മലയാളം

പാവനമായ വിസ്മയം

2021 മേയ് 22
ഉയിർപ്പുകാലം ഏഴാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

കാഷ്യായിലെ വിശുദ്ധ റീത്ത—ഐച്ഛിക അനുസ്മരണം

വീഡിയോ

ഈ കാര്യങ്ങൾക്ക് സാക്ഷ്യം നൽകുകയും ഇവ എഴുതുകയും ചെയ്ത ശിഷ്യൻ ഇവനാണ്; അവന്റെ സാക്ഷ്യം സത്യമാണെന്ന് ഞങ്ങൾ അറിയുന്നു. യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്. അവ ഓരോന്നായി വിവരിക്കുകയാണെങ്കിൽ, എഴുതപ്പെടുന്ന പുസ്തകങ്ങൾ ഉൾക്കൊള്ളാൻ ലോകം മുഴുവനും മതിയാകുമെന്ന് എനിക്കു തോന്നുന്നില്ല. യോഹന്നാൻ 21:24–25

നമ്മുടെ ഉയിർപ്പുകാലം സമാപിക്കുമ്പോൾ, ധ്യാനിക്കുന്നതിനായി വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ സമാപനഭാഗം നമുക്കു നൽകപ്പെടുന്നു. ഉയിർപ്പുകാലത്തിലുടനീളം യോഹന്നാന്റെ സുവിശേഷം നമ്മുടെ ശ്രദ്ധയുടെ കേന്ദ്രമായിരുന്നുവെന്ന് ഓർക്കുക. അതിനാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി എല്ലാ ദിവസവും വിശുദ്ധ കുർബാനയിലെ സുവിശേഷഭാഗം നിങ്ങൾ പ്രാർഥനാപൂർവം വായിച്ചിട്ടുണ്ടെങ്കിൽ, ഈ വിശുദ്ധ സുവിശേഷത്തിൽ നിങ്ങൾ ശരിക്കും ആഴ്ന്നിറങ്ങിയിട്ടുണ്ട്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം മറ്റു മൂന്നു സമാന്തര സുവിശേഷങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. യോഹന്നാന്റെ ഭാഷ ദൈവരഹസ്യങ്ങളുടെ ആഴങ്ങളിലേക്കു നയിക്കുന്നതും പ്രതീകാത്മകവുമാണ്. യേശുവിന്റെ ദൈവികത വെളിപ്പെടുത്തുന്ന ഏഴ് “അടയാളങ്ങളായാണ്” ഏഴ് അത്ഭുതങ്ങളെ യോഹന്നാൻ അവതരിപ്പിക്കുന്നത്. ഞാൻ ആകുന്നവൻ, പിതാവിന്റെ പുത്രൻ, മുന്തിരിച്ചെടി, ജീവന്റെ അപ്പം, ലോകത്തിന്റെ പ്രകാശം, നിത്യവചനം എന്നിങ്ങനെ പല പേരുകളിലും യേശുവിനെ പരിചയപ്പെടുത്തുന്നു. ലോകത്തിന്റെ രക്ഷയ്ക്കായി യേശു കുരിശാകുന്ന തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന മഹത്ത്വത്തിന്റെ മണിക്കൂറായാണ് യോഹന്നാൻ കുരിശുമരണത്തെ ചൂണ്ടിക്കാണിക്കുന്നത്. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള യോഹന്നാന്റെ പ്രബോധനമാകട്ടെ, തീർത്തും അഗാധമാണ്.

“യേശു ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും, ഈ വിശ്വാസത്തിലൂടെ അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകുന്നതിനും” വേണ്ടിയാണ് താൻ സുവിശേഷം എഴുതിയതെന്ന് യോഹന്നാൻ പറയുന്നു (യോഹന്നാൻ 20:31). യോഹന്നാൻ നമ്മുടെ കർത്താവിനെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്നത് വ്യക്തമാണ്. യേശു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായ വ്യക്തിപരമായ അനുഭവങ്ങളിലൂടെ മാത്രമല്ല, പിന്നീടുള്ള വർഷങ്ങളിലെ അഗാധമായ പ്രാർഥനയിലൂടെയും അദ്ദേഹം കർത്താവിനെ മനസ്സിലാക്കി. ഈ ധാരണയുടെ ആഴവും ദൈവരഹസ്യങ്ങളെക്കുറിച്ചുള്ള അറിവും അവതരിപ്പിച്ചിരിക്കുന്ന രീതിയാകട്ടെ, പ്രാർഥനയിൽനിന്നു ജനിച്ച യോഹന്നാന്റെ ഉൾക്കാഴ്ചയിലേക്ക് വായനക്കാരനെ എളുപ്പത്തിൽ ആകർഷിക്കുന്നു.

യേശുവിനെക്കുറിച്ചുള്ള തന്റെ സാക്ഷ്യം അവസാനിപ്പിക്കുമ്പോൾ, ധ്യാനിക്കേണ്ട ഒരു കാര്യം യോഹന്നാൻ പറയുന്നു. താനോ മറ്റുള്ളവരോ രേഖപ്പെടുത്താത്ത അനേകം കാര്യങ്ങൾ യേശു ചെയ്തിട്ടുണ്ടെന്നും, അവയെല്ലാം എഴുതിയിരുന്നെങ്കിൽ, എഴുതപ്പെടുന്ന പുസ്തകങ്ങൾ ഉൾക്കൊള്ളാൻ ലോകം മുഴുവനും മതിയാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒന്നാമതായി, എഴുതപ്പെട്ടതെല്ലാം ഒരു ജീവിതകാലം മുഴുവനുമുള്ള പ്രാർഥനാപൂർവമായ പഠനത്തിന് ഉറവിടമാകാം. യോഹന്നാന്റെ സുവിശേഷം മാത്രമെടുത്താലും അതിന്റെ അർഥസമ്പത്ത് ഒരിക്കലും പൂർണമായി ഗ്രഹിച്ചുതീർക്കാനാവില്ല. ഇനി യോഹന്നാന്റെ സുവിശേഷത്തിലെ ഈ അവസാനവാക്യം പരിഗണിച്ച്, ഒരു നിമിഷത്തേക്ക് അതിനെ അക്ഷരാർഥത്തിൽ എടുക്കാൻ ശ്രമിക്കുക. യേശു ചെയ്തതെല്ലാം രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ഉൾക്കൊള്ളാൻ ലോകം മുഴുവനും മതിയാകില്ലെന്ന ആ പ്രസ്താവന അക്ഷരാർഥത്തിൽ സത്യമാണെങ്കിൽ, ആ വസ്തുത നമ്മിൽ പാവനമായ വിസ്മയം ഉണർത്തണം. വാസ്തവത്തിൽ, ഇതു സത്യമായിരിക്കേണ്ടതിന്റെ കാരണം, യേശു സ്പർശിച്ച ഓരോ മനസ്സിലും ഹൃദയത്തിലും അവിടുന്ന് ചെയ്ത കാര്യങ്ങൾ തീർത്തും അവർണനീയമാണ് എന്നതാണ്. അനേകം ഗ്രന്ഥവാല്യങ്ങൾക്കുപോലും അതു പൂർണമായി വിവരിക്കാൻ കഴിയില്ല. ആത്മാക്കളെ രക്ഷിക്കുകയും മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കുകയും നിത്യജീവനിലേക്കു നയിക്കുകയും ചെയ്യുന്ന അവിടുത്തെ ദൈവികപ്രവൃത്തി, നമ്മുടെ ദുർബലമായ മനസ്സുകൾക്കു പൂർണമായി ഗ്രഹിക്കാവുന്നതിലും അപ്പുറമാണ്.

ഇന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ച് ധ്യാനിക്കുക. ഈ ഉയിർപ്പുകാലവും യോഹന്നാന്റെ സുവിശേഷവായനയും നാം അവസാനിപ്പിക്കുമ്പോൾ, നമ്മുടെ ദൈവമായ കർത്താവിലേക്കു തിരിഞ്ഞവരുടെ ജീവിതങ്ങളിൽ അവിടുന്ന് നടത്തുന്ന അനന്തമായ പ്രവർത്തനങ്ങളെ വിസ്മയത്തോടെ നോക്കിയിരിക്കാൻ സമയം കണ്ടെത്തുക. അത്രയേറെ കരുതലോടും സ്നേഹത്തോടുംകൂടി നമ്മുടെ കർത്താവ് അവരുടെ ജീവിതങ്ങളിൽ നിറവേറ്റിയ കൃപയുടെ ഓരോ ചലനവും പരിചിന്തിക്കുക. മനുഷ്യനായി അവതരിച്ച നിത്യവചനം, മിശിഹാ, മഹാനായ ഞാൻ ആകുന്നവൻ, പിതാവിന്റെ പുത്രൻ എന്നിങ്ങനെ, നമ്മുടെ ദൈവവും രാജാവുമായ അവിടുത്തേക്കു നൽകപ്പെട്ട ഓരോ നാമവും സൂചിപ്പിക്കുന്ന യാഥാർഥ്യത്തെ നിത്യകാലം മുഴുവൻ നിങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുമെന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കുക. യേശു ചെയ്തതെല്ലാം പ്രാർഥനാപൂർവം ധ്യാനിച്ചുകൊണ്ട് തന്റെ ജീവിതം ചെലവഴിച്ചതിനാലാണ് വിശുദ്ധ യോഹന്നാൻ നമ്മുടെ കർത്താവിനെ സ്നേഹിക്കുകയും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തത്. പാവനമായ വിസ്മയത്തോടെ ഈ ധ്യാനത്തിലേക്ക് കൂടുതൽ ആഴത്തിൽ ആകർഷിക്കപ്പെടേണ്ടതിന്, ഈ വിശുദ്ധമായ പരിചിന്തനത്തിനായി നിങ്ങളെത്തന്നെ തുടർന്നും സമർപ്പിക്കുക.

മിശിഹായായ യേശുവേ, അങ്ങയുടെ സൗന്ദര്യവും മഹത്ത്വവും വിശുദ്ധിയും മനുഷ്യന്റെ ഗ്രഹണശക്തിക്ക് തീർത്തും അതീതമാണ്. അങ്ങ് ദൈവത്തിൽനിന്നുള്ള ദൈവവും പ്രകാശത്തിൽനിന്നുള്ള പ്രകാശവുമാണ്. അങ്ങ് മഹാനായ ഞാൻ ആകുന്നവനാണ്; ലോകത്തിലെ എല്ലാ പുസ്തകങ്ങൾക്കും അങ്ങയുടെ മഹിമയുടെ ആഴം ഉചിതമായി വിവരിക്കാനാവില്ല. സുവിശേഷകനായ വിശുദ്ധ യോഹന്നാനെപ്പോലെ ഞാനും അങ്ങയെക്കുറിച്ചുള്ള പാവനമായ വിസ്മയത്തിലേക്ക് നിരന്തരം ആകർഷിക്കപ്പെടേണ്ടതിന്, അഗാധമായ ആത്മീയ ഉൾക്കാഴ്ചയെന്ന ദാനത്താൽ എന്റെ മനസ്സും ഹൃദയവും നിറയ്ക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
ഒൻപതാം ദിവസം – മേയ് 30, ശനിയാഴ്ച

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കാഷ്യായിലെ വിശുദ്ധ റീത്ത

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ:  പത്മോസ് ദ്വീപിൽ ദൈവശാസ്ത്രജ്ഞനായ യോഹന്നാൻ അപ്പസ്തോലൻ. ആന്ദ്രേ മിറോനോവിന്റെ രചന, വിക്കിമീഡിയ കോമൺസ് വഴി


കത്തോലിക്കാ ദൈനംദിന ധ്യാനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31

താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:

Amazon പേപ്പർബാക്ക് പതിപ്പ് – Kindle – Google Play Books – iBooks – Barnes & Noble