മലയാളം

ദൈവഹിതം നിറവേറാൻ പ്രാർഥിക്കുക

നവംബർ 13, 2021
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

കന്യകയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി—അമേരിക്കൻ ഐക്യനാടുകളിൽ അനുസ്മരണം

വീഡിയോ

കർത്താവ് അരുളിച്ചെയ്തു: “നീതികെട്ട ന്യായാധിപൻ പറയുന്നത് ശ്രദ്ധിക്കുവിൻ. അപ്പോൾ, രാവും പകലും തന്നെ വിളിച്ചപേക്ഷിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവർക്കു മറുപടി നൽകാൻ അവിടുന്ന് വൈകുമോ? ഞാൻ നിങ്ങളോടു പറയുന്നു, അവിടുന്ന് അവർക്കു വേഗത്തിൽ നീതി നടത്തിക്കൊടുക്കും.” ലൂക്കാ 18:6–8

നീതിക്കായി രാവും പകലും ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അവിടുത്തോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു നീതികെട്ട ഒരു ന്യായാധിപന്റെ ഉദാഹരണം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉപമയിൽ പറയുന്നതുപോലെ, തന്റെ പട്ടണത്തിലെ ഒരു വിധവ നീതിയുക്തമായ വിധി ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം തന്റെ അടുക്കൽ വന്നിരുന്നെങ്കിലും ഈ ന്യായാധിപൻ അവളെ കാര്യമായി പരിഗണിച്ചിരുന്നില്ല. അവൾ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായാണ് അയാൾക്കു തോന്നിയത്. അവൾ ഇത്രയധികം സ്ഥിരോത്സാഹം കാട്ടിയതിനാൽ ന്യായാധിപൻ തന്നോടുതന്നെ പറഞ്ഞു: “…ഈ വിധവ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ ഞാൻ അവൾക്കു നീതിയുക്തമായ വിധി നൽകും; അല്ലെങ്കിൽ ഒടുവിൽ അവൾ വന്ന് എന്നെ അടിച്ചേക്കാം.” ഈ ഉപമയിൽനിന്ന് യേശു നൽകുന്ന നിഗമനമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.

ഈ ഉപമയിൽനിന്ന് നാം പഠിക്കേണ്ട ലളിതമായ പാഠം, പ്രാർഥനയിൽ നാം സ്ഥിരോത്സാഹമുള്ളവരായിരിക്കണം എന്നതാണ്. “നീതി നടപ്പാക്കപ്പെടുന്നു” എന്ന് വേഗത്തിൽ ഉറപ്പുവരുത്തിക്കൊണ്ട് ദൈവം നമ്മുടെ പ്രാർഥനകൾക്ക് എപ്പോഴും ഉത്തരം നൽകും. എന്നാൽ പലരും ഏതെങ്കിലും ഒരു സാഹചര്യത്തിനുവേണ്ടി വീണ്ടും വീണ്ടും പ്രാർഥിച്ചിട്ടുണ്ട്; നീതിക്കുവേണ്ടിപ്പോലും പ്രാർഥിച്ചിട്ടുണ്ട്. എന്നിട്ടും ദൈവം അവരുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകിയില്ലെന്നു തോന്നിയിട്ടുണ്ട്. അതിനാൽ, സ്ഥിരോത്സാഹത്തോടെയുള്ള പ്രാർഥനയ്ക്ക് എപ്പോഴും ഉത്തരം ലഭിക്കുമെന്നും നീതി എപ്പോഴും നടത്തിക്കൊടുക്കപ്പെടുമെന്നുമുള്ള യേശുവിന്റെ വാഗ്ദാനത്തെ ചിലർ ചോദ്യം ചെയ്തേക്കാം.

ഇതാണ് നിങ്ങളുടെ അനുഭവമെങ്കിൽ, രണ്ടു കാര്യങ്ങൾ നിങ്ങൾ സ്വയം ഓർമിപ്പിക്കേണ്ടത് അനിവാര്യമാണ്. ഒന്നാമതായി, യേശുവിന്റെ വാക്കുകൾ സത്യമാണ്. നാം പ്രാർഥനയിൽ സ്ഥിരത പുലർത്തുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ, അവിടുന്ന് നമ്മുടെ പ്രാർഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു. ഇതു നമ്മുടെ കർത്താവിന്റെ മാറ്റമില്ലാത്ത വാഗ്ദാനമാണ്. എന്നാൽ രണ്ടാമതായി, ദൈവം നടപ്പാക്കുന്ന “നീതി” പലപ്പോഴും നാം പ്രതീക്ഷിക്കുന്ന നീതിയിൽനിന്ന് വ്യത്യസ്തമായിരിക്കാം. നമ്മോടു ചെയ്ത തെറ്റിന് ആരെങ്കിലും പ്രതിഫലം അനുഭവിക്കണമെന്ന് നാം ആഗ്രഹിച്ചേക്കാം. എന്നാൽ തീക്ഷ്ണമായി പ്രാർഥിച്ചിട്ടും നമ്മുടെ കർത്താവ് ആ പ്രതീക്ഷ നിറവേറ്റുന്നില്ലായിരിക്കാം. അതുകൊണ്ട്, നാം നടത്തുന്ന ഓരോ പ്രാർഥനയ്ക്കും ദൈവം ഉത്തരം നൽകുന്നുവെന്നും എന്നാൽ അത് അവിടുത്തെ പരിപൂർണമായ തിരുഹിതത്തിനും ജ്ഞാനത്തിനും അനുസൃതമായാണെന്നും നാം അറിയേണ്ടത് അനിവാര്യമാണ്. അതിനാൽ നീതിയെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട് ചിലപ്പോൾ നമ്മുടേതിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കാം. സമൃദ്ധമായി കരുണ കാണിക്കാനുള്ള അവിടുത്തെ ക്ഷണത്തിലൂടെ ചിലപ്പോൾ അവിടുത്തെ നീതി നിറവേറുന്നു. യഥാർഥ കരുണ എപ്പോഴും നീതിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.

ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളോടു പരുഷമായി സംസാരിക്കുന്ന സാഹചര്യം പരിഗണിക്കുക. ആ സാഹചര്യം നിങ്ങൾ നമ്മുടെ കർത്താവിനു സമർപ്പിച്ചാൽ, അവിടുന്ന് അതിൽ ഇടപെടുകയും തന്റെ തിരുഹിതമനുസരിച്ച് അതിനെ നേരിടാൻ നിങ്ങൾക്കു കൃപ നൽകുകയും ചെയ്യും. ഒരുപക്ഷേ, ആ വ്യക്തി മാപ്പു ചോദിക്കത്തക്കവിധം അവിടുന്ന് അയാളുടെ ഹൃദയം മൃദുലമാക്കിയേക്കാം. അല്ലെങ്കിൽ, അയാൾ മാപ്പു ചോദിക്കാതിരിക്കുകയും അയാളുടെ ഹൃദയം മൃദുലമാകാതിരിക്കുകയും ചെയ്യുന്നെങ്കിൽ, അനുതാപമില്ലാത്ത ആ അവസ്ഥയിലും അയാളെ സ്നേഹിക്കാൻ കഴിയേണ്ടതിന് എളിമയുടെ കൃപ നിങ്ങൾക്കു നൽകുന്നതായിരിക്കും നിങ്ങളുടെ പ്രാർഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരം. നമ്മുടെ കർത്താവ് ഏതു വിധത്തിൽ ഇടപെട്ടാലും, അവിടുന്ന് ഇടപെടുകയും തന്റെ പരിപൂർണമായ തിരുഹിതം നിറവേറ്റാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും എന്ന വസ്തുത നിലനിൽക്കുന്നു. എന്നാൽ, ആ വ്യക്തിയെ കുറ്റത്തിന് ഉത്തരവാദിയാക്കുകയും ശിക്ഷാവിധിക്കു വിധേയനാക്കുകയും ചെയ്യണമെന്നാണ് നിങ്ങളുടെ പ്രാർഥനയെങ്കിൽ, എന്തു ചെയ്യണമെന്ന് ദൈവത്തോടു പറയാനാണ് നിങ്ങൾ ശ്രമിക്കുന്നത്; അവിടുന്ന് നിങ്ങളുടെ അപേക്ഷ അംഗീകരിക്കുകയില്ല. ആത്യന്തികമായി നമ്മുടെ പ്രാർഥനകളെല്ലാം ദൈവത്തിന്റെ ജ്ഞാനത്തിന് അനുസൃതമായി അവിടുത്തെ പരിപൂർണമായ തിരുഹിതം നിറവേറുന്നതിനുവേണ്ടിയായിരിക്കണം.

നിങ്ങൾ എത്ര പൂർണമായി ദൈവത്തിൽ ആശ്രയിക്കുന്നു എന്ന് ഇന്ന് വിചിന്തനം ചെയ്യുക. അവിടുത്തെ ദിവ്യഹിതത്തിന് അനുസൃതമായി വിശ്വാസത്തോടെ തീക്ഷ്ണമായി നിങ്ങൾ നടത്തുന്ന ഓരോ പ്രാർഥനയ്ക്കും അവിടുന്ന് ഉത്തരം നൽകുമെന്ന് നിങ്ങൾക്ക് ഉറപ്പായി അറിയാമോ? ഈ വിശ്വാസം നിങ്ങൾക്കു സ്വാതന്ത്ര്യം നൽകുകയും അവിടുത്തോടുള്ള ഐക്യത്തിൽ കൂടുതൽ പൂർണമായി ജീവിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇപ്പോൾ നിങ്ങൾ ഏതെങ്കിലും പ്രശ്നവുമായി മല്ലിടുന്നുണ്ടെങ്കിൽ, പ്രത്യക്ഷത്തിൽ അനീതിയെന്നു തോന്നുന്ന എന്തെങ്കിലും ഉണ്ടെങ്കിൽപ്പോലും, രാവും പകലും ഇടവിടാതെ അതു നമ്മുടെ കർത്താവിനെ ഏൽപ്പിക്കുക. അവിടുന്ന് തന്റെ തിരുഹിതത്തിന് അനുസൃതമായി നിങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, അവിടുത്തെ കൃപ നിങ്ങളെ നയിക്കുമെന്ന് അറിയുക.

സർവജ്ഞാനിയായ എന്റെ കർത്താവേ, അങ്ങയുടെ തിരുഹിതം എല്ലാ കാര്യങ്ങളിലും പരിപൂർണമാണ്; ഞാൻ ഇടവിടാതെ പ്രാർഥിക്കുമ്പോൾ അങ്ങ് എപ്പോഴും എനിക്ക് അങ്ങയുടെ കൃപ നൽകുന്നു. പ്രിയ കർത്താവേ, അങ്ങയുടെ തിരുഹിതത്തിന് അനുസൃതമായി അങ്ങ് എപ്പോഴും എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകുമെന്ന പ്രത്യാശയിൽ ഞാൻ ഒരിക്കലും പതറാതിരിക്കേണ്ടതിന്, അങ്ങയിൽ ആശ്രയിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ക്രിസ്തുരാജനോടുള്ള നൊവേന
നവംബർ 12–20, 2021

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ മുഖ്യചിത്രം: നീതികെട്ട ന്യായാധിപന്റെ ഉപമ, വിക്കിമീഡിയ കോമൺസ് വഴി