മലയാളം

ഏറ്റവും വലിയ എളിമയാൽ ശുദ്ധീകരിക്കപ്പെടുന്നു

ഏപ്രിൽ 9, 2020

പെസഹാവ്യാഴം, കർത്താവിന്റെ അന്ത്യത്താഴത്തിന്റെ വിശുദ്ധ കുർബാന (വർഷം A)

ഇന്നത്തെ വായനകൾ

പെസഹാത്രിദിനത്തിനായുള്ള കൂടുതൽ പ്രാർത്ഥനകളും ധ്യാനചിന്തകളും

പത്രോസ് അവനോടു പറഞ്ഞു: “നീ ഒരിക്കലും എന്റെ പാദങ്ങൾ കഴുകരുത്.” യേശു അവനോടു മറുപടി പറഞ്ഞു: “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, എന്നോടുകൂടെ നിനക്ക് അവകാശമൊന്നും ഉണ്ടായിരിക്കുകയില്ല.”  യോഹന്നാൻ 13:8

അത് ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ആഴമേറിയ എളിമയുടെ മനോഹരമായ ഒരു ദൃശ്യമായിരുന്നു.  ദൈവത്തിന്റെ നിത്യപുത്രനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ യേശു ഒരു ദാസന്റെ കടമ നിർവഹിക്കുകയായിരുന്നു.  യേശു ശിഷ്യന്മാരുടെ അടുത്ത് ഓരോരുത്തരായി ചെന്ന് അവരുടെ പാദങ്ങൾ കഴുകി വൃത്തിയാക്കി. അത് പെസഹാ ആഘോഷമായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് അവരുടെ പൂർവികർ മോചിതരായ രാത്രിയിൽ ദൈവം അവർക്കായി നടത്തിയ രക്ഷാകരമായ പ്രവൃത്തിയുടെ അനുസ്മരണമായ ഒരു വിശുദ്ധ തിരുനാൾ.  എന്നാൽ, ഈ പെസഹാ “അനുസ്മരണം” തീർച്ചയായും ഓർമയിൽ സൂക്ഷിക്കുകയും ഹൃദയത്തോടു ചേർത്തുവയ്ക്കുകയും ചെയ്യേണ്ട ഒന്നായിരുന്നു.

യേശുവിന്റെ എളിമ പത്രോസിന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു; തന്റെ കർത്താവ് തന്റെ പാദങ്ങൾ കഴുകുന്നത് ആദ്യം അവൻ നിരസിച്ചു.  എന്നാൽ, നിത്യതയോളം സത്യമായി നിലനിൽക്കുന്ന ഒരു കാര്യം യേശു പറയുന്നു: “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, എന്നോടുകൂടെ നിനക്ക് അവകാശമൊന്നും ഉണ്ടായിരിക്കുകയില്ല.”  ഇത് സാധാരണമായ ഒരു കഴുകലായിരുന്നില്ല. പത്രോസിന്റെ അഴുക്കുപുരണ്ട പാദങ്ങൾ കഴുകുന്നതിനെക്കുറിച്ചു മാത്രമായിരുന്നില്ല അത്; അവന്റെ അമർത്യമായ ആത്മാവിന്റെ നിത്യമായ ശുദ്ധീകരണമായിരുന്നു അത്. അതിനുള്ള “ജലം” യേശുവിന്റെതന്നെ കുത്തിത്തുറക്കപ്പെട്ട തിരുഹൃദയത്തിൽനിന്ന് ഉടൻ ഒഴുകിപ്പുറപ്പെടാനിരിക്കുകയായിരുന്നു.

ഇരുപത്തിനാലു മണിക്കൂർ തികയുംമുമ്പേ, യേശു കുരിശിലായിരിക്കും; ഒരു റോമൻ പടയാളി കുന്തംകൊണ്ട് അവിടുത്തെ ഹൃദയം കുത്തിത്തുറക്കും.  അവിടുത്തെ ഹൃദയത്തിൽനിന്ന് രക്തവും വെള്ളവും ഒഴുകി; അതുതന്നെയായിരുന്നു കൃപയുടെയും കരുണയുടെയും പുതിയ ഉറവിടം. നമ്മുടെ കർത്താവിനോടൊപ്പമുള്ള ഈ “അന്ത്യത്താഴത്തിൽ”, അവിടുത്തെ ഏകവും പരിപൂർണവുമായ ബലിയുടെ ശുദ്ധീകരണശക്തി കൂദാശാരൂപത്തിൽ സ്ഥാപിക്കപ്പെട്ടു. ആ ബലി ഇപ്പോൾ മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുർബാന എന്നീ ദാനങ്ങളിലൂടെ എല്ലാ കാലത്തും നമുക്കു സന്നിഹിതമാക്കപ്പെടുന്നു.

നമ്മുടെ മാമ്മോദീസ പുതുക്കുകയും അവിടുത്തെ ആത്മാവിനെ നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ ആഴത്തിൽ സ്വീകരിക്കുകയും അവിടുത്തെ തിരുശരീരരക്തങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്ന ഓരോ പ്രാവശ്യവും, പത്രോസിനെയും മറ്റു ശിഷ്യന്മാരെയും ശുദ്ധീകരിക്കുന്ന ക്രിസ്തുവിന്റെ ഈ പ്രവൃത്തിയിൽ നാം പങ്കുചേരുന്നു.  യേശു നമ്മിൽ ഓരോരുത്തരെയും സ്നേഹത്തോടെ നോക്കി പറയുന്നു: “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ…” നമ്മുടെ കർത്താവിനോടുള്ള നിങ്ങളുടെ മറുപടി എന്താണ്?

ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും എളിമയാർന്ന കാരുണ്യപ്രവൃത്തി സ്വീകരിക്കാൻ എളിമ ആവശ്യമാണ്.  നമ്മെ ശുദ്ധീകരിക്കാനും നമ്മുടെ ആത്മാക്കളിലെ അഴുക്കു തുടച്ചുനീക്കാനും നമ്മെ വീണ്ടെടുക്കാനും നിത്യജീവന്റെ അവകാശം നമുക്കു നൽകാനും നമ്മുടെ കർത്താവിനെ നമുക്ക് ആവശ്യമുണ്ടെന്ന് നാം എളിമയോടെ അംഗീകരിക്കണം.

പെസഹാവ്യാഴം, ദുഃഖവെള്ളി, ഉയിർപ്പുഞായർ എന്നിവ ഉൾപ്പെടുന്ന ആദ്യ പെസഹാത്രിദിനത്തിന്റെ ആരംഭമായ ആ അന്ത്യത്താഴത്തിലാണ്, നമ്മുടെ കർത്താവ് പത്രോസിലൂടെ നമ്മിൽ ഓരോരുത്തരെയും നോക്കുകയും എല്ലാ പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത്.  നിങ്ങളുടെ മറുപടി എന്താണ്? ഈ ദാനം സ്വീകരിക്കുന്നതിൽ നിങ്ങൾ എത്രത്തോളം എളിമയുള്ളവരാണ്? ദൈവമായ നമ്മുടെ കർത്താവിന്റെ രക്ഷാകരബലിയിൽ നിങ്ങൾ എത്ര ആഴത്തിൽ വിശ്വസിക്കുന്നു?

ഇന്നു രാത്രി, നമ്മുടെ കർത്താവിന്റെ ആ വിശുദ്ധ വാക്കുകളെക്കുറിച്ച് ധ്യാനിക്കുക; അവ നിങ്ങളോടു പറയുന്നതായി ശ്രവിക്കുക: “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, എന്നോടുകൂടെ നിനക്ക് അവകാശമൊന്നും ഉണ്ടായിരിക്കുകയില്ല.”  പരിപൂർണമായ എളിമയോടും കരുണയോടുംകൂടെ നമ്മുടെ കർത്താവ് നൽകുന്ന ഈ വാഗ്ദാനത്തിന് “അതെ” എന്നു മറുപടി പറയുക. ദൈവപുത്രന്റെ രക്ഷാകരബലി മുമ്പെന്നത്തേക്കാളും ആഴത്തിൽ നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരാൻ അനുവദിക്കുക.

കരുണാമയനായ എന്റെ കർത്താവേ, അങ്ങയുടെ എളിമ എന്നിൽ വിസ്മയം നിറയ്ക്കുകയും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചെയ്യുന്നു.  അങ്ങയുടെ കുത്തിത്തുറക്കപ്പെട്ട ഹൃദയത്തിൽനിന്ന് ഒഴുകുന്ന രക്തവും വെള്ളവുംകൊണ്ട് എന്നെ കഴുകി ശുദ്ധീകരിക്കണമേ.  ഈ ദാനം നൽകപ്പെട്ട അതേ എളിമയോടെ അതു സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ അങ്ങേക്കു നന്ദി പറയുന്നു; അങ്ങയുടെ ദാനത്തിന് “അതെ” എന്നു ഞാൻ മറുപടി പറയുന്നു; ഞാൻ അങ്ങയെ സ്വീകരിക്കുകയും എന്നെ ശുദ്ധീകരിക്കാൻ അങ്ങയെ ക്ഷണിക്കുകയും ചെയ്യുന്നു.  പ്രിയ കർത്താവേ, ഞാൻ ഒരു പാപിയാണ്. എന്റെ ജീവിതത്തിൽ അങ്ങയുടെ ശുദ്ധീകരണപ്രവൃത്തി എനിക്ക് ആവശ്യമാണ്. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധവാരത്തിനായി കൂടുതൽ

പെസഹാവ്യാഴത്തിനായുള്ള പ്രാർത്ഥനാധ്യാനം

കൂടുതൽ വായനയ്ക്ക്: പെസഹാവ്യാഴം

കുരിശിന്റെ വഴി

കവിത – കനൽത്തീ

ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)

എളിമയുടെ ലുത്തിനിയ

സഹനത്തെ കുരിശിനോടു ചേർക്കൽ

പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന

സമർപ്പണപ്രാർത്ഥന

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.