ഫെബ്രുവരി 13, 2022
സാധാരണകാലത്തിലെ ആറാം ഞായർ, വർഷം C
ഇന്നത്തെ വായനകൾ

“മനുഷ്യപുത്രൻ നിമിത്തം ആളുകൾ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും അപമാനിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ ദിവസം ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയും ചെയ്യുവിൻ! ഇതാ, സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.” ലൂക്കാ 6:22-23
മറ്റൊരാളിൽനിന്ന് വെറുപ്പും പീഡനവും അനുഭവിച്ചശേഷം “ആനന്ദിക്കാനും സന്തോഷത്താൽ തുള്ളിച്ചാടാനും” ഏറെ വിശ്വാസം ആവശ്യമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുമ്പോൾപ്പോലും, ആത്മാർഥമായി ആനന്ദിക്കാൻ ഏറെ വിശ്വാസവും ഏറെ സ്നേഹവും ആവശ്യമാണ്.
എങ്കിലും, ഈ നിലയിലുള്ള വിശ്വാസവും സ്നേഹവും സാധ്യമാണ്! അല്ലായിരുന്നെങ്കിൽ നമ്മുടെ കർത്താവ് ഈ ഉപദേശം നൽകുമായിരുന്നില്ല. ഏറ്റവും ഉന്നതമായ ആദർശമനുസരിച്ച് ജീവിക്കാനുള്ള ഉപദേശമാണിത്. സൗഭാഗ്യത്തിൽ ജീവിക്കാനുള്ള വിളിയാണിത്.
ഓരോ സുവിശേഷ സൗഭാഗ്യത്തെക്കുറിച്ചും വിചിന്തനം ചെയ്യാനും അവ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കാനും സമയം ചെലവഴിക്കുന്നത് തീർച്ചയായും വിലപ്പെട്ടതാണ്. അതോടൊപ്പം, യേശു നമ്മെ സാധാരണ നിലവാരത്തിലുള്ള ഒരു ജീവിതത്തിലേക്കല്ല, മറിച്ച് പരിപൂർണ്ണതയുടെ ഔന്നത്യങ്ങളിലേക്കാണ് വിളിക്കുന്നത് എന്ന പൊതുവായ സത്യത്തിലേക്ക് നോക്കുന്നതും സഹായകരമാണ്. ആ ഔന്നത്യങ്ങളിലാണ് നമ്മുടെ ആത്മാക്കൾ ഏറ്റവും വലിയ പ്രതിഫലം കണ്ടെത്തുന്നത്.
ഇന്ന് ഈ സുവിശേഷ സൗഭാഗ്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. യേശുവിനെ അനുഗമിച്ചതിന്റെ പേരിൽ ഒരുപക്ഷേ നിങ്ങൾ ഒരിക്കലും പീഡനവും വെറുപ്പും അനുഭവിച്ചിട്ടുണ്ടാകില്ല. അങ്ങനെ അനുഭവിച്ചിട്ടില്ലെങ്കിലും, ആ സാഹചര്യത്തിൽ നിങ്ങളെത്തന്നെ സങ്കൽപ്പിച്ചുനോക്കുക; നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് സത്യസന്ധമായി കണ്ടെത്താൻ ശ്രമിക്കുക. പീഡനത്തെ, ഒരർഥത്തിൽ, “നിങ്ങളെ ബാധിക്കാതെ കടന്നുപോകാൻ” അനുവദിക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ ആന്തരിക സമാധാനത്തെ തകർക്കാൻ അനുവദിക്കാതെ, ജീവിതത്തിലെ അനീതി സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? അതോ നിങ്ങൾക്കുണ്ടാകുന്ന മനോവേദനയുടെ ഫലമായി നിങ്ങളുടെ ഉള്ളിൽ കയ്പും കോപവും നിറയുമോ?
ക്രൈസ്തവജീവിതത്തിന്റെ ആദർശങ്ങളിൽ ദൃഷ്ടിയുറപ്പിക്കാൻ ശ്രമിക്കുക. അതിൽ കുറഞ്ഞ എന്തെങ്കിലും നിങ്ങൾ ലക്ഷ്യമാക്കിയാൽ, ആ താഴ്ന്ന ലക്ഷ്യത്തിൽത്തന്നെ എത്തിച്ചേരാനുള്ള അപകടസാധ്യതയുണ്ട്. എന്നാൽ സുവിശേഷ സൗഭാഗ്യങ്ങളുടെ ഉന്നതമായ വിളിയിൽ നിങ്ങൾ ദൃഷ്ടിയുറപ്പിച്ചാൽ, നമ്മുടെ കർത്താവ് നിങ്ങളെ നിരന്തരം തന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി നിങ്ങൾ കണ്ടെത്തും. അവിടുന്ന് നിങ്ങളെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും കൂടുതൽ വിശ്വാസവും പ്രത്യാശയും സ്നേഹവുംകൊണ്ട് നിറയ്ക്കുകയും, കൂടുതൽ കൂടുതൽ അനുഗൃഹീതമായ വിശുദ്ധിയുടെ തലത്തിലേക്ക് നയിക്കുകയും ചെയ്യും. ആദർശം ലക്ഷ്യമാക്കുന്നത് തീർച്ചയായും വിലപ്പെട്ടതാണ്!
പരിപൂർണ്ണതയുടെ നാഥാ, എന്നെ വിശുദ്ധനാക്കണമേ. അങ്ങയിലും, ഞാൻ ജീവിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന സദ്ഗുണങ്ങളിലും സുവിശേഷ സൗഭാഗ്യങ്ങളിലും ദൃഷ്ടിയുറപ്പിക്കാൻ എന്നെ സഹായിക്കണമേ. സാധാരണ നിലവാരത്തിലുള്ള ഒരു ജീവിതംകൊണ്ട് ഞാൻ ഒരിക്കലും തൃപ്തിപ്പെടാതിരിക്കട്ടെ. പകരം, ഞാൻ ആഗ്രഹിക്കുന്ന എല്ലാറ്റിന്റെയും കേന്ദ്രമായി അങ്ങയെ പ്രതിഷ്ഠിച്ചുകൊണ്ട്, പരിപൂർണ്ണതയും വിശുദ്ധിയും നിറഞ്ഞ ഒരു ജീവിതത്തിനായി മാത്രം ഞാൻ പരിശ്രമിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
നോമ്പുകാലത്തേക്കുള്ള മികച്ച രണ്ടു പുസ്തകങ്ങൾ:
നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ
കൂടുതൽ വിചിന്തനങ്ങളും കൂടുതൽ വിശദമായ ഉള്ളടക്കപ്പട്ടികയും ഉൾപ്പെടുത്തി നോമ്പുകാലം & ഉയിർപ്പുകാലം 2022-നായി പുതുക്കിയത്
നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ എന്നത് കത്തോലിക്കാ അനുദിന വിചിന്തന പരമ്പരയിലെ നാലു പുസ്തകങ്ങളിൽ ഒന്നാണ്. അന്നന്നത്തെ സുവിശേഷത്തെക്കുറിച്ച് പ്രായോഗികവും വിശ്വാസത്തോടു വിശ്വസ്തവും നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്നതുമായ വിചിന്തനങ്ങൾ നൽകുന്ന ഈ ഭക്തിഗ്രന്ഥം അനുദിന ധ്യാനത്തിനും പ്രാർഥനയ്ക്കും മികച്ചൊരു സഹായിയാണ്. ഞായറാഴ്ചകളിലെ വർഷങ്ങൾ A, B & C, അനുദിന വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന എല്ലാ സുവിശേഷവായനകൾ, എല്ലാ തിരുനാളുകളും മഹോത്സവങ്ങളും എന്നിവ ഉൾപ്പെടെ, തിരഞ്ഞെടുക്കാവുന്ന ഓരോ സുവിശേഷഭാഗത്തിനും വിചിന്തനങ്ങൾ നൽകുന്നതിനാൽ ഏത് ആരാധനക്രമവർഷത്തിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാലത്തും ഉയിർപ്പുകാലത്തും ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും നിങ്ങളുടെ ഹൃദയത്തെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്താൻ അനുവദിക്കൂ! ഇത് പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിലും ലഭ്യമാണ്!
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
തന്റെ പ്രിയപുത്രനു നേരിടേണ്ടിവന്ന കഠിനമായ പീഡകൾ സഹിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കാൻ ഈ അനുദിന ഭക്തിഗ്രന്ഥം നിങ്ങളെ ക്ഷണിക്കുന്നു. പരിപൂർണമായ വിശ്വാസത്തോടും സ്നേഹത്തോടും ഭക്തിയോടും കൂടിയാണ് പരിശുദ്ധ മറിയം തന്റെ പുത്രന്റെ കുരിശിനെ അഭിമുഖീകരിച്ചത്. പുത്രന്റെ ജീവിതത്തിലുടനീളം അവനോടുള്ള അമ്മയുടെ വിശ്വസ്തത അചഞ്ചലമായിരുന്നു. നീണ്ട ആ മൂന്നു മണിക്കൂറുകളിൽ കുരിശിനു മുമ്പിൽ നിന്നപ്പോഴും ആ വിശ്വസ്തതയ്ക്ക് ഒരിക്കലും കുറവുണ്ടായില്ല.






