മലയാളം

സഖറിയാ തന്റെ വിശ്വാസം പ്രഘോഷിക്കുന്നു

2019 ഡിസംബർ 24
ആഗമനകാല വാരദിനം – പ്രഭാതത്തിലെ വിശുദ്ധ കുർബാന
പ്രഭാതത്തിലെ വിശുദ്ധ കുർബാനയുടെ വായനകൾ

“എന്റെ കുഞ്ഞേ, നീ അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തെന്നാൽ, കർത്താവിനു വഴിയൊരുക്കാനും അവിടുത്തെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ അറിവു നൽകാനും നീ അവിടുത്തെ മുമ്പേ പോകും. നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ ഉന്നതത്തിൽനിന്നുള്ള ഉദയം നമ്മുടെമേൽ പ്രകാശിക്കും; അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും വസിക്കുന്നവർക്കു വെളിച്ചം നൽകാനും നമ്മുടെ പാദങ്ങളെ സമാധാനത്തിന്റെ വഴിയിൽ നയിക്കാനുമാണത്.” ലൂക്കാ 1:76-79

തന്റെ മകൻ യോഹന്നാന്റെ ജനനത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിനുശേഷം നാവിന്റെ കെട്ടഴിഞ്ഞപ്പോഴാണ് സഖറിയാ ഈ സ്തുതിഗീതം ആലപിക്കുന്നത്. ഈ സ്തുതിഗീതത്തിൽ സഖറിയാ ദൈവത്തിനു മഹത്ത്വം നൽകുന്നു. അതിലൂടെ തന്റെ വിശ്വാസം മാത്രമല്ല, ആ വിശ്വാസത്തിന്റെ ഫലവും അദ്ദേഹം വെളിപ്പെടുത്തുന്നു: സ്വർഗസ്ഥനായ പിതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴമേറിയതും വ്യക്തവും വ്യക്തമായി ആവിഷ്കരിക്കാവുന്നതും ഉൾക്കാഴ്ചയുള്ളതുമായ അറിവ്.

വിശ്വാസമെന്ന ദാനത്തിലൂടെ മാത്രം തനിക്ക് അറിയാൻ കഴിയുമായിരുന്ന സത്യങ്ങളാണ് സഖറിയാ പറയുന്നത്. ഗബ്രിയേൽ ദൂതൻ അദ്ദേഹത്തെ മൂകനാക്കിയതിനുശേഷമുള്ള നീണ്ട മൗനവാസം, തന്റെ മുമ്പിലുണ്ടായിരുന്ന രഹസ്യം അന്വേഷിക്കാനും കേൾക്കാനും മനസ്സിലാക്കാനും അദ്ദേഹത്തെ നയിച്ചു എന്നതിൽ സംശയത്തിനിടയില്ല. കർത്താവിന്റെ ആഗമനത്തിനു തൊട്ടുമുമ്പായി അവിടുത്തെ വഴിയൊരുക്കേണ്ടവൻ തന്റെ കുഞ്ഞാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ലോകത്തിന്റെ രക്ഷയിൽ ഈ ശിശുവിനുള്ള അതുല്യമായ പ്രവാചകദൗത്യം അദ്ദേഹം മനസ്സിലാക്കി. ഉദിച്ചുയരുന്ന സൂര്യനെ വിളിച്ചറിയിക്കാനിരിക്കുന്ന “പ്രഭാതം” ആയിട്ടാണ് അദ്ദേഹം തന്റെ മകനെ കണ്ടത്.

സഹനത്തിന്റെ ഈ മാസങ്ങളിൽ സഖറിയായിൽ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. കർത്താവ് അദ്ദേഹത്തിൽ പ്രവർത്തിക്കുകയും ലോകമെമ്പാടുമുള്ള വൈദികരും സന്ന്യസ്തരും ദിവസവും ആലപിക്കുന്ന ഈ സ്തുതിപ്രാർഥന അർപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്തു. തന്റെ വീഴ്ചയ്ക്കുശേഷം വീണ്ടും എഴുന്നേറ്റുനിന്നുകൊണ്ട് സഖറിയാ തന്റെ ദൗത്യം യഥാർഥത്തിൽ നിറവേറ്റി.

നമ്മിൽ ഓരോരുത്തരിലും ഇതുതന്നെ സംഭവിക്കണം. സഖറിയായ്ക്ക് കോപത്തിലേക്കും നിരാശയിലേക്കും വഴുതിവീഴാൻ എളുപ്പമായിരുന്നു. പ്രത്യാശ നഷ്ടപ്പെട്ട്, ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് അദ്ദേഹത്തിന് എളുപ്പത്തിൽ തോന്നാമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്രയിച്ച് അദ്ദേഹം കാത്തിരുന്നു; തന്റെ സമയമെത്തിയപ്പോൾ, മനോഹരവും വിശ്വാസനിർഭരവുമായ ഈ സ്തുതിഗീതം അദ്ദേഹം ആലപിച്ചു.

സഖറിയായുടെ വിശ്വാസവും സ്ഥിരോത്സാഹവും നിങ്ങൾ എങ്ങനെ അനുകരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഇന്ന് ധ്യാനിക്കുക. സംശയിച്ചതിന്റെ പേരിൽ അദ്ദേഹത്തെ നിന്ദിക്കാൻ എളുപ്പമായിരിക്കും. എന്നാൽ ദൈവം അങ്ങനെ ചെയ്തില്ല. പകരം, ഈ ഗീതത്തിലൂടെ യുഗങ്ങളോളം തന്നെ മഹത്ത്വപ്പെടുത്താനുള്ള അവസരം ദൈവം അദ്ദേഹത്തിനു നൽകി. നിങ്ങളുടെ കഴിഞ്ഞകാല പരാജയങ്ങളിലൂടെയും ദൈവം എങ്ങനെയെല്ലാം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അന്വേഷിക്കുക. അവയെല്ലാം അവിടുത്തേക്ക് സമർപ്പിക്കുക. ഈ വിശുദ്ധനായ മനുഷ്യന്റെ മാതൃക അനുകരിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, നിങ്ങളിലൂടെ അവിടുന്ന് തന്റെ സർവശക്തി വെളിപ്പെടുത്തുമെന്ന് വിശ്വസിക്കുക.

കർത്താവേ, എന്റെ കഴിഞ്ഞകാലവും അങ്ങയിൽ ആശ്രയിക്കുന്നതിൽ ഞാൻ വരുത്തിയ എല്ലാ വീഴ്ചകളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ ബലഹീനതയും അഹങ്കാരവും ഇച്ഛാഭംഗവും ഞാൻ അങ്ങേക്ക് നൽകുന്നു. എന്റെ എല്ലാ പാപങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു; അങ്ങയുടെ തിരുമനസ്സുപോലെ എന്നിൽ പ്രവർത്തിക്കാൻ എന്നെത്തന്നെ പൂർണമായി അങ്ങേക്ക് നൽകുന്നു. അങ്ങയുടെ കൃപ എന്നിൽ പ്രവർത്തിക്കട്ടെ; സഖറിയായെപ്പോലെ അങ്ങയുടെ വിശുദ്ധനാമത്തിന്റെ മഹത്ത്വം ഞാൻ എന്നേക്കും പാടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാല സഹായവിഭവങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ