2021 ഡിസംബർ 20, തിങ്കളാഴ്ച
ഡിസംബർ 20, ആഗമനകാല വാരദിനം

എന്നാൽ മറിയം ദൂതനോടു പറഞ്ഞു: “എനിക്ക് പുരുഷനുമായി ബന്ധമില്ലാത്തതിനാൽ ഇതെങ്ങനെ സംഭവിക്കും?” ദൂതൻ അവളോടു മറുപടി പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്നെ ആവരണം ചെയ്യും. അതിനാൽ ജനിക്കാനിരിക്കുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ബന്ധുവായ എലിസബത്തും വാർധക്യത്തിൽ ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കപ്പെട്ടിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്; എന്തെന്നാൽ ദൈവത്തിന് ഒന്നും അസാധ്യമല്ല.” മറിയം പറഞ്ഞു: “ഇതാ, ഞാൻ കർത്താവിന്റെ ദാസി. അങ്ങയുടെ വചനമനുസരിച്ച് എനിക്കു സംഭവിക്കട്ടെ.” അപ്പോൾ ദൂതൻ അവളെ വിട്ടുപോയി. ലൂക്കാ 1:34–38
ഇന്നലെ സഖറിയായുടെ മാതൃക നമുക്കു നൽകപ്പെട്ടതുപോലെ, ഇന്ന് നമ്മുടെ പരിശുദ്ധ അമ്മയുടെ സാക്ഷ്യം നമുക്കു നൽകപ്പെടുന്നു. അമ്മയുടെ സാക്ഷ്യമാകട്ടെ, പരിപൂർണ്ണ വിശ്വാസത്തിന്റേതാണ്!
അവളുടെ മറുപടി എന്താണ്? “ഇതാ, ഞാൻ കർത്താവിന്റെ ദാസി. അങ്ങയുടെ വചനമനുസരിച്ച് എനിക്കു സംഭവിക്കട്ടെ.” ദൈവത്തോടുള്ള അവളുടെ മഹത്തായ “ഫിയാത്ത്” (സമ്മതം) എന്നാണ് പാരമ്പര്യമായി നാം ഇതിനെ വിശേഷിപ്പിക്കുന്നത്!
തനിക്കു മനസ്സിലാകാത്ത ഒരു കാര്യത്തിന് നമ്മുടെ പരിശുദ്ധ അമ്മ പൂർണ്ണസമ്മതം നൽകുന്നു എന്നതാണ് ഈ വാക്കുകളിൽ നാം കാണുന്ന ഒരു കാര്യം. മുഖ്യദൂതൻ അമ്മയ്ക്ക് ഒരു ഹ്രസ്വമായ വിശദീകരണം നൽകുന്നുണ്ട്. എന്നാൽ ഈ സാഹചര്യം സത്യസന്ധമായി വിശകലനം ചെയ്താൽ, ദൂതൻ പറയുന്നത് മിക്കവർക്കും വിശ്വസിക്കാനാകുന്നതിന് അപ്പുറമാണ്. മുഖ്യദൂതന്റെ വിശദീകരണമല്ല നമ്മുടെ പരിശുദ്ധ അമ്മയെ ബോധ്യപ്പെടുത്തിയതെന്ന നിഗമനവും ന്യായമാണ്. ഈ വാക്കുകൾ കേട്ട്, അവയെ വിശകലനം ചെയ്ത്, അവ സംഭവിക്കാൻ എത്രത്തോളം സാധ്യതയുണ്ടെന്നോ ഇല്ലെന്നോ പരിഗണിച്ചശേഷമല്ല അമ്മ വിശ്വസിക്കണമോ എന്നു തീരുമാനിച്ചത്. അല്ല, അമ്മ കേട്ടു, ധ്യാനിച്ചു, പിന്നെ പറഞ്ഞ വാക്കുകൾക്ക് ഉടൻ സമ്മതം നൽകി. “നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ” എന്ന് അമ്മ പറഞ്ഞു. “നീ ഉദ്ദേശിക്കുന്നത് എനിക്ക് എത്രത്തോളം മനസ്സിലാകുന്നുവോ, അത്രത്തോളം എനിക്കു സംഭവിക്കട്ടെ” എന്നല്ല അമ്മ പറഞ്ഞത്. സത്യം പൂർണ്ണമായി മനസ്സിലാക്കേണ്ട ആവശ്യമില്ലാതെതന്നെ അതിനെ അറിയുന്ന വിശ്വാസമായിരുന്നു നമ്മുടെ പരിശുദ്ധ അമ്മയുടേത്. ഇതൊരു ദാനമാണ്!
ഇന്ന്, സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം അറിവിനെപ്പറ്റി ചിന്തിക്കുക. ദൈവഹിതവും ദൈവികസത്യങ്ങളും പൂർണ്ണമായി മനസ്സിലാകാതെതന്നെ അവയ്ക്കു സമ്മതം നൽകാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? നിങ്ങളുടെ സ്വന്തം മാനുഷിക യുക്തിയെക്കാൾ നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നുണ്ടോ? പരിമിതമായ മാനുഷിക യുക്തിയെ മാത്രം ആശ്രയിക്കുന്നതിനു പകരം വിശ്വാസത്താൽ ജീവിതത്തിൽ മുന്നോട്ടുപോകാൻ നിങ്ങൾ സന്നദ്ധരാണോ? നമ്മുടെ പരിശുദ്ധ അമ്മയുടെ നിർമ്മലമായ വിശ്വാസാധിഷ്ഠിത അറിവിനെ അനുകരിക്കാൻ പരിശ്രമിക്കുക. അമ്മ സത്യം അറിഞ്ഞു; കാരണം, അത് അമ്മയുടെ ഹൃദയത്തിൽ അരുളിച്ചെയ്യപ്പെട്ടിരുന്നു. അത് ശ്രവിച്ചപ്പോൾ അമ്മ സമ്മതം നൽകുകയും ദൈവത്തിന്റെ പരിശുദ്ധ ഹിതം സ്വീകരിക്കുകയും ചെയ്തു. നാമും അങ്ങനെതന്നെ ചെയ്യണം.
കർത്താവേ, എന്റെ പൂർണ്ണ മനസ്സോടും ഹൃദയത്തോടും ആത്മാവോടും ശക്തിയോടുംകൂടെ അങ്ങയിൽ ആശ്രയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ വാക്കുകൾ എപ്പോഴും കേൾക്കാനും പൂർണ്ണമായ വിശ്വാസത്തോടും ഉദാരതയോടുംകൂടെ മറുപടി നൽകാനും എന്നെ സഹായിക്കണമേ. കർത്താവേ, ‘അങ്ങയുടെ വചനമനുസരിച്ച് എനിക്കു സംഭവിക്കട്ടെ’ എന്ന് അങ്ങയുടെ അമ്മയോടൊപ്പം എപ്പോഴും പ്രാർത്ഥിച്ചുകൊണ്ട്, അവളുടെ പരിപൂർണ്ണ വിശ്വാസം അനുകരിക്കാൻ എനിക്കു കഴിയുമാറാകട്ടെ. മറിയമേ, ഞങ്ങളുടെ അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആഗമനകാലത്തിലെ ഓ അന്തിഫോണകൾ
ഡിസംബർ 17–23
ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയ പ്രധാന ചിത്രം:മംഗളവാർത്ത — രചന: ഫിലിപ്പ് ദെ ഷാംപെയ്ൻ, വിക്കിമീഡിയ കോമൺസ് വഴി




