2022 ഏപ്രിൽ 15
കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി

അന്ധകാരം നിറഞ്ഞ ഈ ദിനത്തിൽ, യേശുവിന്റെ അന്ത്യവചനങ്ങളെക്കുറിച്ച് ധ്യാനിക്കുക. അവസാനമായി പറഞ്ഞ ഏഴ് വാക്യങ്ങൾ, അഥവാ “ഏഴ് അന്ത്യവചനങ്ങൾ”, വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തുന്നു. ഓരോ വചനവും എടുത്ത് അതിനെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. നിങ്ങളുടെ ജീവിതത്തിന് അവ നൽകുന്ന ആഴമേറിയ ആത്മീയ അർത്ഥം അന്വേഷിക്കുക.
“പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.”
മറ്റുള്ളവരോടുള്ള യേശുവിന്റെ ക്ഷമ സമൂലവും അതുവരെ കാണാത്ത അളവിലുള്ളതുമായിരുന്നു. കുരിശിൽ തൂങ്ങിക്കിടന്ന് മറ്റുള്ളവരുടെ ക്രൂരത സഹിക്കുമ്പോഴും യേശു ക്ഷമയുടെ വാക്കുകൾ ഉച്ചരിച്ചു. തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അവിടുന്ന് അവരോടു ക്ഷമിച്ചു.
അതിലുപരി, തന്നെ ക്രൂശിക്കുന്നവർ പൂർണ്ണമായും ഉത്തരവാദികളല്ലെന്നുപോലും അവിടുന്ന് അംഗീകരിച്ചു. തങ്ങൾ എന്താണു ചെയ്യുന്നതെന്ന് അവർക്ക് വ്യക്തമായും അറിയില്ലായിരുന്നു. യേശുവിന്റെ ഈ എളിയ അംഗീകാരം അവിടുത്തെ ആർദ്രകരുണയുടെ ആഴം വ്യക്തമാക്കുന്നു. കോപത്തോടെയോ നീരസത്തോടെയോ അല്ല, മറിച്ച് സ്വമനസ്സാലുള്ള ബലിയായിട്ടാണ് അവിടുന്ന് മരിച്ചതെന്ന് അതു വെളിപ്പെടുത്തുന്നു.
ഈ വാക്കുകൾ പറയാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളെ വേദനിപ്പിച്ച വ്യക്തിയെ ഓർത്ത്, പിതാവ് ആ വ്യക്തിയോടു ക്ഷമിക്കണമെന്നു പ്രാർത്ഥിക്കാൻ നിങ്ങൾക്കു കഴിയുമോ? വിധി ദൈവത്തിനു വിട്ടുകൊടുക്കുക; കരുണയും ക്ഷമയും നൽകുക.
“ഞാൻ നിനക്ക് ഉറപ്പു നൽകുന്നു: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.”
ഈ വാക്കുകൾ കേട്ടപ്പോൾ നല്ല കള്ളന് എത്ര വലിയ ആശ്വാസം ലഭിച്ചിരിക്കണം! യേശുവിന്റെ അരികിൽ ഒരു കുരിശിൽ മരിച്ചുകൊണ്ടിരുന്ന ആ നിമിഷത്തിൽ, ജീവിതത്തെക്കുറിച്ച് ഒരുതരം നിരാശ അവൻ അനുഭവിച്ചിരുന്നിരിക്കണം. ലോകരക്ഷകന്റെ അരികിലായിരിക്കാനും ക്രിസ്തുവിന്റെ സഹനങ്ങളിൽ ഇത്രയും യഥാർത്ഥമായി പങ്കുചേരാനും കഴിഞ്ഞത് എത്ര വലിയൊരു ദാനമായിരുന്നു! കുരിശിൽ യേശു നേടിത്തന്ന രക്ഷയുടെ ഈ ദാനം ആദ്യം സ്വീകരിച്ചവരുടെ കൂട്ടത്തിലായിരിക്കാനുള്ള ഭാഗ്യവും ഈ മനുഷ്യനു ലഭിച്ചു.
യേശു അതേ ഉറപ്പു നമുക്കും നൽകുന്നു. ഇന്നുമുതൽ അവിടുന്ന് നമുക്കു രക്ഷ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ തന്നെ സഹനത്തിന്റെയും പാപത്തിന്റെയും നടുവിലാണ് അവിടുന്ന് അതു നമുക്കു നൽകുന്നത്. കരുണയുടെ ഈ ദാനം നിങ്ങൾക്കു നൽകുന്ന അവിടുത്തെ സ്വരം കേൾക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? നിത്യജീവൻ എന്ന തന്റെ ദാനത്തിൽ പങ്കുചേരാൻ അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്നതു കേൾക്കാൻ കഴിയുന്നുണ്ടോ? ഈ ക്ഷണം നിങ്ങളോടു പറയാൻ അവിടുത്തെ അനുവദിക്കുക; പറുദീസയിലെ നിത്യജീവൻ ഇന്ന് നിങ്ങളുടെ ആത്മാവിൽ കൂടുതൽ ആഴത്തിൽ വേരുറപ്പിക്കാൻ തുടങ്ങട്ടെ.
“സ്ത്രീയേ, ഇതാ നിന്റെ മകൻ.”
എത്ര വലിയൊരു ദാനം! ഇവിടെ, കുരിശിൽ മരിച്ചുകൊണ്ടിരിക്കെ, യേശു തന്റെ സ്വന്തം അമ്മയെ യോഹന്നാനെ ഏൽപ്പിച്ചു. അങ്ങനെ ചെയ്തുകൊണ്ട്, അവിടുന്ന് അമ്മയെ നമ്മിൽ ഓരോരുത്തരെയും ഏൽപ്പിച്ചു. യേശുവുമായുള്ള നമ്മുടെ ഐക്യം നമ്മെ അവിടുത്തെ കുടുംബത്തിലെ അംഗങ്ങളാക്കുന്നു; അങ്ങനെ, അവിടുത്തെ സ്വന്തം അമ്മയുടെ പുത്രന്മാരും പുത്രിമാരുമാക്കുന്നു. നമ്മുടെ പരിശുദ്ധ അമ്മ ഈ ഉത്തരവാദിത്വം വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു. അമ്മ നമ്മെ ആശ്ലേഷിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നു.
യേശുവിന്റെ അമ്മയെ നിങ്ങളുടെ സ്വന്തം ആത്മീയ മാതാവായി നിങ്ങൾ സ്വീകരിക്കുന്നുണ്ടോ? നിങ്ങളെത്തന്നെ പൂർണ്ണമായി അമ്മയ്ക്കു സമർപ്പിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നത് അമ്മയുടെ സംരക്ഷണത്തിന്റെയും സ്നേഹത്തിന്റെയും മേലങ്കിക്കീഴിൽ നിങ്ങളെ ആക്കും.
“എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?”
യേശു ഉപേക്ഷിക്കപ്പെട്ടിരുന്നില്ല; എങ്കിലും തന്റെ മനുഷ്യസ്വഭാവത്തിൽ പിതാവിനെ പൂർണ്ണമായി നഷ്ടപ്പെട്ടതിന്റെ ഈ അനുഭവം അനുഭവിച്ചറിയാൻ അവിടുന്ന് തന്നെത്തന്നെ അനുവദിച്ചു. നിരാശയുടെ ആഴമേറിയ അനുഭവം അവിടുന്ന് അറിഞ്ഞു. പാപത്തിന്റെ ഫലങ്ങൾ അറിയാനും അനുഭവിക്കാനും അവിടുന്ന് തന്നെത്തന്നെ അനുവദിച്ചു. അതുകൊണ്ട്, നാം നിരാശപ്പെടുമ്പോൾ നാം എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവിടുത്തേക്ക് അറിയാം. അത് എങ്ങനെയുള്ള അനുഭവമാണെന്ന് അവിടുത്തേക്ക് അറിയാം. ആ പ്രലോഭനങ്ങളിൽ അവിടുന്ന് നമ്മോടൊപ്പമുണ്ട്; ഏതു നിരാശയിലൂടെയും മുന്നേറി പിതാവിലുള്ള സമ്പൂർണ്ണ വിശ്വാസത്തിലേക്കും ശരണത്തിലേക്കും എത്താൻ അവിടുന്ന് നമ്മെ പ്രാപ്തരാക്കുന്നു.
“എനിക്കു ദാഹിക്കുന്നു.”
എത്ര അർത്ഥവത്തായ വാക്കുകൾ! ആ നിമിഷത്തിൽ, ശരീരത്തിലെ ജലാംശം കുറഞ്ഞതുകൊണ്ടുള്ള ദാഹം ശമിപ്പിക്കാൻ അവിടുന്ന് വെള്ളത്തിനായി ശാരീരികമായി ദാഹിച്ചു. എന്നാൽ അതിലുപരിയായി, നമ്മുടെയെല്ലാം ആത്മാക്കളുടെ രക്ഷയ്ക്കായി അവിടുന്ന് ആത്മീയമായി ദാഹിച്ചു. യേശുവിന്റെ ആത്മാവ് രക്ഷയുടെ ഈ ദാനത്തിനായി ഇന്നും വാഞ്ഛിക്കുന്നു. നമ്മെ തന്റെ മക്കളെന്നു വിളിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മുടെ സ്നേഹത്തിനായി അവിടുന്ന് ദാഹിക്കുന്നു.
യേശു നിങ്ങളോട് ഈ വാക്കുകൾ പറയുന്നതിനെക്കുറിച്ച് ധ്യാനിക്കുക. “ഞാൻ നിനക്കായി ദാഹിക്കുന്നു!” എന്ന് അവിടുന്ന് പറയുന്നു. നിങ്ങളുടെ സ്നേഹത്തിനായുള്ള ആഴമേറിയതും ജ്വലിക്കുന്നതുമായ ദാഹമാണത്. ആ സ്നേഹത്തിനു പ്രതിസ്നേഹം നൽകിക്കൊണ്ട് നിങ്ങൾ യേശുവിന്റെ ദാഹം ശമിപ്പിക്കുന്നു. ഈ ദുഃഖവെള്ളിയാഴ്ച നിങ്ങളുടെ സ്നേഹം അവിടുത്തേക്കു നൽകി അവിടുത്തെ ദാഹം ശമിപ്പിക്കുക.
“പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.”
മറ്റേതു വാക്കുകളെക്കാളും അധികമായി നാം പ്രാർത്ഥിക്കേണ്ട വാക്കുകളാണിവ. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെ വാക്കുകളാണിവ. ആത്യന്തികമായി പ്രാർത്ഥന ഒരു കാര്യത്തെക്കുറിച്ചാണ്: സമർപ്പണത്തെക്കുറിച്ച്. അത് ശരണത്തെക്കുറിച്ചാണ്. ഇന്ന് ഈ വാക്കുകൾ വീണ്ടും വീണ്ടും പറയുക; യേശുവിന്റെ ഈ പരിപൂർണ്ണ സമർപ്പണം നിങ്ങളുടേതും ആയിത്തീരട്ടെ.
സമർപ്പണം എന്നതിനർത്ഥം ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നാണ്. നമ്മുടെ സ്വന്തം ഇഷ്ടം വിട്ടുകൊടുത്ത് ദൈവത്തിന്റെ ഇഷ്ടം മാത്രം നാം തിരഞ്ഞെടുക്കുന്നു എന്നാണ് അതിനർത്ഥം. നമ്മുടെ സമർപ്പണം സ്വീകരിക്കുമെന്നും നമുക്കായി അവിടുന്ന് മനസ്സിൽ കരുതിയിരിക്കുന്ന പരിപൂർണ്ണ പദ്ധതിയിലേക്കു നമ്മെ നയിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്യുന്നു എന്നും അതിനർത്ഥമുണ്ട്.
“എല്ലാം പൂർത്തിയായി.”
തന്റെ അവസാന വാക്കുകളായി അവിടുന്ന് “എല്ലാം പൂർത്തിയായി” എന്നു പറഞ്ഞത് ഏറെ അർത്ഥവത്താണ്. ഇതിന്റെ അർത്ഥമെന്താണ്? എന്താണ് പൂർത്തിയായത്?
യേശുവിന്റെ ഈ ആത്മീയ പ്രസ്താവന, ലോകം മുഴുവനെയും വീണ്ടെടുക്കാനുള്ള തന്റെ ദൗത്യം പൂർത്തിയായി എന്ന് ഉറപ്പിച്ചുപറയുന്നതാണ്. “എല്ലാം” എന്നത് നമുക്കെല്ലാവർക്കുംവേണ്ടി അർപ്പിക്കപ്പെട്ട അവിടുത്തെ പരിപൂർണ്ണ സ്നേഹബലിയെ സൂചിപ്പിക്കുന്നു. ഇന്നു നാം അനുസ്മരിക്കുന്ന അവിടുത്തെ മരണം എല്ലാവരുടെയും പാപങ്ങൾ നീക്കുന്ന പരിപൂർണ്ണ ബലിയാണ്. എത്ര വലിയൊരു ദാനം! നമുക്കുവേണ്ടി എത്ര വലിയൊരു ബലിയാണ് യേശു സഹിച്ചത്!
കുരിശിലെ ഈ ബലി കണ്ടു നമുക്കു പരിചയമാണ്. ക്രൂശിതരൂപത്തിലേക്കു നോക്കുമ്പോഴെല്ലാം നാം ഈ ബലിയെക്കുറിച്ചു ധ്യാനിക്കുന്നു. എന്നാൽ കുരിശിനോടുള്ള അമിതപരിചയം ആ ബലിയെ നമ്മുടെ ശ്രദ്ധയിൽനിന്നു മറയ്ക്കാൻ ഇടയാക്കുമെന്ന കാര്യം ഓർക്കേണ്ടതുണ്ട്. യേശു നമുക്കുവേണ്ടി യഥാർഥത്തിൽ എന്താണു ചെയ്തതെന്നു നാം എളുപ്പത്തിൽ മറന്നുപോകാം. നമ്മെ രക്ഷിക്കുന്ന പ്രവൃത്തി അവിടുന്ന് പൂർത്തിയാക്കി; ഇപ്പോൾ അത് നമുക്കു നൽകുകയാണ്. ദൈവകരുണയുടെ പൂർത്തീകരിക്കപ്പെട്ട ഈ പ്രവൃത്തി നിങ്ങളുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങട്ടെ. തന്റെ ബലി നിങ്ങളുടെ ആത്മാവിൽ അതിന്റെ ദൗത്യം “പൂർത്തിയാക്കിയിരിക്കുന്നു” എന്നു പറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
അതുകൊണ്ട് ഇന്ന്, ഈ ദുഃഖവെള്ളിയാഴ്ച, യേശുവിന്റെ ബലിയുടെ യാഥാർഥ്യത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് ദിവസം ചെലവഴിക്കുന്നതു നന്നായിരിക്കും. ദൈവംതന്നെ പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുക എന്നത് എങ്ങനെയായിരുന്നുവെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. സകലത്തിന്റെയും സ്രഷ്ടാവായ ദൈവംതന്നെ, താൻ സൃഷ്ടിച്ചവരാൽ വധിക്കപ്പെടുന്നതും തികഞ്ഞ സ്നേഹത്തോടെ താൻ സ്നേഹിച്ചവരുടെ കൈകളാൽ പീഡകൾ സഹിക്കുന്നതും എങ്ങനെയായിരുന്നുവെന്നു ധ്യാനിക്കുക.
യേശുവിന്റെ ത്യാഗപൂർണമായ സ്നേഹം മനസ്സിലാക്കുന്നത് അവിടുന്ന് സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കും. നമ്മെ വേദനിപ്പിച്ചവരെയും നമ്മെ പീഡിപ്പിക്കുന്നവരെയും സ്നേഹിക്കാൻ അതു നമ്മെ പ്രാപ്തരാക്കും. അവിടുത്തെ സ്നേഹം സമ്പൂർണമാണ്. അതിന്റെ ഉദാരത വർണനാതീതമാണ്.
ക്രൂശിതനായ എന്റെ കർത്താവേ, അങ്ങ് എന്റെ ആത്മാവിനായി ദാഹിക്കുന്നുവെന്ന് എനിക്കറിയാം. എന്റെയും ലോകത്തിന്റെയും രക്ഷയ്ക്കായി കുരിശിൽ മരിച്ചുകൊണ്ട്, അങ്ങ് ആരംഭിച്ചതു പൂർത്തിയാക്കി. അങ്ങയുടെ സ്നേഹം മനസ്സിലാക്കാനും അത് എന്റെ ജീവിതത്തിലേക്കു സ്വീകരിക്കാനും എന്നെ സഹായിക്കണമേ. ക്ഷമിക്കാൻ എന്നെ സഹായിക്കണമേ. എന്റെതന്നെ അന്ധകാരത്തിലേക്കും പാപത്തിലേക്കും അങ്ങയെ ക്ഷണിക്കാൻ എന്നെ സഹായിക്കണമേ. എല്ലാം അങ്ങേക്കു സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. പീഡകൾ സഹിക്കുന്ന പ്രിയ കർത്താവേ, ലോകത്തിന്റെ രക്ഷയ്ക്കായി ചിന്തിയ അങ്ങയുടെ തിരുരക്തമെന്ന ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദുഃഖവെള്ളിയാഴ്ചയാണ് ദൈവകരുണയുടെ നൊവേനയുടെ ഒന്നാം ദിവസം
ദുഃഖവെള്ളിക്കായുള്ള പ്രാർത്ഥനാധ്യാനം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
ഇന്ന് നീ എന്നോടുകൂടെ ആയിരിക്കും
വിശുദ്ധവാര കവിത
എഫേസോസിലെ കർഷകന്റെ പ്രാർത്ഥന
വിശുദ്ധവാര കവിത
ക്രൂശിതരൂപത്തിനു മുമ്പിലുള്ള പ്രാർത്ഥന
പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന
ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന
ദൈവത്തോടുള്ള കൂടുതൽ ആഴമായ സ്നേഹം
മറ്റൊരാളോടു ക്ഷമിക്കാനുള്ള കരുണയ്ക്കായി ഒരു ചെറിയ ജപമാല
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:
Amazon – Barnes and Noble – Google Play – iTunes
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ






