2021 ഡിസംബർ 3
ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വൈദികൻ—ഓർമ്മ

“നിങ്ങളുടെ വിശ്വാസമനുസരിച്ച് നിങ്ങൾക്കു സംഭവിക്കട്ടെ.” അപ്പോൾ അവരുടെ കണ്ണുകൾ തുറന്നു. “ഇത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കണം” എന്ന് യേശു അവർക്കു കർശനമായ താക്കീതു നൽകി. എന്നാൽ അവർ പുറത്തുപോയി ആ ദേശമെങ്ങും അവനെക്കുറിച്ചുള്ള വാർത്ത പ്രചരിപ്പിച്ചു. മത്തായി 9:29b–31
ഈശോയുടെ ഈ വാക്കുകൾ രണ്ടു അന്ധരോടാണ്. അവർ അവന്റെ അടുക്കൽ വന്ന് കരുണയ്ക്കും സൗഖ്യത്തിനുമായി യാചിക്കുന്നു; ഈശോ തങ്ങളെ സുഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു; തുടർന്ന് അവർ സൗഖ്യം പ്രാപിക്കുന്നു. എന്നാൽ, തങ്ങൾക്കു ലഭിച്ച സൗഖ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയരുതെന്ന് ഈശോ അവരോടു പറയുന്നത് ഏറെ കൗതുകകരമാണ്. എന്തുകൊണ്ടായിരിക്കും അവൻ അങ്ങനെ പറഞ്ഞത്?
ഒന്നാമതായി, ഈശോയുടെ ഈ നിർദേശം പാലിക്കുക അസാധ്യമായിരുന്നിരിക്കണം. ഈ അന്ധരെ അറിയാവുന്ന എല്ലാവർക്കും അവർ അന്ധരായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാൽ പെട്ടെന്ന് അവർക്കു കാഴ്ച ലഭിച്ചു. ഇങ്ങനെയൊരു കാര്യം എങ്ങനെ മറച്ചുവെക്കാനാകും?
ഇത്തരമൊരു അത്ഭുതം അവർക്കു മനസ്സിലൊതുക്കിവയ്ക്കാൻ കഴിയില്ലെന്ന് യേശുവിന് തീർച്ചയായും അറിയാമായിരുന്നു. എങ്കിലും അവൻ ഈ മനുഷ്യരോട് ഇങ്ങനെ പറഞ്ഞു. യേശു എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നു മനസ്സിലാക്കണമെങ്കിൽ, അവരെ സുഖപ്പെടുത്തിയതിനു പിന്നിലെ അവന്റെ ഉദ്ദേശ്യം നാം മനസ്സിലാക്കണം.
അവരോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമാണ് ഈശോ അവരെ സുഖപ്പെടുത്തിയത്. അവർ കരുണയ്ക്കായി നിലവിളിച്ചു; കരുണ നൽകാൻ ഈശോ ആഗ്രഹിച്ചു. ജനങ്ങളുടെ പ്രശംസയോ പ്രശസ്തിയോ നേടാനുള്ള മാർഗമായിട്ടല്ല അവൻ അതു ചെയ്തത്. ഈ അന്ധരോടുള്ള സ്നേഹത്താലാണ് അവൻ അതു ചെയ്തത്.
നമ്മുടെ ഹൃദയങ്ങളുടെ അന്ധതയും സുഖപ്പെടുത്താൻ തനിക്കു കഴിയുമെന്ന് പഠിപ്പിക്കുന്നതിനുകൂടിയാണ് അവൻ ഈ അത്ഭുതം പ്രവർത്തിച്ചത്. ഈ മനുഷ്യർ തന്നിൽ വിശ്വസിക്കണമെന്നും താൻ യഥാർഥത്തിൽ ആരാണെന്ന് “കാണണമെന്നും” അവൻ ആഗ്രഹിച്ചു. അതിനാൽ, ഈ അത്ഭുതം തികച്ചും വ്യക്തിപരമായ ഒന്നായിരുന്നു; ഈ രണ്ടു മനുഷ്യരോടുള്ള കരുതലാൽ, അവരുടെ വിശ്വാസം ശക്തിപ്പെടുത്താനാണ് അതു ചെയ്തത്.
എന്നാൽ ശ്രദ്ധേയമായ കാര്യം ഇതാണ്: നമ്മുടെ കർത്താവിൽനിന്ന് ഈ ദാനം ലഭിച്ചപ്പോഴുണ്ടായ ആനന്ദം ഉള്ളിലൊതുക്കാൻ അവർക്കു കഴിഞ്ഞില്ല. നന്ദിയോടെ വിളിച്ചുപറയാതിരിക്കാനും തങ്ങളുടെ അനുഭവം പങ്കുവെക്കാതിരിക്കാനും അവർക്കായില്ല. ഈശോയ്ക്ക് ഇതിൽ നീരസം തോന്നിയില്ലെന്നും, മറിച്ച് അവരുടെ വിശ്വാസത്തിന്റെ അനിവാര്യമായ ഫലമായി അവൻ ഇതിനെ കണ്ടുവെന്നും നമുക്ക് ഉറപ്പിക്കാം.
നിങ്ങളുടെ കാര്യമോ? നിങ്ങളുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ? തുടർന്ന്, നിങ്ങളുടെ ജീവിതത്തിലെ അവന്റെ പ്രവർത്തനത്തിന്റെ ആനന്ദം മറ്റുള്ളവരിലേക്കു പകരാൻ ശ്രമിക്കുന്നുണ്ടോ? അവന്റെ പ്രവർത്തനത്തിനും സൗഖ്യദാനത്തിനും നിങ്ങൾ പതിവായി സാക്ഷ്യം നൽകുന്നുണ്ടോ? ദൈവം നിങ്ങൾക്കായി ചെയ്തതെല്ലാം മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?
സൗഖ്യം ലഭിച്ചപ്പോൾ ഈ അന്ധരുടെ ഹൃദയങ്ങളിലുണ്ടായ ആനന്ദത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തിൽ നിങ്ങൾക്കുള്ള ആനന്ദത്തെക്കുറിച്ചും ചിന്തിക്കുക. നിങ്ങളുടെ ആനന്ദം നിറഞ്ഞൊഴുകുന്നില്ലെങ്കിൽ, കാണാൻ നിങ്ങളെ സഹായിക്കണമെന്നു കർത്താവിനോട് ആഴമായ വിശ്വാസത്തോടെ അപേക്ഷിക്കാൻ ഒരുപക്ഷേ ഇന്നൊരു നല്ല ദിവസമായിരിക്കും!
കർത്താവേ, കാണാൻ എന്നെ സഹായിക്കണമേ; അങ്ങയെ കാണുന്നതിന്റെ ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും എന്നെ സഹായിക്കണമേ. എല്ലാവർക്കും കാണാനാകുംവിധം ആ ആനന്ദം എന്റെ ജീവിതത്തിൽനിന്ന് ഒഴുകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക
അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഫ്രാൻസിസ് സേവ്യർ, പുരോഹിതൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




