മലയാളം

ദൈവത്തിന്റെ ഏകത്വം

ഏപ്രിൽ 28, 2021
ഉയിർപ്പുകാലം നാലാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ പീറ്റർ ഷനേൽ, പുരോഹിതനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

പുരോഹിതനായ വിശുദ്ധ ലൂയിസ് ഗ്രിഞ്ഞോൺ ദെ മോൺഫോർട്ട്—ഐച്ഛിക അനുസ്മരണം

വീഡിയോ

യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല, എന്നെ അയച്ചവനിലും വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.” യോഹന്നാൻ 12:44–45

മുകളിൽ ഉദ്ധരിച്ച ഭാഗം “യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു…” എന്നു പറഞ്ഞുകൊണ്ടാണ് യേശുവിന്റെ വാക്കുകൾ അവതരിപ്പിക്കുന്നതെന്നു ശ്രദ്ധിക്കുക. സുവിശേഷകൻ മനഃപൂർവം ചേർത്ത ഈ വാക്കുകൾ ആ പ്രസ്താവനയ്ക്ക് ഊന്നൽ നൽകുന്നു. യേശു ഈ വാക്കുകൾ വെറുതെ “പറയുക” മാത്രമല്ല, “ഉച്ചത്തിൽ വിളിച്ചുപറയുക”യാണു ചെയ്തത്. അതിനാൽ, നാം ഈ വാക്കുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുകയും അവ നമ്മോട് കൂടുതൽ ആഴത്തിൽ സംസാരിക്കാൻ അനുവദിക്കുകയും വേണം.

യേശുവിന്റെ പീഡാനുഭവത്തിനു മുമ്പുള്ള ആഴ്ചയിലാണ് ഈ സുവിശേഷഭാഗത്തിലെ സംഭവം നടക്കുന്നത്. അവിടുന്ന് വിജയശ്രീലാളിതനായി ജറുസലെമിൽ പ്രവേശിച്ചു. തുടർന്ന് ആ ആഴ്ചയിലുടനീളം വിവിധ ജനസമൂഹങ്ങളോടു സംസാരിച്ചു; അതേസമയം ഫരിസേയർ അവിടുത്തെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. വികാരങ്ങൾ തീവ്രമായിരുന്നു; യേശു വർധിച്ചുവരുന്ന ശക്തിയോടും വ്യക്തതയോടുംകൂടെ സംസാരിച്ചു. ആസന്നമായ തന്റെ മരണത്തെക്കുറിച്ചും അനേകരുടെ അവിശ്വാസത്തെക്കുറിച്ചും സ്വർഗസ്ഥനായ പിതാവുമായുള്ള തന്റെ ഏകത്വത്തെക്കുറിച്ചും അവിടുന്ന് സംസാരിച്ചു. ആ ആഴ്ചയിൽ ഒരിക്കൽ, പിതാവുമായുള്ള തന്റെ ഏകത്വത്തെക്കുറിച്ച് യേശു സംസാരിക്കുമ്പോൾ, എല്ലാവർക്കും കേൾക്കാവുന്ന വിധത്തിൽ പിതാവിന്റെ സ്വരം മുഴങ്ങി. “പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ” എന്ന് യേശു അപ്പോൾ പറഞ്ഞതേയുണ്ടായിരുന്നുള്ളൂ. തുടർന്ന് പിതാവ് പറഞ്ഞു: “ഞാൻ അതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു; വീണ്ടും മഹത്വപ്പെടുത്തുകയും ചെയ്യും.” അത് ഇടിമുഴക്കമാണെന്ന് ചിലർ കരുതി; ഒരു ദൂതന്റെ സ്വരമാണെന്ന് മറ്റുചിലരും കരുതി. എന്നാൽ അത് സ്വർഗസ്ഥനായ പിതാവായിരുന്നു.

ഇന്നത്തെ സുവിശേഷത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ ഈ പശ്ചാത്തലം സഹായകമാണ്. നമുക്ക് തന്നിൽ വിശ്വാസമുണ്ടെങ്കിൽ പിതാവിലും വിശ്വാസമുണ്ടെന്ന് നാം അറിയണമെന്ന് യേശു തീവ്രമായി ആഗ്രഹിക്കുന്നു; കാരണം പിതാവും അവിടുന്നും ഒന്നാണ്. തീർച്ചയായും, ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള ഈ പ്രബോധനം ഇന്ന് നമുക്കു പുതുമയുള്ളതല്ല—പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പ്രബോധനം നമുക്കെല്ലാവർക്കും വളരെ പരിചിതമായിരിക്കേണ്ടതാണ്. എങ്കിലും, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തെക്കുറിച്ചുള്ള ഈ പ്രബോധനത്തെ പല വിധത്തിലും പുതുതായി കാണുകയും ഓരോ ദിവസവും പുതുമയോടെ ധ്യാനിക്കുകയും വേണം.

പിതാവുമായുള്ള തന്റെ ഐക്യത്തെക്കുറിച്ച് യേശു വ്യക്തിപരമായി നിങ്ങളോട് വളരെ ശക്തിയോടെ സംസാരിക്കുന്നതായി സങ്കൽപ്പിക്കുക. തങ്ങളുടെ ഏകത്വമെന്ന ഈ ദിവ്യരഹസ്യം നിങ്ങൾ മനസ്സിലാക്കണമെന്ന് അവിടുന്ന് എത്ര ആഴമായി ആഗ്രഹിക്കുന്നുവെന്ന് ശ്രദ്ധാപൂർവം ചിന്തിക്കുക. തന്റെ പിതാവുമായുള്ള ബന്ധത്തിൽ താൻ ആരാണെന്നു നിങ്ങൾ മനസ്സിലാക്കണമെന്ന് യേശു എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഹൃദയത്തിൽ അനുഭവിക്കാൻ ശ്രമിക്കുക.

ത്രിത്വത്തെ പ്രാർഥനാപൂർവം മനസ്സിലാക്കുന്നത് ദൈവം ആരാണെന്നതിനെക്കുറിച്ചു മാത്രമല്ല, നാം ആരാണെന്നതിനെക്കുറിച്ചും നമ്മെ ഏറെ പഠിപ്പിക്കുന്നു. സ്നേഹത്തിലൂടെ ത്രിത്വവ്യക്തികളുമായി ഐക്യപ്പെട്ട് ദൈവത്തിന്റെ ഏകത്വത്തിൽ പങ്കുചേരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആദിമ സഭാപിതാക്കന്മാർ നാം “ദൈവികരാക്കപ്പെടാൻ” വിളിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നു; അതായത്, ദൈവത്തിന്റെ ദിവ്യജീവിതത്തിൽ പങ്കുചേരാനുള്ള വിളിയെക്കുറിച്ച്. ഇത് പൂർണമായി ഗ്രഹിക്കാനാവാത്ത ഒരു രഹസ്യമാണെങ്കിലും, നാം പ്രാർഥനാപൂർവം ധ്യാനിക്കണമെന്ന് യേശു ആഴമായി ആഗ്രഹിക്കുന്ന ഒരു രഹസ്യമാണിത്.

പിതാവുമായുള്ള ബന്ധത്തിൽ താൻ ആരാണെന്നു നിങ്ങൾക്കു വെളിപ്പെടുത്താനുള്ള യേശുവിന്റെ ഹൃദയത്തിലെ തീവ്രമായ ആഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ ദിവ്യസത്യം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഹൃദയം തുറക്കുക. ഈ വെളിപാടിനു നിങ്ങൾ സ്വയം തുറന്നുകൊടുക്കുമ്പോൾ, ത്രിത്വത്തിന്റെ ഐക്യമാർന്ന വിശുദ്ധജീവിതത്തിലേക്കു നിങ്ങളെ ആകർഷിക്കാനുള്ള തന്റെ ആഗ്രഹവും നിങ്ങൾക്കു വെളിപ്പെടുത്താൻ ദൈവത്തെ അനുവദിക്കുക. ഇതാണ് നിങ്ങളുടെ വിളി. ഇതിനുവേണ്ടിയാണ് യേശു ഭൂമിയിലേക്കു വന്നത്. ദൈവത്തിന്റെ തന്നെ ജീവിതത്തിലേക്കു നമ്മെ ആകർഷിക്കാനാണ് അവിടുന്ന് വന്നത്. തീക്ഷ്ണതയോടും ഉറച്ച ബോധ്യത്തോടുംകൂടെ ഇതു വിശ്വസിക്കുക.

തീക്ഷ്ണസ്നേഹമുള്ള എന്റെ കർത്താവേ, സ്വർഗസ്ഥനായ പിതാവുമായുള്ള അങ്ങയുടെ ഏകത്വത്തെക്കുറിച്ച് അങ്ങ് പണ്ടു സംസാരിച്ചു. ഈ മഹത്തായ സത്യത്തെക്കുറിച്ച് ഇന്ന് അങ്ങ് വീണ്ടും എന്നോടു സംസാരിക്കുന്നു. പ്രിയ കർത്താവേ, പിതാവുമായുള്ള അങ്ങയുടെ ഏകത്വമെന്ന മഹാരഹസ്യത്തിലേക്കു മാത്രമല്ല, അങ്ങയുടെ ജീവിതത്തിൽ പങ്കുചേരാൻ അങ്ങ് എന്നെ വിളിക്കുന്നതിന്റെ രഹസ്യത്തിലേക്കും എന്നെ ആകർഷിക്കണമേ. ഈ ക്ഷണം ഞാൻ സ്വീകരിക്കുന്നു; അങ്ങയോടും പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടുതൽ പൂർണമായി ഒന്നായിത്തീരാൻ ഞാൻ പ്രാർഥിക്കുന്നു. പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ –
വിശുദ്ധ പീറ്റർ ഷനേൽ, പുരോഹിതനും രക്തസാക്ഷിയും

പുരോഹിതനായ വിശുദ്ധ ലൂയിസ് ഗ്രിഞ്ഞോൺ ദെ മോൺഫോർട്ട്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ദേവാലയത്തിൽ പഠിപ്പിക്കുന്ന യേശു; ചിത്രകാരൻ: യാൻ വാൻ ഓർലി