മലയാളം

നമ്മുടെ പരിശുദ്ധ അമ്മയുടെ വ്യാകുലഹൃദയം

2020 സെപ്റ്റംബർ 15, ചൊവ്വാഴ്ച

വ്യാകുലമാതാവിന്റെ അനുസ്മരണം

ഇന്നത്തെ വായനകൾ

“ഇതാ, ഈ ശിശു ഇസ്രായേലിൽ അനേകരുടെ പതനത്തിനും ഉത്ഥാനത്തിനും എതിർക്കപ്പെടുന്ന ഒരു അടയാളമാകുന്നതിനുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു. അനേകം ഹൃദയങ്ങളിലെ ചിന്തകൾ വെളിപ്പെടേണ്ടതിന് നിന്നെയും ഒരു വാൾ തുളച്ചുകയറും.”  ലൂക്കാ 2:34-35

എത്ര ആഴമുള്ളതും അർഥസമ്പന്നവും ജീവിതയാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നതുമായ ഒരു തിരുനാളാണ് നാം ഇന്ന് ആഘോഷിക്കുന്നത്!  തന്റെ പുത്രന്റെ പീഡകൾ സഹിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ അഗാധമായ വ്യാകുലതയിലേക്ക് പ്രവേശിക്കാൻ ഇന്ന് നാം ശ്രമിക്കുന്നു.

ഒരു അമ്മയുടെ പരിപൂർണ്ണ സ്നേഹത്തോടെയാണ് പരിശുദ്ധ മറിയം തന്റെ പുത്രനായ യേശുവിനെ സ്നേഹിച്ചത്.  ശ്രദ്ധേയമായ കാര്യം, യേശുവിനോടുള്ള ആ പരിപൂർണ്ണ സ്നേഹം തന്നെയായിരുന്നു അമ്മയുടെ ആഴമായ ആത്മീയ സഹനത്തിന്റെ ഉറവിടം എന്നതാണ്.  യേശുവിന്റെ കുരിശിലും പീഡകളിലും അവനോടൊപ്പം ആയിരിക്കാൻ ആ സ്നേഹം അമ്മയെ പ്രേരിപ്പിച്ചു.  അതുകൊണ്ട്, യേശു സഹിച്ചപ്പോൾ അവന്റെ അമ്മയും സഹിച്ചു.

എന്നാൽ അമ്മയുടെ സഹനം നിരാശയിൽനിന്നുള്ളതായിരുന്നില്ല; അത് സ്നേഹത്തിൽനിന്നുള്ള സഹനമായിരുന്നു.  അതിനാൽ, അമ്മയുടെ വ്യാകുലത കേവലം സങ്കടമായിരുന്നില്ല; മറിച്ച്, യേശു സഹിച്ച സകലതിലുമുള്ള ആഴമായ പങ്കുചേരലായിരുന്നു അത്.  അമ്മയുടെ ഹൃദയം പുത്രന്റെ ഹൃദയത്തോട് പരിപൂർണ്ണമായി ഐക്യപ്പെട്ടിരുന്നു. അതിനാൽ അവൻ സഹിച്ചതെല്ലാം അമ്മയും സഹിച്ചു.  ഏറ്റവും ആഴമേറിയതും മനോഹരവുമായ തലത്തിലുള്ള യഥാർഥ സ്നേഹമാണിത്.

ഇന്ന്, അമ്മയുടെ വ്യാകുലഹൃദയത്തിന്റെ ഈ അനുസ്മരണത്തിൽ, പരിശുദ്ധ അമ്മയുടെ വ്യാകുലതയോട് ഐക്യപ്പെട്ടു ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.  അമ്മയെ സ്നേഹിക്കുമ്പോൾ, ലോകത്തിന്റെ പാപങ്ങൾ നിമിത്തം അമ്മയുടെ ഹൃദയം ഇപ്പോഴും അനുഭവിക്കുന്ന അതേ വേദനയും സഹനവും നാമും അനുഭവിച്ചറിയുന്നു.  നമ്മുടെ സ്വന്തം പാപങ്ങൾ ഉൾപ്പെടെയുള്ള ആ പാപങ്ങളാണ് അമ്മയുടെ പുത്രനെ കുരിശിൽ തറച്ചത്.

നമ്മുടെ പരിശുദ്ധ അമ്മയെയും അമ്മയുടെ പുത്രനായ യേശുവിനെയും സ്നേഹിക്കുമ്പോൾ, പാപത്തെക്കുറിച്ചും നാം ദുഃഖിക്കും; ആദ്യം നമ്മുടെ സ്വന്തം പാപങ്ങളെക്കുറിച്ചും പിന്നെ മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ചും.  എന്നാൽ പാപത്തെക്കുറിച്ച് നാം അനുഭവിക്കുന്ന ദുഃഖവും സ്നേഹത്തിൽനിന്നുള്ള ദുഃഖമാണെന്ന് അറിയേണ്ടത് പ്രധാനമാണ്.  നമുക്കു ചുറ്റുമുള്ളവരോട്, പ്രത്യേകിച്ച് മുറിവേറ്റവരോടും പാപത്തിൽ അകപ്പെട്ടവരോടും, കൂടുതൽ ആഴമായ അനുകമ്പയും ഐക്യവും പുലർത്താൻ ആത്യന്തികമായി നമ്മെ പ്രേരിപ്പിക്കുന്ന വിശുദ്ധമായ ഒരു ദുഃഖമാണത്.  നമ്മുടെ സ്വന്തം ജീവിതത്തിൽ പാപത്തിൽനിന്ന് പിന്തിരിയാനും അത് നമ്മെ പ്രേരിപ്പിക്കുന്നു.

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ പരിപൂർണ്ണ സ്നേഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  എല്ലാ സഹനങ്ങൾക്കും വേദനകൾക്കും അതീതമായി ഉയരാൻ ആ സ്നേഹത്തിനു കഴിയും. അതേ സ്നേഹം തന്നെയാണ് നിങ്ങളുടെ ഹൃദയത്തിലും ദൈവം നിറയ്ക്കാൻ ആഗ്രഹിക്കുന്നത്.

കർത്താവേ, അങ്ങയുടെ പ്രിയപ്പെട്ട അമ്മയുടെ സ്നേഹത്തോടെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  അമ്മ അനുഭവിച്ച അതേ വിശുദ്ധമായ ദുഃഖം അനുഭവിക്കാനും, സഹിക്കുന്ന എല്ലാവരോടുമുള്ള എന്റെ കരുതലും അനുകമ്പയും ആഴപ്പെടുത്താൻ ആ വിശുദ്ധ ദുഃഖത്തെ അനുവദിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.  പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – വ്യാകുലമാതാവ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം:  വില്യം-അഡോൾഫ് ബൂഗറോയുടെ പിയെത്ത