മാർച്ച് 31, 2020
നോമ്പുകാലം അഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

“എന്നെ അയച്ചവൻ എന്നോടുകൂടെയുണ്ട്. അവിടുന്ന് എന്നെ തനിച്ചാക്കിയിട്ടില്ല.” യോഹന്നാൻ 8:29
ചെറിയ കുട്ടികളിൽ മിക്കവരെയും വീട്ടിൽ ഒറ്റയ്ക്കാക്കിയാൽ അവർ ഭയപ്പെടും. മാതാപിതാക്കൾ അടുത്തുണ്ടെന്ന് അവർക്ക് അറിയണം. എവിടെയെങ്കിലും ഒറ്റയ്ക്കായിരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത അവരെ ഭയപ്പെടുത്തുന്നു. ഒരു കടയിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ വഴിതെറ്റിപ്പോകുന്നതും ഒരു കുട്ടിയെ അതുപോലെതന്നെ ഭയപ്പെടുത്തും. അച്ഛനോ അമ്മയോ അടുത്തുണ്ടാകുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വം അവർക്ക് ആവശ്യമാണ്.
ആത്മീയജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഉള്ളിൽ നാം ഒറ്റയ്ക്കാണെന്നു തോന്നിയാൽ നാം ഭയപ്പെട്ടേക്കാം. ദൈവം നമ്മെ ആന്തരികമായി ഉപേക്ഷിച്ചിരിക്കുന്നുവെന്ന തോന്നൽ ഭയപ്പെടുത്തുന്ന ഒരു ചിന്തയാണ്. നേരെമറിച്ച്, ദൈവം നമ്മുടെ ഉള്ളിൽ സജീവമായി സന്നിഹിതനാണെന്ന് അനുഭവപ്പെടുമ്പോൾ, ധൈര്യത്തോടും സന്തോഷത്തോടുംകൂടെ ജീവിതത്തെ നേരിടാൻ നമുക്ക് വലിയ കരുത്തു ലഭിക്കുന്നു.
മുകളിൽ കൊടുത്തിരിക്കുന്ന വചനഭാഗത്തിൽ, പിതാവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഏറെ സംസാരിക്കുന്ന യേശുവിന്റെ അനുഭവം ഇതായിരുന്നു. തന്റെ ദൗത്യം നിറവേറ്റാൻ യേശുവിനെ ലോകത്തിലേക്ക് അയച്ചത് പിതാവാണ്; പിതാവ് തന്നെ തനിച്ചാക്കുകയില്ലെന്ന് യേശു ഏറ്റുപറയുന്നു. യേശു ഇത് പറയുന്നു, അറിയുന്നു, ആ ബന്ധത്തിന്റെ അനുഗ്രഹം മാനുഷികവും ദൈവികവുമായ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യുന്നു.
നമ്മിൽ ഓരോരുത്തരെക്കുറിച്ചും ഇതുതന്നെ പറയാം. ഒന്നാമതായി, പിതാവ് നമ്മെ അയച്ചിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം. ജീവിതത്തിൽ നമുക്കോരോരുത്തർക്കും ഒരു ദൗത്യമുണ്ട്. നിങ്ങൾ അത് തിരിച്ചറിയുന്നുണ്ടോ? ദൈവത്തിൽനിന്ന് നിങ്ങൾക്ക് തികച്ചും വ്യക്തമായ ഒരു ദൗത്യവും വിളിയുമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? അതെ, വീട്ടുജോലികൾ, ദൈനംദിന ജോലിയുടെ ആയാസങ്ങൾ, കുടുംബബന്ധങ്ങൾ വളർത്തിയെടുക്കൽ തുടങ്ങിയ ജീവിതത്തിലെ വളരെ സാധാരണമായ കാര്യങ്ങളും അതിൽ ഉൾപ്പെട്ടേക്കാം. ദൈവഹിതത്തിന്റെ ഭാഗമായ സാധാരണ പ്രവൃത്തികളാൽ നിറഞ്ഞതാണ് നമ്മുടെ അനുദിനജീവിതം.
നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതത്തിൽ നിങ്ങൾ ഇതിനകം പൂർണമായി മുഴുകിയിരിക്കാം. എന്നാൽ ദൈവം നിങ്ങളിൽനിന്ന് കൂടുതൽ ആഗ്രഹിക്കുന്നുണ്ടാകാം. അവിടുത്തേക്ക് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്; അത് മറ്റാർക്കും അവിടുന്ന് ഏൽപ്പിച്ചിട്ടില്ലാത്ത ഒരു ദൗത്യമാണ്. വിശ്വാസത്തോടെ മുന്നോട്ടിറങ്ങാനും ധൈര്യം കാണിക്കാനും നിങ്ങൾക്കു സുരക്ഷിതവും സുഖകരവുമായ പരിധികൾക്കു പുറത്തേക്കു കടക്കാനും ഏതെങ്കിലും ഭയത്തെ നേരിടാനും അത് നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ സാഹചര്യം എന്തുതന്നെയായാലും, ദൈവത്തിന് നിങ്ങളെ ഏൽപ്പിക്കാൻ ഒരു ദൗത്യമുണ്ട്.
ദൈവം നമ്മെ അയയ്ക്കുക മാത്രമല്ല, നമ്മോടുകൂടെ വസിക്കുകയും ചെയ്യുന്നു എന്നതാണ് ആശ്വാസകരമായ വാർത്ത. അവിടുന്ന് നമ്മെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ നമ്മെ തനിച്ചാക്കിയിട്ടില്ല. തന്റെ തുടർച്ചയായ സഹായം വളരെ സുപ്രധാനമായ ഒരു രീതിയിൽ അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
യേശുവിന് നൽകപ്പെട്ട ദൗത്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക: സ്വന്തം ജീവൻ ബലിയായി അർപ്പിക്കുക എന്ന ദൗത്യം. ത്യാഗപൂർണമായ സ്നേഹത്തിന്റെയും സ്വയം സമർപ്പണത്തിന്റെയും ഇതേ ദൗത്യം ക്രിസ്തുവിനോടൊപ്പം നിങ്ങൾ എങ്ങനെ ജീവിച്ചുനിറവേറ്റണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നും ചിന്തിക്കുക. നിങ്ങൾ ഇതിനകം പൂർണഹൃദയത്തോടെ അത് ജീവിക്കുന്നുണ്ടാകാം; അല്ലെങ്കിൽ നിങ്ങൾക്ക് പുതിയൊരു ദിശാബോധം ആവശ്യമായിരിക്കാം. ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടെ അതിന് “അതെ” എന്നു പറയുക; വഴിയിലെ ഓരോ ചുവടിലും ദൈവം നിങ്ങളോടൊപ്പം നടക്കും.
കർത്താവേ, എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പരിപൂർണമായ പദ്ധതിയോട് ഞാൻ “അതെ” എന്നു പറയുന്നു. പ്രിയ കർത്താവേ, അത് എന്തുതന്നെയായാലും ഞാൻ മടികൂടാതെ സ്വീകരിക്കുന്നു. അങ്ങ് എപ്പോഴും എന്നോടുകൂടെയുണ്ടെന്നും ഞാൻ ഒരിക്കലും തനിച്ചല്ലെന്നും എനിക്കറിയാം. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ധ്യാനം മുപ്പത്തിനാല് – “എനിക്ക് ദാഹിക്കുന്നു”
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




