ഡിസംബർ 6, 2021
ആഗമനകാലം രണ്ടാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ നിക്കോളാസ്, മെത്രാൻ—ഐച്ഛിക അനുസ്മരണം

അപ്പോൾ എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. ഭയഭക്തി നിറഞ്ഞ് അവർ പറഞ്ഞു: “അവിശ്വസനീയമായ കാര്യങ്ങളാണ് നാം ഇന്ന് കണ്ടത്.” ലൂക്കാ 5:26
യേശു പഠിപ്പിച്ചുകൊണ്ടിരുന്ന വീടിന്റെ മേൽക്കൂരയിലൂടെ താഴെയിറക്കപ്പെട്ട തളർവാതരോഗിയെ അവിടുന്ന് സുഖപ്പെടുത്തിയതിനാലാണ് അവർ “വിസ്മയഭരിതരായത്.” യേശു അവനെ സുഖപ്പെടുത്തി; അവർ അത്ഭുതപ്പെട്ടു.
എന്നാൽ ഇതായിരുന്നില്ല ജനങ്ങളെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തത്. യേശു ആ തളർവാതരോഗിയോട്, “നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ലൂക്കാ 5:20) എന്നുകൂടി പറഞ്ഞതാണ് ഏറ്റവും വിസ്മയകരമായിരുന്നത്. തുടർന്ന്, ശരീരത്തിനു സൗഖ്യം നൽകുന്ന ഈ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് പാപങ്ങൾ ക്ഷമിക്കാൻ തനിക്ക് അധികാരമുണ്ടെന്ന് യേശു സ്ഥിരീകരിച്ചു.
അന്ന് മിക്കവരും വീട്ടിലേക്കു പോയപ്പോൾ ആദ്യം സംസാരിച്ചത് ശാരീരികസൗഖ്യത്തെക്കുറിച്ചായിരുന്നു എന്നതു ശരിയാണ്. എന്നാൽ, ഈ അനുഭവത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ പാപമോചനം അവരുടെ ഹൃദയങ്ങളെ അതിലും ആഴത്തിൽ സ്പർശിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ഇതിനെല്ലാം എന്താണ് അർഥമെന്ന് ഒരുപക്ഷേ അവർ പൂർണമായി മനസ്സിലാക്കിയിരുന്നില്ല. എങ്കിലും, പാപമോചനം നൽകുന്ന അവിടുത്തെ വാക്കുകൾ ഏറെ ശക്തവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നവയുമായിരുന്നു.
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ പാപമോചനം സ്വീകരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ വാക്കുകൾ നിങ്ങളോടു പറയുന്നതു കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? യേശുവിന്റെ കരുണയും പാപമോചനവും നിങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ നിങ്ങൾ കൊതിക്കുന്നുണ്ടോ? നിങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകാനാണ് അവിടുന്ന് സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു വന്നത്. ആത്യന്തികമായി പ്രധാനം അത്ഭുതങ്ങളല്ല. കരുണയും പാപമോചനവുമാണ് പ്രധാനം. അവിടുത്തെ കരുണയെന്ന ഈ ദാനം സ്വീകരിക്കുമ്പോൾ, അവിശ്വസനീയമായ ഈ ദാനം നിങ്ങളുടെ ജീവിതത്തിൽ അനാവൃതമാകുന്നതു കണ്ട് നിങ്ങളും ആനന്ദവും വിശുദ്ധിയും നിറഞ്ഞ വിസ്മയത്തോടെ ദൈവത്തെ മഹത്വപ്പെടുത്തും.
കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ കരുണയും പാപമോചനവും ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. ‘നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ എന്ന് അങ്ങ് പറയുന്നതു കേൾക്കാൻ കഴിയേണ്ടതിന് അങ്ങയുടെ മുമ്പിൽ എന്നെത്തന്നെ താഴ്ത്താൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക
അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ നിക്കോളാസ്, മെത്രാൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




