2020 സെപ്റ്റംബർ 29, ചൊവ്വാഴ്ച
പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേലിന്റെയും ഗബ്രിയേലിന്റെയും റഫായേലിന്റെയും തിരുനാൾ

“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗം തുറക്കപ്പെടുന്നതും ദൈവത്തിന്റെ ദൂതന്മാർ മനുഷ്യപുത്രന്റെ മേൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.” യോഹന്നാൻ 1:51
അതെ, മാലാഖമാർ യഥാർഥത്തിൽ ഉണ്ട്. അവർ ശക്തരും മഹിമയുള്ളവരും സുന്ദരരും എല്ലാ വിധത്തിലും മഹത്ത്വപൂർണരുമാണ്. സ്വർഗത്തിലെ അസംഖ്യം മാലാഖമാരിൽ മൂന്നുപേരെ നാം ഇന്ന് ആദരിക്കുന്നു: മിഖായേൽ, ഗബ്രിയേൽ, റഫായേൽ.
ഈ മാലാഖമാർ “പ്രധാനദൂതന്മാർ” ആണ്. കാവൽമാലാഖമാർക്ക് തൊട്ടുമുകളിലുള്ള രണ്ടാമത്തെ ഗണത്തിലാണ് പ്രധാനദൂതന്മാർ ഉൾപ്പെടുന്നത്. നാം പൊതുവേ മാലാഖമാർ എന്നു വിളിക്കുന്ന സ്വർഗീയജീവികൾക്ക് ആകെ ഒൻപതു ഗണങ്ങളുണ്ട്. പാരമ്പര്യമനുസരിച്ച് ഈ ഒൻപതു ഗണങ്ങളെയും മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഈ ശ്രേണി മുഴുവനും പരമ്പരാഗതമായി ക്രമീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
ഏറ്റവും ഉയർന്ന തലം: സ്രാപ്പേന്മാർ, ക്രോവേന്മാർ, സിംഹാസനങ്ങൾ.
മധ്യതലം: ആധിപത്യങ്ങൾ, ശക്തികൾ, അധികാരങ്ങൾ.
താഴത്തെ തലം: പ്രഭുത്വങ്ങൾ, പ്രധാനദൂതന്മാർ, മാലാഖമാർ (കാവൽമാലാഖമാർ).
ഈ സ്വർഗീയജീവികളുടെ ശ്രേണി അവരുടെ പ്രവർത്തനത്തിനും ലക്ഷ്യത്തിനും അനുസൃതമായാണ് ക്രമീകരിച്ചിരിക്കുന്നത്. അവരിൽ ഏറ്റവും ഉയർന്നവരായ സ്രാപ്പേന്മാർ, ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റും നിരന്തരം ആരാധനയും സ്തുതിയും അർപ്പിച്ചുകൊണ്ടിരിക്കുക എന്ന ഏക ലക്ഷ്യത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്. ഏറ്റവും താഴെയുള്ള കാവൽമാലാഖമാർ, മനുഷ്യരെ പരിപാലിക്കാനും ദൈവത്തിന്റെ സന്ദേശങ്ങൾ അറിയിക്കാനുമായി സൃഷ്ടിക്കപ്പെട്ടവരാണ്. ഇന്ന് നാം ആദരിക്കുന്ന പ്രധാനദൂതന്മാർ, അതീവ പ്രാധാന്യമുള്ള സന്ദേശങ്ങൾ നമുക്ക് എത്തിച്ചുതരാനും നമ്മുടെ ജീവിതത്തിൽ അത്യന്തം പ്രധാനപ്പെട്ട ദൗത്യങ്ങൾ നിറവേറ്റാനുമായി സൃഷ്ടിക്കപ്പെട്ടവരാണ്.
ലൂസിഫറിനെ സ്വർഗത്തിൽനിന്നു പുറത്താക്കാൻ ദൈവം ശക്തി നൽകിയ പ്രധാനദൂതൻ എന്ന നിലയിലാണ് മിഖായേൽ സുപരിചിതനായിരിക്കുന്നത്. ലൂസിഫർ സ്വർഗീയജീവികളുടെ ഏറ്റവും ഉയർന്ന തലത്തിൽപ്പെട്ടവനായിരുന്നുവെന്നാണ് പരമ്പരാഗതമായി കരുതപ്പെടുന്നത്. അതിനാൽ, താഴ്ന്ന നിലയിലുള്ള ഒരു പ്രധാനദൂതനാൽ പുറത്താക്കപ്പെട്ടത് വലിയൊരു അപമാനമായിരുന്നു.
പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യാവതാരത്തിന്റെ സന്ദേശം കൊണ്ടുവന്ന പ്രധാനദൂതൻ എന്ന നിലയിലാണ് ഗബ്രിയേൽ സുപരിചിതനായിരിക്കുന്നത്.
“ദൈവം സൗഖ്യം നൽകുന്നു” എന്ന് പേരിന് അർഥമുള്ള റഫായേലിനെക്കുറിച്ച് പഴയനിയമത്തിലെ തോബിത്തിന്റെ പുസ്തകത്തിൽ പരാമർശമുണ്ട്. തോബിത്തിന്റെ കണ്ണുകൾക്ക് സൗഖ്യം നൽകാനാണ് അദ്ദേഹം അയയ്ക്കപ്പെട്ടതെന്നും പറയപ്പെടുന്നു.
ഈ പ്രധാനദൂതന്മാരെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും, അവരിൽ വിശ്വസിക്കുകയും അവരെ ആദരിക്കുകയും അവരോടു പ്രാർഥിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സൗഖ്യം പകരാനും തിന്മയോടു പോരാടാനും ദൈവവചനം പ്രഘോഷിക്കാനും നമ്മെ സഹായിക്കുക എന്ന ദൗത്യം ദൈവം അവരെ ഏൽപ്പിച്ചിട്ടുണ്ടെന്ന് നാം വിശ്വസിക്കുന്നതിനാലാണ് അവരോടു പ്രാർഥിക്കുന്നത്. അവരുടെ ശക്തി ദൈവത്തിൽനിന്നാണ് വരുന്നത്. എന്നാൽ തന്റെ പദ്ധതിയും ലക്ഷ്യവും നിറവേറ്റാൻ പ്രധാനദൂതന്മാരെയും എല്ലാ സ്വർഗീയജീവികളെയും ഉപയോഗിക്കാൻ ദൈവം തിരുമനസ്സായിരിക്കുന്നു.
മാലാഖമാരെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെപ്പറ്റി ഇന്ന് ചിന്തിക്കുക. നിങ്ങൾ അവരിൽ വിശ്വസിക്കുന്നുണ്ടോ? അവരെ ആദരിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ അവരുടെ ശക്തമായ മാധ്യസ്ഥ്യത്തിലും ഇടപെടലിലും ആശ്രയിക്കുന്നുണ്ടോ? അവരെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങളുടെ ജീവിതത്തിൽ അവരുടെ സഹായം നിങ്ങൾ തീർച്ചയായും തേടണം.
കർത്താവേ, ഇന്ന് ഞങ്ങൾ ആദരിക്കുന്ന പ്രധാനദൂതന്മാരെ ദാനമായി നൽകിയതിന് അങ്ങേക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ അവർ നടത്തുന്ന ശക്തമായ പ്രവർത്തനത്തിന് നന്ദി. അവരിൽ ആശ്രയിക്കാനും അവരുടെ സേവനത്തെപ്രതി അവരെ സ്നേഹിക്കാനും ഞങ്ങളെ സഹായിക്കണമേ. പ്രധാനദൂതന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ, ഞങ്ങൾക്ക് സൗഖ്യം നൽകണമേ, ഞങ്ങളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
എട്ടാം ദിവസം: ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുള്ള നൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ തിരുനാൾ– പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: ഫ്രാൻചെസ്കോ ബൊത്തിച്ചീനി വരച്ച തോബിയാസിനോടൊപ്പമുള്ള മൂന്നു പ്രധാനദൂതന്മാർ




