മലയാളം

ദൈവത്തിന്റെ മൗനം

2020 ഓഗസ്റ്റ് 16
ആണ്ടുവട്ടക്കാലത്തിലെ ഇരുപതാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

അപ്പോൾ ആ പ്രദേശത്തുനിന്നുള്ള ഒരു കാനാൻകാരി വന്ന് വിളിച്ചുപറഞ്ഞു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കരുണ തോന്നണമേ! എന്റെ മകളെ ഒരു പിശാച് കഠിനമായി പീഡിപ്പിക്കുന്നു.” എന്നാൽ ഈശോ അവളോട് മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല. ഈശോയുടെ ശിഷ്യന്മാർ വന്ന് അവനോട് അപേക്ഷിച്ചു: “അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെ വിളിച്ചുകൊണ്ടിരിക്കുന്നു.” മത്തായി 15:22-23

ഈശോയുടെ പ്രവൃത്തികളെ എളുപ്പത്തിൽ തെറ്റിദ്ധരിക്കാൻ ഇടയുള്ള, ഹൃദയത്തെ ആകർഷിക്കുന്ന സംഭവങ്ങളിൽ ഒന്നാണിത്. സംഭവം മുന്നോട്ടുപോകുമ്പോൾ, സഹായത്തിനായുള്ള ഈ സ്ത്രീയുടെ അഭ്യർഥനയ്ക്ക് ഈശോ ഇങ്ങനെ മറുപടി പറയുന്നു: “മക്കളുടെ ഭക്ഷണമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ശരിയല്ല.” ഹോ! ആദ്യം കേൾക്കുമ്പോൾ ഇത് പരുഷമായി തോന്നുന്നു. എന്നാൽ തീർച്ചയായും അത് പരുഷമായിരുന്നില്ല; കാരണം ഈശോ ഒരിക്കലും പരുഷമായി പെരുമാറിയിരുന്നില്ല.

ഈ സ്ത്രീയോടുള്ള ഈശോയുടെ ആദ്യത്തെ മൗനവും പരുഷമെന്നു തോന്നുന്ന വാക്കുകളും വഴി, അവളുടെ വിശ്വാസത്തെ ശുദ്ധീകരിക്കാൻ മാത്രമല്ല, എല്ലാവർക്കും കാണാവുന്ന വിധത്തിൽ തന്റെ വിശ്വാസം പ്രകടമാക്കാൻ അവൾക്ക് അവസരം നൽകാനും ഈശോയ്ക്കു സാധിക്കുന്നു. ഒടുവിൽ ഈശോ ഉറക്കെ പറയുന്നു: “സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്!”

വിശുദ്ധിയുടെ പാതയിലൂടെ നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സംഭവം നിങ്ങൾക്കുള്ളതാണ്. ശുദ്ധീകരണത്തിന്റെയും അചഞ്ചലമായ ശരണത്തിന്റെയും ഫലമായാണ് വലിയ വിശ്വാസം ഉണ്ടാകുന്നതെന്ന് ഈ സംഭവത്തിലൂടെ നാം മനസ്സിലാക്കുന്നു. ഈ സ്ത്രീ ഈശോയോടു പറയുന്നു: “ദയവായി, കർത്താവേ, നായ്ക്കൾപോലും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന ഭക്ഷണാവശിഷ്ടങ്ങൾ തിന്നുന്നുണ്ടല്ലോ.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ അയോഗ്യതയ്ക്കിടയിലും അവൾ കരുണയ്ക്കായി യാചിച്ചു.

ചില സമയങ്ങളിൽ ദൈവം മൗനം പാലിക്കുന്നതായി തോന്നുമെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് അവിടുത്തെ ആഴമായ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്; കാരണം, യഥാർഥത്തിൽ ഇത് ഏറെ ആഴത്തിൽ അവിടുത്തേക്കു തിരിയാനുള്ള ഒരു ക്ഷണമാണ്. പ്രശംസയും വികാരങ്ങളും ഊട്ടിവളർത്തുന്ന വിശ്വാസത്തിൽനിന്ന്, അവിടുത്തെ കരുണയിലുള്ള നിഷ്കളങ്കമായ ശരണത്താൽ വളരുന്ന വിശ്വാസത്തിലേക്ക് കടക്കാൻ ദൈവത്തിന്റെ മൗനം നമ്മെ സഹായിക്കുന്നു.

ദൈവം മൗനം പാലിക്കുന്നതായി നിങ്ങൾക്കു തോന്നുന്ന ജീവിതനിമിഷങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പുതിയതും കൂടുതൽ ആഴമുള്ളതുമായ തലത്തിൽ ദൈവത്തിൽ ശരണപ്പെടാനുള്ള ക്ഷണത്തിന്റെ നിമിഷങ്ങളാണ് അവയെന്ന് അറിയുക. ദൈവത്തിൽ ശരണപ്പെടാൻ മനസ്സാൽ തീരുമാനിക്കുകയും നിങ്ങളുടെ വിശ്വാസം കൂടുതൽ പൂർണമായി ശുദ്ധീകരിക്കപ്പെടാൻ അനുവദിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളിലും നിങ്ങളിലൂടെയും വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവത്തിനു സാധിക്കും!

കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ കൃപയും കരുണയും സ്വീകരിക്കാൻ ഞാൻ എല്ലാ വിധത്തിലും അയോഗ്യനാണെന്ന് ഞാൻ ഏറ്റുപറയുന്നു. എന്നാൽ അങ്ങ് ഗ്രഹിക്കാവുന്നതിലുമപ്പുറം കരുണയുള്ളവനാണെന്നും, എളിയവനും അയോഗ്യനുമായ പാപിയായ എന്റെമേൽ അങ്ങയുടെ കരുണ ചൊരിയാൻ ആഗ്രഹിക്കത്തക്കവിധം അത് അത്ര വലുതാണെന്നും ഞാൻ ഏറ്റുപറയുന്നു. പ്രിയ കർത്താവേ, ആ കരുണയ്ക്കായി ഞാൻ യാചിക്കുന്നു; എന്റെ പൂർണമായ ശരണം അങ്ങയിൽ വയ്ക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ഹംഗറിയിലെ വിശുദ്ധ സ്റ്റീഫൻ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ