ഒക്ടോബർ 29, 2025
ആണ്ടുവട്ടത്തിലെ മുപ്പതാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
© ജോസെ ലൂയിസ് ബെർണാർഡെസ് റിബെയ്റോ
ഒരാൾ അവനോടു ചോദിച്ചു: “കർത്താവേ, ചുരുക്കം ചിലർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” അവൻ അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ. എന്തെന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, അനേകർ പ്രവേശിക്കാൻ ശ്രമിക്കും; എന്നാൽ അതിനുള്ള ശക്തി അവർക്കുണ്ടാകുകയില്ല.” ലൂക്കാ 13:23–24
മുകളിൽ പറഞ്ഞ നമ്മുടെ കർത്താവിന്റെ വാക്കുകൾ നാം തീർച്ചയായും ഹൃദയത്തിൽ സ്വീകരിക്കണം. നാം രക്ഷിക്കപ്പെടുമെന്ന് അനായാസം കരുതിപ്പോകാം. ദൈവം ദയയുള്ളവനാണെന്നും നാം ഉള്ളുകൊണ്ട് നല്ല മനുഷ്യരാണെന്നും അതിനാൽ രക്ഷ ഉറപ്പാണെന്നും കരുതുന്നത് എളുപ്പമാണ്. എന്നാൽ ഈശോ പറയുന്നത് അതല്ല.
അപ്പോൾ ആരാണ് രക്ഷിക്കപ്പെടുക? ദൈവതിരുമനസ്സുപോലെ നാം സ്വർഗത്തിലെത്തുമ്പോൾ, ആരൊക്കെ രക്ഷിക്കപ്പെട്ടു, ആരൊക്കെ രക്ഷിക്കപ്പെട്ടില്ല എന്നറിയുന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ഇന്നത്തെ സുവിശേഷത്തിലെ സന്ദേശങ്ങളിലൊന്ന് ഇതുതന്നെയാണ്. ചിലർ മരിക്കുമ്പോൾ തങ്ങൾ സ്വർഗത്തിൽ പ്രവേശിക്കാൻ പോകുകയാണെന്ന് കരുതുമെങ്കിലും, “നിങ്ങൾ എവിടെനിന്നാണെന്ന് എനിക്കറിയില്ല. അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങളെല്ലാവരും എന്നിൽനിന്ന് അകന്നുപോകുവിൻ!” എന്ന് നമ്മുടെ കർത്താവ് അവരോടു പറയുന്നത് അവർ കേൾക്കുമെന്ന് വരെ ഈശോ പറയുന്നു. വീണ്ടും, ഈ വാക്കുകൾ നാം ഹൃദയത്തിൽ സ്വീകരിക്കണം.
നാം വീണുപോകാൻ സാധ്യതയുള്ള ഏറ്റവും അപകടകരമായ പാപങ്ങളിലൊന്നാണ് ദൈവകരുണയിലുള്ള അമിതാശ്രയം. അത് മാരകമാണ്; കാരണം, അത് നമ്മെ രണ്ടു വിധത്തിൽ ബാധിക്കുന്നു. ഒന്നാമതായി, അമിതാശ്രയത്തിൽ അകപ്പെട്ട വ്യക്തി മാരകപാപം ചെയ്തിട്ടും അതിനെക്കുറിച്ച് അനുതപിക്കാത്ത ഒരാളാണ്. എന്നാൽ സ്വന്തം പാപം അംഗീകരിക്കാൻ വിസമ്മതിക്കുന്നതിനാൽ ആ വ്യക്തിക്ക് അനുതപിക്കാനും കഴിയാതെ വരുന്നു. ആ വ്യക്തിയുടെ മനസ്സാക്ഷി പ്രവർത്തിക്കുന്നില്ല. സ്വന്തം കാഴ്ച മറച്ചുവെച്ചിരിക്കുന്ന അവർ ദൈവവും അതുപോലെ കാഴ്ച മറച്ചുവെക്കണമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ദൈവം എല്ലാം കാണുകയും അതനുസരിച്ച് വിധിക്കുകയും ചെയ്യുന്നു.
സ്വർഗം പ്രാപിക്കുക എളുപ്പമല്ലെന്ന് നമ്മോടു പറയാൻ ഈശോ ഉപയോഗിക്കുന്ന ഒരു ഉപമയാണ് അവിടുന്ന് പറയുന്ന “ഇടുങ്ങിയ വാതിൽ”. അതിന് നമ്മുടെ ഭാഗത്തുനിന്നുള്ള ദൃഢമായ പരിശ്രമവും ദൈവത്തിന്റെ അനന്തമായ കരുണയും ആവശ്യമാണ്. എന്നാൽ നമ്മുടെ പങ്കിനെ സംബന്ധിച്ചിടത്തോളം, നാം മനഃപൂർവം ദൈവതിരുമനസ്സ് അന്വേഷിക്കുകയും ഉദാരമനസ്സോടെ അവിടുത്തോടു പ്രത്യുത്തരിക്കുകയും ചെയ്താൽ മാത്രമേ സ്വർഗം പ്രാപിക്കാനാകൂ. ഒന്നാമതായി, നാം പാപങ്ങൾ ഏറ്റുപറയുകയും അവയിൽനിന്ന് പിന്തിരിയുകയും ചെയ്യണമെന്നാണ് ഇതിന്റെ അർത്ഥം. എന്നാൽ അവിടെനിന്ന് മുന്നോട്ട്, നമ്മുടെ ജീവിതത്തിൽ ദൈവതിരുമനസ്സ് നിറവേറ്റാൻ എല്ലാ ശ്രമവും നടത്തണമെന്നും ഇത് അർത്ഥമാക്കുന്നു.
ഇത് അംഗീകരിക്കാൻ പ്രയാസമാണെങ്കിൽ, ഈ പ്രബോധനം ഈശോയിൽനിന്നുതന്നെ നേരിട്ടു ലഭിച്ചതാണെന്ന് സ്വയം ഓർമിപ്പിക്കുക. അവിടുന്ന് തികച്ചും വ്യക്തമായിട്ടാണ് പറയുന്നത്; പറയുന്നതുതന്നെയാണ് അവിടുന്ന് ഉദ്ദേശിക്കുന്നതും. ഇത് നിങ്ങളിൽ ഒരുതരം വിശുദ്ധഭയം നിറയ്ക്കുന്നുവെങ്കിൽ, അത് നല്ലതാണ്. നിത്യരക്ഷയ്ക്ക് നീങ്ങാത്ത തടസ്സങ്ങളായി നമ്മുടെ ജീവിതത്തിൽ മാറിയിരിക്കുന്ന കാര്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന, ശരിയായി ക്രമപ്പെട്ട ഒരു മനസ്സാക്ഷി നമുക്കു നൽകുന്ന ദാനമാണ് “വിശുദ്ധഭയം”. ശരിയായി ക്രമപ്പെട്ട അതേ മനസ്സാക്ഷി, നിത്യജീവനിലേക്കുള്ള ഏക വഴിയായ ആ ഇടുങ്ങിയ വാതിലിലേക്ക് നമ്മെ നയിക്കും.
നിത്യരക്ഷയെ നാമെല്ലാവരും ഗൗരവമായി കാണേണ്ടതുണ്ട് എന്ന വസ്തുതയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ആത്മീയജീവിതത്തിൽ നിങ്ങൾ അലസരായിത്തീർന്നുവെന്ന് മനസ്സിലാകുന്നുവെങ്കിൽ, മാറ്റത്തിനുള്ള പ്രചോദനമായി ഈ സുവിശേഷത്തെ സ്വീകരിക്കുക. സ്വർഗവാതിലുകളിൽ മുട്ടുമ്പോൾ നമ്മുടെ കർത്താവിന് നിങ്ങളെ അറിയില്ലെന്ന് തിരിച്ചറിയേണ്ടിവരുന്നവരിൽ ഒരാളായി നിങ്ങൾ മാറാൻ അനുവദിക്കരുത്. നിങ്ങളുടെ ജീവിതത്തിൽനിന്ന് അമിതാശ്രയമെന്ന പാപത്തെ വേരോടെ പിഴുതെറിയാൻ കഴിയുന്നതെല്ലാം ചെയ്യുക. അപ്പോൾ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം യഥാർഥത്തിൽ മഹത്തായിരിക്കും.
എന്റെ പരമകാരുണികനായ കർത്താവേ, അങ്ങേയ്ക്കു മാത്രമേ ഞങ്ങൾക്കായി സ്വർഗവാതിലുകൾ തുറക്കാൻ കഴിയൂ. അങ്ങേയ്ക്കു മാത്രമേ അതു ചെയ്യാനാകൂ; അങ്ങയുടെ വിശുദ്ധ തിരുമനസ്സിനോട് പ്രത്യുത്തരിച്ചവർക്കു മാത്രമേ അങ്ങ് അതു തുറന്നുകൊടുക്കുകയുള്ളൂ. ഞാൻ അങ്ങയിൽനിന്ന് അകന്നുമാറുകയും എന്റെ ആത്മീയയാത്രയിൽ അലസത തുടരുകയും ചെയ്യുന്ന ഏതൊരു രീതിയും തിരിച്ചറിയാൻ എന്റെ കണ്ണുകൾ തുറക്കണമേ. വ്യക്തമായി കാണാനും പൂർണഹൃദയത്തോടെ അങ്ങയോടു പ്രത്യുത്തരിക്കാനും എനിക്ക് ആവശ്യമായ കൃപ നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





