ജൂലൈ 1, 2022
ആണ്ടുവട്ടത്തിലെ പതിമൂന്നാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജൂനിപെറോ സെറ, വൈദികൻ—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

“ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന വാക്കുകളുടെ അർഥം നിങ്ങൾ പോയി പഠിക്കുവിൻ. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്.” മത്തായി 9:12-13
യേശു വന്നത് “നീതിമാന്മാർക്കുവേണ്ടി” അല്ല, “പാപികൾക്കുവേണ്ടിയാണ്.” ഇത് ആദ്യം കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. കാരണം, നീതിമാന്മാരും പാപികളുമായ എല്ലാ മനുഷ്യർക്കുംവേണ്ടിയാണ് താൻ വന്നതെന്ന് യേശു പറയേണ്ടതായിരുന്നുവെന്നു തോന്നാം. എന്നാൽ ആരും യഥാർഥത്തിൽ നീതിമാനല്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാവരും രക്ഷകനെ ആവശ്യമുള്ള പാപികളാണ്.
ഇങ്ങനെ സംസാരിക്കുന്നതിലൂടെ, പാപമില്ലാത്തവരുമായി മാത്രമേ യേശു ഇടപഴകാവൂ എന്നു കരുതിയിരുന്ന ഫരിസേയരുടെ സ്വയം നീതിമാന്മാരെന്നു കരുതുന്ന മനോഭാവത്തെയാണ് യേശു അഭിസംബോധന ചെയ്യുന്നത്. തങ്ങൾ “നീതിമാന്മാർ” ആണെന്നും, തങ്ങളോടും പാപികളെന്നു പരസ്യമായി അറിയപ്പെടാത്ത മറ്റുള്ളവരോടും മാത്രമേ യേശു ഇടപഴകാവൂ എന്നുമുള്ള മട്ടിലാണ് ഫരിസേയർ പെരുമാറിയത്.
ദുഃഖകരമെന്നു പറയട്ടെ, യേശുവിന്റെ അടുക്കൽ വന്ന ചുങ്കക്കാരുടെയും മറ്റു പാപികളുടെയും പാപങ്ങളെക്കാൾ വളരെ ഗൗരവമുള്ളതായിരുന്നു ഫരിസേയരുടെ പാപം. ആത്മീയ അഹങ്കാരമെന്ന പാപം ചെയ്തിരുന്ന അവർ, തങ്ങൾ നീതിമാന്മാരാണെന്ന് അഹന്തയോടെ കരുതിക്കൊണ്ടും പാപം ചെയ്യുകയായിരുന്നു. സ്വന്തം പാപം തിരിച്ചറിയാതിരിക്കുന്ന ഒരാൾ അനുതപിക്കുന്നില്ല എന്നതിനാൽ, ദൈവത്തിന് അയാളോടു ക്ഷമിക്കാൻ കഴിയില്ല.
തങ്ങൾ നീതിമാന്മാരാണെന്നു കരുതുന്ന പാപത്തിൽ കുറ്റക്കാരായ ഫരിസേയരെയും മറ്റുള്ളവരെയും ശക്തമായി കുറ്റപ്പെടുത്തുന്ന വാക്കുകളാണിവ. എങ്കിലും, സ്വന്തം പാപം മനസ്സോടെ ഏറ്റുപറയുന്ന എല്ലാവർക്കുമുള്ള യേശുവിന്റെ ക്ഷണംകൂടിയാണിത്. ദൈവത്തിന്റെ പൂർണതയ്ക്കു മുമ്പിൽ നമ്മെത്തന്നെ താഴ്ത്തുകയും അവിടുത്തെ മഹത്ത്വത്തിന്റെ വെളിച്ചത്തിൽ നമ്മുടെ പാപങ്ങളെ കാണുകയും ചെയ്യുമ്പോൾ, നിരാശയ്ക്കു വഴങ്ങാനുള്ള പ്രലോഭനവും നമ്മുടെ പാപങ്ങളെക്കുറിച്ചുള്ള ലജ്ജയും നമുക്കുണ്ടാകും. എന്നാൽ നമ്മുടെ ജീവിതത്തിൽ ദിവ്യവൈദ്യനായി പ്രവർത്തിക്കാൻ കർത്താവിനെ അനുവദിക്കുമ്പോൾ, ആ ലജ്ജ സന്തോഷവും സ്വാതന്ത്ര്യവുമായി മാറും. പാപം മൂലമുള്ള നമ്മുടെ മുറിവുകൾ സുഖപ്പെടുത്തുക എന്നതായിരുന്നു അവിടുത്തെ ഭൗമികജീവിതത്തിന്റെ ലക്ഷ്യം. അവിടുത്തെ പൂർണമായ കരുണ നമ്മെ എത്ര പരിപൂർണമായി സുഖപ്പെടുത്തുന്നുവെന്നു തിരിച്ചറിയുമ്പോൾ, നാം മനസ്സോടെ അവിടുത്തെ അടുക്കലേക്ക് ഓടിച്ചെല്ലും.
നിങ്ങളുടെ പാപങ്ങൾ യേശുവിനോട് ഏറ്റുപറയാൻ നിങ്ങൾ എത്രമാത്രം സന്നദ്ധരും ഒരുക്കമുള്ളവരുമാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളോടുള്ള അവിടുത്തെ പൂർണമായ സ്നേഹത്തിൽ ആശ്രയിക്കാനും അവിടുത്തെ ദൈവകരുണയ്ക്കായി നിങ്ങളെത്തന്നെ പൂർണമായി തുറന്നുകൊടുക്കാനും മടിക്കരുത്.
പരിപൂർണ കരുണയുടെ നാഥാ, എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയിലേക്കു തിരിയുകയും എന്റെ പാപവും കുറ്റവും ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങയെ വേദനിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. എന്റെ പാപത്തിനുള്ള ഏക പരിഹാരം അങ്ങുമാത്രമാണെന്ന് ഞാൻ അറിയുന്നു. പ്രിയനാഥാ, എന്നോടു കരുണ തോന്നി എന്റെ സകല പാപങ്ങളും ക്ഷമിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജൂനിപെറോ സെറ, വൈദികൻ—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: ജോൺ ബ്രിഡ്ജസ്, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി




