ഏപ്രിൽ 25, 2021
ഉയിർപ്പുകാലത്തിലെ നാലാം ഞായർ (വർഷം ബി)—നല്ല ഇടയന്റെ ഞായർ
ഇന്നത്തെ വായനകൾ
യേശു പറഞ്ഞു: “ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ അവയെ പിടിക്കുകയും ചിതറിക്കുകയും ചെയ്യുന്നു. അവൻ കൂലിക്കുവേണ്ടി ജോലി ചെയ്യുന്നവനും ആടുകളെക്കുറിച്ച് കരുതലില്ലാത്തവനുമായതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.” യോഹന്നാൻ 10:11
പരമ്പരാഗതമായി, ഉയിർപ്പുകാലത്തിലെ ഈ നാലാം ഞായർ “നല്ല ഇടയന്റെ ഞായർ” എന്നു വിളിക്കപ്പെടുന്നു. കാരണം, ആരാധനാക്രമത്തിലെ മൂന്നു വർഷങ്ങളിലും ഈ ഞായറാഴ്ചത്തെ വായനകൾ യോഹന്നാന്റെ സുവിശേഷത്തിലെ പത്താം അധ്യായത്തിൽനിന്നാണ് എടുത്തിരിക്കുന്നത്. അതിൽ നല്ല ഇടയൻ എന്ന തന്റെ ദൗത്യത്തെക്കുറിച്ച് യേശു വ്യക്തമായും ആവർത്തിച്ചും പഠിപ്പിക്കുന്നു. ഒരു ഇടയനായിരിക്കുക എന്നതിന്റെ അർഥമെന്താണ്? കൂടുതൽ കൃത്യമായി പറഞ്ഞാൽ, നമുക്കെല്ലാവർക്കും നല്ല ഇടയനായി യേശു ഏറ്റവും പൂർണമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ഇടയനായ യേശുവിന്റെ രൂപം ഹൃദയത്തിൽ സ്നേഹമുണർത്തുന്നതാണ്. ഒരു ആടിനെ കൈകളിലോ തോളിലോ വഹിക്കുന്ന, സൗമ്യനും ദയാലുവുമായ മനുഷ്യനായി പല കലാകാരന്മാരും യേശുവിനെ ചിത്രീകരിച്ചിട്ടുണ്ട്. ഇന്ന് ധ്യാനിക്കാനായി നാം മനസ്സിൽ കൊണ്ടുവരുന്നത് ഭാഗികമായി ഈ വിശുദ്ധചിത്രമാണ്. നമ്മെ ആകർഷിക്കുന്ന ഈ ചിത്രം, ആവശ്യനേരത്ത് ഒരു കുട്ടി മാതാവിനെയോ പിതാവിനെയോ സമീപിക്കുന്നതുപോലെ നമ്മുടെ കർത്താവിലേക്കു തിരിയാൻ നമ്മെ സഹായിക്കുന്നു. എന്നാൽ ഇടയനായ യേശുവിന്റെ സൗമ്യവും സ്നേഹനിർഭരവുമായ ഈ ചിത്രം ഏറെ ആകർഷകമാണെങ്കിലും, ഇടയൻ എന്ന അവിടുത്തെ ദൗത്യത്തിന്റെ മറ്റു വശങ്ങളും പരിഗണിക്കേണ്ടതുണ്ട്.
മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗം, നല്ല ഇടയന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണത്തെക്കുറിച്ച് യേശു നൽകുന്ന നിർവചനത്തിന്റെ സാരം നമുക്കു വെളിപ്പെടുത്തുന്നു. “ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നവനാണ്” നല്ല ഇടയൻ. തന്റെ സംരക്ഷണത്തിൽ ഏൽപ്പിക്കപ്പെട്ടവർക്കുവേണ്ടി സ്നേഹത്താൽ സഹിക്കാൻ സന്നദ്ധനായവനാണ് അവൻ. സ്വന്തം ജീവനേക്കാൾ ആടുകളുടെ ജീവന് മുൻഗണന നൽകുന്നവനാണ് അവൻ. ഈ പ്രബോധനത്തിന്റെ ഹൃദയഭാഗത്ത് ത്യാഗമാണ്. ഒരു ഇടയൻ ത്യാഗസന്നദ്ധനാണ്. ത്യാഗസന്നദ്ധതയാണ് സ്നേഹത്തിന്റെ ഏറ്റവും സത്യവും കൃത്യവുമായ നിർവചനം.
നമുക്കെല്ലാവർക്കും വേണ്ടി തന്റെ ജീവൻ അർപ്പിച്ച “നല്ല ഇടയൻ” യേശുവാണെങ്കിലും, മറ്റുള്ളവരോടുള്ള അവിടുത്തെ ത്യാഗപൂർണമായ സ്നേഹം അനുകരിക്കാൻ നാമും ദിവസവും പരിശ്രമിക്കണം. ഓരോ ദിവസവും മറ്റുള്ളവർക്കു നാം നല്ല ഇടയനായ ക്രിസ്തുവായിരിക്കണം. മറ്റുള്ളവർക്കുവേണ്ടി നമ്മുടെ ജീവൻ അർപ്പിക്കാനുള്ള വഴികൾ അന്വേഷിച്ചും, അവർക്കു മുൻഗണന നൽകിയും, സ്വാർഥമായ എല്ലാ പ്രവണതകളെയും അതിജീവിച്ചും, നമ്മുടെ ജീവിതംകൊണ്ട് അവരെ സേവിച്ചുമാണ് നാം ഇതു ചെയ്യുന്നത്. മറ്റുള്ളവരോടൊപ്പം സ്നേഹനിർഭരവും ഹൃദയത്തിന് ഊഷ്മളത പകരുന്നതുമായ നിമിഷങ്ങൾ അനുഭവിക്കുക മാത്രമല്ല സ്നേഹം; സർവോപരി, സ്നേഹം എന്നത് ത്യാഗസന്നദ്ധതയാണ്.
നല്ല ഇടയനായ യേശുവിന്റെ ഈ രണ്ടു ചിത്രങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആദ്യം, വിശുദ്ധവും കരുണാർദ്രവും സ്നേഹനിർഭരവുമായ വിധത്തിൽ നിങ്ങളെ സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വാത്സല്യവും സൗമ്യതയുമുള്ള കർത്താവിനെക്കുറിച്ച് ചിന്തിക്കുക. തുടർന്ന് കുരിശുമരണത്തിലേക്കു നിങ്ങളുടെ ദൃഷ്ടി തിരിക്കുക. നമ്മുടെ നല്ല ഇടയൻ തീർച്ചയായും നമുക്കെല്ലാവർക്കും വേണ്ടി തന്റെ ജീവൻ അർപ്പിച്ചു. നാം രക്ഷിക്കപ്പെടേണ്ടതിന് കഠിനമായി സഹിക്കാനും തന്റെ ജീവൻ അർപ്പിക്കാനും ഇടയനെന്ന നിലയിലുള്ള അവിടുത്തെ സ്നേഹം അവിടുത്തെ പ്രേരിപ്പിച്ചു. നമുക്കുവേണ്ടി മരിക്കാൻ യേശുവിനു ഭയമില്ലായിരുന്നു; കാരണം, അവിടുത്തെ സ്നേഹം പൂർണമായിരുന്നു. അവിടുത്തേക്കു വിലപ്പെട്ടവർ നാമാണ്. നമ്മെ സ്നേഹിക്കുന്നതിനായി ആവശ്യമായ എന്തും ചെയ്യാൻ, സ്നേഹത്താൽ സ്വന്തം ജീവൻ ബലിയർപ്പിക്കാൻപോലും, അവിടുന്ന് സന്നദ്ധനായിരുന്നു. അതിവിശുദ്ധവും നിർമലവുമായ ഈ ത്യാഗസ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾ സ്നേഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഇതേ സ്നേഹം കൂടുതൽ പൂർണമായി നൽകാൻ പരിശ്രമിക്കുക.
ഞങ്ങളുടെ നല്ല ഇടയനായ യേശുവേ, കുരിശിൽ അങ്ങയുടെ ജീവൻ ബലിയർപ്പിക്കുന്നതുവരെ എന്നെ സ്നേഹിച്ചതിന് ഞാൻ അങ്ങയോട് അഗാധമായി നന്ദി പറയുന്നു. അതിരറ്റ വാത്സല്യത്തോടും കരുണയോടും മാത്രമല്ല, ത്യാഗപൂർണവും നിസ്വാർഥവുമായ രീതിയിലും അങ്ങ് എന്നെ സ്നേഹിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ ദിവ്യസ്നേഹം ഞാൻ സ്വീകരിക്കുമ്പോൾ, അങ്ങയുടെ സ്നേഹം അനുകരിക്കാനും മറ്റുള്ളവർക്കുവേണ്ടി എന്റെ ജീവിതം ബലിയർപ്പിക്കാനും എന്നെ സഹായിക്കണമേ. എന്റെ നല്ല ഇടയനായ യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ മർക്കോസ് സുവിശേഷകൻ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ അനുസ്മരണമായി ആചരിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





