2016 ഡിസംബർ 14, ബുധനാഴ്ച
ആഗമനകാലത്തിലെ മൂന്നാം ആഴ്ചയിലെ ബുധനാഴ്ചത്തെ വായനകൾ
പുരോഹിതനും വേദപാരംഗതനുമായ കുരിശിന്റെ വിശുദ്ധ യോഹന്നാൻ – അനുസ്മരണം
യേശു അവരോടു മറുപടി പറഞ്ഞു: “നിങ്ങൾ കണ്ടതും കേട്ടതും പോയി യോഹന്നാനെ അറിയിക്കുക: അന്ധർ കാഴ്ച വീണ്ടെടുക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ.” ലൂക്കാ 7:22-23
“അന്ധർ, മുടന്തർ, കുഷ്ഠരോഗികൾ, ബധിരർ, മരിച്ചവർ, ദരിദ്രർ” എന്നിവരെക്കുറിച്ചാണ് യേശു ഇവിടെ സംസാരിക്കുന്നത്. ഇവരിൽ ഓരോരുത്തരും യേശുവിന്റെ ശുശ്രൂഷയിലൂടെ അനുഗ്രഹം പ്രാപിക്കുന്നവരായി അവതരിപ്പിക്കപ്പെടുന്നു.
ക്രിസ്മസിനോട് അടുത്തുവരുമ്പോൾ, നമ്മുടെ ബലഹീനതകളിലേക്കു നാം തുടർന്നും നോക്കണം. നാമും എങ്ങനെയാണ് അന്ധരും മുടന്തരും കുഷ്ഠരോഗികളും മറ്റുമായി കഴിയുന്നതെന്നു തിരിച്ചറിയണം. തീർച്ചയായും, ഈ ശാരീരിക രോഗാവസ്ഥകൾ കൂടുതൽ ആഴത്തിലുള്ള ഒന്നിലേക്കാണു വിരൽചൂണ്ടുന്നത്. നാമെല്ലാവരും അഭിമുഖീകരിക്കുന്ന ആത്മീയ രോഗാവസ്ഥകളെയാണ് അവ സൂചിപ്പിക്കുന്നത്.
വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യവും യേശു പറയുന്നു: “എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ.” യേശുവിൽ നമുക്ക് ഇടർച്ച തോന്നുന്നതെന്തുകൊണ്ടായിരിക്കും? ഇതിന്റെ അർഥമെന്താണ്?
യേശു തികച്ചും തുറന്നും സത്യസന്ധമായും സംസാരിക്കുന്നു. വാസ്തവത്തിൽ, നിർമ്മലമായ സത്യമല്ലാതെ മറ്റൊന്നും അവിടുന്ന് സംസാരിക്കുന്നില്ലെന്നതു വ്യക്തമാണ്. എന്നാൽ ചിലപ്പോഴൊക്കെ സത്യം വേദനിപ്പിക്കുമെന്നതാണ് പ്രയാസകരമായ കാര്യം. ആത്മീയമായി നാം ആരോഗ്യത്തോടെയും സുഖമായും കഴിയുന്നുവെന്നു കരുതി ജീവിതം മുന്നോട്ടു കൊണ്ടുപോകാം. അതിന്റെ ഫലമായി, യേശു പ്രസംഗിക്കാൻ വന്ന സത്യം നമുക്ക് ആവശ്യമില്ലെന്നു ചിന്തിക്കാനും നാം ഇടയായേക്കാം. അങ്ങനെയെങ്കിൽ, നമ്മുടെ പാപത്തെയോ നമുക്ക് അംഗീകരിക്കാൻ പ്രയാസമുള്ള ഏതെങ്കിലും സത്യത്തെയോ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, ക്രിസ്തുവിൽ നമുക്ക് ഇടർച്ച തോന്നാം.
സുവിശേഷത്തിന്റെ സമ്പൂർണ സത്യത്തോട് നിങ്ങൾ എത്രമാത്രം തുറവുള്ളവരാണെന്ന് ഇന്ന് ചിന്തിക്കുക. യേശു പ്രഘോഷിക്കുന്നതെല്ലാം കേൾക്കാൻ നിങ്ങൾ തയ്യാറും സന്നദ്ധരുമാണോ? സുവിശേഷം അതിന്റെ പൂർണതയിൽ നിങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കാൻ നിങ്ങൾ തയ്യാറും സന്നദ്ധരുമാണോ? നമ്മുടെ കർത്താവ് നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നതെല്ലാം കേൾക്കാനും അനുസരിക്കാനുമുള്ള നിങ്ങളുടെ ദൃഢനിശ്ചയം കൂടുതൽ ആഴപ്പെടുത്തുന്ന കാലമാകട്ടെ ആഗമനകാലം. ഏതെങ്കിലും വിധത്തിൽ നിങ്ങൾക്ക് “ഇടർച്ച” തോന്നുന്നതായി കണ്ടാൽ, ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തി മാറ്റം വരുത്തേണ്ട മേഖല മിക്കവാറും അതുതന്നെയാണെന്ന് അറിയുക.
കർത്താവേ, ഈ ആഗമനകാലത്ത് അങ്ങേക്കായി എന്റെ ഹൃദയം ഒരുക്കുന്നത് തുടരാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വചനം ശ്രവിക്കാനും അങ്ങ് പറയുന്നതെല്ലാം അനുസരിക്കാനും എന്നെ സഹായിക്കണമേ. എല്ലാ കാര്യങ്ങളിലും എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ അനുഗമിക്കുകയും അങ്ങയുടെ വചനത്തിൽ ഒരിക്കലും ഇടർച്ച തോന്നാതിരിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനം
പുതിയത്!
നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് ധ്യാനിക്കുക!






