2020 ഓഗസ്റ്റ് 15, ശനിയാഴ്ച
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ മഹോത്സവം

“എന്റെ ആത്മാവ് കർത്താവിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. എന്തെന്നാൽ, അവിടുന്ന് തന്റെ എളിയ ദാസിയെ കടാക്ഷിച്ചിരിക്കുന്നു. ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും: സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്.” ലൂക്കാ 1:46-49
നമ്മുടെ പരിശുദ്ധ അമ്മയുടെ മഹനീയമായ സ്തുതിഗീതത്തിന്റെ ഈ ആരംഭവരികൾ അമ്മ ആരാണെന്നു വെളിപ്പെടുത്തുന്നു. ജീവിതം മുഴുവനും ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുകയും നിരന്തരം ആനന്ദിക്കുകയും ചെയ്യുന്നവളാണ് അമ്മ. വിനയത്തിന്റെ പൂർണതയായതിനാൽ എല്ലാ തലമുറകളും അമ്മയെ അത്യധികം പുകഴ്ത്തുന്നു. ദൈവം വലിയ കാര്യങ്ങൾ ചെയ്തുകൊടുത്തവളും വിശുദ്ധിയാൽ ആവരണം ചെയ്തവളുമാണ് അമ്മ.
ഇന്നു നാം ആഘോഷിക്കുന്ന അമ്മയുടെ സ്വർഗാരോപണ മഹോത്സവം, അമ്മയുടെ മഹത്ത്വത്തെ ദൈവം അംഗീകരിക്കുന്നതിലേക്കു വിരൽചൂണ്ടുന്നു. മരണമോ പാപത്തിന്റെ ഏതെങ്കിലും പരിണതഫലങ്ങളോ അനുഭവിക്കാൻ ദൈവം അമ്മയെ അനുവദിച്ചില്ല. അമ്മ അമലോത്ഭവയായിരുന്നു; ഉത്ഭവത്തിന്റെ നിമിഷംമുതൽ നിത്യതയോളം രാജ്ഞിയായി വാഴാൻ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ട നിമിഷംവരെ എല്ലാ വിധത്തിലും പരിപൂർണയായിരുന്നു.
നമ്മുടെ പരിശുദ്ധ അമ്മയുടെ അമലമായ അവസ്ഥ മനസ്സിലാക്കാൻ ചിലർക്കു പ്രയാസമായേക്കാം. കാരണം, അമ്മയുടെ ജീവിതം നമ്മുടെ വിശ്വാസത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ്. വിശുദ്ധ ഗ്രന്ഥത്തിൽ അമ്മയെക്കുറിച്ച് വളരെ കുറച്ചേ പറഞ്ഞിട്ടുള്ളൂ. എന്നാൽ, അമ്മയുടെ വിനയം അനാവൃതമാകുകയും അമ്മയുടെ മഹത്ത്വം എല്ലാവർക്കും കാണത്തക്കവിധം പ്രകാശിക്കുകയും ചെയ്യുമ്പോൾ, നിത്യത മുഴുവനും അമ്മയെക്കുറിച്ച് ഏറെ പറയപ്പെടും.
നമ്മുടെ പരിശുദ്ധ അമ്മ അമലയായിരുന്നു, അതായത് പാപരഹിതയായിരുന്നു; അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി, അമ്മയുടെ ഉത്ഭവത്തിന്റെ നിമിഷത്തിൽ ഒരു പ്രത്യേക കൃപയാൽ ദൈവം അമ്മയെ ഉത്ഭവപാപത്തിൽനിന്നു കാത്തുസൂക്ഷിച്ചു. ഇതിനെ നാം “പാപത്തിൽനിന്നു കാത്തുസൂക്ഷിക്കുന്ന കൃപ” എന്നു വിളിക്കുന്നു. ആദത്തെയും ഹവ്വയെയും പോലെ അമ്മയും പാപമില്ലാതെ ഉത്ഭവിച്ചു. എന്നാൽ ആദത്തെയും ഹവ്വയെയും പോലെയല്ല, കൃപയുടെ ക്രമത്തിലാണ് അമ്മ ഉത്ഭവിച്ചത്. ഒരുനാൾ താൻ ലോകത്തിലേക്കു കൊണ്ടുവരാനിരുന്ന തന്റെ പുത്രനാൽ, കൃപയിലൂടെ ഇതിനകം രക്ഷിക്കപ്പെട്ടവളായിട്ടാണ് അമ്മ ഉത്ഭവിച്ചത്. അമ്മയുടെ പുത്രൻ ഒരുനാൾ ലോകത്തിന്മേൽ വർഷിക്കാനിരുന്ന കൃപ കാലത്തെ അതിവർത്തിച്ച്, അമ്മയുടെ ഉത്ഭവത്തിന്റെ നിമിഷത്തിൽത്തന്നെ അമ്മയെ ആവരണം ചെയ്തു.
നമ്മുടെ പരിശുദ്ധ അമ്മ അമലയായിരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം, ആദത്തെയും ഹവ്വയെയും പോലെ അമ്മ തന്റെ ജീവിതത്തിലൊരിക്കലും പാപം ചെയ്യാൻ തിരഞ്ഞെടുത്തില്ല എന്നതാണ്. അതിനാൽ അമ്മ പുതിയ ഹവ്വയായി, ജീവിക്കുന്ന എല്ലാവരുടെയും പുതിയ മാതാവായി, തന്റെ പുത്രന്റെ കൃപയിൽ ജീവിക്കുന്ന എല്ലാവരുടെയും പുതിയ മാതാവായി. അമലമായ ഈ അവസ്ഥയുടെയും കൃപയിൽ ജീവിക്കാനുള്ള അമ്മയുടെ നിരന്തരമായ സ്വതന്ത്ര തിരഞ്ഞെടുപ്പിന്റെയും ഫലമായി, ഭൗമികജീവിതം പൂർത്തിയായപ്പോൾ ദൈവം അമ്മയെ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്കു കൊണ്ടുപോയി. മഹിമാപൂർണവും ഗാംഭീര്യമേറിയതുമായ ഈ യാഥാർഥ്യമാണ് ഇന്നു നാം ആഘോഷിക്കുന്നത്.
നമ്മുടെ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെപ്പറ്റി ഇന്ന് ചിന്തിക്കുക. നിങ്ങൾ അമ്മയെ അറിയുന്നുണ്ടോ, നിങ്ങളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള പങ്ക് മനസ്സിലാക്കുന്നുണ്ടോ, അമ്മയുടെ മാതൃസഹജമായ കരുതൽ നിരന്തരം തേടുന്നുണ്ടോ? അമ്മയുടെ പുത്രന്റെ കൃപയിൽ ജീവിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നെങ്കിൽ, അമ്മ നിങ്ങളുടെ മാതാവാണ്. ഈ യാഥാർഥ്യത്തെ ഇന്ന് കൂടുതൽ ആഴത്തിൽ സ്വീകരിക്കുകയും നിങ്ങളുടെ ജീവിതത്തിൽ അമ്മയ്ക്കു കൂടുതൽ പ്രധാനപ്പെട്ട സ്ഥാനം നൽകാൻ തീരുമാനിക്കുകയും ചെയ്യുക. നിങ്ങൾ അങ്ങനെ ചെയ്യുന്നതിൽ യേശു നന്ദിയുള്ളവനായിരിക്കും!
കർത്താവേ, അങ്ങയുടെ അമ്മയോട് അങ്ങയ്ക്കുള്ള അതേ സ്നേഹത്തോടെ അമ്മയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് അമ്മയുടെ പരിപാലനത്തിൽ ഏൽപ്പിക്കപ്പെട്ടതുപോലെ, ഞാനും അമ്മയുടെ പരിപാലനത്തിൽ ഏൽപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്റെ മാതാവും രാജ്ഞിയുമായ മറിയമേ, ഞാൻ അമ്മയിൽ അഭയം തേടുമ്പോൾ എനിക്കുവേണ്ടി പ്രാർഥിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: പീറ്റർ പോൾ റൂബൻസ് രചിച്ച ‘ദിവ്യയും പരിശുദ്ധയുമായ കന്യകാമറിയത്തിന്റെ സ്വർഗാരോപണം’




