മലയാളം

രൂപാന്തരപ്പെട്ട തിരസ്കാരം

മാർച്ച് 18, 2022
നോമ്പുകാലം രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

വീഡിയോ

പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിത്തീർന്നു.  മത്തായി 21:42

യുഗങ്ങളിലുടനീളം ഉണ്ടായിട്ടുള്ള എല്ലാ തിരസ്കാരങ്ങളിലും മറ്റെല്ലാറ്റിനെയുംകാൾ വേറിട്ടുനിൽക്കുന്ന ഒന്നുണ്ട്. ദൈവപുത്രൻ നേരിട്ട തിരസ്കാരമാണത്. യേശുവിന്റെ ഹൃദയത്തിൽ നിർമലവും പരിപൂർണ്ണവുമായ സ്നേഹമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. താൻ കണ്ടുമുട്ടിയ ഓരോരുത്തർക്കും ഏറ്റവും നല്ലത് ലഭിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിച്ചത്. തന്റെ ജീവൻ എന്ന ദാനം സ്വീകരിക്കാൻ തയ്യാറായ ഏവർക്കും അത് നൽകാൻ അവിടുന്ന് സന്നദ്ധനായിരുന്നു. അനേകർ അത് സ്വീകരിച്ചിട്ടുണ്ടെങ്കിലും, അനേകർ അത് നിരസിക്കുകയും ചെയ്തിട്ടുണ്ട്.

താൻ അനുഭവിച്ച തിരസ്കാരം യേശുവിൽ ആഴമായ വേദനയും പീഡയും ഉളവാക്കി എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. തീർച്ചയായും, യഥാർഥ കുരിശുമരണം അത്യന്തം വേദനാജനകമായിരുന്നു. എന്നാൽ അനേകരുടെ തിരസ്കാരത്താൽ അവിടുത്തെ ഹൃദയത്തിലേറ്റ മുറിവായിരുന്നു അവിടുത്തെ ഏറ്റവും വലിയ വേദന; അതാണ് ഏറ്റവും വലിയ പീഡയ്ക്ക് കാരണമായതും.

ഈ അർഥത്തിലുള്ള സഹനം സ്നേഹത്തിന്റെ പ്രവൃത്തിയായിരുന്നു, ബലഹീനതയുടെ പ്രവൃത്തിയായിരുന്നില്ല. അഹങ്കാരമോ തന്നെക്കുറിച്ചുള്ള മോശമായ ധാരണയോ കാരണമല്ല യേശു ആന്തരികമായി വേദനിച്ചത്. മറിച്ച്, അത്ര ആഴമായി സ്നേഹിച്ചതുകൊണ്ടാണ് അവിടുത്തെ ഹൃദയം വേദനിച്ചത്. ആ സ്നേഹം തിരസ്കരിക്കപ്പെട്ടപ്പോൾ, അഷ്ടസൗഭാഗ്യങ്ങളിൽ പറയുന്ന വിശുദ്ധമായ ദുഃഖം അവിടുത്തെ നിറച്ചു (“ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ…” മത്തായി 5:4). ഇത്തരത്തിലുള്ള ദുഃഖം നിരാശയുടെ ഒരു രൂപമായിരുന്നില്ല; മറിച്ച്, മറ്റൊരാളുടെ സ്നേഹം നഷ്ടപ്പെടുന്നതിന്റെ ആഴമായ അനുഭവമായിരുന്നു. അത് വിശുദ്ധമായിരുന്നു; എല്ലാവരോടുമുള്ള അവിടുത്തെ ജ്വലിക്കുന്ന സ്നേഹത്തിന്റെ ഫലവുമായിരുന്നു.

നാം തിരസ്കാരം അനുഭവിക്കുമ്പോൾ, നമുക്കുണ്ടാകുന്ന വേദനയെ തിരിച്ചറിഞ്ഞു മനസ്സിലാക്കുക പ്രയാസമാണ്. നമുക്കുണ്ടാകുന്ന വേദനയും കോപവും ഒരു “വിശുദ്ധ ദുഃഖമായി” മാറാൻ അനുവദിക്കുന്നത് വളരെ പ്രയാസമാണ്. ആരെയോർത്ത് നാം ദുഃഖിക്കുന്നുവോ, അവരെ കൂടുതൽ ആഴമായി സ്നേഹിക്കാൻ ആ ദുഃഖം നമ്മെ പ്രേരിപ്പിക്കുന്നു. ഇത് ചെയ്യുക പ്രയാസമാണ്; എങ്കിലും നമ്മുടെ കർത്താവ് ചെയ്തത് ഇതുതന്നെയാണ്. യേശു ഇങ്ങനെ ചെയ്തതിന്റെ ഫലമായിരുന്നു ലോകത്തിന്റെ രക്ഷ. യേശു എല്ലാം ഉപേക്ഷിച്ചിരുന്നെങ്കിലോ എന്നു സങ്കൽപ്പിച്ചുനോക്കൂ. തന്നെ പിടികൂടിയ സമയത്ത്, തന്നെ രക്ഷിക്കാൻ വരണമെന്ന് യേശു അസംഖ്യം മാലാഖമാരെ വിളിച്ചിരുന്നെങ്കിലോ? “ഈ ആളുകൾക്കുവേണ്ടി ഇതൊന്നും ചെയ്യേണ്ട കാര്യമില്ല!” എന്നു ചിന്തിച്ച് അവിടുന്ന് അങ്ങനെ ചെയ്തിരുന്നെങ്കിലോ? എങ്കിൽ, അവിടുത്തെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും രക്ഷയുടെ നിത്യദാനം നമുക്ക് ഒരിക്കലും ലഭിക്കുമായിരുന്നില്ല. സഹനം സ്നേഹമായി രൂപാന്തരപ്പെടുമായിരുന്നില്ല.

തിന്മയ്ക്കെതിരെ പോരാടാൻ നമുക്കുള്ള ഏറ്റവും വലിയ ദാനങ്ങളിൽ ഒന്നായി തിരസ്കാരം മാറാൻ കഴിയും എന്ന ആഴമായ സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഏറ്റവും വലിയ ദാനങ്ങളിൽ ഒന്നായി അത് “മാറാൻ കഴിയും” എന്നു പറയുന്നത്, ആത്യന്തികമായി നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം നിലകൊള്ളുന്നത് എന്നതിനാലാണ്. “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” എന്ന് വിളിച്ചപേക്ഷിച്ചുകൊണ്ട് യേശു പരിപൂർണ്ണമായ സ്നേഹത്തോടെയാണ് പ്രതികരിച്ചത്. ഏറ്റവും കടുത്ത തിരസ്കാരത്തിന്റെ നടുവിലുള്ള പരിപൂർണ്ണ സ്നേഹത്തിന്റെ ഈ പ്രവൃത്തി, സഭയുടെ “മൂലക്കല്ലും” അതുവഴി നവജീവിതത്തിന്റെ മൂലക്കല്ലും ആയിത്തീരാൻ അവിടുത്തെ പ്രാപ്തനാക്കി! ഈ സ്നേഹം അനുകരിക്കാനും, ക്ഷമിക്കാൻ മാത്രമല്ല, കരുണയുടെ വിശുദ്ധ സ്നേഹം പകരാനും അവിടുത്തേക്കുള്ള കഴിവിൽ പങ്കുചേരാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ, സ്നേഹവും കൃപയും ഏറ്റവും അധികം ആവശ്യമുള്ളവർക്ക് നാമും അവയുടെ മൂലക്കല്ലായിത്തീരും.

കരുണയുടെ നാഥാ, ആ മൂലക്കല്ലായിത്തീരാൻ എന്നെ സഹായിക്കണമേ.  എനിക്കു മുറിവേൽക്കുമ്പോഴെല്ലാം ക്ഷമിക്കാൻ മാത്രമല്ല, പകരം സ്നേഹവും കരുണയും നൽകാനും എന്നെ സഹായിക്കണമേ.  ഈ സ്നേഹത്തിന്റെ ദൈവികവും പൂർണ്ണവുമായ മാതൃക അങ്ങാണ്.  “പിതാവേ, ഇവരോടു ക്ഷമിക്കണമേ, തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” എന്ന് അങ്ങയോടൊപ്പം വിളിച്ചപേക്ഷിച്ചുകൊണ്ട് ഇതേ സ്നേഹത്തിൽ ഞാനും പങ്കുചേരട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നൊരു സ്നേഹനോട്ടം
പതിനാലാം ധ്യാനം – “അവൻ നിങ്ങളോടു പറയുന്നതെന്തും ചെയ്യുവിൻ”
(നോമ്പുകാലം രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
മാർച്ച് 10–18

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ഗിരിപ്രഭാഷണം രചന: കാൾ ബ്ലോക്ക്, വിക്കിമീഡിയ കോമൺസ് വഴി