മലയാളം

ജാഗ്രതയും അനുസരണവും

2026 നവംബർ 13

കന്യകയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനിയുടെ അനുസ്മരണം

ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ചത്തെ വായനകൾ

വീഡിയോ

“തന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ അതു നഷ്ടപ്പെടുത്തുന്നവൻ അതു രക്ഷിക്കും. ഞാൻ നിങ്ങളോടു പറയുന്നു: ആ രാത്രിയിൽ ഒരേ കിടക്കയിൽ രണ്ടുപേർ ഉണ്ടായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ശേഷിക്കും. രണ്ടു സ്ത്രീകൾ ഒരുമിച്ച് ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ശേഷിക്കും.” അവർ അവനോടു ചോദിച്ചു: “കർത്താവേ, എവിടെ?” അവൻ അവരോടു പറഞ്ഞു: “ശരീരം എവിടെയോ അവിടെ കഴുകന്മാരും ഒരുമിച്ചുകൂടും.” ലൂക്കാ 17:33–37

ഇന്നത്തെ സുവിശേഷത്തിൽ, നോഹയുടെ കാലത്തെ പ്രളയത്തിന്റെയും ലോത്തിന്റെ കാലത്തെ സോദോമിന്റെയും ഗൊമോറയുടെയും നാശത്തിന്റെയും ദുരന്തസംഭവങ്ങൾ യേശു അനുസ്മരിക്കുന്നു. ദൈവവിധിയുടെ അപ്രതീക്ഷിത സ്വഭാവവും ആത്മീയ ഉദാസീനതയുടെ അപകടവും ഊന്നിപ്പറയാൻ സുപരിചിതമായ ഈ സംഭവങ്ങൾ അവൻ ഉപയോഗിക്കുന്നു. രണ്ടു സന്ദർഭങ്ങളിലും, വിധി ആസന്നമാണെന്ന് ഒട്ടും അറിയാതെ ആളുകൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ മുഴുകിയിരുന്നു—ഭക്ഷിച്ചും പാനം ചെയ്തും വിവാഹം കഴിച്ചും വാങ്ങിയും വിറ്റും നട്ടുപിടിപ്പിച്ചും പണിതും. ഈ പ്രവൃത്തികൾ സ്വതവേ പാപമായിരുന്നില്ല; എന്നാൽ ലൗകിക കാര്യങ്ങളിൽ മുഴുകി ദൈവിക കാര്യങ്ങളെ അവഗണിക്കുന്ന ഒരു മനോഭാവം അവ വെളിപ്പെടുത്തുന്നു.

വലിയൊരു പ്രളയത്തിനുള്ള ഒരുക്കമായി ഒരു പെട്ടകം പണിയാൻ ദൈവം നോഹയോടു കല്പിച്ചത് ഓർക്കുക. ചുറ്റുമുള്ളവർ ഒരുപക്ഷേ അവനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ടാകാമെങ്കിലും, നോഹ വിശ്വാസത്തിൽ ഉറച്ചുനിന്നു. മഴ കണ്ടതുകൊണ്ടല്ല, കർത്താവിന്റെ വചനത്തിൽ വിശ്വസിച്ചതുകൊണ്ടാണ് അവൻ അനുസരിച്ചത്. എല്ലാം പതിവുപോലെ കാണപ്പെട്ട സാഹചര്യത്തിലും അവൻ പുലർത്തിയ ജാഗ്രതയും അനുസരണവും അവന്റെ ആന്തരിക വിശ്വസ്തതയുടെ അടയാളമായിരുന്നു. പ്രളയം വന്നപ്പോൾ നോഹയും കുടുംബവും ഒരുങ്ങിയിരുന്നു; അതിന്റെ സമയം മുൻകൂട്ടി അറിഞ്ഞതുകൊണ്ടല്ല, ദൈവവുമായി ശരിയായ ബന്ധത്തിൽ ജീവിച്ചതുകൊണ്ടാണ് അവർ ഒരുങ്ങിയിരുന്നത്.

അതുപോലെ, സോദോം നഗരം നശിക്കുന്നതിനുമുമ്പ് അവിടെനിന്ന് പലായനം ചെയ്യാൻ ദൂതന്മാർ ലോത്തിനു മുന്നറിയിപ്പു നൽകിയതും ഓർക്കുക. അവൻ മടിച്ചുനിന്നെങ്കിലും, ഒടുവിൽ അനുസരിക്കുകയും കുടുംബത്തോടൊപ്പം പുറപ്പെടുകയും ചെയ്തു. ദുഃഖകരമെന്നു പറയട്ടെ, കൃപയുടെ ഈ നിമിഷത്തിലും ലോത്തിന്റെ ഭാര്യ പിന്തിരിഞ്ഞുനോക്കി. അവൾ ഉപേക്ഷിച്ചുപോരുന്ന ജീവിതത്തോട് ഇപ്പോഴും മമത പുലർത്തുന്ന, വിഭജിതമായ ഒരു ഹൃദയത്തിന്റെ പ്രതീകമായിരുന്നു ആ പിന്തിരിഞ്ഞുനോട്ടം. അതിന്റെ ഫലമായി അവൾ ഒരു ഉപ്പുതൂണായി മാറി (കാണുക: ഉൽപ 19:26). അർധമനസ്സോടെയുള്ള അനുസരണവും പാപത്തോടുള്ള വിട്ടുമാറാത്ത മമതയും രക്ഷയ്ക്കു തടസ്സമാകുന്നു എന്നതിന്റെ നിലനിൽക്കുന്ന മുന്നറിയിപ്പാണ് അവൾക്കു സംഭവിച്ചത്. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ട ഒരു മുന്നറിയിപ്പാണത്.

“മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസം”, അതായത് ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ദിവസം, എന്തു സംഭവിക്കുമെന്ന് വ്യക്തമാക്കാനാണ് യേശു ഈ രണ്ടു സംഭവങ്ങൾ ഓർമിപ്പിക്കുന്നത്. അത് അപ്രതീക്ഷിതമായിരിക്കും; ദൈനംദിന ജീവിതത്തിന്റെ പതിവുഗതിയെ അത് മുറിച്ചുകടക്കും. വസ്തുവകകൾ തിരിച്ചെടുക്കാനോ അവസാന ഒരുക്കങ്ങൾ നടത്താനോ സമയമുണ്ടാകില്ല. ആ നിമിഷത്തിലെ നിർണായക ചോദ്യം ഒരാളുടെ സമ്പത്തോ പദവിയോ വിജയമോ ആയിരിക്കില്ല; മറിച്ച്, അയാളുടെ ഹൃദയം ദൈവത്തോടു വിശ്വസ്തമായി നിലനിന്നുവോ എന്നതായിരിക്കും.

അതുകൊണ്ടാണ് യേശു മുന്നറിയിപ്പു നൽകുന്നത്: “തന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ അതു നഷ്ടപ്പെടുത്തുന്നവൻ അതു രക്ഷിക്കും.” ദൈവത്തെയും നിത്യസത്യത്തെയും അവഗണിച്ചുകൊണ്ട്, ഐഹികജീവിതത്തെ പരമമായ നന്മയെന്നപോലെ മുറുകെപ്പിടിക്കുന്നവൻ എല്ലാം നഷ്ടപ്പെടാനുള്ള അപകടത്തിലാണ്. എന്നാൽ ഓരോ ദിവസവും സ്വമനസ്സാലെ സ്വയത്തിനു മരിക്കുകയും ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുകയും ദൈവരാജ്യത്തിനുവേണ്ടി മമതകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവൻ നിത്യജീവൻ നേടും.

വിധി ഓരോ വ്യക്തിയെയും പ്രത്യേകം സംബന്ധിക്കുന്നതായിരിക്കുമെന്നും ക്രിസ്തു വ്യക്തമാക്കുന്നു. “ഒരേ കിടക്കയിൽ രണ്ടുപേർ… ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ശേഷിക്കും.” നീതിമാന്മാരും നീതിരഹിതരും തമ്മിലുള്ള അന്തിമ വേർതിരിവിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്തു ജീവിക്കുന്നവർപോലും—ദമ്പതികൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ—ഓരോരുത്തരുടെയും വിശ്വസ്തതയനുസരിച്ച് വിധിക്കപ്പെടും. വിശുദ്ധി മറ്റൊരാളിൽനിന്ന് കടമെടുക്കാനാവില്ല; അതു ജീവിക്കേണ്ടതാണ്.

നിഗൂഢമായ ഒരു ദൃശ്യത്തോടെ യേശു ഉപസംഹരിക്കുന്നു: “ശരീരം എവിടെയോ അവിടെ കഴുകന്മാരും ഒരുമിച്ചുകൂടും.” ഈ വാക്കുകൾ അന്തിമത്വത്തിന്റെയും മരണത്തിന്റെയും ഒരു ദൃശ്യം മനസ്സിലുണർത്തുന്നു; വരാനിരിക്കുന്ന വിധി സംശയത്തിനിടയില്ലാത്തതും സാർവത്രികവുമായിരിക്കുമെന്ന് അവ നമ്മെ ഓർമിപ്പിക്കുന്നു. കഴുകന്മാർ സ്വാഭാവികമായി ഒരു ശവത്തിനു ചുറ്റും കൂടുന്നതുപോലെ, ആത്മീയമായി ജീവനറ്റുപോയ ഒരു ലോകത്തിന്മേൽ അന്തിമവിധിയും വന്നുപതിക്കും. ഇതൊരു മുന്നറിയിപ്പും ആത്മീയ ജാഗ്രതയിലേക്കുള്ള ആഹ്വാനവുമാണ്.

ഓരോ ദിവസവും ഒരുക്കത്തോടെയും അനുസരണത്തോടെയും ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള യേശുവിന്റെ വ്യക്തമായ മുന്നറിയിപ്പിനെപ്പറ്റി ഇന്ന് ധ്യാനിക്കുക. കർത്താവിന്റെ വരവിനും കാലത്തിന്റെ അന്ത്യത്തിൽ നിങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക വിധിക്കുംവേണ്ടി നിങ്ങൾ ശ്രദ്ധാപൂർവം ഒരുങ്ങുന്നുണ്ടോ? അങ്ങനെയെങ്കിൽ, ആ ചിന്ത ഭയപ്പെടുത്തുന്നതല്ല, പ്രത്യാശ നൽകുന്നതാണ്. ചുറ്റുമുള്ളവർ സ്വയംതൃപ്തരും ആശങ്കകളില്ലാത്തവരുമായി കാണപ്പെട്ടാലും, ദൈവത്തിന്റെ സ്വരത്തെ അനുസരിച്ചുകൊണ്ടിരിക്കുക. മനുഷ്യപുത്രൻ മഹത്വത്തോടെ മടങ്ങിവരുമ്പോൾ ജാഗ്രതയോടും വിശ്വസ്തതയോടും കഴിയുന്നതായി അവൻ കാണുന്നവർ ഭാഗ്യവാന്മാർ.

എന്റെ കർത്താവും നീതിമാനായ ന്യായാധിപനുമായ അങ്ങ്, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനും പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും അങ്ങയുടെ നിത്യരാജ്യം സ്ഥാപിക്കാനും കാലത്തിന്റെ അന്ത്യത്തിൽ മടങ്ങിവരുമെന്ന് ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. കർത്താവേ, ആ ദിവസത്തിന്റെ ഗൗരവത്തെക്കുറിച്ച് എന്നെ ഉണർത്തണമേ. ആ നിമിഷത്തിനുള്ള ഒരുക്കമായി ഈ ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ; അങ്ങനെ ആ ദിവസം എനിക്ക് ഭയത്തിന്റേതല്ല, ആനന്ദത്തിന്റേതായിത്തീരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി

ക്രിസ്തുരാജനോടുള്ള നൊവേന
പരമ്പരാഗതമായി ക്രിസ്തുരാജന്റെ മഹോത്സവത്തിനു മുൻപുള്ള ഒൻപതു ദിവസങ്ങളിൽ
2026 നവംബർ 13–21 തീയതികളിൽ ദിവസവും ചൊല്ലുന്ന നൊവേന

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ