സെപ്റ്റംബർ 7, 2025
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ
ചിത്രം ലഭിച്ചത് Adobe Stock
വലിയ ജനക്കൂട്ടങ്ങൾ യേശുവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: “ആരെങ്കിലും തന്റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തം ജീവനെപ്പോലും വെറുക്കാതെ എന്റെ അടുക്കൽ വന്നാൽ, അവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല.” ലൂക്കാ 14:25–26
തങ്ങളുടെ കുടുംബാംഗങ്ങളെ വെറുക്കാൻ യേശു ആ “വലിയ ജനക്കൂട്ടങ്ങളെ” ഉദ്ബോധിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? വാസ്തവത്തിൽ, യേശു അതിലും അപ്പുറത്തേക്കു പോയി. അവർ സ്വന്തം ജീവനെക്കൂടി വെറുക്കണമെന്ന് അവൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവർക്ക് അവന്റെ ശിഷ്യരായിരിക്കാൻ കഴിയുകയില്ല. ഞെട്ടിക്കുന്ന ഈ പ്രബോധനം ചെയ്ത ഒരു കാര്യം, വിശ്വാസത്തിലെ മന്ദോഷ്ണതയിൽനിന്ന് ആളുകളെ ഉണർത്തുക എന്നതായിരുന്നു. ചിലപ്പോൾ, ആളുകളുടെ ദിനങ്ങളെ എപ്പോഴും സന്തോഷപ്രദമാക്കുന്ന ദയയും സൗമ്യതയുമുള്ള ഒരാളായി മാത്രമാണ് നാം യേശുവിനെ കാണുന്നത്. തങ്ങൾ സ്വീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു എന്ന അനുഭവം ആളുകൾക്ക് എപ്പോഴും നൽകിയ, പുഞ്ചിരിക്കുന്ന യേശുവിന്റെ ചിത്രങ്ങൾ നാം കാണുന്നു. ഈ ചിത്രങ്ങളിൽ സത്യമുണ്ടെങ്കിലും, മാനസാന്തരപ്പെടാൻ അവരുടെ അസ്തിത്വത്തിന്റെ ആഴങ്ങളിൽത്തന്നെ അവരെ വെല്ലുവിളിച്ചതും അവരുടെ ദിനങ്ങളെ അവൻ പ്രകാശമാനമാക്കിയ ഒരു മാർഗമായിരുന്നു എന്നതും സത്യമാണ്. ഇന്നത്തെ നമ്മുടെ സുവിശേഷത്തിൽ യേശു ചെയ്യുന്നതും അതുതന്നെയാണ്.
നിങ്ങളുടെ പിതാവിനെയും മാതാവിനെയും മക്കളെയും സഹോദരങ്ങളെയും നിങ്ങളെത്തന്നെയും വെറുക്കുക എന്നത്, കോപത്തിൽനിന്ന് ഉത്ഭവിക്കുന്ന വെറുപ്പ് എന്ന പാപത്തെക്കുറിച്ചല്ല സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്. ഇവിടെ “വെറുപ്പ്” എന്ന വാക്ക് മറ്റുള്ളവരെയും നിങ്ങളെത്തന്നെയും സ്നേഹിക്കാനുള്ള ഏറ്റവും നല്ല മാർഗത്തെയാണ് സൂചിപ്പിക്കുന്നത്. ആദ്യം നമുക്ക് നിഗമനം നോക്കാം. തന്റെ ശിഷ്യനായിരിക്കുന്നതിന് ഇത്തരത്തിലുള്ള വെറുപ്പ് അനിവാര്യമാണെന്ന് യേശു പറഞ്ഞു. ഇതാണ് ഇതിന്റെ താക്കോൽ. നാം സർവോപരി ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുന്നില്ലെങ്കിൽ, നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവില്ല; നമ്മെത്തന്നെ ശരിയായ രീതിയിൽ സ്നേഹിക്കുകയുമില്ല. ഈ സന്ദർഭത്തിൽ “വെറുപ്പ്” എന്നത് സ്വാർഥമായ ആസക്തികളെയാണ് സൂചിപ്പിക്കുന്നത്. അതായത്, വ്യക്തികളും വസ്തുക്കളും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന് എളുപ്പത്തിൽ തടസ്സമാകാം. അങ്ങനെ സംഭവിക്കുമ്പോൾ, ദൈവത്തോടുള്ള സ്നേഹത്തിനും മറ്റുള്ളവരോടും നമ്മോടുതന്നെയുമുള്ള യഥാർഥ സ്നേഹത്തിനും അവ തടസ്സമാണെന്ന് നാം തിരിച്ചറിയണം. ഉദാഹരണത്തിന്, ദൈവത്തെ സ്നേഹിക്കുന്നതിലധികം തങ്ങളെ സ്നേഹിക്കണമെന്ന് ഒരു കുടുംബാംഗം ഏതെങ്കിലും വിധത്തിൽ ആവശ്യപ്പെട്ടാൽ, ആ ആവശ്യം തീക്ഷ്ണതയോടെ നിരസിക്കണം. വ്യക്തിയോടല്ല, ആ പ്രലോഭനത്തോടുള്ള വിശുദ്ധമായ വെറുപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ വിമർശിക്കുകയും അതിൽനിന്ന് നിങ്ങളെ തടയാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നു കരുതുക. നിങ്ങൾ ആ വ്യക്തിയുടെ വാക്കു കേട്ടാൽ, ദൈവത്തെക്കാൾ മുൻഗണന ആ വ്യക്തിക്കു നൽകുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ, ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുകയും നിങ്ങൾ ആ വ്യക്തിയോട് ക്ഷമിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു എന്നു കരുതുക. എന്നാൽ ഒരു കുടുംബാംഗം നിങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ആ വ്യക്തിക്കെതിരെ നിങ്ങളിൽ കോപം ഉണർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങൾ ആ കുടുംബാംഗത്തിന്റെ വാക്കു കേട്ടാൽ, നിങ്ങൾ ദൈവത്തിന്റെ വാക്കല്ല കേൾക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ, പ്രലോഭനത്തെ നിരസിക്കുക എന്ന അർഥത്തിൽ നാം “വെറുക്കണം”.
നിങ്ങളുടെതന്നെ കാര്യമോ? നിങ്ങൾ നിങ്ങളെത്തന്നെ വെറുക്കുന്നത് എങ്ങനെയാണ്? നമ്മുടെ ക്രമരഹിതമായ അഭിലാഷങ്ങൾ പലവിധത്തിൽ പാപത്തിലേക്ക് ആകർഷിക്കപ്പെടുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. നാം ക്രമരഹിതമായ ആഗ്രഹങ്ങൾക്ക് വഴങ്ങുകയോ, അതിലും മോശമായി, ആ ക്രമരഹിതമായ ആഗ്രഹങ്ങൾ സ്വാഭാവികവും നമുക്ക് നല്ലതുമാണെന്ന് കരുതുകയോ ചെയ്താൽ, നാം ദൈവത്തെക്കാൾ ആ ക്രമരഹിതമായ ആഗ്രഹത്തിന് മുൻഗണന നൽകിയിരിക്കുന്നു. അങ്ങനെയെങ്കിൽ, ദൈവത്തെയും അവിടുത്തെ തിരുഹിതത്തെയും മാത്രം തിരഞ്ഞെടുത്തുകൊണ്ട്, സ്വാർഥവും ക്രമരഹിതവുമായ ആ ആഗ്രഹത്തെ വെറുക്കാനും നിരസിക്കാനും നാം പഠിക്കണം.
മറ്റുള്ളവരിലൂടെ വരുന്ന പ്രലോഭനങ്ങളെയും നമ്മുടെ ക്രമരഹിതമായ ആഗ്രഹങ്ങൾക്കുള്ളിലെ പ്രലോഭനങ്ങളെയും നിരസിച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിൽ ദൈവത്തോടുള്ള സ്നേഹത്തിന് സർവോപരി പ്രഥമസ്ഥാനം നൽകാൻ നമുക്ക് കഴിയുമ്പോൾ മാത്രമാണ് മറ്റുള്ളവരെയും നമ്മെത്തന്നെയും ശരിയായ രീതിയിൽ സ്നേഹിക്കാൻ നമുക്ക് കഴിയുന്നത്. നാം മറ്റുള്ളവരെയും നമ്മെത്തന്നെയും സ്നേഹിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. എന്നാൽ നമ്മുടെ സ്നേഹം നിർമലവും വിശുദ്ധവും ദൈവസ്നേഹത്തിൽനിന്ന് ഒഴുകുന്നതുമായിരിക്കുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ. മറ്റേതെങ്കിലും തരത്തിലുള്ള “സ്നേഹം” യഥാർഥത്തിൽ സ്നേഹമേയല്ല. ദൈവത്തെ സ്നേഹിക്കുകയും ആ സ്നേഹം മറ്റുള്ളവരിലേക്കെത്തിക്കുന്ന ഉപകരണങ്ങളാകുകയും ചെയ്യുക എന്ന നമ്മുടെ യഥാർഥ ദൗത്യത്തെ തടസ്സപ്പെടുത്തുന്ന സ്വാർഥമായ ആസക്തിയാണത്.
എല്ലാ രൂപത്തിലുള്ള പാപങ്ങളെയും നിരസിക്കാൻ നിങ്ങൾക്കുണ്ടായിരിക്കേണ്ട തീക്ഷ്ണതയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുഖേന നിങ്ങളെ പ്രലോഭിപ്പിക്കുന്ന പാപവും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ക്രമരഹിതമായ മനുഷ്യസ്വഭാവം നിമിത്തം നിങ്ങളുടെ ഉള്ളിൽ ഉയരുന്ന എല്ലാത്തരം പ്രലോഭനങ്ങളും ഇതിൽ ഉൾപ്പെടുന്നു. യഥാർഥ സ്നേഹത്തിൽനിന്ന് നിങ്ങളെ അകറ്റിനിർത്തുന്ന എല്ലാം നീക്കിക്കളയാൻ ശ്രമിക്കുന്നതിനാൽ, ഈ വിശുദ്ധമായ വെറുപ്പ് സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. യേശുവിന്റെ വിശ്വസ്ത ശിഷ്യനായിരിക്കാൻ ഇന്ന് തീരുമാനിക്കുക; ഈ തീരുമാനത്തിനു തടസ്സമാകാൻ ശ്രമിക്കുന്ന സകലതും നിരസിക്കാൻ സ്വയം സമർപ്പിക്കുക. അങ്ങനെ ചെയ്യുന്നത് ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം വർധിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരോടുള്ള നിങ്ങളുടെ സ്നേഹവും നിങ്ങളുടെ സ്വന്തം ആത്മാവിനോടുള്ള സ്നേഹംപോലും വർധിപ്പിക്കുകയും ചെയ്യും.
സ്നേഹതീക്ഷ്ണതയുള്ള എന്റെ കർത്താവേ, അങ്ങയോടുള്ള സ്നേഹത്തിനു തടസ്സമാകുന്ന എല്ലാത്തരം പ്രലോഭനങ്ങളെയും തള്ളിക്കളയാൻ അങ്ങ് ജനക്കൂട്ടങ്ങളെ ഉദ്ബോധിപ്പിച്ചു. പാപത്തോടും എല്ലാ പ്രലോഭനങ്ങളോടുമുള്ള വിശുദ്ധമായ വെറുപ്പുകൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കണമേ; അങ്ങനെ അവയെ തീക്ഷ്ണതയോടെ തള്ളിക്കളയാൻ എനിക്കാകട്ടെ. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കട്ടെ; ആ സ്നേഹത്തിന്റെ പ്രേരണയാൽ, അങ്ങയുടെ തിരുഹൃദയത്തോടെ മറ്റുള്ളവരെയും എന്റെ സ്വന്തം ആത്മാവിനെപ്പോലും ഞാൻ സ്നേഹിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





