മലയാളം

ജീവജലത്താൽ നിങ്ങളുടെ ദാഹം ശമിപ്പിക്കുക

2020 മാർച്ച് 15
നോമ്പുകാലത്തിലെ മൂന്നാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

“ഞാൻ ചെയ്തതെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണുവിൻ. ഒരുപക്ഷേ, ഇദ്ദേഹം ക്രിസ്തുവായിരിക്കുമോ?” യോഹന്നാൻ 4:29

കിണറ്റിൻകരയിൽവച്ച് യേശുവിനെ കണ്ടുമുട്ടിയ ഒരു സ്ത്രീയുടെ കഥയാണിത്. തന്റെ പട്ടണത്തിലെ മറ്റു സ്ത്രീകളെ ഒഴിവാക്കാനാണ് അവൾ നട്ടുച്ചയിലെ കൊടുംചൂടിൽ കിണറ്റിൻകരയിൽ വരുന്നത്. കാരണം, അവൾ ഒരു പാപിനിയായിരുന്നു; അവർ തന്നെ വിധിക്കുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു. കിണറ്റിൻകരയിൽ അവൾ യേശുവിനെ കണ്ടുമുട്ടുന്നു. യേശു കുറച്ചുനേരം അവളോടു സംസാരിക്കുന്നു. സാധാരണമായിരുന്നെങ്കിലും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഈ സംഭാഷണം അവളെ ആഴത്തിൽ സ്പർശിക്കുന്നു.

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, യേശു അവളോടു സംസാരിച്ചു എന്നതുതന്നെ അവളെ സ്പർശിച്ചു എന്നതാണ്. അവൾ ഒരു സമരിയാക്കാരി സ്ത്രീയും യേശു ഒരു യഹൂദപുരുഷനുമായിരുന്നു. യഹൂദപുരുഷന്മാർ സമരിയാക്കാരി സ്ത്രീകളോടു സംസാരിക്കാറില്ലായിരുന്നു. എന്നാൽ, അവളെ ആഴത്തിൽ സ്വാധീനിച്ച മറ്റൊന്നുകൂടി യേശു പറഞ്ഞു. ആ സ്ത്രീതന്നെ നമ്മോടു പറയുന്നതുപോലെ, അവിടുന്ന് “ഞാൻ ചെയ്തതെല്ലാം എന്നോടു പറഞ്ഞു.”

മനസ്സു വായിക്കുന്ന ഒരാളെയോ ഒരു മാന്ത്രികനെയോ പോലെ യേശുവിന് തന്റെ ഭൂതകാലത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നു എന്നതുമാത്രമല്ല അവളെ അത്ഭുതപ്പെടുത്തിയത്. അവളുടെ കഴിഞ്ഞകാല പാപങ്ങളെക്കുറിച്ച് എല്ലാം യേശു അവളോടു പറഞ്ഞു എന്ന ലളിതമായ വസ്തുതയ്ക്കപ്പുറം ഈ കണ്ടുമുട്ടലിൽ കൂടുതലായി എന്തോ ഉണ്ട്. അവളെക്കുറിച്ചുള്ള എല്ലാം—അവളുടെ കഴിഞ്ഞകാല ജീവിതത്തിലെ സകല പാപങ്ങളും തകർന്ന ബന്ധങ്ങളും—അറിഞ്ഞിരുന്നിട്ടും യേശു അവളോട് അങ്ങേയറ്റം ആദരവോടെയും അവളുടെ അന്തസ്സിനെ മാനിച്ചും പെരുമാറി എന്നതാണ് അവളെ യഥാർഥത്തിൽ സ്പർശിച്ചതെന്നു തോന്നുന്നു. ഇത് അവൾക്ക് ഒരു പുതിയ അനുഭവമായിരുന്നു!

സമൂഹത്തിനു മുന്നിൽ ഒരുതരം ലജ്ജ അവൾ ദിവസവും അനുഭവിച്ചിരുന്നിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. അവൾ മുമ്പ് ജീവിച്ച രീതിയും അപ്പോൾ ജീവിച്ചുകൊണ്ടിരുന്ന രീതിയും സ്വീകാര്യമായ ഒരു ജീവിതശൈലിയായിരുന്നില്ല. അതിനെക്കുറിച്ച് അവൾക്ക് ലജ്ജ തോന്നിയിരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, അതുകൊണ്ടാണ് അവൾ നട്ടുച്ചയ്ക്ക് കിണറ്റിൻകരയിൽ വന്നത്. അവൾ മറ്റുള്ളവരെ ഒഴിവാക്കുകയായിരുന്നു.

എന്നാൽ ഇതാ, അവിടെ യേശുവുണ്ടായിരുന്നു. അവളെക്കുറിച്ച് എല്ലാം അറിഞ്ഞിരുന്നിട്ടും അവൾക്ക് ജീവജലം നൽകാൻ അവിടുന്ന് ആഗ്രഹിച്ചു. അവളുടെ ആത്മാവിൽ അനുഭവപ്പെട്ടിരുന്ന ദാഹം ശമിപ്പിക്കാൻ അവിടുന്ന് ആഗ്രഹിച്ചു. അവിടുന്ന് അവളോടു സംസാരിക്കുകയും അവിടുത്തെ സൗമ്യതയും തന്നെ സ്വീകരിക്കുന്ന മനോഭാവവും അവൾ അനുഭവിക്കുകയും ചെയ്തപ്പോൾ ആ ദാഹം ശമിക്കാൻ തുടങ്ങി. യേശു നൽകുന്ന ഈ പരിപൂർണ്ണമായ സ്നേഹവും സ്വീകരണവുമാണ് അവൾക്ക് യഥാർഥത്തിൽ ആവശ്യമായിരുന്നത്; നമുക്കെല്ലാവർക്കും ആവശ്യമുള്ളതും അതുതന്നെയാണ്. അതുകൊണ്ടാണ് ആ ദാഹം ശമിക്കാൻ തുടങ്ങിയത്. അവിടുന്ന് അത് അവൾക്കു നൽകി; നമുക്കും നൽകുന്നു.

ശ്രദ്ധേയമായ കാര്യം, ആ സ്ത്രീ കിണറ്റിൻകരയിൽ “തന്റെ വെള്ളക്കുടം വച്ചിട്ട്” പോയി എന്നതാണ്. അവൾ വന്നത് ഏതു വെള്ളത്തിനുവേണ്ടിയായിരുന്നോ, അത് യഥാർഥത്തിൽ അവൾക്ക് ലഭിച്ചില്ല. അതോ ലഭിച്ചുവോ? പ്രതീകാത്മകമായി നോക്കുമ്പോൾ, കിണറ്റിൻകരയിൽ വെള്ളക്കുടം വച്ചിട്ടുപോയ ഈ പ്രവൃത്തി, യേശുവുമായുള്ള ഈ കണ്ടുമുട്ടലിലൂടെ അവളുടെ ദാഹം ശമിച്ചു എന്നതിന്റെ അടയാളമാണ്. അവൾക്ക് പിന്നെ ദാഹമുണ്ടായിരുന്നില്ല, കുറഞ്ഞത് ആത്മീയമായ അർഥത്തിലെങ്കിലും. ജീവജലമായ യേശു അവളുടെ ദാഹം ശമിപ്പിച്ചു.

നിങ്ങളുടെ ഉള്ളിലുള്ള, നിഷേധിക്കാനാവാത്ത ദാഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അതിനെക്കുറിച്ച് ബോധ്യമാകുമ്പോൾ, ജീവജലത്താൽ ആ ദാഹം ശമിപ്പിക്കാൻ യേശുവിനെ അനുവദിക്കണമെന്ന് ബോധപൂർവം തീരുമാനിക്കുക. അങ്ങനെ ചെയ്താൽ, അധികനേരം തൃപ്തി നൽകാൻ ഒരിക്കലും കഴിയാത്ത അനേകം “കുടങ്ങൾ” നിങ്ങളും ഉപേക്ഷിച്ചുപോകും.

കർത്താവേ, എന്റെ ആത്മാവിന് ആവശ്യമായ ജീവജലം അങ്ങാണ്. എന്റെ ദിവസത്തിന്റെ കൊടുംചൂടിലും ജീവിതത്തിലെ പരീക്ഷണങ്ങളിലും എന്റെ ലജ്ജയിലും കുറ്റബോധത്തിലും അങ്ങയെ കണ്ടുമുട്ടാൻ എനിക്കിടയാകട്ടെ. ഈ നിമിഷങ്ങളിൽ അങ്ങയുടെ സ്നേഹവും സൗമ്യതയും എന്നെ സ്വീകരിക്കുന്ന മനോഭാവവും ഞാൻ അനുഭവിക്കട്ടെ. ആ സ്നേഹം അങ്ങയിലുള്ള എന്റെ നവജീവിതത്തിന്റെ ഉറവിടമായിത്തീരട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – പതിനെട്ടാം ധ്യാനം – “ഇത് എന്റെ ശരീരമാണ്…ഇത് എന്റെ രക്തമാണ്”

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ