മലയാളം

ക്ഷമിക്കുന്നതും ക്ഷമിക്കപ്പെടുന്നതും

2020 മാർച്ച് 17
നോമ്പുകാലം മൂന്നാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ പാട്രിക്, മെത്രാൻ—ഐച്ഛിക അനുസ്മരണം

ആ ദാസൻ അവന്റെ മുമ്പിൽ വീണു വണങ്ങി പറഞ്ഞു: “എന്നോടു ക്ഷമ കാണിക്കണമേ; ഞാൻ മുഴുവനും തിരികെ നൽകാം.” മനസ്സലിഞ്ഞ് ആ ദാസന്റെ യജമാനൻ അവനെ വിട്ടയയ്ക്കുകയും അവന്റെ കടം ക്ഷമിക്കുകയും ചെയ്തു.  മത്തായി 18:26–27

ക്ഷമ നൽകുന്നതിനെക്കുറിച്ചും സ്വീകരിക്കുന്നതിനെക്കുറിച്ചുമുള്ള ഒരു കഥയാണിത്.  കൗതുകകരമെന്നു പറയട്ടെ, ക്ഷമ ചോദിക്കുന്നതിനെക്കാൾ പലപ്പോഴും എളുപ്പമാണ് ക്ഷമിക്കുന്നത്.  ആത്മാർഥമായി ക്ഷമ ചോദിക്കാൻ നിങ്ങളുടെ പാപം സത്യസന്ധമായി അംഗീകരിക്കേണ്ടതുണ്ട്; അതു ചെയ്യാൻ പ്രയാസമാണ്.  നാം ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക പ്രയാസമാണ്.

ഈ ഉപമയിൽ, കടം വീട്ടാൻ സാവകാശം ചോദിക്കുന്ന മനുഷ്യൻ ആത്മാർഥതയുള്ളവനാണെന്നു തോന്നുന്നു.  കരുണയും ക്ഷമയും യാചിച്ചുകൊണ്ട് അവൻ തന്റെ യജമാനന്റെ മുമ്പിൽ “വീണു”.  അവന്റെ മുഴുവൻ കടവും ക്ഷമിച്ചുകൊണ്ട് യജമാനൻ കരുണയോടെ പ്രതികരിച്ചു; ദാസൻ ആവശ്യപ്പെട്ടതിനെക്കാൾ കൂടുതലായിരുന്നു അത്.

എന്നാൽ ആ ദാസൻ യഥാർഥത്തിൽ ആത്മാർഥതയുള്ളവനായിരുന്നോ, അതോ നല്ലൊരു നടൻ മാത്രമായിരുന്നോ?  അവൻ നല്ലൊരു നടനായിരുന്നുവെന്നു തോന്നുന്നു. കാരണം, ഈ വലിയ കടം ക്ഷമിക്കപ്പെട്ട ഉടനെ, തനിക്കു പണം തരാനുണ്ടായിരുന്ന മറ്റൊരാളെ അവൻ കണ്ടുമുട്ടി. തനിക്കു ലഭിച്ച അതേ ക്ഷമ കാണിക്കുന്നതിനുപകരം, “അവൻ അയാളെ പിടികൂടി കഴുത്തു ഞെരിച്ചുകൊണ്ട്, ‘നീ തരാനുള്ളതു തിരികെ തരിക’ എന്ന് ആവശ്യപ്പെട്ടു.”

ക്ഷമ യഥാർഥമാണെങ്കിൽ, അതു നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്വാധീനിക്കണം.  നാം ക്ഷമ ചോദിക്കുകയും നൽകുകയും സ്വീകരിക്കുകയും വീണ്ടും നൽകുകയും വേണം.  നിങ്ങൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

  • നിങ്ങളുടെ പാപത്തെ സത്യസന്ധമായി തിരിച്ചറിയാനും, ആ പാപത്തെക്കുറിച്ച് മനസ്താപപ്പെടാനും, മറ്റൊരാളോട് “എനിക്കു ഖേദമുണ്ട്” എന്നു പറയാനും നിങ്ങൾക്കു കഴിയുമോ?
  • നിങ്ങൾക്കു ക്ഷമ ലഭിക്കുമ്പോൾ അത് നിങ്ങളിൽ എന്തു മാറ്റമാണ് വരുത്തുന്നത്?  മറ്റുള്ളവരോടു കൂടുതൽ കരുണയുള്ളവരാകാൻ അതു നിങ്ങളെ സഹായിക്കുന്നുണ്ടോ?
  • ദൈവത്തിൽനിന്നും മറ്റുള്ളവരിൽനിന്നും നിങ്ങൾ സ്വീകരിക്കാൻ പ്രത്യാശിക്കുന്ന അതേ അളവിലുള്ള ക്ഷമയും കരുണയും തിരികെ നൽകാൻ നിങ്ങൾക്കു കഴിയുമോ?

ഈ ചോദ്യങ്ങൾക്കെല്ലാം “അതെ” എന്ന് ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, ഈ കഥ നിങ്ങൾക്കുവേണ്ടിയാണ് എഴുതപ്പെട്ടിരിക്കുന്നത്.  കരുണയുടെയും ക്ഷമയുടെയും ദാനങ്ങളിൽ കൂടുതൽ വളരാൻ നിങ്ങളെ സഹായിക്കുന്നതിനാണ് ഇതു നിങ്ങൾക്കുവേണ്ടി എഴുതപ്പെട്ടിരിക്കുന്നത്.  നേരിടാൻ പ്രയാസമുള്ള ചോദ്യങ്ങളാണിവ. എന്നാൽ കോപത്തിന്റെയും പകയുടെയും ഭാരങ്ങളിൽനിന്നു മോചിതരാകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം അഭിമുഖീകരിക്കേണ്ട അനിവാര്യമായ ചോദ്യങ്ങളാണിവ.  കോപവും പകയും നമ്മെ കനത്ത ഭാരത്താൽ ഞെരുക്കുന്നു; അവയിൽനിന്നു നാം മോചിതരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

മുകളിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുകയും നിങ്ങളുടെ പ്രവൃത്തികളെ പ്രാർഥനാപൂർവം പരിശോധിക്കുകയും ചെയ്യുക.  ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനോടു നിങ്ങളുടെ ഉള്ളിൽ എതിർപ്പു തോന്നുന്നെങ്കിൽ, നിങ്ങളെ സ്പർശിക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതു പ്രാർഥനയിൽ സമർപ്പിക്കുകയും നിങ്ങളുടെ ജീവിതത്തിന്റെ ആ മേഖലയിൽ കൂടുതൽ ആഴമായ മാനസാന്തരം വരുത്താൻ ദൈവകൃപയ്ക്കു വഴിയൊരുക്കുകയും ചെയ്യുക.

കർത്താവേ, എന്റെ പാപം ഞാൻ ഏറ്റുപറയുന്നു.  എന്നാൽ അങ്ങയുടെ സമൃദ്ധമായ കൃപയുടെയും കരുണയുടെയും വെളിച്ചത്തിലാണ് ഞാൻ അത് ഏറ്റുപറയുന്നത്.  ആ കരുണ എന്റെ ജീവിതത്തിൽ സ്വീകരിക്കുമ്പോൾ, മറ്റുള്ളവരോടും അതുപോലെ കരുണയുള്ളവനായി എന്നെ മാറ്റണമേ.  ഒന്നും പിടിച്ചുവയ്ക്കാതെ, ഉദാരമായും പൂർണമായും ക്ഷമ നൽകാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ഇരുപതാം വിചിന്തനം – ദൈവത്തിന്റെ കുഞ്ഞാടിന്റെ നിഷ്കളങ്കത

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൊറോണവൈറസ് മഹാമാരിയെ നേരിടാനുള്ള ഒരു പ്രാർഥന

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ