മലയാളം

ഈശോ ബലഹീനരെ വിളിക്കുന്നു

2019 മേയ് 3, വെള്ളിയാഴ്ച

അപ്പസ്തോലന്മാരായ വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ യാക്കോബിന്റെയും തിരുനാൾ

ഇന്നത്തെ വായനകൾ

പീലിപ്പോസ് [യേശുവിനോട്] പറഞ്ഞു: “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമേ; അതു മാത്രം ഞങ്ങൾക്കു മതി.” യേശു അവനോടു പറഞ്ഞു: “പീലിപ്പോസേ, ഇത്രയും കാലം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും നീ എന്നെ അറിയുന്നില്ലേ?” യോഹന്നാൻ 14:8-9

ഇന്ന് നാം അപ്പസ്തോലന്മാരിൽ രണ്ടുപേരെ ആദരിക്കുന്നു: പീലിപ്പോസിനെയും ചെറിയ യാക്കോബിനെയും. അപ്പസ്തോലശുശ്രൂഷയ്ക്കായി നമ്മുടെ കർത്താവ് യാക്കോബിനെ തിരഞ്ഞെടുത്തു എന്നതൊഴിച്ചാൽ അദ്ദേഹത്തെക്കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിയൂ. പുതിയനിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഒരു ലേഖനവും നമുക്കുണ്ട്. ഉത്ഥാനത്തിനുശേഷം ഈശോ യാക്കോബിനു പ്രത്യക്ഷപ്പെട്ടു. പിന്നീട് യാക്കോബ് ജറുസലെമിലേക്കു പോയി ഏതാനും പതിറ്റാണ്ടുകൾ സഭയെ നയിക്കുകയും ഒടുവിൽ കല്ലെറിഞ്ഞു കൊല്ലപ്പെട്ട് രക്തസാക്ഷിയാവുകയും ചെയ്തു.

വിശ്വാസത്തിന്റെ ദുർബലത വെളിപ്പെടുത്തുന്നതായി തോന്നുന്ന ചില അഭിപ്രായപ്രകടനങ്ങളിലൂടെയാണ് പീലിപ്പോസ് അറിയപ്പെടുന്നത്. മുകളിൽ പറഞ്ഞതിനു പുറമേ, യേശു അപ്പവും മീനും വർധിപ്പിക്കാൻ ഒരുങ്ങിയപ്പോൾ പീലിപ്പോസിനോട്, “ഇവർക്കു ഭക്ഷിക്കാൻ വേണ്ടത്ര ഭക്ഷണം നമുക്ക് എവിടെനിന്നു വാങ്ങാം?” (യോഹന്നാൻ 6:5) എന്നു ചോദിച്ചതും ഓർക്കുക. പീലിപ്പോസിന്റെ മറുപടി ഇതായിരുന്നു: “ഓരോരുത്തർക്കും അല്പം [ഭക്ഷണം] ലഭിക്കാൻപോലും ഇരുനൂറു ദിവസത്തെ കൂലിക്കുള്ള ഭക്ഷണം മതിയാവില്ല” (യോഹന്നാൻ 6:7). എന്നാൽ യേശു പീലിപ്പോസിനെ പരീക്ഷിക്കുകയായിരുന്നു; നിർഭാഗ്യവശാൽ അവൻ ആ പരീക്ഷയിൽ പരാജയപ്പെട്ടു.

എന്നാൽ പീലിപ്പോസ് വിശ്വാസത്തിൽ പരാജയപ്പെട്ടുകൊണ്ടേയിരുന്നില്ല. അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ എത്യോപ്യക്കാരനായ ഷണ്ഡനു മാമ്മോദീസ നൽകാൻ പ്രചോദനം ലഭിച്ചതും പീലിപ്പോസിനാണെന്ന് ഓർക്കുക. പിന്നീട് പീലിപ്പോസ് ഗ്രീസിലും ഫ്രിജിയയിലും സിറിയയിലും പ്രസംഗിച്ചതായി പാരമ്പര്യം പറയുന്നു. അദ്ദേഹത്തെയും വിശുദ്ധ ബർത്തലോമിയോയെയും തലകീഴായി ക്രൂശിച്ചുവെന്നാണ് പറയപ്പെടുന്നത്. കുരിശിൽ തലകീഴായി കിടന്നുകൊണ്ട് മരണംവരെ പീലിപ്പോസ് പ്രസംഗിച്ചുവെന്നും പാരമ്പര്യം പറയുന്നു.

ഒടുവിൽ, യാക്കോബും പീലിപ്പോസും ഒന്നും തങ്ങൾക്കായി മാറ്റിവയ്ക്കാതെ ക്രിസ്തുവിനുവേണ്ടി ജീവൻ സമർപ്പിച്ചു. എന്നാൽ ഈശോയിലുള്ള വിശ്വാസത്തിലും ആശ്രയത്തിലും വളരാൻ അവർക്ക് സമയം വേണ്ടിവന്നു. ഇത് നമ്മുടെ ജീവിതങ്ങൾക്ക് സുപ്രധാനമായ ഒരു സാക്ഷ്യമാണ്.

ഓരോ ദിവസവും ഈശോയോടുള്ള നമ്മുടെ പ്രതികരണം അവിടുത്തേക്കുള്ള പൂർണ്ണമായ സമർപ്പണവും അവിടുത്തെ ദൈവികഹിതത്തിലുള്ള പരിപൂർണ്ണമായ ആശ്രയവും ആയിരിക്കണം എന്നതാണ് ആദർശം. നമുക്ക് വിശ്വാസക്കുറവ് ഉണ്ടാകാതിരിക്കുക എന്നതാണ് അഭിലഷണീയം.

എന്നിരുന്നാലും, നമ്മുടെ ജീവിതത്തിലെ പല നിമിഷങ്ങളിലേക്കും തിരിഞ്ഞുനോക്കുമ്പോൾ, കർത്താവിലുള്ള വിശ്വാസത്തിലും ആശ്രയത്തിലും നാം വീഴ്ചവരുത്തിയ വഴികൾ നമുക്കെല്ലാവർക്കും ചൂണ്ടിക്കാണിക്കാൻ കഴിയുമെന്നതാണ് ഏറെ സാധ്യത. ഇത് പാപമാണെങ്കിലും, ബലഹീനതയുടെ ഈ നിമിഷങ്ങളെ ദൈവത്തിന്റെ കരുണയുടെ വെളിച്ചത്തിൽ കാണുന്നത് നല്ലതാണ്. ഈശോ പീലിപ്പോസിന്റെ ബലഹീനത കണ്ടു, അതിനെക്കുറിച്ച് അവനോടു സംസാരിച്ചു; എങ്കിലും അവനെ സ്നേഹിക്കുന്നതും അവനുവേണ്ടി തിരഞ്ഞെടുത്ത പാതയിലൂടെ അവനെ വിളിക്കുന്നതും തുടർന്നു. നമ്മിൽ ഓരോരുത്തരോടും ഈശോ അങ്ങനെതന്നെ ചെയ്യുന്നു.

പീലിപ്പോസ് അപ്പസ്തോലന്റെ സംശയങ്ങളും ബലഹീനതകളും ഏതെല്ലാം വിധത്തിൽ നിങ്ങളിലും കാണാനാകുമെന്ന് ഇന്ന് ധ്യാനിക്കുക. ആ ബലഹീനതകളെ അവ യഥാർഥത്തിൽ എന്താണോ അങ്ങനെ കാണുക: നിങ്ങളുടെ പാപം. എന്നാൽ പീലിപ്പോസിനെയും യാക്കോബിനെയും നാം ആദരിക്കുന്ന ഈ ദിവസം പ്രത്യാശയിൽ വളരാൻ നിങ്ങളെത്തന്നെ അനുവദിക്കുക. കർത്താവ് അവരെ ഒരിക്കലും കൈവിട്ടില്ല; അവിടുന്ന് നിങ്ങളെയും കൈവിടുകയില്ല. വിശുദ്ധവും പവിത്രവുമായ ഒരു ശുശ്രൂഷയിലേക്ക് അവിടുന്ന് അവരെ തുടർന്നും വിളിച്ചു; നിങ്ങൾക്കുവേണ്ടിയും അവിടുന്ന് അതുതന്നെ തുടർന്നും ചെയ്യും.

കർത്താവേ, ഞാൻ പാപം ചെയ്യുകയും അങ്ങയിൽനിന്ന് അകന്നുപോകുകയും ചെയ്യുമ്പോഴും അങ്ങ് എന്നെ കൈവിടാത്തതിന് ഞാൻ നന്ദി പറയുന്നു. അങ്ങയിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും അങ്ങ് എവിടേക്കു നയിച്ചാലും പൂർണ സമർപ്പണത്തോടെ അങ്ങയെ അനുഗമിക്കാനുള്ള വിളിക്ക് ഉത്തരം നൽകാനും എന്നെ സഹായിക്കണമേ. വിശുദ്ധ യാക്കോബേ, വിശുദ്ധ പീലിപ്പോസേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ യാക്കോബിന്റെയും തിരുനാൾ