2019 ഏപ്രിൽ 28, ഞായറാഴ്ച
ദൈവകരുണയുടെ ഞായർ
ഈസ്റ്റർ അഷ്ടദിനാചരണത്തിലെ എട്ടാം ദിവസം

ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു
എത്ര കൃപാനിറഞ്ഞ ദിനമാണിത്! ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ എട്ടാമത്തെയും അവസാനത്തെയും ദിനമാണിത്. ഉയിർപ്പുതിരുനാളിന്റെ ഈ എട്ടാം ദിനത്തിൽ നാം ദൈവകരുണയുടെ ഞായർ ആഘോഷിക്കുന്നു. കരുണയുടെ അണക്കെട്ടുകൾ മലർക്കെ തുറക്കപ്പെടുകയും നമുക്ക് പ്രത്യാശിക്കാവുന്നതിലുമധികം ദൈവം സമൃദ്ധമായി നൽകുകയും ചെയ്യുന്ന ദിനമാണിത്.
ദൈവകരുണയുടെ ഞായർ വർഷങ്ങളായി ഒരു സ്വകാര്യ ഭക്താനുഷ്ഠാനമായി ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ 2000-ൽ, ദൈവകരുണയുടെ അസാധാരണ ഉപകരണമായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ഈ തിരുനാൾ സഭയുടെ ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തി.
പോളണ്ടിലെ ക്രാക്കോവിലുള്ള കാരുണ്യമാതാവിന്റെ സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു വിശുദ്ധ ഫൗസ്റ്റീന. 1938-ൽ അവൾ മരണമടഞ്ഞു. ലളിതജീവിതം നയിച്ചിരുന്ന ഒരു ദരിദ്ര കർഷകകുടുംബത്തിൽനിന്നാണ് അവൾ വന്നത്. മൂന്നു വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അവൾക്കു ലഭിച്ചിരുന്നുള്ളൂ. തന്റെ മഠത്തിൽ ഏറ്റവും എളിയ ജോലികളാണ് അവൾ ചെയ്തിരുന്നത്. എന്നാൽ, ദൈവിക രഹസ്യാനുഭവങ്ങളാൽ അനുഗൃഹീതയുമായിരുന്നു അവൾ. നമ്മുടെ കർത്താവിൽനിന്ന് അനേകം സ്വകാര്യ വെളിപാടുകൾ സ്വീകരിക്കാനുള്ള അനുഗ്രഹം അവൾക്കു ലഭിച്ചിരുന്നു. അവ തന്റെ ദൈവകരുണയുടെ ഡയറിയിൽ അവൾ രേഖപ്പെടുത്തി.
1931 ഫെബ്രുവരി 22-ലെ തന്റെ അനുഭവത്തെക്കുറിച്ച് അവൾ എഴുതുന്നു:
വൈകുന്നേരം എന്റെ മുറിയിലായിരിക്കുമ്പോൾ, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാൻ കണ്ടു. ഒരു കൈ ആശീർവദിക്കാനായി ഉയർത്തിയിരുന്നു; മറ്റേ കൈ നെഞ്ചിലെ വസ്ത്രത്തിൽ സ്പർശിച്ചിരുന്നു. നെഞ്ചിൽ വസ്ത്രത്തിന്റെ തുറന്ന ഭാഗത്തുനിന്ന് രണ്ടു വലിയ രശ്മികൾ പുറപ്പെട്ടു; ഒന്ന് ചുവപ്പും മറ്റൊന്ന് വിളറിയ നിറവുമായിരുന്നു. നിശ്ശബ്ദയായി ഞാൻ കർത്താവിനെ ഉറ്റുനോക്കി; എന്റെ ആത്മാവ് ഭയത്താലും അതോടൊപ്പം വലിയ സന്തോഷത്താലും നിറഞ്ഞു. കുറച്ചുകഴിഞ്ഞ് ഈശോ എന്നോടു പറഞ്ഞു: ‘നീ കാണുന്ന മാതൃകയനുസരിച്ച് ഒരു ചിത്രം വരയ്ക്കുക; അതിൽ ഈ വാക്കുകൾ എഴുതുക: ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.’
പിന്നീട് മറ്റൊരു ദർശനത്തിൽ ഈശോ അവൾക്ക് ഇപ്രകാരം വിശദീകരിച്ചുകൊടുത്തു:
“വിളറിയ രശ്മി ആത്മാക്കളെ നീതീകരിക്കുന്ന ജലത്തെ സൂചിപ്പിക്കുന്നു; ചുവന്ന രശ്മി ആത്മാക്കളുടെ ജീവനായ രക്തത്തെ സൂചിപ്പിക്കുന്നു. കുരിശിൽ വേദനയനുഭവിച്ചിരുന്ന എന്റെ ഹൃദയം കുന്തത്താൽ തുറക്കപ്പെട്ടപ്പോൾ, എന്റെ അതിലോലമായ കരുണയുടെ ആഴങ്ങളിൽനിന്നാണ് ഈ രണ്ടു രശ്മികൾ പുറപ്പെട്ടത്….അവയുടെ അഭയത്തിൽ വസിക്കുന്നവൻ ഭാഗ്യവാൻ; എന്തെന്നാൽ ദൈവത്തിന്റെ നീതിയുള്ള കരം അവനെ പിടികൂടുകയില്ല.”
ദൈവകരുണയുടെ മഹോത്സവം സ്ഥാപിക്കപ്പെടണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് ഈശോ വീണ്ടും അവളോടു സംസാരിച്ചു:
“ആ ദിവസം (എല്ലാ വർഷവും ഉയിർപ്പുതിരുനാളിന്റെ 8-ാം ദിവസം) എന്റെ ആർദ്രകരുണയുടെ അഗാധതകൾ തുറക്കപ്പെടുന്നു. എന്റെ കരുണയുടെ ഉറവിടത്തെ സമീപിക്കുന്ന ആത്മാക്കളുടെമേൽ കൃപകളുടെ ഒരു മഹാസമുദ്രംതന്നെ ഞാൻ ഒഴുക്കുന്നു. കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുന്ന ആത്മാവിന് പാപങ്ങളുടെയും ശിക്ഷയുടെയും പൂർണമായ മോചനം ലഭിക്കും. ആ ദിവസം കൃപ ഒഴുകുന്ന ദൈവികമായ എല്ലാ അണക്കെട്ടുകളും തുറക്കപ്പെടുന്നു. പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഒരാത്മാവും എന്റെ അടുക്കൽ വരാൻ ഭയപ്പെടരുത്. എന്റെ കരുണ അത്ര മഹത്തരമാണ്; മനുഷ്യന്റേതായാലും മാലാഖയുടേതായാലും ഒരു മനസ്സിനും നിത്യത മുഴുവനിലും അതിന്റെ ആഴം ഗ്രഹിക്കാനാവില്ല.”
ദൈവകരുണയുടെ ഞായർ ആഘോഷിക്കുമ്പോൾ, നമ്മുടെമേൽ ചൊരിയാൻ ദൈവം ആഗ്രഹിക്കുന്ന ഈ ദാനത്തിന്റെ സമൃദ്ധിയെക്കുറിച്ച് ആഴമായി ധ്യാനിക്കുക. പരിപൂർണ കരുണാമയനായ നമ്മുടെ ദൈവം നമ്മെ സ്നേഹിക്കുന്നതിന് യാതൊരു പരിധിയുമില്ല. ഈസ്റ്ററിന്റെ ഈ എട്ടാം ദിവസമായ ഇന്ന്, നമുക്കു സങ്കൽപ്പിക്കാനാകാത്തവിധം സ്വർഗത്തിന്റെ കവാടങ്ങൾ നമുക്കായി തുറന്നിരിക്കുകയാണെന്ന വസ്തുതയെക്കുറിച്ച് നാം പ്രത്യേകം ബോധവാന്മാരായിരിക്കണം. കരുണാമയനായ നമ്മുടെ കർത്താവിലേക്കു നിങ്ങളുടെ കണ്ണുകൾ തിരിക്കുക; അവിടുന്നു നൽകാനാഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ ഹൃദയം തുറന്നുവയ്ക്കുക.
കരുണയുടെ നാഥാ, കരുണ എന്താണെന്ന് മനസ്സിലാക്കാൻ ഇന്ന് തുടക്കമിടുവാൻ എന്നെ സഹായിക്കണമേ. അങ്ങ് എനിക്കു നൽകാൻ ആഗ്രഹിക്കുന്ന കരുണ സ്വീകരിക്കാൻ ആദ്യം എന്റെ ഹൃദയം തുറക്കുവാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ദൈവകരുണ ഞാൻ സ്വീകരിക്കുമ്പോൾ, എല്ലാവർക്കും കാണാവുന്നവിധം ആ കരുണയുടെ ഒരു ഉപകരണമാകാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കരുണയുടെ തിരുനാളിനെക്കുറിച്ച് ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞ കൂടുതൽ കാര്യങ്ങൾ
ദൈവകരുണയുടെ ഞായറാഴ്ചയിലെ ദണ്ഡവിമോചനം
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)





