മലയാളം

ലോകത്തിന് ഉപ്പും പ്രകാശവും

ജൂൺ 8, 2021
സാധാരണകാലത്തിലെ പത്താം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. എന്നാൽ ഉപ്പിന് ഉപ്പുരസം നഷ്ടപ്പെട്ടാൽ, അതിന് എന്തുകൊണ്ട് വീണ്ടും ഉപ്പുരസം നൽകാനാകും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യർ ചവിട്ടാനല്ലാതെ അത് മറ്റൊന്നിനും കൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്…” മത്തായി 5:13–14

ഓരോ ക്രൈസ്തവനും ജീവിതത്തിൽ രണ്ടു പ്രധാന കടമകളുണ്ട്. ഒന്നാമതായി, നാം വ്യക്തിപരമായ വിശുദ്ധിക്കായി പരിശ്രമിക്കണം. രണ്ടാമതായി, അതേ അളവിലുള്ള വിശുദ്ധി പ്രാപിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനായി നാം പ്രവർത്തിക്കണം. “ഭൂമിയുടെ ഉപ്പും” “ലോകത്തിന്റെ പ്രകാശവും” ആയിരിക്കുക എന്നതിന്റെ അർഥം ഇതാണ്.

ഉപ്പിനെക്കുറിച്ചു ചിന്തിക്കുക. ഉപ്പ് ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നു; അതിന് രുചിയും നൽകുന്നു. ഭക്ഷണത്തിൽ ചേർന്ന്, ഒരർഥത്തിൽ അതിൽ ലയിച്ച് അപ്രത്യക്ഷമായിക്കൊണ്ടാണ് ഉപ്പ് ഇതു ചെയ്യുന്നത്. നമ്മുടെ കാര്യത്തിലും ഇങ്ങനെതന്നെയായിരിക്കണം. ആദ്യം, നമ്മുടെ കർത്താവ് നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന് പാപത്തിന്റെ ജീർണതയിൽനിന്നു നമ്മെ സംരക്ഷിക്കണം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, വിശുദ്ധിയുടെ “രുചി” മറ്റുള്ളവർക്കു വ്യക്തമാകുന്നവിധം നമ്മുടെ നന്മയെ അവിടുന്ന് പുറത്തുകൊണ്ടുവരുകയും ചെയ്യും. ഇങ്ങനെ, മറ്റുള്ളവർക്കുവേണ്ടിയുള്ള ഉപ്പായി നാം ഉപയോഗിക്കപ്പെടും. നമ്മുടെ ഉപവിപ്രവൃത്തികളിലൂടെയാണ് ഇതു പ്രത്യേകമായി സംഭവിക്കുന്നത്.

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ തന്റെ ആത്മകഥയിൽ പറഞ്ഞു: “നമുക്കു ചുറ്റുമുള്ളവരുടെ കുറവുകൾ സഹിക്കുന്നതിലും അവരുടെ ബലഹീനതകളിൽ ഒരിക്കലും ആശ്ചര്യപ്പെടാതിരിക്കുന്നതിലും, മറിച്ച് അവരുടെ സുകൃതത്തിന്റെ ഏറ്റവും ചെറിയ അടയാളത്തിൽപ്പോലും ആത്മീയപ്രചോദനം നേടുന്നതിലുമാണ് യഥാർഥ ഉപവി അടങ്ങിയിരിക്കുന്നതെന്ന് ഇപ്പോൾ ഞാൻ കാണുന്നു.” മറ്റുള്ളവർക്ക് ഉപ്പും പ്രകാശവുമായി നാം വർത്തിക്കുന്നതിന്റെ സവിശേഷമായ മാർഗം ഇതാണെന്ന് അവൾ വിശ്വസിച്ചു. മറ്റുള്ളവർ ബലഹീനരായിരിക്കുമ്പോൾ അവരോടു കരുണ കാണിച്ചുകൊണ്ട് പാപത്തിൽനിന്ന് അവരെ സംരക്ഷിക്കാൻ നാം സഹായിക്കുന്നു. അവരുടെ നന്മ കണ്ട് അതിൽ സന്തോഷിച്ചുകൊണ്ട് നാം അവരുടെ ജീവിതത്തെ സമ്പന്നമാക്കുന്നു. ആരും അറിയാത്ത വിധത്തിലാണ് നാം ഇതു ചെയ്യുന്നത്. നമ്മുടെ സൗമ്യതയും അനുകമ്പയും ദയയും കരുണയും വഴി നാം മറ്റുള്ളവരെ സംരക്ഷിക്കുകയും ദൈവത്തിന്റെ സമൃദ്ധമായ കൃപയിൽ വളരാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ദൈവം നമ്മെ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അവർപോലും അറിയാതെയാണ് പലപ്പോഴും നാം ഇതു ചെയ്യുന്നത്.

പ്രകാശത്തെക്കുറിച്ചും ചിന്തിക്കുക. നാം ജീവിക്കുന്ന ലോകം പലപ്പോഴും വളരെ അന്ധകാരപൂർണവും നിരാശാഭരിതവുമാണ്. നമുക്കു ചുറ്റും തിന്മ നിറഞ്ഞിരിക്കുന്നു; പ്രലോഭനങ്ങളും ധാരാളമാണ്. അതിനാൽ ക്രിസ്തുവിന്റെ പ്രകാശം എല്ലായിടത്തും പ്രകടമാകണം. നമുക്കു ചുറ്റുമുള്ളവർ വിശുദ്ധിയിലേക്കും സന്തോഷത്തിലേക്കുമുള്ള പാത വ്യക്തമായി കാണേണ്ടതുണ്ട്. ഇവിടെയും, ആദ്യം നാം സ്വയം പ്രകാശമായിത്തീരാൻ പരിശ്രമിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ. ലോകത്തിന്റെ യഥാർഥ പ്രകാശമായ ക്രിസ്തു നമ്മുടെ ജീവിതത്തെ അത്രമേൽ നിറയ്ക്കണം; അപ്പോൾ പാപത്തിൽ വീണുപോയ ലോകത്തിൽ ശോഭയോടെ പ്രകാശിക്കുക എന്നത് നമുക്കു മിക്കവാറും സ്വാഭാവികമായിത്തീരും. ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ, നാം സന്തോഷവും സമാധാനവും ശാന്തതയും ഉറച്ച ബോധ്യവും ധാർമികനന്മയും ദൃഢനിശ്ചയവും പ്രസരിപ്പിക്കും. ഇങ്ങനെ ജീവിക്കുമ്പോൾ, സുവിശേഷം മറ്റുള്ളവരുടെമേൽ “അടിച്ചേൽപ്പിക്കേണ്ട” ആവശ്യം നമുക്കുണ്ടാകില്ല; മറിച്ച്, ദൈവത്തിന്റെ പ്രകാശം സ്വാഭാവികമായി പ്രകാശിക്കുകയും നമ്മുടെ സാന്നിധ്യത്തിലേക്കു വരുന്നവർക്ക് പ്രത്യാശയുടെ ദീപമായിത്തീരുകയും ചെയ്യും.

ജീവിതത്തിലെ ഈ രണ്ടു ദൗത്യങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ആദ്യം, വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ വിളിയെക്കുറിച്ചു ധ്യാനിക്കുക. നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്കു പ്രകാശം കൊണ്ടുവരാനും എല്ലാ പാപങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കാനും വിശുദ്ധജീവിതത്തിന് ആത്മീയമായ രുചി പകരാനും ദൈവം ആഗ്രഹിക്കുന്നത് എങ്ങനെയാണ്? രണ്ടാമതായി, തന്റെ സ്നേഹത്താൽ നിങ്ങൾ ആരെ സ്നേഹിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്? ആർക്കാണ് പ്രത്യാശയും സന്തോഷവും കരുണയും ദയയും ജ്ഞാനത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകളും ആവശ്യമുള്ളത്? വിശുദ്ധരായിരിക്കുക; തുടർന്ന് ആ വിശുദ്ധി മറ്റുള്ളവരിലേക്കു പ്രകാശിക്കാൻ അനുവദിക്കുക. അപ്പോൾ നിങ്ങൾ തീർച്ചയായും ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിരിക്കും.

ലോകത്തിന്റെ യഥാർഥ പ്രകാശമായ എന്റെ യേശുവേ, എനിക്കു വ്യക്തമായി കാണാനും പാപത്തിന്റെ അന്ധകാരത്തിൽനിന്നു സംരക്ഷിക്കപ്പെടാനും കഴിയേണ്ടതിന് എന്റെ ജീവിതത്തിൽ ശോഭയോടെ പ്രകാശിക്കണമേ. അങ്ങയുടെ പ്രകാശത്താൽ എന്നെ നിറയ്ക്കുമ്പോൾ, അരാജകത്വവും ആശയക്കുഴപ്പവും നിറഞ്ഞ ലോകത്തിൽ അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും ഉപകരണമായി എന്നെ ഉപയോഗിക്കണമേ. പ്രിയ കർത്താവേ, അന്ധകാരം അകറ്റണമേ; അങ്ങയുടെ ഇഷ്ടംപോലെ എന്നെ അങ്ങയുടെ ഉപകരണമായി ഉപയോഗിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.

തിരുഹൃദയ നൊവേന
നൊവേന തീയതികൾ: ജൂൺ 2-10, 2021
ജൂൺ 11, 2021: തിരുഹൃദയത്തിന്റെ മഹോത്സവം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: Flicker