2020 നവംബർ 14
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

“മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?” ലൂക്കാ 18:8b
യേശു ഉന്നയിക്കുന്ന നല്ലതും ചിന്തോദ്ദീപകവുമായ ഒരു ചോദ്യമാണിത്. നമ്മിൽ ഓരോരുത്തരോടും അവിടുന്ന് ഈ ചോദ്യം ചോദിക്കുകയും വ്യക്തിപരമായി ഉത്തരം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. നമ്മിൽ ഓരോരുത്തരുടെയും ഹൃദയത്തിൽ വിശ്വാസമുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഉത്തരം.
അപ്പോൾ, യേശുവിനോടുള്ള നിങ്ങളുടെ ഉത്തരം എന്താണ്? “ഉണ്ട്” എന്നായിരിക്കും ഉത്തരം എന്നു കരുതാം. എന്നാൽ അത് വെറുമൊരു ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന ഉത്തരമല്ല. ആഴത്തിലും ഉറപ്പിലും നിരന്തരം വളരുന്ന ഒരു “ഉണ്ട്” ആയിരിക്കട്ടെ അത്.
എന്താണ് വിശ്വാസം? നമ്മുടെ ഹൃദയങ്ങളിൽ സംസാരിക്കുന്ന ദൈവത്തോട് നമ്മിൽ ഓരോരുത്തരും നൽകുന്ന പ്രത്യുത്തരമാണ് വിശ്വാസം. വിശ്വാസമുണ്ടാകണമെങ്കിൽ ആദ്യം നാം ദൈവം സംസാരിക്കുന്നത് കേൾക്കണം. നമ്മുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ അവിടുന്ന് തന്നെത്തന്നെ നമുക്കു വെളിപ്പെടുത്താൻ നാം അനുവദിക്കണം. അവിടുന്ന് അങ്ങനെ ചെയ്യുമ്പോൾ, അവിടുന്ന് വെളിപ്പെടുത്തുന്ന എല്ലാറ്റിനോടും പ്രത്യുത്തരിച്ചുകൊണ്ട് നാം വിശ്വാസം പ്രകടമാക്കുന്നു. നമ്മോടു സംസാരിക്കുന്ന അവിടുത്തെ വചനത്തിൽ നാം വിശ്വസിക്കാൻ തുടങ്ങുന്നു. വിശ്വസിക്കുക എന്ന ഈ പ്രവൃത്തിയാണ് നമ്മെ മാറ്റുകയും നമ്മിൽ വിശ്വാസം രൂപപ്പെടുത്തുകയും ചെയ്യുന്നത്.
വിശ്വാസം എന്നത് വെറുതെ എന്തെങ്കിലും വിശ്വസിക്കുന്നതല്ല. ദൈവം നമ്മോടു സംസാരിക്കുന്നതിൽ വിശ്വസിക്കലാണ് അത്. അവിടുത്തെ വചനത്തിൽത്തന്നെയും അവിടുത്തന്നിലുമുള്ള വിശ്വാസമാണത്. ശ്രദ്ധേയമായ കാര്യം, വിശ്വാസമെന്ന ദാനത്തിലേക്കു നാം പ്രവേശിക്കുമ്പോൾ, ദൈവത്തെക്കുറിച്ചും അവിടുന്ന് പറയുന്ന സകലതിനെക്കുറിച്ചുമുള്ള നമ്മുടെ ഉറപ്പ് അത്യന്തം ആഴത്തിൽ വളരുന്നു എന്നതാണ്. ആ ഉറപ്പാണ് ദൈവം നമ്മുടെ ജീവിതത്തിൽ അന്വേഷിക്കുന്നത്; മുകളിൽ അവിടുന്ന് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയായിരിക്കും.
നിങ്ങളുടെ വിശ്വാസം എത്രമാത്രം യഥാർഥവും ഉറപ്പുള്ളതുമാണെന്ന് ഇന്ന് ചിന്തിക്കുക. യേശു നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നതിനെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ ഹൃദയത്തിൽ അവിടുന്ന് വിശ്വാസം കണ്ടെത്തുമോ? അവിടുത്തോടുള്ള നിങ്ങളുടെ “ഉണ്ട്” എന്ന മറുപടി വളരട്ടെ. ഓരോ ദിവസവും അവിടുന്ന് നിങ്ങൾക്കു വെളിപ്പെടുത്തുന്ന സകലതും കൂടുതൽ ആഴത്തിൽ സ്വീകരിക്കാൻ സ്വയം സമർപ്പിക്കുക. അവിടുന്ന് വെളിപ്പെടുത്തുന്ന എല്ലാറ്റിനും “അതെ” എന്നു പറയാൻ കഴിയേണ്ടതിന് അവിടുത്തെ സ്വരം തേടാൻ ഭയപ്പെടരുത്.
കർത്താവേ, വിശ്വാസത്തിൽ വളരാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തിലും അങ്ങയെക്കുറിച്ചുള്ള അറിവിലും വളരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ വിശ്വാസം സജീവമായിരിക്കട്ടെ. ഞാൻ അങ്ങേക്കു സമർപ്പിക്കുന്ന അമൂല്യമായൊരു സമ്മാനമായി ആ വിശ്വാസം അങ്ങ് കണ്ടെത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഹാൻസ് മെംലിങ്ങിന്റെ ‘അന്ത്യവിധി’





