മലയാളം

ദുഃഖശനിയുടെ പ്രത്യാശാപൂർണമായ കാത്തിരിപ്പ്

2026 ഏപ്രിൽ 4

ദുഃഖശനി

പെസഹാത്രിദിനത്തിനായി കൂടുതൽ

കല്ലറയിൽ മരിച്ചുകിടക്കുന്ന യേശുക്രിസ്തുവും അവിടുത്തെ അമ്മ മറിയവും

വീഡിയോ

ഇന്നലെ വിശുദ്ധ കുർബാനയാഗം അർപ്പിക്കപ്പെട്ടില്ലെങ്കിലും, കർത്താവിന്റെ പീഡാനുഭവത്തിന്റെ അനുസ്മരണവേളയിൽ വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിച്ചു. എന്നാൽ ഇന്ന് സഭ അഗാധമായ നിശ്ശബ്ദതയിലേക്കു പ്രവേശിക്കുന്നു. പകൽ ആരാധനാക്രമ ശുശ്രൂഷകളൊന്നും നടത്തപ്പെടുന്നില്ല; സക്രാരി ശൂന്യമായി തുടരുന്നു; ഉത്ഥാനത്തിന്റെ ആനന്ദകരമായ പ്രഘോഷണത്തിനായി സഭ പ്രതീക്ഷയോടെ നിശ്ശബ്ദയായി കാത്തിരിക്കുന്നു. മരിച്ചവരുടെ അടുത്തേക്കുള്ള ക്രിസ്തുവിന്റെ ഇറങ്ങിച്ചെല്ലലിന്റെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാനും അവിടുത്തെ ബലിയുടെ അളവറ്റ ആഴങ്ങളെക്കുറിച്ചു ധ്യാനിക്കാനും ഈ നിശ്ശബ്ദത നമ്മെ ക്ഷണിക്കുന്നു.

ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവർക്ക് ഈ ദിവസം പലപ്പോഴും ഒരു ശൂന്യതാബോധം അനുഭവപ്പെടുന്നു—ആത്മാവിന്റെ ആധ്യാത്മിക വിശപ്പു പ്രതിഫലിപ്പിക്കുന്ന, വിശുദ്ധ കുർബാനയ്ക്കായുള്ള ഒരു ദാഹം. എന്നിരുന്നാലും, സഭ തന്റെ ജ്ഞാനത്തിൽ വിശുദ്ധ കുർബാനയർപ്പണവും ദിവ്യകാരുണ്യസ്വീകരണവും ഈ ദിവസം ഒഴിവാക്കുന്നു. എന്തുകൊണ്ട്? കാരണം, ദുഃഖശനി എന്ന ദിവസംതന്നെ സവിശേഷമായ ഒരു കൃപ പകർന്നുനൽകുന്നു. ഈ ദിവസത്തിന്റെ നിശ്ചലത ഒരു നഷ്ടമല്ല, മറിച്ച് സ്വീകരണത്തിന്റെ ആഴമേറിയ ഒരു മാർഗമാണ്; വിശ്വസിക്കാനും കാത്തിരിക്കാനും പ്രത്യാശിക്കാനും നമ്മെ ക്ഷണിച്ചുകൊണ്ട് നിശ്ശബ്ദതയിൽ നൽകപ്പെടുന്ന ഒരു ദാനം.

ഈ മൂന്നു വിശുദ്ധ ദിവസങ്ങളിൽ ഓരോന്നും പെസഹാരഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടുത്തുന്നതിലൂടെ, ആരാധനാക്രമവർഷംതന്നെ കൃപയുടെ ഒരു ഉറവിടമാണെന്ന് പെസഹാത്രിദിനം വ്യക്തമാക്കുന്നു. വിശുദ്ധ തോമസ് അക്വീനാസ് ഇത് ഇങ്ങനെ വിശദീകരിക്കുന്നു: “യാഥാർഥ്യം ആഗതമാകുമ്പോൾ പ്രതീകം അവസാനിക്കുന്നു. എന്നാൽ, മുകളിൽ പറഞ്ഞതുപോലെ, ഈ കൂദാശ നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തിന്റെ പ്രതീകവും പ്രതിനിധാനവുമാണ്. അതിനാൽ, നമ്മുടെ കർത്താവിന്റെ പീഡാനുഭവം യഥാർഥത്തിൽ സംഭവിച്ചതുപോലെ അനുസ്മരിക്കപ്പെടുന്ന ദിവസം ഈ കൂദാശയുടെ അഭിഷേകകർമം നടത്തപ്പെടുന്നില്ല” (സുമ്മാ തിയോളജിക്കാ III.83.2). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദുഃഖവെള്ളിയാഴ്ച കർത്താവിന്റെ പീഡാനുഭവത്തിലുള്ള നമ്മുടെ പങ്കാളിത്തത്തിലൂടെ അവിടുത്തെ രക്ഷാകരബലിയുടെ കൃപ പൂർണമായി നമുക്കു പകർന്നുനൽകുന്നു; അതിനാൽ അന്നേദിവസം വിശുദ്ധ കുർബാനയർപ്പണം ആവശ്യമായി വരുന്നില്ല.

അതുപോലെ, പ്രത്യാശാപൂർണമായ കാത്തിരിപ്പിന്റെ രഹസ്യത്തിലേക്ക് നമ്മെ നയിക്കുന്ന സവിശേഷമായ ഒരു കൃപ ദുഃഖശനി നൽകുന്നു. ഉയിർപ്പിന്റെ ജാഗരണശുശ്രൂഷവരെ ആരാധനാക്രമ ആഘോഷങ്ങളൊന്നും നടക്കുന്നില്ലെങ്കിലും, നിശ്ശബ്ദതയുടെ ഈ ദിവസം ക്രിസ്തുവിന്റെ അന്തിമ വിജയത്തെക്കുറിച്ചുള്ള പ്രത്യാശയിൽ വിശ്രമിക്കാൻ നമ്മെ ക്ഷണിക്കുന്നു. പരിശുദ്ധ മാതാവിനോടും ശിഷ്യന്മാരോടുമൊപ്പം അവരുടെ ജാഗരണത്തിൽ നിലകൊള്ളാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്; ഈ നിശ്ചലതയിലും ദൈവം പ്രവർത്തിക്കുന്നുണ്ടെന്നും ഉത്ഥാനത്തിന്റെ വാഗ്ദാനം ഉടൻ നിറവേറുമെന്നും വിശ്വസിച്ചുകൊണ്ട്.

നമ്മുടെ ജീവിതത്തിൽ പ്രത്യാശാപൂർണമായ കാത്തിരിപ്പ് അനിവാര്യമായ ഒരു ആധ്യാത്മിക ദാനമാണ്. എന്തെല്ലാം പോരാട്ടങ്ങൾ നേരിട്ടാലും പരീക്ഷണങ്ങളിൽ തളരാതെ മുന്നേറാനും കഷ്ടതകൾ ക്ഷമയോടെ സഹിക്കാനും പ്രത്യാശയിൽ ഉറച്ചുനിൽക്കാനുമുള്ള കൃപ അതു നൽകുന്നു. വിശ്വാസത്തിൽ വേരൂന്നിയിരിക്കുന്ന മൂന്നു ദൈവിക പുണ്യങ്ങളിൽ ഒന്നാണ് പ്രത്യാശ. വിശ്വാസം പ്രവൃത്തിയിൽ കൊണ്ടുവരാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു; അതിൽനിന്ന് എല്ലാ പുണ്യങ്ങളിലും ശ്രേഷ്ഠമായ ഉപവി ജനിക്കുന്നു. അതിസ്വാഭാവികമായ പ്രത്യാശയില്ലാതെ ഉപവി പൂർണമായി കൈവരിക്കാനോ നിലനിർത്താനോ നമുക്കു കഴിയില്ല.

എന്നാൽ, ആഗ്രഹചിന്തകളെയോ ശുഭാപ്തിവിശ്വാസത്തോടെയുള്ള ചിന്തകളെയോ ഏറെ അതിവർത്തിക്കുന്നതാണ് പ്രത്യാശ. അതിസ്വാഭാവികമായ പ്രത്യാശ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നങ്കൂരമിട്ടിരിക്കുന്നു; വിശ്വാസത്തിലൂടെ സ്വീകരിക്കപ്പെടുകയും പ്രാർഥനയാലും ആശ്രയബോധത്താലും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ പരിശുദ്ധ അമ്മ ഈ പ്രത്യാശയുടെ മാതൃകയാണ്. ദുഃഖശനിയാഴ്ച അമ്മയുടെ ഹൃദയം സംശയത്താലല്ല, മറിച്ച് തന്റെ പുത്രന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനായി കാത്തിരുന്നുകൊണ്ട് പ്രാർഥനയിൽ ജാഗരിക്കാൻ പ്രേരിപ്പിച്ച അചഞ്ചലമായ പ്രത്യാശയാലാണ് നിറഞ്ഞിരുന്നത്. ഈ പ്രത്യാശ കേവലം കാത്തിരിപ്പിൽ അവസാനിച്ചില്ല; അത് അതിസ്വാഭാവികമായ ഉപവിയായി പുഷ്പിച്ചു—ദൈവഹിതത്തിൽ വേരൂന്നിയതും ദുഃഖത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നടുവിൽപ്പോലും ഫലം പുറപ്പെടുവിക്കുന്നതുമായ സ്നേഹമായി.

ദുഃഖശനിയുടെ നിശ്ശബ്ദതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉത്കണ്ഠകളെയും അക്ഷമയെയും കഷ്ടതകളെയും കുറിച്ചു ചിന്തിക്കുക. ഈ പരീക്ഷണങ്ങളുടെ നടുവിൽ പ്രത്യാശയ്ക്കായി പ്രാർഥിക്കുകയും നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ രക്ഷാകരമായ വാഗ്ദാനം നിറവേറുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുക. അവിടുത്തെ വിശ്വസിക്കുക, അവിടുത്തേക്കായി കാത്തിരിക്കുക. ക്രിസ്തുവിന്റെ പീഡാനുഭവത്തിലൂടെ അവിടുത്തെ ഉത്ഥാനമഹിമയിലേക്കു കടക്കാൻ ആവശ്യമായ ദൈവസ്നേഹവും പരസ്നേഹവും നിങ്ങളിൽ നിറയ്ക്കാൻ നിങ്ങളുടെ വിശ്വാസത്തെയും പ്രത്യാശയെയും അനുവദിക്കുക.

നിശ്ശബ്ദനായ എന്റെ കർത്താവേ, അങ്ങ് കല്ലറയിൽ കിടന്നപ്പോൾ അങ്ങയുടെ ശരീരം വിശ്രമിച്ചു; അങ്ങയുടെ ആത്മാവാകട്ടെ, അങ്ങേക്കുമുമ്പ് മരിച്ചുപോയ വിശ്വസ്താത്മാക്കളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു. അവർക്കുവേണ്ടിയും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും പിന്നാലെ വരാനിരുന്ന എല്ലാവർക്കുവേണ്ടിയും അങ്ങ് പറുദീസയുടെ കവാടങ്ങൾ തുറന്നു. നിശ്ശബ്ദമായ കാത്തിരിപ്പിന്റെ ഈ ദിവസം എന്നെ പ്രത്യാശയാൽ നിറയ്ക്കണമേ, പ്രത്യേകിച്ച് നിരാശയിലേക്കു വീഴാൻ ഞാൻ പ്രലോഭിതനാകുമ്പോൾ. എന്റെ ആശ്രയമത്രയും അങ്ങയിൽ അർപ്പിക്കാനും ഈ ദുഃഖശനിയാഴ്ച അങ്ങയുടെ കൃപയുടെ സമൃദ്ധി സ്വീകരിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നാൽപ്പതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

രണ്ടാം ദിനം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കമായി നൊവേന

വിശുദ്ധവാരത്തിനായി കൂടുതൽ

ദുഃഖശനിക്കായുള്ള പ്രാർഥനാധ്യാനം

ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

വിശുദ്ധ ഇസിദോർ, മെത്രാനും സഭാവേദപാരംഗതനും
(ഈ വർഷം ആഘോഷിക്കുന്നില്ല)

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


  Subscribe to our YouTube channel  
  to be notified about new content.