മലയാളം

ദൈവത്തിന്റെ ദൃഷ്ടിയിലെ സമത്വം

2020 നവംബർ 15
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോട് ഈ ഉപമ പറഞ്ഞു: “യാത്ര പുറപ്പെടാനിരുന്ന ഒരുവൻ തന്റെ ദാസന്മാരെ വിളിച്ച് തന്റെ സ്വത്ത് അവരെ ഏൽപ്പിച്ചു. ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും മൂന്നാമത്തവന് ഒന്നും കൊടുത്തു—ഓരോരുത്തനും അവനവന്റെ കഴിവനുസരിച്ച്. പിന്നെ അവൻ യാത്ര പുറപ്പെട്ടു.” മത്തായി 25:14-15

ഈ ഭാഗത്തോടെയാണ് താലന്തുകളുടെ ഉപമ ആരംഭിക്കുന്നത്. തങ്ങൾക്ക് ലഭിച്ചതുപയോഗിച്ച് കൂടുതൽ സമ്പാദിക്കാൻ ദാസന്മാരിൽ രണ്ടുപേർ കഠിനമായി അധ്വാനിച്ചു. ദാസന്മാരിൽ ഒരുവൻ ഒന്നും ചെയ്യാതിരുന്നതിനാൽ ഒടുവിൽ ശിക്ഷാവിധി ഏറ്റുവാങ്ങി. ഈ ഉപമയിൽനിന്ന് നമുക്ക് പഠിക്കാൻ ഏറെ പാഠങ്ങളുണ്ട്. സമത്വത്തെക്കുറിച്ചുള്ള ഒരു പാഠം നമുക്ക് പരിചിന്തിക്കാം.

ഓരോ ദാസനെയും വ്യത്യസ്ത എണ്ണം താലന്തുകളാണ് ഏൽപ്പിച്ചതെന്ന കാര്യം ആദ്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. അക്കാലത്ത് ഉപയോഗിച്ചിരുന്ന നാണയവ്യവസ്ഥയെയാണ് താലന്ത് സൂചിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും “തുല്യാവകാശങ്ങൾ” എന്നു വിളിക്കുന്ന കാര്യത്തിൽ നാം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. മറ്റുള്ളവരോട് നമ്മെക്കാൾ മെച്ചമായി പെരുമാറുന്നതായി തോന്നിയാൽ നമുക്ക് അസൂയയും കോപവും തോന്നും. നീതിയില്ലായ്മയുണ്ടെന്ന് തോന്നുമ്പോഴെല്ലാം അതിനെതിരെ ശക്തമായി ശബ്ദമുയർത്തുന്നവരും ഏറെയുണ്ട്.

ഈ കഥയിൽ, മറ്റു രണ്ടുപേർക്ക് അഞ്ചും രണ്ടും താലന്തുകൾ ലഭിക്കുന്നതു കണ്ടശേഷം ഒരു താലന്തു മാത്രം ലഭിച്ചയാൾ നിങ്ങളായിരുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? വഞ്ചിക്കപ്പെട്ടതായി തോന്നുമായിരുന്നോ? നിങ്ങൾ പരാതിപ്പെടുമായിരുന്നോ? ഒരുപക്ഷേ, അങ്ങനെ ചെയ്തേക്കാം.

ഈ ഉപമയുടെ സന്ദേശത്തിന്റെ കാതൽ, ഒരാൾ തനിക്കു ലഭിച്ചതുകൊണ്ട് എന്തു ചെയ്യുന്നു എന്നതിലാണെങ്കിലും, ദൈവം വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്ത അളവുകളിൽ നൽകുന്നതായി കാണപ്പെടുന്നു എന്നതു ശ്രദ്ധേയമാണ്. ചിലർക്ക് അനുഗ്രഹങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും സമൃദ്ധിയെന്നു തോന്നുന്ന വിധത്തിൽ അവിടുന്നു നൽകുന്നു. മറ്റുചിലർക്ക് ഈ ലോകം വിലമതിക്കുന്നവയിൽ വളരെ കുറച്ചു മാത്രമേ അവിടുന്നു നൽകുന്നുള്ളൂ എന്നു തോന്നുന്നു.

ദൈവത്തിന്റെ നീതിക്ക് ഒരു വിധത്തിലും കുറവില്ല. അതുകൊണ്ട്, ജീവിതം എല്ലായ്‌പ്പോഴും നീതിപൂർവവും തുല്യവുമായി “കാണപ്പെടണമെന്നില്ല” എന്ന വസ്തുത അംഗീകരിക്കാൻ ഈ ഉപമ നമ്മെ സഹായിക്കണം. എന്നാൽ ഇത് ലൗകികമായ കാഴ്ചപ്പാടാണ്, ദൈവികമായതല്ല. ദൈവത്തിന്റെ കാഴ്ചപ്പാടിൽ, ലോകദൃഷ്ടിയിൽ വളരെ കുറച്ചു മാത്രം ലഭിച്ചവർക്കും, ഏറെ ഏൽപ്പിക്കപ്പെട്ടവരെപ്പോലെതന്നെ സമൃദ്ധമായി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു ശതകോടീശ്വരനും ഒരു ഭിക്ഷക്കാരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ചിന്തിക്കുക. അല്ലെങ്കിൽ ഒരു മെത്രാനും ഒരു സാധാരണ അൽമായനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്. നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എളുപ്പമാണ്. എന്നാൽ യഥാർഥത്തിൽ പ്രാധാന്യമുള്ള ഒരേയൊരു കാര്യം, നമുക്കു ലഭിച്ചതുകൊണ്ട് നാം എന്തു ചെയ്യുന്നു എന്നതാണ്. ജീവിതത്തിൽ അത്യന്തം ദുഷ്കരമായ സാഹചര്യം നേരിടേണ്ടിവന്ന ഒരു ദരിദ്ര ഭിക്ഷക്കാരനാണ് നിങ്ങളെങ്കിലും, മറ്റാരെയുംപോലെതന്നെ ദൈവത്തെ മഹത്വപ്പെടുത്താനും സമൃദ്ധമായി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാനും നിങ്ങൾക്കും കഴിയും.

ദൈവം നിങ്ങൾക്കു നൽകിയിട്ടുള്ള സകലതിനെയും കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ “താലന്തുകൾ” എന്തൊക്കെയാണ്? ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് എന്തൊക്കെയാണ് ലഭിച്ചിട്ടുള്ളത്? ഭൗതികാനുഗ്രഹങ്ങൾ, ജീവിതസാഹചര്യങ്ങൾ, സ്വാഭാവിക കഴിവുകൾ, അസാധാരണ കൃപകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. നിങ്ങൾക്കു ലഭിച്ചവ നിങ്ങൾ എത്ര നന്നായി ഉപയോഗിക്കുന്നു? നിങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. പകരം, നിങ്ങൾക്കു ലഭിച്ചവ ദൈവമഹത്വത്തിനായി ഉപയോഗിക്കുക; നിത്യത മുഴുവൻ നിങ്ങൾക്കു പ്രതിഫലം ലഭിക്കും.

കർത്താവേ, എന്നെത്തന്നെ പൂർണമായി ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് എനിക്കു നൽകിയ എല്ലാറ്റിനും ഞാൻ നന്ദി പറയുന്നു. എനിക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും അങ്ങയുടെ മഹത്വത്തിനും അങ്ങയുടെ രാജ്യത്തിന്റെ വളർച്ചയ്ക്കുമായി ഉപയോഗിക്കാൻ എനിക്കു കഴിയുമാറാകട്ടെ. എന്നെത്തന്നെ മറ്റുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യാതെ, എന്റെ ജീവിതത്തിൽ അങ്ങയുടെ പരിശുദ്ധമായ തിരുവിഷ്ടം നിറവേറുന്നതിൽ മാത്രം ഞാൻ ശ്രദ്ധ പതിപ്പിക്കുമാറാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ആൽബർട്ട്
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ ഈ ഓർമദിനം ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ആന്ദ്രേ മിറോനോവ് വരച്ച താലന്തുകളുടെ ഉപമ