മലയാളം

ദൈവത്തെ കണ്ടെത്തൽ

2020 ജൂലൈ 26
ആണ്ടുവട്ടക്കാലത്തിലെ പതിനേഴാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

“സ്വർഗരാജ്യം വയലിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു നിധിക്കു തുല്യമാണ്. ഒരാൾ അതു കണ്ടെത്തി വീണ്ടും മറച്ചുവയ്ക്കുന്നു; ആനന്ദത്തോടെ ചെന്ന് തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുന്നു.”  മത്തായി 13:44

ഈ വചനഭാഗത്തെക്കുറിച്ച് ധ്യാനിക്കാൻ മൂന്നു കാര്യങ്ങളിതാ: 1) ദൈവരാജ്യം ഒരു “നിധി” പോലെയാണ്; 2) കണ്ടെത്തപ്പെടാനായി കാത്തിരിക്കുന്ന, മറഞ്ഞിരിക്കുന്ന ഒന്നാണത്; 3) അതു കണ്ടെത്തിക്കഴിഞ്ഞാൽ, അതു സ്വന്തമാക്കാൻ നമുക്കുള്ളതെല്ലാം ഉപേക്ഷിക്കുന്നതും തക്ക മൂല്യമുള്ളതാണ്.

ഒന്നാമതായി, ദൈവരാജ്യം ഒരു നിധിപോലെയാണെന്ന പ്രതീകത്തെക്കുറിച്ച് ധ്യാനിക്കുന്നത് സഹായകരമാണ്.  നിധി എന്ന പ്രതീകം പല പാഠങ്ങളും നൽകുന്നു.  ഒരു നിധി കണ്ടെത്തിയാൽ, അത് ഒരാളെ സമ്പന്നനാക്കാൻ മതിയാകുമെന്നാണ് സാധാരണയായി കരുതപ്പെടുന്നത്.  അത്ര വലിയ മൂല്യമില്ലെങ്കിൽ അതിനെ നിധിയായി കണക്കാക്കുകയില്ല.  അതിനാൽ, നാം ഉൾക്കൊള്ളേണ്ട ആദ്യത്തെ പാഠം ദൈവരാജ്യത്തിന് വലിയ മൂല്യമുണ്ടെന്നതാണ്.  വാസ്തവത്തിൽ, അതിന്റെ മൂല്യം അനന്തമാണ്.  എന്നിട്ടും അനേകർ അതിനെ അഭിലഷണീയമല്ലാത്ത ഒന്നായി കാണുകയും അതിനു പകരം മറ്റു പല “നിധികളും” തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

രണ്ടാമതായി, അതു മറഞ്ഞിരിക്കുന്നു.  നാം അതു കണ്ടെത്താൻ ദൈവം ആഗ്രഹിക്കുന്നില്ല എന്ന അർഥത്തിലല്ല അതു മറഞ്ഞിരിക്കുന്നത്; മറിച്ച്, നാം അതു കണ്ടെത്തണമെന്ന് ദൈവം തീർച്ചയായും ആഗ്രഹിക്കുന്നു എന്ന അർഥത്തിലാണ്.  അതു നമുക്കായി കാത്തിരിക്കുന്നു—നാം അതു കണ്ടെത്താനും, കണ്ടെത്തുമ്പോൾ അതിൽ ആനന്ദിക്കാനുമായി കാത്തിരിക്കുന്നു.  നമ്മുടെ മധ്യത്തിലുള്ള ദൈവരാജ്യത്തെ ഇങ്ങനെ യഥാർഥമായി കണ്ടെത്തുമ്പോൾ ഒരാൾക്കുണ്ടാകുന്ന വലിയ ആവേശവും ഇതു വെളിപ്പെടുത്തുന്നു.  

മൂന്നാമതായി, ഒരാൾ ദൈവരാജ്യത്തിന്റെ സമ്പത്തും കൃപാജീവിതത്തിന്റെ സമ്പത്തും കണ്ടെത്തുമ്പോൾ, ആ അനുഭവം അത്രമേൽ വിസ്മയജനകമായിരിക്കണം; കണ്ടെത്തിയതു സ്വന്തമാക്കാൻ എല്ലാം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ഒട്ടുംതന്നെ മടിയുണ്ടാകരുത്.  കൃപയുടെയും കരുണയുടെയും ജീവിതത്തെക്കുറിച്ച് ബോധ്യമുണ്ടാകുന്നതിൽ എത്ര വലിയ ആനന്ദമാണുള്ളത്!  ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുകയും, പുതുതായി കണ്ടെത്തിയ ആ നിധി തേടി മറ്റെല്ലാം ഉപേക്ഷിക്കാൻ അയാളെ നയിക്കുകയും ചെയ്യുന്ന ഒരു കണ്ടെത്തലാണത്.

ദൈവരാജ്യം കണ്ടെത്തിയ നിങ്ങളുടെ സ്വന്തം അനുഭവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ഈ നിധിയുടെ മൂല്യം കണ്ട് വിസ്മയഭരിതരാകാൻ നിങ്ങൾ സ്വയം അനുവദിച്ചിട്ടുണ്ടോ?  അങ്ങനെയെങ്കിൽ, കൃപയുടെ ഈ ജീവിതം കണ്ടെത്തിയത് നിങ്ങളെ അത്രമേൽ ആഴത്തിൽ ആകർഷിക്കാൻ അനുവദിച്ചിട്ടുണ്ടോ—അതു സ്വന്തമാക്കാൻ എല്ലാം ഉപേക്ഷിക്കാൻ നിങ്ങൾ സന്നദ്ധരും ഒരുക്കമുള്ളവരുമാകുന്നവിധം?  അനന്തമൂല്യമുള്ള ഈ ദാനത്തിൽ നിങ്ങളുടെ ദൃഷ്ടി പതിപ്പിക്കുക; അതു തേടുന്നതിൽ നിങ്ങളെ നയിക്കാൻ കർത്താവിനെ അനുവദിക്കുക.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എനിക്കായി അങ്ങ് ഒരുക്കിയിരിക്കുന്ന ദൈവരാജ്യമാകുന്ന നിധിക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു.  മറഞ്ഞിരിക്കുന്ന ഈ നിധിയെ ഓരോ ദിവസവും കൂടുതൽ പൂർണമായും കൂടുതൽ വിസ്മയത്തോടെയും കണ്ടെത്താൻ എന്നെ സഹായിക്കണമേ.  ഈ നിധി ഞാൻ കണ്ടെത്തുമ്പോൾ, ജീവിതത്തിലെ മറ്റെല്ലാ സ്വാർഥപരമായ ഉദ്യമങ്ങളും ഉപേക്ഷിക്കാൻ എനിക്കാവശ്യമായ ധൈര്യം നൽകണമേ; അങ്ങനെ ഈ ഒരേയൊരു ദാനം എനിക്കു തേടാനാകട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – വിശുദ്ധ യോവാക്കീമും വിശുദ്ധ അന്നയും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: മറഞ്ഞിരിക്കുന്ന നിധിയുടെ ഉപമ