2019 മേയ് 31, വെള്ളിയാഴ്ച
പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനത്തിരുനാൾ

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്ത് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: “സ്ത്രീകളിൽ നീ അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതമാണ്. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു?” ലൂക്കാ 1:41b-43
യേശുവിന്റെ അമ്മയായ നമ്മുടെ പരിശുദ്ധ അമ്മ നമ്മെ സന്ദർശിക്കാൻ വരുന്നത് എത്ര വലിയൊരു ബഹുമതിയായിരിക്കും! ഈ ബഹുമതിയെക്കുറിച്ച് എലിസബത്തിന് ആഴമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രചോദിതയായി അവൾ ആ സത്യം ഏറ്റുപറഞ്ഞുകൊണ്ട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്.
തന്റെ കർത്താവിന്റെ അമ്മ തന്നെ സന്ദർശിക്കാൻ വന്നത് എലിസബത്തിനു ലഭിച്ച അതുല്യമായ ഒരു ദാനമായിരുന്നു. എങ്കിലും, ദൈവമാതാവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലേക്ക് അനുദിനം ക്ഷണിക്കാനുള്ള അവസരത്താൽ നാമെല്ലാവരും അതുപോലെതന്നെ അനുഗൃഹീതരാണെന്ന് നാം മനസ്സിലാക്കണം.
പരിശുദ്ധ മറിയം എല്ലാ വിശുദ്ധരുടെയും രാജ്ഞിയാണ്. എന്നാൽ അവൾ എല്ലാ പാപികളുടെയും വിശുദ്ധിക്കായി പരിശ്രമിക്കുന്നവരുടെയും രാജ്ഞിയുമാണ്. അവൾ ജീവനുള്ള എല്ലാവരുടെയും മാതാവും സഭയുടെ മാതാവുമാണ്. ദൈവപരിപാലനയിൽ, സഹായം ആവശ്യമുള്ളവരെ അനുദിനം സന്ദർശിക്കുക എന്ന തന്റെ അതുല്യമായ ദൗത്യം അവൾ തുടർന്നും നിർവഹിക്കുന്നു. എലിസബത്തിന്റെ കാര്യത്തിൽ സംഭവിച്ചതിനെക്കാൾ ഏറെ ആഴമേറിയതും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ രീതിയിലാണ് അവൾ ഇതു ചെയ്യുന്നത്. തന്റെ മക്കളായ നമ്മെ പരിശുദ്ധ മറിയം സന്ദർശിക്കുന്നത് ഇപ്പോൾ കൃപയുടെ തലത്തിലാണ്.
നമ്മുടെ പരിശുദ്ധ അമ്മ കൃപയുടെ തലത്തിൽ നമ്മെ സന്ദർശിക്കുന്നു എന്നു പറയുമ്പോൾ അതിന്റെ അർത്ഥമെന്താണ്? അവളുമായുള്ള നമ്മുടെ ബന്ധം ദൈവത്തിന്റെ തിരുഹിതത്തിലും പദ്ധതിയിലും അധിഷ്ഠിതമാണെന്നാണ് അതിന്റെ അർത്ഥം. തന്റെ പുത്രനിൽനിന്നുള്ള എണ്ണമറ്റ കാരുണ്യാനുഗ്രഹങ്ങൾ നമുക്കു പകർന്നുതരുന്ന ഒരു ബന്ധം അവളുമായി പുലർത്താൻ നമുക്കു കഴിയുന്നു എന്നാണ് അതിന്റെ അർത്ഥം. ലോകം ഇന്നോളം അറിഞ്ഞിട്ടുള്ളതിൽവച്ച് കൃപയുടെ ഏറ്റവും ശക്തയായ മധ്യസ്ഥയായി അവൾ നമുക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് അതിന്റെ അർത്ഥം. നമ്മുടെ ജീവിതത്തിൽ അവൾ ചെലുത്തുന്ന സ്വാധീനം ആഴമേറിയതും ഗഹനവും രൂപാന്തരപ്പെടുത്തുന്നതും തികച്ചും വ്യക്തിപരവും ആത്മബന്ധമുള്ളതുമാണ് എന്നാണ് അതിന്റെ അർത്ഥം.
നമ്മുടെ പരിശുദ്ധ അമ്മയുമായുള്ള ബന്ധത്തിലെ പ്രയാസമേറിയ വശം, അത് ശാരീരികവും ബാഹ്യവുമായ തലത്തിലല്ല, മറിച്ച് ആത്മീയവും ആന്തരികവുമായ തലത്തിലാണ് നിലനിൽക്കേണ്ടത് എന്നതാണ്. എന്നാൽ, ഇക്കാരണത്താൽ അമ്മയെ അറിയാനും സ്നേഹിക്കാനുമുള്ള നമ്മുടെ കഴിവ് കുറവാണെന്ന് നാം കരുതരുത്. വാസ്തവത്തിൽ, കൃപയാൽ നമ്മുടെ പരിശുദ്ധ അമ്മയുമായി ഇപ്പോൾ നമുക്ക് പുലർത്താൻ കഴിയുന്ന ബന്ധം, അമ്മയുടെ സന്ദർശനത്തിലൂടെ എലിസബത്തിന് അമ്മയുമായി പുലർത്താൻ കഴിഞ്ഞ ബന്ധത്തെക്കാൾ ഏറെ ആഴമേറിയതും ഗാഢവുമാണ്.
ദൈവമാതാവുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. പണ്ടൊരിക്കൽ അവൾ എലിസബത്തിനെ സന്ദർശിച്ചു; ഇപ്പോൾ തന്റെ പുത്രന്റെ കൃപയും കരുണയും നിങ്ങൾക്കു നൽകാനായി നിങ്ങളുടെ ആത്മാവിനെ സന്ദർശിക്കാൻ അവൾ ആഗ്രഹിക്കുന്നു. കൃപയുടെ തലത്തിൽ അവളുമായി ഈ മനോഹരമായ ബന്ധം സ്ഥാപിക്കാൻ പരിശ്രമിക്കുക. അവളെ അകത്തേക്കു ക്ഷണിക്കുക, അവൾക്കു ചെവികൊടുക്കുക, അവൾ നിങ്ങൾക്കു കൊണ്ടുവരുന്ന കൃപ സ്വീകരിക്കാൻ ഹൃദയം തുറക്കുക. നിങ്ങളുടെ കർത്താവിന്റെ അമ്മ നിങ്ങളുടെ അടുക്കലേക്കു വരുന്നതിൽ എലിസബത്തിനോടൊപ്പം ആനന്ദിക്കുക.
ഏറ്റവും പ്രിയപ്പെട്ട മറിയമേ, അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുന്നു. അമ്മയുടെ മാതൃസഹജമായ പരിപാലനത്തിലും മധ്യസ്ഥതയിലും ആശ്രയിച്ച് എന്റെ ജീവിതം അമ്മയ്ക്കു സമർപ്പിക്കുന്നു. പ്രിയ അമ്മേ, അമ്മയുടെ പുത്രനായ യേശുവിൽനിന്ന് എനിക്കു നൽകാൻ അമ്മ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ ഹൃദയം തുറക്കുവാൻ എന്നെ സഹായിക്കണമേ. അമ്മ എന്നെ പരിപാലിക്കുകയും അമ്മയുടെ പുത്രനായ യേശുവിന്റെ ഹൃദയത്തിലെ കരുണ എനിക്കു നൽകാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് എനിക്കു വലിയ ബഹുമതിയാണ്; അത് എന്നെ വിനയാന്വിതനാക്കുന്നു. മറിയമേ, അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
കൂടുതൽ വായനയ്ക്ക് – പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനം
നമ്മുടെ പരിശുദ്ധ അമ്മയോടുള്ള പ്രാർഥനകൾ




