മലയാളം

ഈശോ വരുന്നു!

2020 ഓഗസ്റ്റ് 27
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയൊന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ മോനിക്ക—അനുസ്മരണം

“ഉണർന്നിരിക്കുവിൻ! എന്തെന്നാൽ, നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് നിങ്ങൾ അറിയുന്നില്ല.”  മത്തായി 24:42

ഇന്നാണ് ആ ദിവസമെങ്കിലോ?!  ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ നമ്മുടെ കർത്താവ് തന്റെ സർവപ്രതാപത്തോടും മഹത്വത്തോടുംകൂടെ ഭൂമിയിലേക്കു മടങ്ങിവരുന്ന ദിവസം ഇന്നാണെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിലോ?  നിങ്ങൾ വ്യത്യസ്തമായി പെരുമാറുമായിരുന്നോ?  മിക്കവാറും നാമെല്ലാവരും അങ്ങനെ ചെയ്യുമായിരുന്നു.  ഒരുപക്ഷേ, നമുക്കു കഴിയുന്നത്ര ആളുകളെ ബന്ധപ്പെട്ട് കർത്താവിന്റെ ആസന്നമായ മടങ്ങിവരവിനെക്കുറിച്ച് അവരെ അറിയിക്കുകയും, കുമ്പസാരിക്കുകയും, തുടർന്ന് ആ ദിവസം പ്രാർഥനയിൽ ചെലവഴിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ ഇത്തരമൊരു ചോദ്യത്തോടുള്ള ഏറ്റവും ഉചിതമായ പ്രതികരണം എന്തായിരിക്കും?  ദൈവത്തിൽനിന്നുള്ള ഒരു പ്രത്യേക വെളിപാടിലൂടെ, കർത്താവ് മടങ്ങിവരുന്ന ദിവസം ഇന്നാണെന്ന് നിങ്ങളെ അറിയിച്ചാൽ, ഏറ്റവും ഉചിതമായ പ്രതികരണം എന്തായിരിക്കും?  മറ്റേതൊരു ദിവസത്തെയുംപോലെ ആ ദിവസവും ജീവിക്കുക എന്നതാണ് ഏറ്റവും ഉചിതമായ പ്രതികരണമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്തുകൊണ്ട്?  കാരണം, നാമെല്ലാവരും ഓരോ ദിവസവും നമ്മുടെ അവസാനത്തെ ദിവസമെന്നപോലെ ജീവിക്കുകയും മുകളിൽ ഉദ്ധരിച്ച തിരുവചനത്തിന് അനുദിനം ചെവികൊടുക്കുകയും ചെയ്യുക എന്നതാണല്ലോ ഉത്തമമായ ജീവിതരീതി.  ഓരോ ദിവസവും “ഉണർന്നിരിക്കുവാനും” ഏതു നിമിഷവും നമ്മുടെ കർത്താവിന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്കുവാനും നാം പരിശ്രമിക്കുന്നു.  ഈ തിരുവചനം നാം യഥാർഥത്തിൽ ജീവിതത്തിൽ സ്വീകരിക്കുന്നുണ്ടെങ്കിൽ, അവിടുത്തെ മടങ്ങിവരവ് ഇന്നോ നാളെയോ അടുത്ത വർഷമോ അനേകം വർഷങ്ങൾക്കു ശേഷമോ എന്നത് പ്രസക്തമല്ല.

എന്നാൽ “ഉണർന്നിരിക്കുവിൻ” എന്ന ഈ ആഹ്വാനം ക്രിസ്തുവിന്റെ അന്തിമവും മഹത്വപൂർണവുമായ വരവിനെ മാത്രമല്ല സൂചിപ്പിക്കുന്നത്.  നമ്മുടെ കർത്താവ് കൃപയാൽ നമ്മുടെ അടുത്തേക്കു വരുന്ന ഓരോ ദിവസത്തിലെയും ഓരോ നിമിഷത്തെയും അതു സൂചിപ്പിക്കുന്നു.  നമ്മുടെ ഹൃദയങ്ങളിലും ആത്മാക്കളിലുമുണ്ടാകുന്ന അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഓരോ പ്രേരണയെയും അതു സൂചിപ്പിക്കുന്നു.  തന്നോട് കൂടുതൽ അടുത്തുവരാൻ നമ്മെ വിളിക്കുന്ന അവിടുത്തെ നിരന്തരമായ മൃദുമന്ത്രണങ്ങളെയും അതു സൂചിപ്പിക്കുന്നു.

ഈ വഴികളിലൂടെ ഓരോ ദിവസവും അവിടുന്ന് നിങ്ങളുടെ അടുത്തേക്കു വരുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?  നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ പൂർണമായി കടന്നുവരാൻ അവിടുന്ന് ശ്രമിക്കുന്ന എണ്ണമറ്റ വഴികൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?  നമ്മുടെ കർത്താവ് തന്റെ അന്തിമവിജയത്തിൽ വരുന്ന ദിവസം നമുക്ക് അറിയില്ലെങ്കിലും, ഓരോ ദിവസവും ഓരോ ദിവസത്തിലെയും ഓരോ നിമിഷവും അവിടുന്ന് കൃപയാൽ വരുന്ന നിമിഷമാണെന്ന് നമുക്കറിയാം.  അവിടുത്തെ സ്വരത്തിനായി കാതോർക്കുക, ശ്രദ്ധയുള്ളവരായിരിക്കുക, ജാഗരൂകരായിരിക്കുക, ഉണർന്നിരിക്കുക!

കർത്താവേ, അങ്ങയുടെ സ്വരം തേടാനും എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യം ശ്രദ്ധിക്കാനും എന്നെ സഹായിക്കണമേ.  അങ്ങ് വിളിക്കുമ്പോൾ അങ്ങയുടെ സ്വരം കേൾക്കാൻ ഞാൻ എപ്പോഴും ഉണർന്നും ഒരുങ്ങിയും ഇരിക്കട്ടെ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – വിശുദ്ധ മോനിക്ക

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ചാൾസ്റ്റൺ, SC-യിലെ വിശുദ്ധ മത്തായിയുടെ ലൂഥറൻ ദേവാലയത്തിൽ ക്രിസ്തുവിന്റെ രണ്ടാം വരവ് ചിത്രീകരിച്ചിരിക്കുന്ന ജനൽച്ചില്ല്.