മലയാളം

ദൈവത്തിനുള്ള സമ്പൂർണ്ണ സമർപ്പണം

2021 നവംബർ 22
ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ സെസീലിയ—ഓർമ്മ

വീഡിയോ

“സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു; എന്തെന്നാൽ, മറ്റുള്ളവരെല്ലാം തങ്ങളുടെ സമ്പത്തിൽ മിച്ചമുള്ളതിൽനിന്നാണ് കാഴ്ചകൾ അർപ്പിച്ചത്. എന്നാൽ ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽനിന്ന്, ഉപജീവനത്തിനുണ്ടായിരുന്നതെല്ലാം അർപ്പിച്ചിരിക്കുന്നു.”  ലൂക്കാ 21:1–4

നമ്മുടെ “ഉപജീവനത്തിനുള്ളതെല്ലാം” ക്രിസ്തുവിന് സമർപ്പിച്ചുകൊണ്ട്, നാമെല്ലാവരും നമ്മെത്തന്നെ ഈ ദരിദ്രവിധവയുടെ സ്ഥാനത്തു കാണണം. നമുക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണ്; അവിടുത്തേക്കുള്ള നമ്മുടെ സമ്മാനമായി, ത്യാഗപൂർവ്വം അതെല്ലാം ദൈവത്തിനു തിരികെ സമർപ്പിക്കണം. ഈ ദരിദ്രവിധവ അർപ്പിച്ച ഭൗതികമായ കാഴ്ച വളരെ തുച്ഛമായ വിലയുള്ള രണ്ടു ചെറിയ നാണയങ്ങളായിരുന്നു. നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരിക്കുകയും നിങ്ങൾക്കുള്ളതെല്ലാം ദൈവത്തിനു ദാനം ചെയ്യുകയും ചെയ്താലും, നമ്മുടെ കർത്താവ് നമുക്കു നൽകിയ ദാനവുമായി താരതമ്യം ചെയ്യുമ്പോൾ അതു വളരെ നിസ്സാരമായിരിക്കും എന്നതാണ് സത്യം. ദൈവകൃപയുടെയും അവിടുത്തെ രാജ്യത്തിന്റെയും വിശാലമായ പശ്ചാത്തലത്തിൽ നോക്കുമ്പോൾ നാമെല്ലാവരും ദരിദ്രരാണ്. നമ്മിൽ ആർക്കെങ്കിലും അർപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദാനത്തെപ്പോലും ഈ രണ്ടു ചെറിയ നാണയങ്ങൾ പ്രതീകപ്പെടുത്തുന്നു.

സ്വന്തം ജീവിതത്തിലേക്കു നോക്കുമ്പോൾ, നിങ്ങൾക്കുള്ളതെല്ലാം നമ്മുടെ കർത്താവിന്റെ മഹത്ത്വത്തിനും അവിടുത്തെ ശുശ്രൂഷയ്ക്കുമായി നൽകാൻ നിങ്ങൾ എത്രത്തോളം സന്നദ്ധരാണ്? നമ്മുടെ ജീവിതം മുഴുവനായും “ബലിയായി” സമർപ്പിക്കുക എന്നതാണ് കർത്താവിനു നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്ന ഉചിതമായ ഏക “കാഴ്ച”. ഈ ലോകത്തിലെ വസ്തുവകകളാൽ ഏറെ സമ്പന്നരായവർക്ക് ഈ ആത്മീയസത്യം വളരെ പ്രയാസകരമാണ്. ഭൗതികസമ്പത്ത് സുഖസൗകര്യങ്ങളോടെ ജീവിക്കാനുള്ള എളുപ്പവഴി നൽകുന്നു. എല്ലാ ആധുനിക സൗകര്യങ്ങളും വിനോദവും ഉല്ലാസവും ലൗകികസുരക്ഷിതത്വവും ഈ ലോകം നൽകുന്ന മറ്റു പലതും പണത്തിനു നൽകാൻ കഴിയും. എന്നാൽ ജീവിതസാഫല്യം പണംകൊണ്ട് വാങ്ങാനാവില്ല. യഥാർഥമായ അർഥത്തിൽ നമ്മെ സംതൃപ്തരാക്കാൻ അതിനു കഴിയില്ല. അതുകൊണ്ടാണ് അത്യാഡംബരത്തോടെ ജീവിക്കുന്ന പലരും യഥാർഥത്തിൽ സന്തുഷ്ടരല്ലാത്തത്.

ത്യാഗത്തിലാണ് സന്തോഷം കണ്ടെത്തുന്നത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, നമ്മുടെ വ്യക്തിത്വവും നമുക്കുള്ളതെല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനും അവിടുത്തെ രാജ്യത്തിന്റെ വളർച്ചയ്ക്കുമായി മാത്രം സമർപ്പിക്കുന്ന ത്യാഗപൂർണ്ണമായ സ്നേഹത്തിലാണ് അതു കണ്ടെത്തുന്നത്. ദുഃഖകരമെന്നു പറയട്ടെ, ഈ ലോകത്തിലെ വസ്തുവകകളാൽ സമ്പന്നനായ ഒരാൾക്ക്, ദശാംശംപോലെ തന്റെ സമ്പത്തിന്റെ ഒരു ഭാഗം അർപ്പിച്ചുകഴിഞ്ഞാൽ ബാക്കിയുള്ളത് സ്വന്തം ഇഷ്ടപ്രകാരം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്നു കരുതാൻ എളുപ്പമാണ്. എന്നാൽ അതു ശരിയല്ല. നമ്മെത്തന്നെ പൂർണ്ണമായി ദൈവത്തിനും അവിടുത്തെ ശുശ്രൂഷയ്ക്കുമായി സമർപ്പിക്കുന്നതുകൊണ്ട് നമ്മുടെ പണമെല്ലാം സഭയ്ക്കു ദാനം ചെയ്യണമെന്നു നിർബന്ധമായും അർഥമാകുന്നില്ല. എന്നാൽ എല്ലാം ദൈവത്തിനു സമർപ്പിക്കണമെന്നു തന്നെയാണ് അതിന്റെ അർഥം. ഇപ്രകാരം അനുദിനം സമ്പൂർണ്ണമായി സമർപ്പിക്കുന്ന പലരെയും, തങ്ങളുടെ കുടുംബത്തെ വളർത്തുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ചിലപ്പോൾ ജീവിതത്തിലെ വിവിധ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നതിനുപോലും തങ്ങളുടെ ഭൗതികവിഭവങ്ങൾ ഉപയോഗിക്കാൻ ദൈവം നയിക്കും. എന്നാൽ നിങ്ങൾക്കുള്ളതെല്ലാം, നിങ്ങൾ തന്നെയും ദൈവത്തിന്റേതാണെന്നും അവിടുത്തെ മഹത്ത്വത്തിനും അവിടുത്തെ തിരുഹിതം നിറവേറുന്നതിനുമായി ഉപയോഗിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യത്തോടെ നിങ്ങൾ യഥാർഥത്തിൽ ജീവിക്കുന്നുണ്ടോ എന്നതാണ് യഥാർഥ ചോദ്യം.

ഇന്ന് ഈ ദരിദ്രവിധവയെക്കുറിച്ച് ചിന്തിക്കുക. വളരെ കുറച്ചുമാത്രം സ്വന്തമായുണ്ടായിരുന്നത് അവൾക്കു വലിയൊരു അനുഗ്രഹമായിരുന്നു. പണത്തോടും മറ്റു ഭൗതികസമ്പത്തുകളോടും മമതയില്ലാതെ കഴിയാൻ ഇത് അവളെ സഹായിച്ചു. ആ മമതയില്ലായ്മയിൽ അവൾ എല്ലാം ദൈവത്തിനു നൽകി. അവൾ എല്ലാം അവിടുത്തെ ഭരമേൽപ്പിച്ചു; യേശു അത് ശ്രദ്ധിക്കുകയും അവളെ പ്രശംസിക്കുകയും ചെയ്തു. നിങ്ങളോടും നിങ്ങളുടെ ജീവിതം അവിടുത്തേക്കു സമർപ്പിക്കുന്നതിനോടുമുള്ള നമ്മുടെ കർത്താവിന്റെ പ്രതികരണത്തെക്കുറിച്ചു ചിന്തിക്കുക. കർത്താവിനു നൽകാതെ നിങ്ങൾ എന്തെങ്കിലും പിടിച്ചുവെക്കുന്നുണ്ടെങ്കിൽ, അവിടുത്തെ വിശുദ്ധ ഹിതമനുസരിച്ച് എല്ലാം അനുദിനം ദൈവസേവനത്തിനായി സമർപ്പിക്കാൻ ഈ ദരിദ്രവിധവയുടെ സാക്ഷ്യം നിങ്ങൾക്കു പ്രചോദനമാകട്ടെ.

സമ്പന്നനായ എന്റെ കർത്താവേ, അങ്ങയുടെ സമ്പത്തു മാത്രമാണ് ജീവിതത്തിൽ പ്രാധാന്യമുള്ളത്. തങ്ങൾക്കുള്ളതെല്ലാം അങ്ങേക്കു സമർപ്പിച്ചവർക്ക് അങ്ങ് നിത്യരക്ഷയുടെ സമ്പത്തും എണ്ണമറ്റ മറ്റു കൃപകളും നൽകുന്നു. പ്രിയ കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എനിക്കുള്ളതെല്ലാം, എന്നെത്തന്നെ മുഴുവനായും ഞാൻ സമർപ്പിക്കുന്നു. എന്റെ ജീവിതസമർപ്പണം സ്വീകരിക്കുകയും അങ്ങയുടെ വിശുദ്ധ ഹിതമനുസരിച്ച് എന്നെ ഉപയോഗിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ സെസീലിയ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: അവൾ തനിക്കുള്ളതെല്ലാം നൽകി, flickr വഴി