2019 സെപ്റ്റംബർ 16, തിങ്കളാഴ്ച
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിനാലാം ആഴ്ചയിലെ തിങ്കളാഴ്ച
രക്തസാക്ഷികളായ വിശുദ്ധ കൊർണേലിയൂസ് പാപ്പായുടെയും, വിശുദ്ധ സിപ്രിയാൻ മെത്രാന്റെയും ഓർമ്മ

“കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല.” ലൂക്കാ 7:6b
ധനികനായ ഒരു റോമൻ ശതാധിപനാണ് ഈ വാക്കുകൾ പറയുന്നത്. അദ്ദേഹത്തിന്റെ ദാസൻ രോഗബാധിതനായിരുന്നു. യേശു വന്ന് ദാസനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാൻ ദൂതന്മാരെ അയച്ചു. എന്നാൽ, യേശുവിന്റെ മുമ്പിൽ താൻ അയോഗ്യനാണെന്ന് ഈ ശതാധിപൻ ആഴമായി തിരിച്ചറിഞ്ഞിരുന്നു. യേശു വന്നുകൊണ്ടിരിക്കുമ്പോൾ, വിനയപൂർവം യേശുവിനെ അഭിവാദനം ചെയ്യാനും തന്റെ അയോഗ്യത ഏറ്റുപറയാനും ദൂരത്തുനിന്നുതന്നെ തന്റെ ദാസനെ സുഖപ്പെടുത്താൻ യേശുവിനു കഴിയുമെന്ന വിശ്വാസം പ്രകടിപ്പിക്കാനും ശതാധിപൻ തന്റെ സുഹൃത്തുക്കളെ അയച്ചു. “ഞാൻ നിങ്ങളോടു പറയുന്നു, ഇസ്രായേലിൽപ്പോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല” (ലൂക്കാ 7:9) എന്ന് പരസ്യമായി പ്രസ്താവിച്ചശേഷം യേശു അങ്ങനെതന്നെ ചെയ്യുന്നു.
വിനയവും വിശ്വാസവും കരുണയും പരസ്പരം ഇഴചേർന്നിരിക്കുന്നു എന്നതാണ് ഈ വചനഭാഗം വെളിപ്പെടുത്തുന്ന ആഴമായ ഒരു സത്യം. ഈശോയുടെ മഹത്വത്തെയും സ്വന്തം അയോഗ്യതയെയും കുറിച്ചുള്ള സത്യം ശതാധിപൻ വിനയത്തോടെ തിരിച്ചറിഞ്ഞിരുന്നു. ആ സത്യം വിനയത്തോടെ ഏറ്റുപറഞ്ഞത് അദ്ദേഹത്തിന്റെ വലിയ വിശ്വാസത്തിന്റെ പ്രകടനമായിരുന്നു. അതിന്റെ ഫലമായി ശതാധിപന്റെയും അദ്ദേഹത്തിന്റെ ദാസന്റെയും മേൽ കരുണ വർഷിക്കപ്പെട്ടു.
ഈ ശതാധിപൻ നമുക്കു നൽകിയ മാതൃക ഏറെ ശക്തമാണ്. നമ്മുടെ പ്രാർത്ഥനാജീവിതത്തിൽ പലപ്പോഴും ദൈവകൃപയ്ക്ക് നമുക്ക് അവകാശമുണ്ടെന്ന മട്ടിലാണ് നാം പ്രാർത്ഥിക്കുന്നത്. ഇത് വലിയൊരു തെറ്റാണ്. നമ്മുടെ കർത്താവിൽനിന്ന് യാതൊന്നും ലഭിക്കാൻ നമുക്ക് അവകാശമില്ലെന്നു മനസ്സിലാക്കി, ഈ ശതാധിപന്റെ മാതൃക പിന്തുടരാൻ നാം ശ്രമിക്കണം. ദൈവത്തിന്റെ സമൃദ്ധമായ കരുണ സ്വീകരിക്കുന്നതിന് അനിവാര്യമായ അടിത്തറയാണ് വിനയപൂർവമായ ഈ അംഗീകാരം. കരുണ ഒരു ദാനമാണ്, അവകാശമല്ല. എന്നാൽ ആ ദാനം ചൊരിയാനുള്ള ആഗ്രഹത്താൽ ദൈവത്തിന്റെ ഹൃദയം ജ്വലിക്കുന്നു എന്നതാണ് സദ്വാർത്ത. നമുക്ക് യാതൊരു അവകാശവുമില്ലാത്ത, തികച്ചും സൗജന്യമായ ഒരു ദാനമാണ് കരുണ എന്ന് അംഗീകരിക്കുന്നത് നമ്മുടെ ജീവിതത്തിൽ അതിന്റെ ശക്തി നിർബാധം പ്രവർത്തിക്കാൻ വഴിതുറക്കുന്നു. വിനയം നിറഞ്ഞ ഈ സത്യം മനസ്സിലാക്കുന്നത് ദൈവകരുണയിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്; അത് അവിടുത്തെ ഹൃദയത്തെ അത്യധികം ആനന്ദിപ്പിക്കുന്നു.
ശതാധിപന്റെ പ്രചോദനദായകമായ ആ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “കർത്താവേ, ഞാൻ യോഗ്യനല്ല…” അവ വീണ്ടും വീണ്ടും ഉരുവിടുക; നമ്മുടെ കർത്താവുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറയായി അവ മാറാൻ അനുവദിക്കുക. ഈ വിനയത്തിൽ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.
കർത്താവേ, അങ്ങ് എന്റെ അടുക്കൽ വരാൻ ഞാൻ യോഗ്യനല്ല. ദിവ്യകാരുണ്യസ്വീകരണമെന്ന അമൂല്യദാനത്തിനോ എന്റെ ജീവിതത്തിൽ അങ്ങയുടെ കരുണ ലഭിക്കാനോ ഞാൻ യോഗ്യനല്ല. കർത്താവേ, അങ്ങ് നൽകുന്നതെല്ലാം അങ്ങയുടെ അതിരില്ലാത്ത കരുണയുടെ ദാനമാണെന്ന് എപ്പോഴും തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – വിശുദ്ധ കൊർണേലിയൂസ് – വിശുദ്ധ സിപ്രിയാൻ




