മലയാളം

അങ്ങയുടെ രാജ്യം വരണമേ!

2021 നവംബർ 21, ഞായറാഴ്ച

പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവം, വർഷം ബി

ഇന്നത്തെ വായനകൾ

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

വീഡിയോ

യേശു മറുപടി പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല. എന്റെ രാജ്യം ഈ ലോകത്തിന്റേതായിരുന്നെങ്കിൽ, ഞാൻ യഹൂദർക്കു കൈമാറപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഇവിടെയല്ല.” യോഹന്നാൻ 18:36

ഇന്ന്, നമ്മുടെ ആരാധനാക്രമവർഷത്തിലെ അവസാന ഞായറാഴ്ച, പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹത്വപൂർണമായ മഹോത്സവം നാം ആഘോഷിക്കുന്നു. അടുത്ത ഞായറാഴ്ച ആഗമനകാലം ആരംഭിക്കുന്നു. നമ്മുടെ കർത്താവ് രാജാവാണെന്ന അഗാധമായ സത്യം ഈ ദിവസം നാം ഏറ്റുപറയുന്നു! അവിടുന്ന് സകലത്തിന്റെയും രാജാവാണ്. അവിടുന്ന് പ്രപഞ്ചത്തിന്റെ രാജാവാണ്. സ്വർഗത്തിന്റെയും എല്ലാ ആത്മീയ യാഥാർഥ്യങ്ങളുടെയും രാജാവുമാണ് അവിടുന്ന്. എന്നാൽ, മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിൽ, താൻ യഹൂദരുടെ രാജാവാണോ അല്ലയോ എന്നു ചോദ്യം ചെയ്ത പീലാത്തോസിന് യേശു മറുപടി നൽകുകയാണ്. താൻ രാജാവാണെന്നും എന്നാൽ തന്റെ രാജ്യം ഈ ലോകത്തിന്റേതല്ലെന്നും യേശു വ്യക്തമാക്കുന്നു. അപ്പോൾ അവിടുത്തെ രാജ്യം എവിടെയാണ്?

യേശുവിന്റെ പ്രസ്താവനയെ രണ്ടു വീക്ഷണകോണുകളിൽനിന്നു നമുക്കു കാണാം. ഒന്നാമതായി, താൻ ലൗകിക ഭരണാധികാരമുള്ള ഒരു ഭൗമിക രാജാവാണെന്ന് യേശു അവകാശപ്പെട്ടിരുന്നെങ്കിൽ, റോമൻ ഭരണാധികാരത്തെ അട്ടിമറിക്കാൻ ശ്രമിച്ച കുറ്റം അവിടുന്ന് ചെയ്തതായി പീലാത്തോസ് വിധിക്കുമായിരുന്നു. അത് നിയമവിരുദ്ധവും വധശിക്ഷ അർഹിക്കുന്നതുമാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ, ഭരണകൂടത്തിന്റെ നിയമം ലംഘിച്ചതിന് യേശുവിനെ നിയമപരമായി കുറ്റക്കാരനെന്നു കണ്ടെത്താമായിരുന്നു.

എന്നാൽ യേശു തികച്ചും നിരപരാധിയായിരുന്നു. അവിടുന്ന് എല്ലാ വിധത്തിലും ധാർമികമായി പരിപൂർണനായിരുന്നു; ഭരണകൂടത്തിന്റെ ന്യായമായ എല്ലാ നിയമങ്ങളോടുമുള്ള അവിടുത്തെ അനുസരണവും അതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ യേശു ഒരു രാജാവായിരുന്നു. അവിടുന്ന് സകല രാജാക്കന്മാരുടെയും രാജാവായിരുന്നു! അതുകൊണ്ട്, തന്റെ രാജാധികാരം പ്രയോഗിക്കുന്നതിനായി, തന്റെ രാജ്യം ഈ ലോകത്തിന്റേതല്ലെന്ന് അവിടുന്ന് പ്രഖ്യാപിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, റോമൻ ഭരണാധികാരികളുമായോ മറ്റേതെങ്കിലും ലൗകിക ഭരണാധികാരവുമായോ മത്സരിക്കുന്ന ഒരു രാജ്യമായിരുന്നില്ല അത്. അതിന് എങ്ങനെ മറുപടി നൽകണമെന്ന് പീലാത്തോസിന് അറിയില്ലായിരുന്നു.

ഇന്നും എപ്പോഴും തന്റെ മഹത്വപൂർണമായ രാജ്യം എല്ലാ വിധത്തിലും വാഴണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആത്മാക്കളിൽ വാഴുന്നതിലൂടെയാണ് ദൈവം ആരംഭിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവിടുത്തെ ക്ഷണിക്കണമെന്ന് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ ഓരോ വികാരത്തിന്റെയും ആഗ്രഹത്തിന്റെയും ചിന്തയുടെയും പ്രവൃത്തിയുടെയും അധിപനായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ഇതു സംഭവിക്കുമ്പോൾ, അവിടുത്തെ രാജ്യം നമ്മിൽ സുദൃഢമായി സ്ഥാപിതമാകുന്നു.

തന്റെ രാജ്യം വളരണമെന്ന് യേശു ആഗ്രഹിക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ആദ്യം, എല്ലാ മനുഷ്യരുടെയും മനസ്സിലും ഇച്ഛാശക്തിയിലും അത് വളരണം. തുടർന്ന്, നമ്മുടെ സമൂഹത്തിന്റെ ഓരോ മേഖലയും രാജാവായ അവിടുത്തെ ഭരണത്തിന് അനുരൂപമാക്കാൻ ഓരോ വ്യക്തിയും പ്രവർത്തിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതായത്, ഭരണനേതാക്കളുടെ ഹൃദയങ്ങൾ പരിവർത്തനപ്പെടുമ്പോൾ, ഭൂമിയിൽ ദൈവരാജ്യത്തെ പൂർണമായി പിന്തുണയ്ക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന നിയമങ്ങൾ നിർമിക്കാൻ അവർ വിളിക്കപ്പെടും. വ്യവസായനേതാക്കൾ മാനസാന്തരപ്പെടുമ്പോൾ, തങ്ങളുടെ സംരംഭങ്ങൾ ഇവിടെയും ഇപ്പോഴും ദൈവരാജ്യം സ്ഥാപിക്കുന്നതിനു സംഭാവന നൽകുംവിധം, ദൈവഹിതത്തിന് അനുസൃതമായി അവയെ നയിക്കാൻ അവർ വിളിക്കപ്പെടുന്നു എന്നാണ് ഇതിനർഥം. നമ്മുടെ വിദ്യാലയങ്ങൾ, കായികപരിപാടികൾ, സാമൂഹികപരിപാടികൾ തുടങ്ങിയവയുടെ ചുമതലക്കാരെല്ലാം തങ്ങളുടെ ഹൃദയങ്ങളിൽ രാജാവായി വാഴാൻ യേശുവിനെ ക്ഷണിക്കുമ്പോൾ, തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവിടുത്തെ ഹിതത്തിനും അവിടുത്തെ രാജ്യത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കും അനുരൂപമാക്കാൻ പ്രപഞ്ചരാജാവ് അവരെ നയിക്കുമെന്നും ഇതിനർഥമുണ്ട്.

സമൂഹത്തിന്റെ എല്ലാ മേഖലകളുടെയും ഭരണത്തെ സംബന്ധിച്ച് ക്രൈസ്തവന്റെ പ്രഥമ കടമ, ക്രൂരനായ ഒരു സ്വേച്ഛാധിപതിയെപ്പോലെ പുറത്തുനിന്ന് ദൈവനിയമം അടിച്ചേൽപ്പിക്കുകയല്ല. മറിച്ച്, ദൈവത്തിന്റെ ഭരണം ഉള്ളിൽനിന്ന് ഉദിച്ചുയരത്തക്കവിധം മനസ്സുകളെയും ഹൃദയങ്ങളെയും പരിവർത്തനപ്പെടുത്തുക എന്നതാണ്. ദൈവത്തിന്റെ ജനത്തിന്റെ ജീവിതങ്ങളിൽ അവിടുത്തെ രാജ്യം സ്ഥാപിതമാകുമ്പോൾ, നമ്മുടെ ഭൗമിക നിയമങ്ങളിൽ വേരൂന്നിയിട്ടുള്ള, വസ്തുനിഷ്ഠമായി ഗുരുതരമായ എല്ലാ തിന്മകളും നീക്കപ്പെടണം. ഉദാഹരണത്തിന്, പൂർണമായും നിരപരാധിയായ ഒരു ജീവൻ അപഹരിക്കുന്നത് ഉൾപ്പെടുന്നതിനാൽ, ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നത് ഒരുപക്ഷേ ധാർമിക തിന്മകളിൽ ഏറ്റവും വലുതായി വേറിട്ടുനിൽക്കുന്നു. ഹൃദയങ്ങളും മനസ്സുകളും അവിടുത്തെ സത്യത്തിലേക്കു പരിവർത്തനപ്പെടുമ്പോൾ, ഇതും ധാർമികതയ്ക്കു വിരുദ്ധമായ എണ്ണമറ്റ മറ്റു ഭൗമിക നിയമങ്ങളും മാറ്റി അവയുടെ സ്ഥാനത്ത് ദൈവത്തിന്റെ നിയമങ്ങൾ സ്ഥാപിക്കണം.

ഇവിടെയും ഇപ്പോഴും ദൈവരാജ്യം സംജാതമാകാൻ സഹായിക്കേണ്ട നിങ്ങളുടെ കടമയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും ദൈവരാജ്യം വളരാൻ അനുവദിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആരംഭിക്കുക. തുടർന്ന്, മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ സഹായിക്കുന്നതിന് ദൈവം നിങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന അനേകം വഴികളോട് തുറവുള്ളവരായിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ വരുന്ന സകലതിലും ദൈവരാജ്യം ബാഹ്യമായും സ്ഥാപിതമാകുന്നതിനായി പ്രവർത്തിക്കാൻ ഭയപ്പെടരുത്. യേശു രാജാവാണ്; എല്ലായിടത്തും വാഴാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുത്തോടു സഹകരിക്കുക; അവിടുത്തെ രാജ്യം തീർച്ചയായും വരും.

എന്റെ മഹത്വപൂർണ്ണനായ രാജാവേ, അങ്ങയെ എന്റെ ജീവിതത്തിന്റെ രാജാവായി ഞാൻ തിരഞ്ഞെടുക്കുന്നു; എന്റെ എല്ലാ പ്രവൃത്തികളും പരിശ്രമങ്ങളും അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ രാജ്യം വളർത്താൻ എന്നെ ഉപയോഗിക്കണമേ. എല്ലാ മനുഷ്യരുടെയും ജീവിതങ്ങളിലും അങ്ങ് സൃഷ്ടിച്ച പ്രപഞ്ചം മുഴുവനിലും അങ്ങയുടെ കരുണയും നീതിയും നിറഞ്ഞ ഭരണം സ്ഥാപിക്കാൻ സഹായിക്കുന്നതിനായി അങ്ങ് എന്നെ അയയ്ക്കുമ്പോൾ, ജ്ഞാനവും വിവേകവും ധൈര്യവും നൽകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് നിറവേറണമേ! ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയ സമർപ്പണം—ഓർമ്മ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ ഓർമ്മയായി ആചരിക്കുന്നില്ല

കൂടുതൽ വായനയ്ക്ക് – ക്രിസ്തുരാജൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ന്യൂ സൗത്ത് വെയിൽസിലെ (NSW) ആഷ്ഫീൽഡിലുള്ള വിശുദ്ധ യോഹന്നാന്റെ ആംഗ്ലിക്കൻ ദേവാലയത്തിന്റെ കുറുകെയുള്ള ഭാഗത്തെ വർണ്ണച്ചില്ലുപാളി. ചിത്രം: ടോബി ഹഡ്‌സൺ, വിക്കിമീഡിയ കോമൺസ് വഴി