എന്റെ പാപാവസ്ഥയിൽ അങ്ങയിലേക്കു തിരിയാനും അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ആനന്ദവും സ്വാതന്ത്ര്യവും അനുഭവിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനം
പുതിയത്!
നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് ധ്യാനിക്കുക!






