2022 ഏപ്രിൽ 16

ഇന്ന് വലിയൊരു നിശ്ശബ്ദതയാണ്. രക്ഷകൻ മരിച്ചിരിക്കുന്നു. അവിടുന്ന് കല്ലറയിൽ വിശ്രമിക്കുന്നു. അനേകരുടെ ഹൃദയങ്ങൾ അടക്കാനാവാത്ത ദുഃഖവും ആശയക്കുഴപ്പവുംകൊണ്ട് നിറഞ്ഞിരുന്നു. അവിടുന്ന് ശരിക്കും അവരെ വിട്ടുപോയോ? അവരുടെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞോ? നിരാശ നിറഞ്ഞ ഇത്തരം അനേകം ചിന്തകൾ, ഈശോയെ സ്നേഹിക്കുകയും അനുഗമിക്കുകയും ചെയ്ത ഒട്ടേറെപ്പേരുടെ മനസ്സുകളിലും ഹൃദയങ്ങളിലും നിറഞ്ഞുനിന്നു.
ഈശോ അപ്പോഴും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു എന്ന സത്യത്തെ നാം ആദരപൂർവം അനുസ്മരിക്കുന്നത് ഈ ദിവസമാണ്. തനിക്കുമുമ്പേ മരിച്ചുപോയ എല്ലാ വിശുദ്ധാത്മാക്കൾക്കും തന്റെ രക്ഷയുടെ ദാനം നൽകാനായി അവിടുന്ന് മരിച്ചവരുടെ ലോകത്തിലേക്ക് ഇറങ്ങിച്ചെന്നു. മോശയ്ക്കും അബ്രാഹത്തിനും പ്രവാചകന്മാർക്കും മറ്റനേകം പേർക്കും അവിടുന്ന് തന്റെ കരുണയുടെയും വീണ്ടെടുപ്പിന്റെയും ദാനം നൽകി. അവർക്ക് ഇത് വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു. എന്നാൽ തങ്ങളുടെ മിശിഹാ കുരിശിൽ മരിക്കുന്നത് കണ്ടവർക്ക് ഇത് വലിയ ദുഃഖത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ദിനമായിരുന്നു.
പ്രത്യക്ഷത്തിൽ കാണുന്ന ഈ വൈരുധ്യത്തെക്കുറിച്ച് ധ്യാനിക്കുന്നത് പ്രയോജനകരമാണ്. ഈശോ തന്റെ വീണ്ടെടുപ്പിന്റെ പ്രവൃത്തി, ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തി, നിറവേറ്റിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അനേകർ പൂർണമായ ആശയക്കുഴപ്പത്തിലും നിരാശയിലുമായിരുന്നു. ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളെക്കാൾ എത്രയോ ഉന്നതമാണെന്ന് ഇത് കാണിക്കുന്നു. വലിയൊരു നഷ്ടമായി തോന്നിയത് യഥാർഥത്തിൽ ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹിമയേറിയ വിജയമായി മാറി.
നമ്മുടെ ജീവിതത്തിലും അങ്ങനെതന്നെയാണ്. ഏറ്റവും വലിയ ദുരന്തങ്ങളായി തോന്നുന്നവപോലും എല്ലായ്പ്പോഴും കാണപ്പെടുന്നതുപോലെ ആയിരിക്കണമെന്നില്ലെന്ന് ദുഃഖശനി നമ്മെ ഓർമിപ്പിക്കണം. കല്ലറയിൽ കിടക്കുമ്പോഴും പുത്രനായ ദൈവം തീർച്ചയായും വലിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടുന്ന് തന്റെ വീണ്ടെടുപ്പിന്റെ ദൗത്യം നിറവേറ്റുകയായിരുന്നു. അവിടുന്ന് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും കൃപയും കരുണയും സമൃദ്ധമായി ചൊരിയുകയും ചെയ്യുകയായിരുന്നു.
ദുഃഖശനിയുടെ സന്ദേശം വ്യക്തമാണ്. അത് പ്രത്യാശയുടെ സന്ദേശമാണ്. ലൗകികമായ അർഥത്തിലുള്ള പ്രത്യാശയല്ല, മറിച്ച് ദൈവിക പ്രത്യാശയുടെ സന്ദേശമാണത്. ദൈവത്തിന്റെ പരിപൂർണമായ പദ്ധതിയിലുള്ള പ്രത്യാശയും വിശ്വാസവും. ദൈവത്തിന് എപ്പോഴും അതിലും മഹത്തായ ഒരു ലക്ഷ്യമുണ്ടെന്ന സത്യത്തിലുള്ള പ്രത്യാശ. സഹനത്തെയും, ഈ സാഹചര്യത്തിൽ മരണത്തെയും, രക്ഷയുടെ ശക്തമായ ഉപകരണമായി ദൈവം ഉപയോഗിക്കുന്നു എന്ന സത്യത്തിലുള്ള പ്രത്യാശ.
ഇന്ന് നിശ്ശബ്ദതയിൽ സമയം ചെലവഴിക്കുക. ദുഃഖശനിയുടെ യാഥാർഥ്യത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുക. ഉയിർപ്പുതിരുനാൾ ഉടൻ വരുമെന്നറിഞ്ഞ് ദൈവിക പ്രത്യാശ നിങ്ങളുടെ ഉള്ളിൽ വളരട്ടെ.
സകല പ്രത്യാശയുടെയും നാഥാ, അങ്ങയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ ഉത്ഥാനത്തിനായി ഞങ്ങൾ കാത്തിരിക്കുന്ന ഈ നിശ്ശബ്ദ ദിനത്തിനായി നന്ദി. എന്റെ ജീവിതത്തിലും അങ്ങയുടെ വിജയം കാത്തിരിക്കാൻ എനിക്കാകട്ടെ. പ്രിയ നാഥാ, നിരാശയോടു മല്ലിടുമ്പോൾ ഈ ദിനം ഓർക്കാൻ എന്നെ സഹായിക്കണമേ. എല്ലാം നഷ്ടമായെന്നു തോന്നിയ ദിനമാണിത്. അങ്ങ് എല്ലാക്കാര്യങ്ങളിലും വിശ്വസ്തനാണെന്നും അങ്ങയിൽ ശരണം വയ്ക്കുന്നവർക്ക് ഉത്ഥാനം എപ്പോഴും ഉറപ്പാണെന്നും ഓർത്തുകൊണ്ട്, വലിയ ശനിയുടെ വെളിച്ചത്തിൽ എന്റെ പോരാട്ടങ്ങളെ കാണാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
രണ്ടാം ദിനം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കമായി നൊവേന
ദുഃഖശനിക്കായുള്ള പ്രാർഥനാധ്യാനം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:
Amazon – Barnes and Noble – Google Play – iTunes
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ






