നവംബർ 11, 2019
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരത്തിലെ തിങ്കളാഴ്ച
ടൂർസിലെ വിശുദ്ധ മാർട്ടിൻ, മെത്രാൻ – ഓർമ്മ

“ജാഗ്രതയായിരിക്കുവിൻ! നിങ്ങളുടെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്കുക; അവൻ അനുതപിച്ചാൽ അവനോടു ക്ഷമിക്കുക. ഒരു ദിവസം ഏഴു പ്രാവശ്യം അവൻ നിങ്ങളോടു തെറ്റു ചെയ്യുകയും ഏഴു പ്രാവശ്യവും നിങ്ങളുടെ അടുത്തു മടങ്ങിവന്ന്, ‘ഞാൻ ഖേദിക്കുന്നു’ എന്നു പറയുകയും ചെയ്താൽ, നിങ്ങൾ അവനോടു ക്ഷമിക്കണം.” ലൂക്കാ 17:3-4
പൂർണ്ണമായി ക്ഷമിക്കുക എന്നത് ചിലപ്പോൾ വളരെ പ്രയാസമായിരിക്കും. ഈശോ പറയുന്നതുപോലെ, ഒരേ വ്യക്തി “ഒരു ദിവസം ഏഴു പ്രാവശ്യം” നിങ്ങളോടു പാപം ചെയ്യുമ്പോൾ പ്രത്യേകിച്ചും അങ്ങനെയാണ്.
എന്നാൽ ഈശോയുടെ വാക്കുകൾ നാം ഹൃദയത്തിൽ സ്വീകരിക്കണം. അവിടുന്ന് പ്രായോഗികമല്ലാത്ത ഒരു ആദർശം അവതരിപ്പിക്കുകയായിരുന്നില്ല; മറിച്ച്, തികച്ചും യാഥാർഥ്യബോധത്തോടെയാണ് സംസാരിച്ചത്. വീണ്ടും വീണ്ടും, ആവർത്തിച്ച് ക്ഷമിക്കണം. ക്ഷമ നൽകാൻ നാം മടിക്കരുത്, പ്രത്യേകിച്ച് ആത്മാർഥമായി അനുതപിക്കുന്നവരോട്.
ഈ വചനഭാഗത്തിൽനിന്ന് നാം ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്, ആരെങ്കിലും നമ്മോടു പാപം ചെയ്താൽ നാം അയാളെ ശാസിക്കണം എന്നതാണ്. ആ ശാസന പ്രതികാരം ലക്ഷ്യമാക്കിയുള്ള ഒരു പ്രവൃത്തിയാകരുത്; മറിച്ച്, അനുതാപത്തിലേക്കു ക്ഷണിക്കുന്നതിനായിരിക്കണം അത്. മറ്റൊരാളെ ശാസിക്കുന്നതിനുള്ള ഏക കാരണം ഇതാണ്. നമ്മോടു പാപം ചെയ്യുന്ന ഒരാൾ മാറ്റത്തിനു സന്നദ്ധനായേക്കാമെന്നു നമുക്കു തോന്നുന്നുവെങ്കിൽ, നാം അയാളെ സ്നേഹപൂർവം ശാസിക്കണം. അയാൾ അതു സ്വീകരിച്ച് നമ്മോടു ക്ഷമ ചോദിക്കുമ്പോൾ, നാം ക്ഷമ നൽകണം.
എന്നാൽ, പറഞ്ഞതുപോലെ, ഒരേ പാപം വീണ്ടും വീണ്ടും ചെയ്യപ്പെടുമ്പോൾ ഇത് പ്രത്യേകിച്ചും പ്രയാസമായിരിക്കും. അതു നമ്മെ തളർത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. ഒരു പാപം വീണ്ടും വീണ്ടും ചെയ്യപ്പെടുമ്പോൾ, ക്ഷമ ചോദിക്കുന്നയാളുടെ അനുതാപം യഥാർഥമാണോ എന്നു സംശയിക്കാൻ എളുപ്പമാണ്.
എന്നാൽ അവയൊന്നും നമ്മുടെ ആകുലതയാകരുത്. “ഞാൻ ഖേദിക്കുന്നു” എന്ന വാക്കുകൾ കേൾക്കുക എന്നതു മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധാവിഷയം. ഇതാണ് ഈശോയുടെ കല്പന. ഒരാൾ ഈ വാക്കുകൾ പറയുമ്പോൾ നാം ക്ഷമിക്കണം; ഉടൻതന്നെ ക്ഷമിക്കണം.
നാം വേദനിപ്പിച്ചവരോട് നമ്മുടെ അനുതാപം പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഈ തിരുവചനഭാഗം നമുക്കു വെളിപ്പെടുത്തുന്നു. മറ്റൊരാൾ ക്ഷമിച്ചുകൊള്ളുമെന്നു വെറുതെ കരുതുന്നത് അപകടകരമാണ്. “ദയവായി എന്നോടു ക്ഷമിക്കണം, എന്റെ പാപത്തെക്കുറിച്ച് ഞാൻ ഖേദിക്കുന്നു” എന്നു മറ്റൊരാളോടു നേരിട്ടു പറയുന്നതിൽ വലിയ ശക്തിയുണ്ട്. ഈ വാക്കുകൾ പറയാൻ പ്രയാസമായിരിക്കാമെങ്കിലും, വലിയ സൗഖ്യം പകരുന്ന വാക്കുകളാണവ.
ക്ഷമ ചോദിക്കുന്നതിനെക്കുറിച്ചും മറ്റൊരാൾക്കു ക്ഷമ നൽകുന്നതിനെക്കുറിച്ചും ഇന്ന് ചിന്തിക്കുക. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും നമുക്കെല്ലാവർക്കും ദിവസേന നിരവധി അവസരങ്ങൾ ലഭിക്കുന്നു. അങ്ങനെ ചെയ്യാൻ മടിക്കരുത്; അങ്ങനെ ചെയ്തതിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കും.
കർത്താവേ, അങ്ങേക്കെതിരെ ഞാൻ ചെയ്ത അനേകം പാപങ്ങളെക്കുറിച്ച് ഞാൻ ഹൃദയപൂർവം അനുതപിക്കുന്നു. ദയവായി എന്നോടു ക്ഷമിക്കണമേ. ഞാൻ ദുശ്ശാഠ്യം പിടിക്കുമ്പോൾ എന്നെ സ്നേഹപൂർവം ശാസിക്കണമേ. മറ്റൊരാളോടു ക്ഷമ ചോദിക്കേണ്ടിവരുമ്പോൾ, അതിനുള്ള ധൈര്യം എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – ടൂർസിലെ വിശുദ്ധ മാർട്ടിൻ, മെത്രാൻ




