2020 ജൂലൈ 25, ശനിയാഴ്ച
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ

“ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” അവർ അവനോടു പറഞ്ഞു: “ഞങ്ങൾക്കു കഴിയും.” അവൻ മറുപടി പറഞ്ഞു: “എന്റെ പാനപാത്രം തീർച്ചയായും നിങ്ങൾ കുടിക്കും. എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കാൻ അനുവദിക്കുന്നത് എനിക്കു നൽകാവുന്നതല്ല; എന്റെ പിതാവ് ആർക്കുവേണ്ടി അത് ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ് അത്.” മത്തായി 20:22b-23
ഈശോയുടെ വളരെ സൗമ്യമായ ഒരു ശാസനയായിരുന്നു ഇത്. യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ ഈശോയോട് ഒരു ആനുകൂല്യം അഭ്യർഥിച്ചു. അവളുടെ പുത്രന്മാർ അവിടുത്തെ രാജ്യത്തിൽ അവിടുത്തെ വലത്തും ഇടത്തും ഇരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. “നിങ്ങൾ എന്താണ് ചോദിക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ല” എന്ന് ഈശോ സൗമ്യമായി പറഞ്ഞു. തുടർന്ന് അവിടുന്ന് മുകളിൽ ഉദ്ധരിച്ച വാക്കുകൾ അരുളിച്ചെയ്തു.
“നിങ്ങൾ എന്താണ് ചോദിക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ല.” എന്തുകൊണ്ടാണ് ഈശോ ഇങ്ങനെ പറഞ്ഞത്? മഹത്ത്വത്തിലേക്കുള്ള വഴി, അതായത് രാജ്യത്തിൽ അവിടുത്തെ വലത്തും ഇടത്തും ഇരിക്കുന്നതിലേക്കുള്ള വഴി, കുരിശിന്റെ വഴിയാണ് എന്നതാണ് അതിന്റെ ഒരു കാരണം. ഈശോയോടൊപ്പം കുരിശിന്റെ സഹനങ്ങളെ സ്വമനസ്സാലെ ആശ്ലേഷിക്കുന്ന വഴിയാണത്. ആദ്യം അവിടുത്തോടൊപ്പം അവിടുത്തെ മരണത്തിലൂടെ കടന്നുപോകാതെ അവിടുത്തെ മഹത്ത്വത്തിലേക്കു പ്രവേശിക്കാൻ കഴിയില്ല.
അതുകൊണ്ട് അവിടുന്ന് ഈ അപ്പസ്തോലന്മാരോടു ചോദിക്കുന്നു: “ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റെ കുരിശിനെ ആശ്ലേഷിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്റെ സഹനത്തെ ആശ്ലേഷിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്റെ പരമമായ ബലിയർപ്പണത്തിലൂടെ എന്നോടൊപ്പം നടക്കാനും നിങ്ങളുടെ ജീവിതങ്ങളും അർപ്പിച്ചുകൊണ്ട് ആ ബലിയിൽ പങ്കുചേരാനും നിങ്ങൾക്കു കഴിയുമോ?
തങ്ങൾക്കു കഴിയുമെന്ന് അപ്പസ്തോലന്മാർ ഉറപ്പിച്ചു പറയുന്നു. വാസ്തവത്തിൽ, മറ്റുള്ളവർക്കുവേണ്ടി തങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് അവർ ഒടുവിൽ ഈശോയുടെ ബലിയർപ്പണത്തിൽ അവിടുത്തെ അനുഗമിക്കുകതന്നെ ചെയ്യുന്നു.
ആ പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ ജീവിതത്തിലെ കുരിശിനെ മനസ്സോടെ സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? ഈശോയുടെ അനുയായി ആയിരിക്കുന്നതിന്റെ പേരിൽ കഷ്ടതകളും ത്യാഗവും, ഒരുപക്ഷേ പീഡനങ്ങൾപോലും സഹിക്കാൻ നിങ്ങൾക്കു കഴിയുമോ? അവിടുത്തെ സഹനത്തിലൂടെ അവിടുത്തോടൊപ്പം നടക്കാൻ നിങ്ങൾക്കു കഴിയുമോ? “കഴിയും” എന്നാണ് ഉത്തരമെങ്കിൽ, നിങ്ങൾ അവിടുത്തെ മഹത്ത്വത്തിൽ പങ്കുചേരും. ഒരുപക്ഷേ ആ മഹത്ത്വം അവിടുത്തെ വലത്തും ഇടത്തും ഇരിക്കുക എന്നതായിരിക്കില്ല; എന്നാൽ നിങ്ങളുടെ ഭാവനയുടെ സകല അതിരുകൾക്കും അപ്പുറമുള്ള മഹത്ത്വമായിരിക്കും അത്. അതിനുവേണ്ടിയുള്ളതെല്ലാം തികച്ചും മൂല്യവത്താണ്; സ്വീകരിച്ചതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കാത്ത ഒരു ക്ഷണവുമാണത്.
കർത്താവേ, അങ്ങ് കുടിച്ച പാനപാത്രം കുടിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. അങ്ങയുടെ അമൂല്യമായ തിരുശരീരരക്തങ്ങൾ സ്വീകരിക്കാനും, ആ സ്വീകരണത്തിലൂടെ അങ്ങയുടെ സഹനങ്ങളിൽ അങ്ങയെ അനുഗമിക്കാൻ എനിക്കാവശ്യമായ ശക്തിയും കൃപയും പ്രാപിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സഹനങ്ങളിൽ ഞാൻ അങ്ങയെ അനുഗമിക്കുമ്പോൾ, അങ്ങയുടെ മഹത്ത്വത്തിലും പങ്കുചേരാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ യാക്കോബ് ശ്ലീഹാ—തിരുനാൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: വിശുദ്ധ യാക്കോബിന്റെ രക്തസാക്ഷിത്വം — ഹുവാൻ ഫെർണാണ്ടസ് ദെ നവാരെറ്റെയുടെ രചന
ചിത്രം: വിശുദ്ധ യാക്കോബ് ശ്ലീഹാ



