2019 ജൂലൈ 28, ഞായറാഴ്ച
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ, വർഷം C

“ഞാൻ നിങ്ങളോടു പറയുന്നു: ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു വാതിൽ തുറന്നുകിട്ടും.” ലൂക്കാ 11:9
യേശുവിന്റെ ഈ വാക്കുകൾ തീർത്തും അക്ഷരാർഥത്തിൽ എടുത്താൽ, പ്രാർഥനാപൂർവം നാം ചോദിക്കുന്ന എന്തും യേശു നമുക്കു നൽകുമെന്ന് എളുപ്പത്തിൽ നിഗമനത്തിലെത്താം. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നതെന്ന് നമുക്കറിയാം. ഒരുപക്ഷേ എല്ലാവരും ഏതെങ്കിലുമൊരു കാര്യത്തിനായി തീക്ഷ്ണമായി പ്രാർഥിച്ചിട്ടുണ്ടാകും; എന്നാൽ നാം ആഗ്രഹിച്ച രീതിയിൽ ആ അപേക്ഷയ്ക്കു മറുപടി ലഭിച്ചിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ് അങ്ങനെ? വിശ്വാസത്തോടെ പ്രാർഥിക്കുന്നതിൽ നാം പരാജയപ്പെട്ടതുകൊണ്ടു മാത്രമാണോ? നമ്മുടെ മുഴുവൻ ശക്തിയോടുംകൂടെ പ്രാർഥിച്ചാൽ, നാം ചോദിക്കുന്നതെന്തും യേശു ചെയ്തുതരുമോ? തീർച്ചയായും ഇല്ല.
ഈ വചനഭാഗം തുടർന്നു പറയുന്നു: “ദുഷ്ടരായ നിങ്ങൾക്കു നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ അറിയാമെങ്കിൽ, സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!” (ലൂക്കാ 11:13). ഈ പശ്ചാത്തലത്തിലും യേശു നമ്മെ പഠിപ്പിച്ച എല്ലാറ്റിന്റെയും പശ്ചാത്തലത്തിലും, നാം പ്രാർഥിക്കേണ്ടത് ഒരേയൊരു കാര്യത്തിനുവേണ്ടി മാത്രമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ ഒരേയൊരു കാര്യത്തിനായി വിശ്വാസത്തോടെ പ്രാർഥിക്കുമ്പോൾ, അതു ലഭിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്താണ് ആ ഒരേയൊരു കാര്യം? ദൈവത്തിന്റെ തിരുഹിതം.
ആത്മാർഥമായും പൂർണഹൃദയത്തോടെയും നാം ദൈവത്തിന്റെ തിരുഹിതം ചോദിക്കുകയും അന്വേഷിക്കുകയും ചെയ്താൽ, നമ്മുടെ കർത്താവ് നമുക്കു പരിശുദ്ധാത്മാവിനെ നൽകുമെന്നും പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ തിരുഹിതത്തിലേക്കു നമ്മെ നയിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്നാൽ പലപ്പോഴും “അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്നതിനു പകരം “എന്റെ ഇഷ്ടം നിറവേറട്ടെ” എന്നാണു നാം പ്രാർഥിച്ചുപോകുന്നത് എന്നതാണ് പ്രശ്നം. ഇത് പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ്.
യഥാർഥ പ്രാർഥന ആത്യന്തികമായി ദൈവത്തിലുള്ള ആശ്രയവും ദൈവത്തോടുള്ള സമർപ്പണവുമാണ്. അവിടുത്തെ പരിപൂർണമായ പദ്ധതിയിൽ നാം വിശ്വസിക്കുകയും നമ്മുടെ ജീവിതത്തിൽ ആ പരിപൂർണമായ പദ്ധതിക്കു നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ, ഈ പരിപൂർണമായ പ്രാർഥന കർത്താവ് കേട്ട് ഉത്തരം നൽകുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം.
കർത്തൃപ്രാർഥനയിലെ ലളിതമായ ആ അപേക്ഷയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക: അങ്ങയുടെ ഇഷ്ടം നിറവേറട്ടെ! നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പരിപൂർണമായ പദ്ധതിയിൽ വിശ്വസിക്കാൻ പരിശ്രമിക്കുകയും അതിനു സ്വയം സമർപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യുക. ഈ രീതിയിൽ പ്രാർഥിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ അടുക്കൽ വന്ന് അവിടുത്തെ വിശുദ്ധമായ തിരുഹിതത്തിലേക്കു നമ്മെ നയിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




