മലയാളം

അചഞ്ചലമായ വിശ്വസ്തത

2025 ജൂലൈ 22, ചൊവ്വാഴ്ച

വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാൾ

ഇന്നത്തെ വായനകൾ

Fondazione Cariplo, CC BY-SA 3.0, Wikimedia Commons വഴി

വീഡിയോ

മറിയം കല്ലറയ്ക്കു പുറത്ത് കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയിൽ അവൾ കല്ലറയിലേക്കു കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന സ്ഥലത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റൊരാൾ കാൽക്കലും ഇരിക്കുന്നത് അവൾ കണ്ടു. യോഹന്നാൻ 20:11–12

തന്റെ പരസ്യശുശ്രൂഷയുടെ ആരംഭകാലത്ത് യേശു മഗ്ദലായിലെ മറിയത്തിൽനിന്ന് ഏഴു പിശാചുക്കളെ പുറത്താക്കി. അതിന്റെ ഫലമായി, അവൾ അസാധാരണമായ വിശ്വസ്തതയോടെ യേശുവിനെ അനുഗമിക്കുന്നവളായിത്തീർന്നു. യേശുവും ശിഷ്യന്മാരും യാത്ര ചെയ്തിരുന്നപ്പോൾ സ്വന്തം സമ്പത്തുകൊണ്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന അനുയായികളിൽ ഒരാളായിരുന്നു അവൾ എന്നതിന് ഏറെ സാധ്യതയുണ്ട്. അവൾ അവിടുത്തെ പ്രബോധനങ്ങൾ ശ്രവിച്ചു, അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചു, അവിടുത്തെ ശിക്ഷയ്ക്കു വിധിച്ചപ്പോൾ സന്നിഹിതയായിരുന്നു, യേശുവിന്റെ അമ്മയോടൊപ്പം കുരിശിൻചുവട്ടിൽ നിന്നു, അവിടുത്തെ ശരീരം സംസ്കാരത്തിനായി ഒരുക്കാൻ സഹായിച്ചു. ഉത്ഥാനത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ടതായി വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിയും അവളാണ്.

കല്ലറയിൽ കിടന്നിരുന്ന യേശുവിന്റെ മൃതശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശുന്നത് പൂർത്തിയാക്കാൻ ഞായറാഴ്ച അതിരാവിലെ മറിയം കല്ലറയിലേക്കു പോയ സംഭവമാണ് ഇന്നത്തെ വിശുദ്ധ കുർബാനയിലെ സുവിശേഷം വിവരിക്കുന്നത്. എന്നാൽ അവളെ അത്യന്തം ആശ്ചര്യപ്പെടുത്തിക്കൊണ്ട് കല്ലറ ശൂന്യമായിരുന്നു. അതിനാൽ അവൾ അപ്പസ്തോലന്മാരെ അറിയിക്കാൻ ഓടി. അങ്ങനെ, യേശുവിന്റെ അനുയായികളിൽ ഉത്ഥാനത്തിനു സാക്ഷ്യം നൽകിയ ആദ്യവ്യക്തിയായി മഗ്ദലന മറിയം മാറുന്നു. അപ്പസ്തോലന്മാരെ അറിയിച്ചശേഷം അവൾ പത്രോസിനും യോഹന്നാനുമൊപ്പം കല്ലറയിലേക്കു മടങ്ങി. പത്രോസും യോഹന്നാനും പോയശേഷവും, മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിൽ പറയുന്നതുപോലെ, അവൾ കല്ലറയ്ക്കു പുറത്ത് കരഞ്ഞുകൊണ്ടു നിന്നു.

മറിയത്തിന്റെ കണ്ണുനീർ മനോഹരമാണ്. തന്റെ കർത്താവിനോടുള്ള അവളുടെ അഗാധമായ ഭക്തിയുടെ പ്രകടനമാണത്. അവിടുന്ന് ഉത്ഥാനം ചെയ്തുവെന്ന് അവൾ അപ്പോഴും മനസ്സിലാക്കിയിരുന്നില്ല. എങ്കിലും യേശുവിനോടുള്ള അവളുടെ വിശ്വസ്തത അവളുടെ സ്നേഹത്തിനു സാക്ഷ്യം നൽകുന്നു. യേശു അവളുടെ അന്തസ്സ് വീണ്ടെടുത്തുനൽകിയിരുന്നു. അവളെ പീഡിപ്പിച്ചിരുന്ന ഏഴു പിശാചുക്കളിൽനിന്ന് അവിടുന്ന് അവളെ മോചിപ്പിച്ചു. മുമ്പ് അവൾ ഒരു പാപിനിയായിരുന്നിരിക്കാനാണ് ഏറെ സാധ്യത. എന്നാൽ ഇപ്പോൾ അവൾ ലോകരക്ഷകനു മാത്രമായി സ്വയം സമർപ്പിച്ചവളായിരുന്നു.

മഗ്ദലായിലെ മറിയത്തിന്റെ സാക്ഷ്യം നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കേണ്ടതാണ്. ഏഴു പിശാചുക്കൾ ബാധിച്ചവർ ചുരുക്കമാണെങ്കിലും, നാമെല്ലാവരും ഏതെങ്കിലുമൊരു വിധത്തിൽ പീഡകൾ അനുഭവിക്കുന്നുണ്ട്. നാമെല്ലാവരും പാപം ചെയ്യുന്നു. നാമെല്ലാവരും ബലഹീനരാണ്. ഖേദത്തോടെ ഓർക്കുന്ന ഒരു ഭൂതകാലം നമുക്കെല്ലാവർക്കുമുണ്ട്. കൂടുതൽ മെച്ചപ്പെടാൻ നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. മറിയത്തെ സംബന്ധിച്ചിടത്തോളം, ഈ “മെച്ചപ്പെടൽ” പരമമായ വിശ്വസ്തതയോടെ യേശുവിനു സമർപ്പിച്ച ഒരു ജീവിതമായിരുന്നു. കുരിശിൻചുവട്ടിൽ അധികാരികൾ തന്നെ കണ്ടാലും അവൾക്കു പ്രശ്നമില്ലായിരുന്നു. അതിന്റെ പേരിൽ അവർ തന്നെ പീഡിപ്പിച്ചാലും അവൾ അതു കാര്യമാക്കിയില്ല. അവൾ വിശ്വസ്തയായിരുന്നു. യേശുവിന്റെ ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാൻ കല്ലറയിലേക്കു പോയപ്പോൾ പടയാളികൾ തന്നെ ഉപദ്രവിച്ചേക്കുമോ എന്നതും അവൾ കാര്യമാക്കിയില്ല—അവിടുത്തേക്കു സമർപ്പിക്കാനാകുന്ന ആ അവസാന സ്നേഹപ്രവൃത്തിയെക്കുറിച്ചു മാത്രമാണ് അവൾ ചിന്തിച്ചത്. ഉത്ഥിതനായ യേശുവിനെ കണ്ടിട്ട് അവിടുന്ന് തോട്ടക്കാരനാണെന്നു കരുതിയപ്പോഴും, ഹൃദയം തകർന്നു കണ്ണീരൊഴുക്കുന്ന തന്നെ അവിടുന്ന് കാണുന്നതും അവൾ കാര്യമാക്കിയില്ല—തന്റെ കർത്താവിന്റെ ശരീരം കാണണമെന്നു മാത്രമായിരുന്നു അവളുടെ ആഗ്രഹം.

അവളുടെ അചഞ്ചലമായ വിശ്വസ്തതയുടെ ഫലമായി, സങ്കൽപ്പിക്കാനാകുന്നതിലും വലിയൊരു സമ്മാനം യേശു അവൾക്കു നൽകി. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തശേഷം അവിടുന്ന് അവൾക്കു പ്രത്യക്ഷനായി, അപ്പസ്തോലന്മാർക്കുള്ള ഒരു അപ്പസ്തോലയായി അവളെ അയച്ചു. യേശു ഉത്ഥാനം ചെയ്തുവെന്നും സ്വർഗസ്ഥനായ തന്റെ പിതാവിന്റെ അടുക്കലേക്കു പോകാൻ ഒരുങ്ങുകയാണെന്നും അപ്പസ്തോലന്മാരുടെ അടുത്തുചെന്ന് അറിയിക്കാനാണ് അവിടുന്ന് അവളെ അയച്ചത്.

ഈ സ്ത്രീയുടെ വിശുദ്ധമായ ആത്മാവിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പശ്ചാത്തപിച്ച് തന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ച ഒരു പാപിനിയായിരുന്നു അവൾ. അവൾ എല്ലാം യേശുവിനു സമർപ്പിച്ചു; പകരമായി അതിലുമേറെ സ്വീകരിക്കുകയും ചെയ്തു. സ്വർഗത്തിൽ മഗ്ദലന മറിയം എന്നേക്കും യേശുവിനെ മുറുകെപ്പിടിക്കുകയും അവിടുത്തെ തിരുഹൃദയത്തെ ആരാധിക്കുകയും ചെയ്യും. നമ്മുടെ പാപജീവിതത്തിൽനിന്നു പിന്തിരിഞ്ഞ്, നമ്മുടെ കർത്താവിനോട് അചഞ്ചലമായ വിശ്വസ്തതയുള്ളവരായിത്തീർന്നുകൊണ്ട് അവളെ അനുകരിക്കാൻ നമുക്കെല്ലാവർക്കും പരിശ്രമിക്കാം.

ഉത്ഥിതനായ എന്റെ കർത്താവേ, അങ്ങയുടെ ഉത്ഥാനത്തിനുശേഷം അങ്ങ് ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലേന മറിയത്തിനാണ്. സ്വർഗത്തിൽ അങ്ങയുടെ മഹത്വപൂർണമായ ജീവിതത്തിൽ പങ്കുചേരാൻ അങ്ങ് ഇപ്പോൾ അവളെ ക്ഷണിക്കുന്നു. എല്ലാ പാപങ്ങളിൽനിന്നും പിന്തിരിഞ്ഞ് അങ്ങയോടുള്ള ഭക്തിയിൽ ആഴപ്പെടാൻ അവളുടെ മാതൃകയിൽനിന്ന് പഠിക്കുവാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയോടുള്ള എന്റെ വിശ്വസ്തത പൂർണവും അചഞ്ചലവുമായിരിക്കട്ടെ. അങ്ങനെ ഒരുനാൾ ഞാനും അങ്ങയുടെ ഉത്ഥാനത്തിന്റെ മഹത്വത്തിൽ പങ്കുചേരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധ – വിശുദ്ധ മഗ്ദലേന മറിയം

മഗ്ദലേന മറിയം ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള സഹായകരമായ ലേഖനം – New Advent

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.