മലയാളം

ദൈവത്തിന്റെ ഭാഷ പഠിക്കുക

ഏപ്രിൽ 27, 2021
ഉയിർപ്പുകാലം നാലാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ദേവാലയപരിസരത്ത് സോളമന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു. അപ്പോൾ യഹൂദർ അവനു ചുറ്റുംകൂടി അവനോടു ചോദിച്ചു: “എത്രകാലം അങ്ങ് ഞങ്ങളെ ഇങ്ങനെ ആശങ്കയിൽ നിർത്തും? അങ്ങ് മിശിഹായാണെങ്കിൽ ഞങ്ങളോടു വ്യക്തമായി പറയുക.” യേശു അവരോടു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല.”  യോഹന്നാൻ 10:24–25

യേശുവാണ് ക്രിസ്തു എന്ന് ഈ ആളുകൾക്ക് അറിയാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? യേശു തങ്ങളോട് “വ്യക്തമായി” സംസാരിക്കണമെന്ന് അവർ ആഗ്രഹിച്ചു. എന്നാൽ അവരുടെ ചോദ്യത്തിന് താൻ ഇതിനകം ഉത്തരം നൽകിയിട്ടുണ്ടെന്നും എന്നിട്ടും അവർ “വിശ്വസിക്കുന്നില്ല” എന്നും പറഞ്ഞുകൊണ്ട് യേശു അവരെ അത്ഭുതപ്പെടുത്തുന്നു. യേശു നല്ല ഇടയനാണെന്ന മനോഹരമായ പ്രബോധനം ഈ സുവിശേഷഭാഗത്തിലും തുടരുന്നു. താൻ ക്രിസ്തുവാണോ അല്ലയോ എന്ന് യേശു വ്യക്തമായി പറയണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ അതിനു പകരം, അവർ തന്റെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലാത്തതുകൊണ്ടാണ് തന്നിൽ വിശ്വസിക്കാത്തതെന്ന് യേശു വ്യക്തമായി പറയുന്നു. അവിടുന്ന് പറഞ്ഞതിന്റെ അർത്ഥം ഗ്രഹിക്കാതെ അവർ ആശയക്കുഴപ്പത്തിൽ തുടരുന്നു.

ഇതിൽനിന്ന് നാം മനസ്സിലാക്കുന്ന ഒരു കാര്യം ഇതാണ്: ദൈവം നമ്മോടു സംസാരിക്കുന്നത് അവിടുത്തെ രീതിയിലാണ്; നാം ആഗ്രഹിക്കുന്ന രീതിയിൽ ആയിരിക്കണമെന്നില്ല. നിഗൂഢവും അഗാധവും സൗമ്യവും മറഞ്ഞിരിക്കുന്നതുമായ ഒരു ഭാഷയിലാണ് അവിടുന്ന് സംസാരിക്കുന്നത്. അവിടുത്തെ ഭാഷ പഠിച്ചവർക്കു മാത്രമാണ് തന്റെ ഏറ്റവും ആഴമേറിയ രഹസ്യങ്ങൾ അവിടുന്ന് വെളിപ്പെടുത്തുന്നത്. എന്നാൽ ദൈവത്തിന്റെ ഭാഷ മനസ്സിലാക്കാത്തവരിൽ ആശയക്കുഴപ്പം ഉടലെടുക്കുന്നു.

ജീവിതത്തിലോ നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചോ നിങ്ങൾക്ക് എപ്പോഴെങ്കിലും ആശയക്കുഴപ്പം തോന്നുന്നുവെങ്കിൽ, ദൈവം സംസാരിക്കുന്ന രീതി നിങ്ങൾ എത്ര ശ്രദ്ധയോടെ കേൾക്കുന്നു എന്നു പരിശോധിക്കേണ്ട സമയമായിരിക്കാം അത്. നമ്മോടു “വ്യക്തമായി സംസാരിക്കാൻ” രാവും പകലും നമുക്ക് ദൈവത്തോട് യാചിക്കാം. എങ്കിലും അവിടുന്ന് എന്നും സംസാരിച്ചിട്ടുള്ള രീതിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ. എന്താണ് ആ ഭാഷ? ഏറ്റവും ആഴമേറിയ തലത്തിൽ, അത് ദൈവം ആത്മാവിൽ നിവേശിപ്പിക്കുന്ന പ്രാർത്ഥനയുടെ ഭാഷയാണ്.

പ്രാർത്ഥന എന്നത് പ്രാർത്ഥനകൾ വെറുതെ ചൊല്ലുന്നതിൽ നിന്ന് വ്യത്യസ്തമാണല്ലോ. ആത്യന്തികമായി, പ്രാർത്ഥന ദൈവവുമായുള്ള സ്നേഹബന്ധമാണ്. ഏറ്റവും ആഴമേറിയ തലത്തിലുള്ള ആശയവിനിമയമാണത്. നമ്മുടെ ആത്മാവിനുള്ളിൽ ദൈവം നടത്തുന്ന ഒരു പ്രവൃത്തിയാണ് പ്രാർത്ഥന. അതിലൂടെ തന്നിൽ വിശ്വസിക്കാനും തന്നെ അനുഗമിക്കാനും തന്നെ സ്നേഹിക്കാനും ദൈവം നമ്മെ ക്ഷണിക്കുന്നു. ഈ ക്ഷണം നിരന്തരം നമുക്കു ലഭിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥമായി പ്രാർത്ഥിക്കുന്നതിൽ നാം വീഴ്ച വരുത്തുന്നതിനാൽ, പലപ്പോഴും അത് കേൾക്കുന്നതിലും നാം പരാജയപ്പെടുന്നു.

നാം ഇന്ന് വായിക്കുന്ന പത്താം അധ്യായം ഉൾപ്പെടെ യോഹന്നാന്റെ സുവിശേഷത്തിന്റെ വലിയൊരു ഭാഗം നിഗൂഢമായ രീതിയിലാണ് സംസാരിക്കുന്നത്. ഒരു നോവൽപോലെ അതു വെറുതെ വായിച്ച്, ഒറ്റ വായനയിൽ യേശു പറയുന്നതെല്ലാം മനസ്സിലാക്കാൻ കഴിയില്ല. യേശുവിന്റെ പ്രബോധനം നിങ്ങളുടെ ആത്മാവിൽ പ്രാർത്ഥനാപൂർവം കേൾക്കുകയും മനനം ചെയ്യുകയും വീണ്ടും കേൾക്കുകയും വേണം. ഈ സമീപനം ദൈവത്തിന്റെ സ്വരം ഉറപ്പോടെ തിരിച്ചറിയാൻ നിങ്ങളുടെ ഹൃദയത്തിന്റെ കാതുകൾ തുറക്കും.

ദൈവം നിങ്ങളോട് ആശയവിനിമയം നടത്തുന്ന നിഗൂഢമായ വഴികളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവിടുന്ന് എങ്ങനെ സംസാരിക്കുന്നുവെന്ന് നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ, അതുതന്നെ നല്ലൊരു തുടക്കമാണ്. ഈ സുവിശേഷഭാഗം പ്രാർത്ഥനാപൂർവം മനനം ചെയ്തുകൊണ്ട് സമയം ചെലവഴിക്കുക. യേശുവിന്റെ സ്വരം കേൾക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവിടുത്തെ വചനങ്ങൾ ധ്യാനിക്കുക. നിശ്ശബ്ദമായ പ്രാർത്ഥനയിലൂടെ അവിടുത്തെ ഭാഷ പഠിക്കുക. അവിടുത്തെ വിശുദ്ധ വചനങ്ങൾ നിങ്ങളെ തന്നിലേക്ക് ആകർഷിക്കാൻ അനുവദിക്കുക.

നിഗൂഢനും മറഞ്ഞിരിക്കുന്നവനുമായ എന്റെ കർത്താവേ, അങ്ങ് രാവും പകലും എന്നോടു സംസാരിക്കുകയും അങ്ങയുടെ സ്നേഹം എനിക്കു നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാനും എല്ലാ വിധത്തിലും യഥാർത്ഥമായി അങ്ങയുടെ അനുയായിയായിത്തീരാനും കഴിയേണ്ടതിന്, അങ്ങയെ ശ്രവിക്കാൻ പഠിക്കുവാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: സോളമന്റെ മണ്ഡപത്തിൽ നടക്കുന്ന യേശു — ജെയിംസ് ടിസോയുടെ രചന