2026 ഏപ്രിൽ 15
ഉയിർപ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
യേശുക്രിസ്തുവും നിക്കൊദേമോസും വരച്ചത് മത്തിയാസ് സ്റ്റോം
“ഇതാണ് വിധി: പ്രകാശം ലോകത്തിലേക്കു വന്നു; എന്നാൽ മനുഷ്യർ പ്രകാശത്തെക്കാൾ അന്ധകാരത്തെ ഇഷ്ടപ്പെട്ടു. കാരണം, അവരുടെ പ്രവൃത്തികൾ തിന്മ നിറഞ്ഞവയായിരുന്നു. ദുഷ്പ്രവൃത്തികൾ ചെയ്യുന്ന ഏവനും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ വെളിപ്പെടാതിരിക്കാൻ അവൻ പ്രകാശത്തിലേക്കു വരുന്നില്ല. എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവൻ പ്രകാശത്തിലേക്കു വരുന്നു; തന്റെ പ്രവൃത്തികൾ ദൈവത്തിൽ ചെയ്തവയാണെന്ന് വ്യക്തമായി കാണപ്പെടേണ്ടതിനാണിത്. യോഹന്നാൻ 3:19–21
പ്രകാശവും അന്ധകാരവും തമ്മിലുള്ള വ്യത്യാസം പ്രാർഥനയിൽ ധ്യാനിക്കാൻ മനോഹരമായ ഒരു ആശയമാണ്. അവ പരസ്പരം എതിർക്കുന്ന രണ്ടു ശക്തികളല്ല. അന്ധകാരം പ്രകാശത്തിന്റെ അഭാവം മാത്രമാണ്. ദൃശ്യവർണരാജിയിൽ അന്ധകാരം നിലനിൽക്കുന്നില്ല. അത് ശൂന്യതയാണ്—പ്രകാശമില്ല, നിറമില്ല—അതിനാൽ നമ്മുടെ കണ്ണുകൾക്കു കാണാൻ സാധിക്കുന്നില്ല. അതുപോലെ, ആത്മീയ മേഖലയിലും ദൈവത്തിന്റെ അഭാവം നമ്മെ ആത്മീയമായി അന്ധരാക്കുന്നു. അന്ധകാരം നമ്മുടെ കാഴ്ചശക്തിയെ ഇല്ലാതാക്കുന്നില്ല; മറിച്ച്, സത്യം വെളിപ്പെടുത്തുകയും നമ്മുടെ വഴിയിൽ നമ്മെ നയിക്കുകയും ചെയ്യുന്ന പ്രകാശമില്ലാതെ നമ്മുടെ കാഴ്ച പ്രയോജനരഹിതമായിത്തീരുന്നു. ഈ ആത്മീയ അന്ധകാരത്തിൽ, നന്മയും തിന്മയും വിവേചിച്ചറിയാനോ വിശുദ്ധിയിലേക്കുള്ള വഴി കണ്ടെത്താനോ കഴിയാതെ നാം ഇടറിവീഴുന്നു. എന്നാൽ, ക്രിസ്തുവിന്റെ ദിവ്യപ്രകാശത്തെ നമ്മുടെ ആത്മാക്കളിലേക്കു ക്ഷണിക്കുമ്പോൾ അന്ധകാരം നീങ്ങിപ്പോകുന്നു. നാം വ്യക്തമായി കാണാൻ തുടങ്ങുകയും ദൈവത്തിന്റെ കൃപയിലും സത്യത്തിലും ആത്മവിശ്വാസത്തോടെ നടക്കുകയും ചെയ്യുന്നു.
നിങ്ങൾ എപ്പോഴെങ്കിലും പൂർണമായ അന്ധകാരത്തിൽ ആയിരുന്നിട്ടുണ്ടെങ്കിൽ—ഒരുപക്ഷേ മേഘാവൃതമായ ഒരു രാത്രിയിൽ വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ—ചുറ്റും വഴി കണ്ടെത്താൻ ഒരു ചെറിയ മെഴുകുതിരിപോലും മതിയെന്ന് നിങ്ങൾക്കറിയാം. ക്രിസ്തുവിന്റെ പ്രകാശത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. നമ്മുടെ ആത്മാക്കളിൽ കൃപയുടെ സാന്നിധ്യം എത്ര നേരിയതായിരുന്നാലും, ദൈവത്തിലേക്കു മടങ്ങാനുള്ള വഴി കണ്ടെത്തിത്തുടങ്ങാൻ അതു നമ്മെ പ്രാപ്തരാക്കുന്നു.
യോഹന്നാൻ 3:16-ലെ സുപരിചിതമായ ഈ വചനത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്: “തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” യേശുവിനോടു സംസാരിക്കാനായി രാത്രിയിൽ അവിടുത്തെ സമീപിച്ച ഫരിസേയനായ നിക്കൊദേമോസുമായുള്ള സംഭാഷണത്തിന്റെ അവസാനത്തോടടുത്താണ് ഈ വചനം വരുന്നത്. നിക്കൊദേമോസ് അന്വേഷിക്കുകയായിരുന്നു. ഒരുപക്ഷേ യേശുവിന്റെ ചില പ്രബോധനങ്ങൾ കേൾക്കുകയും അവിടുത്തെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തശേഷം, തന്റെ ആത്മാവിൽ വിശ്വാസത്തിന്റെ ഒരു ചെറിയ തിരിനാളം മിന്നിത്തെളിയുന്നത് നിക്കൊദേമോസ് കണ്ടെത്തിയിരിക്കാം. കൂടുതൽ പ്രകാശം തേടി ആ രാത്രിയിൽ യേശുവിന്റെ അടുത്തെത്താൻ ആ തിരിനാളം അദ്ദേഹത്തെ പ്രാപ്തനാക്കി. അവരുടെ സംഭാഷണത്തിന്റെ തുടക്കത്തിൽ, തന്റെ മാനുഷിക യുക്തിക്കു മാത്രം ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങൾക്കപ്പുറത്തേക്കു കടന്ന് വിശ്വാസത്തിന്റെ പ്രകാശത്തിൽ നടക്കാൻ യേശു സൗമ്യമായും എന്നാൽ ദൃഢമായും നിക്കൊദേമോസിനെ ആഹ്വാനം ചെയ്തു. നിക്കൊദേമോസ് ശ്രവിക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മനസ്സും ഹൃദയവും തുറക്കപ്പെട്ടതായി തോന്നുന്നു. അങ്ങനെ ഇന്നത്തെ സുവിശേഷത്തിലെ മനോഹരമായ സത്യം അദ്ദേഹത്തെയും നമ്മെയും പഠിപ്പിക്കാൻ യേശുവിനു സാധിച്ചു.
വിശ്വാസമെന്ന ദാനത്തോടു കൂടുതൽ തുറവിയുള്ളവനാകാൻ നിക്കൊദേമോസിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്റെ ആദ്യ ആഹ്വാനത്തെ ഒരുപക്ഷേ മയപ്പെടുത്താനായി യേശു തുടർന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, മറിച്ച് അവൻവഴി ലോകം രക്ഷിക്കപ്പെടാനാണ്” (യോഹന്നാൻ 3:17). ദൈവം തികച്ചും നീതിമാനായ വിധികർത്താവാണെങ്കിലും, ശിക്ഷാവിധിയിൽനിന്നു നമ്മെ രക്ഷിക്കുക, നമ്മെ സ്വതന്ത്രരാക്കുക, സത്യത്തിന്റെ പ്രകാശത്താൽ നമ്മുടെ ആത്മാക്കളെ നിറയ്ക്കുക, ഈ ജീവിതത്തിൽ വിശ്വാസത്തിലൂടെയും വരാനിരിക്കുന്ന ജീവിതത്തിൽ മുഖാമുഖവും ദൈവത്തെ കാണാൻ നമ്മെ പ്രാപ്തരാക്കുക എന്നിവയായിരുന്നു യേശുവിന്റെ ഭൗമിക ദൗത്യം.
നിക്കൊദേമോസിന്റെ കാര്യത്തിലെന്നപോലെ, നമ്മുടെ ആത്മാക്കളിൽ മിന്നിത്തെളിയുന്ന ഏതു വിശ്വാസത്തിരിനാളവും കാണാൻ യേശുവിനു കഴിയും. അതു കാണുമ്പോൾ അവിടുന്ന് നമ്മോടു സംവദിക്കുകയും നമ്മെ വെല്ലുവിളിക്കുകയും തന്റെ പ്രകാശം നമ്മുടെ ഉള്ളിൽ കൂടുതൽ പൂർണമായി തെളിയിക്കാൻ ശ്രമിക്കുകയും ചെയ്യും. മിന്നിത്തെളിയുന്ന ഒരു തിരിനാളം മാത്രമല്ല, ഉജ്ജ്വലമായ ഒരു പ്രകാശമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം എത്ര കൂടുതൽ വ്യക്തമായി കാണുന്നുവോ, അത്ര കൂടുതൽ ഉറപ്പോടെ നമ്മുടെ പാദങ്ങൾ വിശുദ്ധിയിലേക്കുള്ള പാതയിൽ നിലകൊള്ളും; എല്ലാ പ്രകാശത്തിന്റെയും ഉറവിടമായ യേശുവിലേക്കുതന്നെ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാനും നമുക്കു കഴിയും.
നിങ്ങളുടെ ആത്മാവിനുള്ളിലെ പ്രകാശവും അന്ധകാരവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവം നിങ്ങൾക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം എത്ര വ്യക്തമായി ഗ്രഹിക്കാൻ നിങ്ങളുടെ ആത്മീയ മനസ്സിനു കഴിയുന്നുണ്ട്? ചിലപ്പോഴെങ്കിലും നിങ്ങൾ വഴിതെറ്റിയ നിലയിലാണെന്നു തോന്നുകയോ ജീവിതത്തെക്കുറിച്ച് ആശയക്കുഴപ്പം അനുഭവപ്പെടുകയോ ചെയ്യുന്നെങ്കിൽ, യേശുവിലേക്കു തിരിഞ്ഞ് പ്രകാശത്തിനായി യാചിക്കുക. “പ്രകാശത്തെക്കാൾ അന്ധകാരത്തെ” ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നാം ഉൾപ്പെടരുത്. സുവിശേഷത്തിന്റെ പ്രകാശം നിങ്ങളുടെ പാപം വെളിപ്പെടുത്തുന്നെങ്കിൽ, പിന്തിരിഞ്ഞുപോകരുത്. യേശു നിങ്ങളെ ശിക്ഷയ്ക്കു വിധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിങ്ങളെ സ്വതന്ത്രരാക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിശ്വസിക്കുക. നിങ്ങൾ “നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്” തന്നിൽ വിശ്വസിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന എല്ലാ നിധികളിലേക്കുമുള്ള വഴി കണ്ടെത്താൻ കഴിയേണ്ടതിന്, നിങ്ങളുടെ ഉള്ളിൽ പ്രകാശം ഉജ്ജ്വലമായി തെളിയാൻ അനുവദിക്കുക.
നിർമ്മലപ്രകാശത്തിന്റെ നാഥാ, അങ്ങ് എനിക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ അറിയാനും അങ്ങയിലേക്കുള്ള വഴി കണ്ടെത്താനും തെളിഞ്ഞ ആത്മീയദൃഷ്ടിയോടെ അങ്ങയെ അനുഗമിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും മനസ്സിലാക്കാനും പൂർണ്ണഹൃദയത്തോടെ അങ്ങയെ സേവിക്കാനും കഴിയേണ്ടതിന് എന്റെ ഉള്ളിലെ സകല അന്ധകാരവും അകറ്റണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





