മലയാളം

“നല്ല” കാര്യങ്ങൾ സ്വീകരിക്കൽ

ഫെബ്രുവരി 26, 2026
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

ആന്ദ്രെയ് മിറോനോവ്, CC BY-SA 4.0, Wikimedia Commons വഴി

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു വാതിൽ തുറന്നുതരും. എന്തെന്നാൽ, ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു വാതിൽ തുറന്നുതരും.” മത്തായി 7:7–8

നാം ചോദിക്കുന്നതെന്തും ദൈവം നമുക്കു നൽകുമോ? ഇന്നത്തെ സുവിശേഷത്തിൽനിന്ന് ഒരാൾക്ക് അങ്ങനെ നിഗമനത്തിലെത്താനായേക്കാം. എന്നാൽ, “…നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി നല്ല കാര്യങ്ങൾ നൽകും” എന്നു കൂട്ടിച്ചേർത്തുകൊണ്ട് യേശു തന്റെ പ്രസ്താവനയ്ക്ക് ഒരു വ്യവസ്ഥ വയ്ക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മാർഥമായി ചോദിക്കുന്നവർക്ക് ദൈവം എപ്പോഴും “നല്ല” കാര്യങ്ങളാണ് നൽകുന്നത്. പ്രധാന ചോദ്യം ഇതാണ്: എന്തിനെയാണ് നല്ലതെന്നു വിശേഷിപ്പിക്കാനാവുക?

ഒരു പുതിയ കാർ പോലെയുള്ള എന്തെങ്കിലും നാം ആഗ്രഹിക്കുകയും അതു നല്ലതാണെന്നു കരുതുകയും ചെയ്താൽ, വിശ്വാസത്തോടെ ചോദിക്കുന്നു എന്നതുകൊണ്ടുമാത്രം ദൈവം ആ ആഗ്രഹം സാധിച്ചുതരുമോ? ആ ദാനം നമുക്കു നല്ലതാണെന്നു ദൈവവും കാണുന്നുവെങ്കിൽ മാത്രം. നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാനും ആത്മീയ ആവശ്യങ്ങളെല്ലാം സാധിച്ചുതരാനും അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, നമ്മുടെ ചില പ്രത്യേക അപേക്ഷകൾ പ്രയോജനകരമാണെന്ന് അവിടുന്ന് കണ്ടെന്നുവരില്ല. ഉദാഹരണത്തിന്, ലാളിത്യമോ അനാസക്തിയോ വളർത്തുന്നതിന് ഒരു പഴയ കാർ ഓടിക്കുന്നതാണ് നിങ്ങളുടെ ആത്മാവിനു കൂടുതൽ നല്ലതെങ്കിലോ? കൂടുതൽ നല്ലതായ മറ്റൊന്നിനുവേണ്ടി പുതിയ കാറിനോടുള്ള ആഗ്രഹം ഉപേക്ഷിക്കാൻ ദൈവം നമ്മെ പ്രേരിപ്പിച്ചേക്കാം. യഥാർഥത്തിൽ നല്ലതായതുതന്നെയാണ് ദൈവം എപ്പോഴും നമുക്കു നൽകുന്നത്. എന്നാൽ, എന്താണു നല്ലതെന്നു നിർണയിക്കുന്നത് അവിടുത്തെ പരിപൂർണമായ ജ്ഞാനമാണ്, നമ്മുടെ തൽക്ഷണ മോഹങ്ങളല്ല.

അപ്പോൾ, എന്തിനെയാണ് ദൈവം നല്ലതായി കാണുന്നത്? എല്ലാറ്റിനുമുപരി, അവിടുന്നുതന്നെയാണ് പരമനന്മ. ദൈവം നന്മതന്നെയാണ്; അവിടുന്ന് തന്നെത്തന്നെ നൽകുന്ന ദാനത്തെക്കാൾ വലിയതൊന്നും നമുക്കു ചോദിക്കാനില്ല. നമ്മുടെ ആത്മാക്കളോട് ഐക്യപ്പെട്ട് തന്റെ കൃപയാൽ നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കണമെന്നു നാം അവിടുത്തോടു ചോദിച്ചാൽ, അവിടുന്ന് അതു ചെയ്യാതിരിക്കുകയില്ല. മാത്രമല്ല, ദൈവത്തിന്റെ തിരുഹിതം എല്ലാ വിധത്തിലും പരിപൂർണമാണ്. നാം അവിടുത്തെ തിരുഹിതം അന്വേഷിച്ചാൽ, അവിടുന്ന് അതു നമുക്കു വെളിപ്പെടുത്തിത്തരും. കൃപയിലേക്കും കരുണയിലേക്കും അവിടുത്തെ തിരുഹിതത്തിന്റെ പൂർത്തീകരണത്തിലേക്കും നമ്മെ നയിക്കുന്ന വാതിലാണ് അവിടുന്ന് തുറക്കാൻ ആഗ്രഹിക്കുന്നത്. അവിടുത്തെ ദൈവികപദ്ധതി അന്വേഷിക്കുന്ന ഹൃദയത്തോടെ ഈ വാതിലിൽ മുട്ടുമ്പോൾ, അത് എപ്പോഴും തുറന്നുതരും.

നമ്മുടെ ഇഷ്ടവും ദൈവത്തിന്റെ തിരുഹിതവും തമ്മിലുള്ള വ്യത്യാസം വിവേചിച്ചറിയുക എന്നത് മനുഷ്യർ നേരിടുന്ന ഏറ്റവും സാധാരണമായ പോരാട്ടങ്ങളിലൊന്നാണ്. പാപപതനത്തിനുശേഷമുള്ള നമ്മുടെ അവസ്ഥയിൽ, യഥാർഥത്തിൽ എന്താണു നല്ലതെന്ന കാര്യത്തിൽ നമുക്ക് ആശയക്കുഴപ്പമുണ്ട്. തത്ഫലമായി, ഭൗതികവിജയം, സുഖസൗകര്യങ്ങൾ, അംഗീകാരം തുടങ്ങിയവയെ നല്ലതായി നാം കാണുമ്പോൾ, നമ്മുടെ ആഗ്രഹങ്ങൾ പലപ്പോഴും നന്മയെന്നു തോന്നുന്ന ആ മിഥ്യാനന്മയിൽ ഉറച്ചുപോകുന്നു. ഈ ആസക്തി രൂപപ്പെട്ടുകഴിഞ്ഞാൽ, അതു വിട്ടുകളയാനും ദൈവഹിതത്തിൽ ആശ്രയിക്കാനും പ്രയാസമായേക്കാം.

ഇതിനുള്ള പ്രതിവിധി അനാസക്തിയാണ്—കൃത്യമായി പറഞ്ഞാൽ, ക്രമരഹിതമായ നമ്മുടെ ആഗ്രഹങ്ങളിൽനിന്നുള്ള അനാസക്തി. നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും നിയന്ത്രണമില്ലാത്തവയായിത്തീരുകയും ദൈവത്തിന്റെ പദ്ധതിയോടു യോജിക്കാത്ത കാര്യങ്ങൾക്കു പിന്നാലെ പോകാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യാം. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനും ആഗ്രഹങ്ങളെ ശരിയായ ക്രമത്തിലാക്കാനും ദൈവത്തിന്റെ സത്യത്തെ അനുവദിക്കുമ്പോഴാണ് അനാസക്തി ആരംഭിക്കുന്നത്. ദൈവികജ്ഞാനം നമ്മിൽ വേരുറയ്ക്കുമ്പോൾ, ദൈവം ആഗ്രഹിക്കുന്നതു നാമും ആഗ്രഹിക്കാൻ തുടങ്ങുകയും സ്വാർഥമായ അഭിലാഷങ്ങളിൽനിന്നു സ്വതന്ത്രരാകുകയും ചെയ്യുന്നു. ഈ ആന്തരിക പരിവർത്തനം, വിശുദ്ധിയിലേക്കു നയിക്കുന്ന കാര്യങ്ങൾക്കായി ചോദിക്കാനും അന്വേഷിക്കാനും മുട്ടാനും നമ്മെ പ്രാപ്തരാക്കുന്നു.

ചോദിക്കാനും അന്വേഷിക്കാനും മുട്ടാനുമുള്ള യേശുവിന്റെ ആഹ്വാനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ധാരാളമായി അങ്ങനെ ചെയ്യുക—എന്നാൽ, ഉപരിപ്ലവമായ മോഹങ്ങൾക്കോ ക്ഷണികമായ സുഖങ്ങൾക്കോ വേണ്ടിയല്ല. പകരം, ദൈവത്തെത്തന്നെ ചോദിക്കുക; അവിടുത്തെ വിശുദ്ധമായ തിരുഹിതം നിങ്ങളുടെ ജീവിതത്തിൽ വെളിപ്പെടണമെന്നു പ്രാർഥിക്കുക. അവിടുന്ന് തന്റെ കൃപയാൽ നിങ്ങളെ നിറയ്ക്കാനും നിങ്ങളുടെ ചിന്തകളെ ശുദ്ധീകരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളെ അവിടുത്തെ പരിപൂർണമായ പദ്ധതിയോടു യോജിപ്പിക്കാനും പ്രാർഥിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾക്കു ചോദിക്കാൻ കഴിയുന്നതിനുമപ്പുറമായി എല്ലാ നല്ല കാര്യങ്ങളും നിങ്ങളുടെ സ്വർഗീയപിതാവ് നിങ്ങൾക്കു നൽകും.

പരിപൂർണ നന്മയായ ദൈവമേ, അങ്ങയുടെ വഴികൾ അനന്തമായ ജ്ഞാനവും വിശുദ്ധിയും നിറഞ്ഞവയാണ്. അങ്ങയുടെ മക്കൾക്കു യഥാർഥ നന്മ മാത്രമേ അങ്ങ് ആഗ്രഹിക്കുന്നുള്ളൂ. അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും മാത്രമേ ഞാൻ ആഗ്രഹിക്കാവൂ എന്നതിനായി എന്റെ മനസ്സും ഹൃദയവും ശുദ്ധീകരിക്കണമേ. സ്വാർഥമായ ആസക്തികളിൽനിന്നും വഴിതെറ്റിയ ആഗ്രഹങ്ങളിൽനിന്നും എന്നെ സ്വതന്ത്രനാക്കുകയും എന്റെ ജീവിതത്തിലേക്ക് അങ്ങയുടെ കൃപ സമൃദ്ധമായി ചൊരിയുകയും ചെയ്യണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ദൈനംദിന സുവിശേഷ ധ്യാനചിന്തകളും ദൈവകരുണയെക്കുറിച്ചുള്ള ധ്യാനചിന്തകളും ഇമെയിലിലൂടെ സ്വീകരിക്കൂ!

എട്ടാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.